മണിപ്പൂരിൽ വംശീയ കലാപത്തിന്റെ മറവിൽ നടന്നത് ക്രൈസ്തവ വേട്ടയാണ് എന്ന് കൂടുതൽ വ്യക്തമാകുന്ന വെളിപ്പെടുത്തലുകളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മതത്തിന്റെപേരിൽ പ്രാദേശിക സമൂഹങ്ങൾക്കിടയിൽ നികത്താനാവാത്ത വിള്ളലുകൾ സൃഷ്ടിച്ച് താൽക്കാലിക നേട്ടം കൊയ്യാനുള്ള ഭരണകക്ഷി നീക്കങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. വളരെ ഗൗരവമായി പരിഗണിക്കേണ്ട ഈ വിഷയത്തിൽ ഇപ്പോഴും മറഞ്ഞുകിടക്കുന്ന ചില വാസ്തവങ്ങൾ മറനീക്കി വെളിച്ചത്തു കൊണ്ടുവരാനുള്ള കെസിബിസി ജാഗ്രത കമ്മീഷന്റെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ ലേഖനം.
ഒരിക്കലുമുണ്ടാകാത്തവിധമുള്ള പ്രശ്നങ്ങൾ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ തിരിച്ചുവരാനാകാത്ത വിധത്തിലുള്ള അശാന്തിയിലേയ്ക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ജനങ്ങളെയാണ് മണിപ്പൂരിൽ കാണാനാവുക. നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ കണ്ടുകൊണ്ടിരുന്നതിന് സമാനമായതും അതിന്റെ തുടർച്ചയുമായ പ്രാദേശികവും സാമുദായികവുമായ പ്രശ്നങ്ങളാണ് അവിടെ ഉണ്ടായതെന്നുള്ള ആഖ്യാനങ്ങൾ ഇപ്പോഴും ഒരുകൂട്ടം മാധ്യമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
വംശങ്ങൾ തമ്മിലുള്ള കുടിപ്പകയും മാത്സര്യബുദ്ധിയും മാത്രമാണ് ഇതുവരെക്കണ്ട ആഭ്യന്തര കലഹത്തിനും ജീവനാശങ്ങൾക്കും പിന്നിലെന്ന് സ്ഥാപിക്കാൻ അനേകർ കിണഞ്ഞ് പരിശ്രമിക്കുന്നു. എന്നാൽ, സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുസംബന്ധിച്ചുള്ള പ്രചരണങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഏറെയുണ്ടെന്ന് വ്യക്തമാകും. മെയ്തെയി വിഭാഗത്തിന് പട്ടിക വർഗ്ഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളാണ് കലാപകാരണമായത് എന്നതാണ് പലരുടെയും ധാരണ.
കുക്കി, മെയ്തെയി വിഭാഗങ്ങൾ തമ്മിലുള്ള വൈരമാണ് അടിസ്ഥാനകാരണമെന്നും പൊതുവെ കരുതപ്പെടുന്നു. ഈ രണ്ടു വിശദീകരണങ്ങൾക്കപ്പുറം മറ്റൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാൻ മാധ്യമ സിൻഡിക്കേറ്റുകളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. കുക്കി വിഭാഗവും സർക്കാരും തമ്മിലുള്ള ഭിന്നതയ്ക്ക് പിന്നിൽ ചൂണ്ടിക്കാണിക്കപ്പെടുന്ന ചില കാരണങ്ങളുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി അവർ നേരിടുന്ന ചില ആരോപണങ്ങളുണ്ട്. കുക്കികൾ ഉൾപ്പെടുന്ന ഗോത്രവർഗ്ഗക്കാർ കഞ്ചാവ്, ഓപ്പിയം പോപ്പി മുതലായവ കൃഷി ചെയ്യുന്നവരാണെന്നും അവർക്കിടയിൽ വ്യാപകമായ അനധികൃത കുടിയേറ്റം നടക്കുന്നു എന്നുള്ളതുമാണ് അവർ നേരിട്ടുകൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ പ്രധാനം.
ഗോത്രവർഗ്ഗക്കാരെ ഒന്നടങ്കം തെറ്റുകാരാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ഇത്തരം ആരോപണങ്ങൾ വലിയ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. വന നിയമങ്ങളിൽ ഭേദഗതി വരുത്തിയും, റീ സർവേ നടത്തിയും പതിറ്റാണ്ടുകൾ പഴക്കമുള്ള ഗോത്ര ഗ്രാമങ്ങൾ കുടിയൊഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സർക്കാർ നടപടികളാണ് ഗോത്രവർഗ്ഗക്കാർ, പ്രത്യേകിച്ച് കുക്കികൾ ഭരണകൂടത്തിനെതിരെ തിരിയാനുള്ള മറ്റൊരു കാരണം.
മെയ് 17 -ന് മണിപ്പൂർ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അനധികൃത കുടിയേറ്റം, പോപ്പി കൃഷി, മയക്കുമരുന്ന് വ്യാപനം എന്നിവയ്ക്കെതിരായി സ്വീകരിച്ച നടപടികളാണ് കലാപത്തിന് കാരണമെന്നു വ്യക്തമാക്കുന്നുണ്ട്. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് കാരണം ഇന്റലിജൻസ് – സുരക്ഷാ വീഴ്ച ആണെന്നും മുഖ്യമന്ത്രി ബിരേൻസിംഗ് മെയ് 21 -ന് പറഞ്ഞിരുന്നു. എന്നാൽ, മെയ് അവസാന ആഴ്ചയിൽ മണിപ്പൂർ സന്ദർശിക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത് മെയ്തെയി വിഭാഗങ്ങൾക്ക് പട്ടികവർഗ്ഗ സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദ്ദേശമാണ് പ്രശ്ന കാരണമെന്നാണ്.
രാജ്യവ്യാപകമായി അത്തരമൊരു ആശയം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര ഭരണകൂടത്തിന്റെയും ബിജെപി നേതൃത്വത്തിന്റെയും ഭാഗത്തുനിന്ന് ആരംഭം മുതലുണ്ട്. ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ മെയ് പതിനാറിന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിക്കുന്നത് മണിപ്പൂർ കലാപത്തിന് പിന്നിൽ ക്രൈസ്തവ സഭകളാണ് എന്നാണ്. തികഞ്ഞ അവാസ്തവമായതിനാൽത്തന്നെ ആ ആരോപണം സംഘപരിവാർ അനുഭാവികൾ ഒഴികെ ആരും മുഖവിലയ്ക്കെടുത്തില്ല. ഇത്തരം വ്യാജ പ്രചരണങ്ങളും, യഥാർത്ഥ വിഷയത്തെ വഴിമാറ്റിവിടാനുള്ള ശ്രമങ്ങളും ആരംഭം മുതൽ കാണപ്പെടുന്നതിൽനിന്ന് ഇക്കാര്യത്തിലുള്ള സംഘപരിവാർ സംഘടനകളുടെ താൽപ്പര്യം വ്യക്തമാണ്.
അക്രമണങ്ങളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ കുക്കി സമുദായത്തിൽ പെട്ടവരെ അക്രമികളും അധർമ്മികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുകയും ഒപ്പം, സംഭവിച്ചുകൊണ്ടിരിക്കുന്നവയ്ക്ക് മറ്റൊരു ഭാഷ്യം നൽകുകയും, നിരവധി വാസ്തവങ്ങളെ തമസ്കരിക്കുകയും ചെയ്തുകൊണ്ടാണ് മണിപ്പൂരിലെ സംഭവവികാസങ്ങൾക്ക് മറ്റൊരു നിറവും പരിവേഷവും ചിലർ നൽകിക്കൊണ്ടിരിക്കുന്നത്. അതിന് ആനുപാതികമായി സംസ്ഥാന സർക്കാർ കലാപകാരികളും ഭീകരവാദികളും-
-എന്ന് മുദ്രകുത്തി ആ വിഭാഗത്തെ അടിച്ചമർത്താൻ പരിശ്രമിക്കുകയും ചെയ്യുന്നു. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് മെയ് 28 -ന് കുക്കി സമുദായത്തിൽ പെട്ട നാൽപ്പതോളംപേരെ സംസ്ഥാന സുരക്ഷാ സേന വധിച്ചതായി മുഖ്യമന്ത്രി എൻ. ബിരേൻസിംഗ് വെളിപ്പെടുത്തിയ ഏറ്റുമുട്ടൽ. എന്നാൽ, മണിപ്പൂരിൽ രൂക്ഷമായ കലാപ സാഹചര്യമോ അതിനെതിരായ നീക്കങ്ങൾ നടത്തേണ്ട ആവശ്യമോ നിലവിൽ ഇല്ല എന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ജനറൽ അനിൽ ചൗധരി വെളിപ്പെടുത്തിയതും ഇതേ ദിവസങ്ങളിൽത്തന്നെയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണിപ്പൂർ സന്ദർശനത്തിന് തൊട്ടു മുമ്പ് നടന്ന പ്രസ്തുത ആക്രമണം ആസൂത്രിതമാണോ എന്ന ബലമായ സംശയം പൊതുവേയുണ്ട്. കുക്കി വിഭാഗത്തിൽ പെട്ട അക്രമികൾ സാധാരണ ജനങ്ങളെ ആക്രമിക്കുകയും സുരക്ഷാ സൈന്യം തിരിച്ചടിക്കുകയുമാണ് ഉണ്ടായത് എന്നാണ് മുഖ്യമന്ത്രി നൽകിയ വിശദീകരണം. നാൽപ്പത് കുക്കികളെ സേന വധിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ, ഇംഫാലിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, മെയ് 28 -ന് അക്രമഭീഷണി നേരിട്ടിരുന്ന കുക്കി ഗ്രാമങ്ങളുടെ സുരക്ഷിതത്വ ചുമതലയുണ്ടായിരുന്നവരിൽ നാൽപ്പതോളം പേർ വധിക്കപ്പെട്ടതിന് പുറമെ,-
-ചുരാചന്ദ്പൂർ ജില്ലയിലെ സുഗ്നു എന്ന സ്ഥലത്ത് കത്തോലിക്കാ സമൂഹം താമസിച്ചിരുന്ന ഒരു പ്രദേശം മുഴുവനോടെയും, അവരുടെ ദേവാലയവും, നൂറിൽ പരം ഗോത്രവർഗ്ഗ കുടുംബങ്ങൾ താമസിച്ചിരുന്ന ഒരു കോളനിയിലെ അറുപതോളം വീടുകളും, ഒരു ഹൈസ്കൂളും തീയിട്ട് നശിപ്പിക്കപ്പെട്ടു. സമീപത്തുള്ള മറ്റൊരു ഗ്രാമത്തിലെ നൂറ്റമ്പതോളം വീടുകളും അന്ന് അഗ്നിക്കിരയായി. ആക്രമണം നടന്നത് പ്രധാനമായും കുക്കി ഗോത്ര വംശജർക്ക് എതിരെയെങ്കിലും സർക്കാരിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ഭാഷ്യം നേരെ മറിച്ചായിരുന്നു.
കഞ്ചാവ് – പോപ്പി കൃഷികൾ
കുക്കികൾ ഉൾപ്പെടെയുള്ള ഗോത്ര വർഗ്ഗക്കാർ മയക്കുമരുന്ന് ഇടപാടുകാരും, ഓപ്പിയം കൃഷി ചെയ്യുന്നവരുമാണ് എന്ന ആരോപണമാണ് കഴിഞ്ഞ കുറച്ചുകാലമായി ഭരണകൂടം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂരിന്റെ വനമേഖലകളിൽ പോപ്പി കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. പലപ്പോഴായി പോലീസും സൈന്യവും ആയിരക്കണക്കിന് ഹെക്ടർ കൃഷി നശിപ്പിക്കുകയും ഉണ്ടായിട്ടുണ്ട്.
2017 -നും 2018 -നും ഇടയിൽ മാത്രം 18664 ഏക്കർ സ്ഥലത്തെ പോപ്പി കൃഷി പോലീസ് നശിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മയക്കുമരുന്ന് ഇടപാടുകാർ ഗോത്ര വംശജരായ ചിലരിലൂടെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പോപ്പി കൃഷിയെയും മയക്കുമരുന്ന് ഇടപാടുകളെയും ഏറ്റവുമധികം എതിർക്കുന്നത് തദ്ദേശീയർ തന്നെയാണ് എന്നുള്ളതാണ് വാസ്തവം.
തൗബൽ ജില്ലയിലെ സുഗ്നു നിയോജകമണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ, കൻഗുജം രൺജിത് സിംഗ് 2022 ജൂലൈ 25 -ന് മണിപ്പൂർ നിയമസഭയിൽ ഉയർത്തിയ ആവശ്യം ശ്രദ്ധേയമാണ്. പോപ്പി കൃഷിക്കും, മയക്കുമരുന്ന് കള്ളക്കടത്തിനും എതിരെ ശക്തമായ നിയമനിർമ്മാണം വേണം എന്നതായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. നിയമലംഘനം നടത്തുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുന്ന വിധത്തിലായിരിക്കണം പുതിയ നിയമം എന്നും അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി.
ഭരണകൂടം നടത്തിക്കൊണ്ടിരുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരവും, പോപ്പി കൃഷി സംബന്ധിച്ച വാസ്തവങ്ങളും മനസ്സിലാക്കിയിട്ടുള്ള ശരാശരി ഗോത്ര വംശജരുടെ ശബ്ദമായിരുന്നു കൻഗുജം രൺജിത് സിംഗ് നിയമസഭയിൽ ഉയർത്തിയത്. ചില വർഷങ്ങൾക്ക് മുമ്പ് ഇംഫാൽ എയർപോർട്ട് വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടിക്കപ്പെട്ട സാഹചര്യത്തിൽ “മയക്കുമരുന്നിന് എതിരായ യുദ്ധം” പ്രഖ്യാപിച്ച ഭരണകൂടം തുടർ നടപടികളിൽ പരാജയപ്പെട്ടതിലെ മണിപ്പൂർ ജനതയുടെ നിരാശയും എംഎൽഎ അന്ന് നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി. ഏതുവിധത്തിലാണ് മണിപ്പൂരിലെ വനമേഖലകളിൽ പോപ്പി കൃഷിക്ക് വഴിയൊരുങ്ങുന്നത് എന്നും അദ്ദേഹം അന്ന് വിശദീകരിച്ചിരുന്നു.
കാര്യങ്ങൾ കൂടുതൽ ഗുരുതരമായതിനാൽ NDPS Act (Narcotic Drugs and Psychotropic Substances Act) 1985 അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഫലപ്രദമല്ലെന്നും, കൂടുതൽ ശക്തമായ മറ്റൊരു നിയമം ആവശ്യമാണെന്നും അദ്ദേഹം അവിടെ സ്ഥാപിച്ചു.
ലാവോസ്, തായ്ലൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന “ഗോൾഡൻ ട്രയാംഗിൾ” എന്ന് അറിയപ്പെടുന്ന പ്രദേശം മയക്കുമരുന്ന് കടത്തിന് കുപ്രസിദ്ധമാണ്. മണിപ്പൂർ ഉൾപ്പെടെയുള്ള നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വനമേഖലകളിൽ നടക്കുന്ന പോപ്പി കൃഷിക്ക് പിന്നിലും ഈ മേഖലയിലെ പ്രമുഖ മയക്കുമരുന്ന് ഇടപാടുകാരാണ് എന്നുള്ളത് വളരെ വ്യക്തമാണ്. വർഷങ്ങൾക്ക് മുമ്പ്, 2007 ഏപ്രിൽ മാസത്തിൽ അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് (The Chinese Connection: Cross-border Drug Trafficking between Myanmar and China) ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങൾ മനസിലാക്കിയിരുന്ന അമേരിക്ക, മ്യാൻമർ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഉൽപ്പാദനം നടത്തിയിരുന്ന പശ്ചാത്തലത്തിൽ ഭാഗികമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും അതിന്റെ ഫലമായി ഘട്ടംഘട്ടമായി മയക്കുമരുന്ന് ഉൽപ്പാദനം കുറയുകയും ചെയ്തു.
തുടർന്ന് ചൈനയും മയക്കുമരുന്ന് ഉൽപ്പാദനവും വ്യാപനവും നിയന്ത്രണവിധേയമാക്കാൻ നടപടികൾ സ്വീകരിച്ചു. പിന്നീടാണ് മ്യാന്മറിന്റെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ ശക്തമാകുന്നത്. മണിപ്പൂർ ഉൾപ്പെടെയുള്ള നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ചില സംഘങ്ങളെ മയക്കുമരുന്ന് ഉൽപ്പാദനത്തിനായി അവർ ഉപയോഗിക്കുന്നു എന്നുള്ളത് അന്തർദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു വാസ്തവമാണ്.
ഇത്തരമൊരു പശ്ചാത്തലത്തിൽ പോപ്പി കൃഷിയും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമാണെങ്കിലും, ഗോത്രവർഗ്ഗക്കാരെ ഒന്നടങ്കം മയക്കുമരുന്ന് കൃഷിക്കാരായി ചിത്രീകരിച്ചുകൊണ്ടുള്ള നീക്കങ്ങൾ അത്യന്തം അപലപനീയമാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക പ്രദേശവാസികളുടെയും സാധാരണക്കാരായ മണിപ്പൂർ ജനതയുടെയും ആവശ്യമാണ്.
അവരിൽ ഒരു വിഭാഗത്തെക്കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യിക്കുന്ന അന്തർദേശീയ മാഫിയകളെയും, താഴ്വരയിലുള്ള ഇടനിലക്കാരെയും കണ്ടെത്തി പ്രതിരോധിക്കുകയും അതിനാവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തുകയുമാണ് ഇവിടെ ആവശ്യം. എന്നാൽ, ഇവിടെ ഭരണകൂടം പ്രതിപക്ഷത്ത് നിർത്തിയിരിക്കുന്നത് ഗോത്രവർഗ്ഗക്കാരെ മുഴുവനോടെയും അവരെ മാത്രവുമാണ്. ആ നീക്കം അത്യന്തം ദോഷകരമായ പ്രത്യാഘാതങ്ങൾക്കിടയാക്കി. തുടരും…
KCBC Jagratha Commission