“ചാവറയച്ചനില്ലാത്ത കേരള നവോത്ഥാനമോ?
ദീപിക കാച്ചിക്കുറുക്കി കാര്യം പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവർ എന്തു ചെയ്യുന്നു – കാത്തിരുന്നു കാണാം. ശക്തവും, യുക്തിയുക്തവുമായ ആ എഡിറ്റോറിയൽ ഇങ്ങനെ:
ശീർഷകം, ശക്തം.
ചാവറയച്ചനെന്ന നവോത്ഥാന നായകനെക്കുറിച്ചു പറയാന്‍ ഇവിടെ സ്ഥലപരിമിതിയുണ്ട്. പക്ഷേ, നവോത്ഥാനനായകരുടെ നിരയില്‍ പ്രഥമസ്ഥാനിയാണ് ഈ സന്യാസിയെന്നു എസ്ഇആര്ടിയെയും പാഠപുസ്തകം തയാറാക്കിയവരെയും ബോധ്യപ്പെടുത്താന്‍ ഇതുമതി. അക്ഷന്തവ്യമായ ഈ തെറ്റ് തിരുത്തുകതന്നെ വേണം.” കത്തിക്കയറുകതന്നെ ചെയ്യും ദീപികയുടെ വാക്കുകൾ, ജനമനസിലേക്ക്.
പിന്നിൽ നിന്നു കുത്തിയതാര്?
കേരളത്തിൻ്റെ മനസാക്ഷിക്കു മുമ്പിൽ എത്രയും വേഗം അനാവ്രതമാക്കപ്പെടേണ്ട സുപ്രധാനമായൊരു ഉത്തരം തേടിയുള്ള ചോദ്യമാണ് പ്രാസംഭംഗി വെടിയാതെ പത്രം നിരത്തുന്നത്? “അക്ഷരജ്ഞാനത്തിന്റെ തീ കൊളുത്തി അജ്ഞതയെ ദഹിപ്പിക്കാനിറങ്ങിയ, കേരള നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമമില്ലാതെ നവോത്ഥാനചരിത്രമെഴുതി ചരിത്രത്തെ പിന്നില്‍നിന്നു കുത്തിയത് ആരാണ്?
ആരാണാ നയവഞ്ചകൻ? കേരളം കാത്തിരിക്കുന്ന ഉത്തരമാണത്.
കഷ്ടം! നായകൻ പടിക്കു പുറത്ത്!
“അവിശ്വസനീയമായ ഈ തമസ്കരണം നടത്തിയിരിക്കുന്നത് കേരള പാഠാവലി ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലാണ്. സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില്‍ “നവകേരള സൃഷ്ടിക്കായി” എന്ന എട്ടാം അധ്യായത്തിലാണ് കേരളത്തിന്റെ നവോത്ഥാന നായകരെ അവതരിപ്പിച്ചിരിക്കുന്നത്. ഹാ, കഷ്ടം! അതില്‍ ഒന്നാം സ്ഥാനത്തു വരേണ്ട ചാവറയച്ചനെ പടിക്കു പുറത്താക്കിയിരിക്കുന്നു.
ഇതരനായകന്മാർ
കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്ഇആര്‍ടി) തയാറാക്കിയ പാഠപുസ്തകത്തില്‍ മഹാരഥന്മാരായ വൈകുണ്ഠ സ്വാമികള്‍, ചട്ടന്പി സ്വാമികള്‍, ശ്രീനാരായണഗുരു, കെ.പി. കറുപ്പന്, വാഗ്ഭടാനന്ദന്, അയ്യന്‍കാളി, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, പൊയ്കയില്‍ കുമാര ഗുരുദേവന് എന്നിവരെക്കുറിച്ചു വിശദമായും വി.ടി. ഭട്ടതിരിപ്പാട്, എം.ആര്. ഭട്ടതിരിപ്പാട്, സനാ ഉള്ള സയ്യിദ് മക്തി തങ്ങള്‍ എന്നിവരെക്കുറിച്ചു ഹ്രസ്വമായ വിവരണങ്ങളുണ്ട്. ഇവര്‍ക്കൊക്കെ മുന്‍പ് അടിമവ്യവസ്ഥയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കേരളത്തില്‍ ജനിച്ച്, വിദ്യാഭ്യാസത്തെ നവോത്ഥാനത്തിന്റെ രാജവീഥിയാക്കിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.”
ഒന്നാമൻ ചാവറതന്നെ
“കീഴ്ജാതിക്കാരായി അകറ്റി നിര്ത്തപ്പെട്ടിരുന്നവര്ക്കും വിദ്യാഭ്യാസം നല്കാന്, സവര്‍ണര്‍ ഉള്‍പ്പെടെയുള്ള അധികാര സ്ഥാനങ്ങളെ വെല്ലുവിളിച്ച ആ മഹാരഥനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കാലക്രമമനുസരിച്ചുപോലും ആ പട്ടികയില്‍ ഒന്നാമത്തെ പേരാകുമായിരുന്നു അദ്ദേഹത്തിന്റേത്.
അജ്ഞതയോ? അസഹിഷ്ണുതയോ?
“അങ്ങനെ വന്നാല്‍, സ്വാഭാവികമായും പ്രഥമ സ്ഥാനീയനാകുമായിരുന്ന അദ്ദേഹത്തെ നവോത്ഥാന നായകനെന്നോ അല്ലാത്തപക്ഷം നവോത്ഥാന നായകരുടെ നായകനെന്നോ വിളിക്കേണ്ടിവരും. അതിലുള്ള അസഹിഷ്ണുതയാണോ പാഠപുസ്തകം തയാറാക്കിയവരെ ഈ നീചകൃത്യത്തിനു പ്രേരിപ്പിച്ചത്?” പത്രം ചോദിക്കുന്നു. “അതല്ല, അറിവില്ലായ്മകൊണ്ടു സംഭവിച്ചതാണെങ്കില്‍, ഇത്തരം അജ്ഞാനികളായ ചരിത്രപണ്ഡിതരാണോ നമ്മുടെ പാഠപുസ്തക നിര്‍മാതാക്കളും സംവിധായകരും എന്നു ചോദിക്കേണ്ടിവരും.”
സമുദായ നവോത്ഥാനത്തിനപ്പുറം
ചാവറയച്ചനെക്കുറിച്ച് എടുത്തുപറയേണ്ട മറ്റൊരു കാര്യമുണ്ട്. അദ്ദേഹം സ്വന്തം സമൂദായത്തിന്റെ പുരോഗതിക്കുവേണ്ടി മാത്രം പ്രവര്ത്തിച്ചയാളായിരുന്നില്ല. ജാതിയോ മതമോ നോക്കാതെ എല്ലാവര്ക്കും വിദ്യാഭ്യാസം നല്‍കുന്നതിലൂടെയാണു കേരളത്തിന്റെ നവോത്ഥാനം സാധ്യമാക്കേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ മതേതര-പുരോഗമന ചിന്തയും പ്രവര്‍ത്തന ശൈലിയും.”
ഉദാഹരണങ്ങൾ
“ശ്രീനാരായണ ഗുരു ജനിക്കുന്നതിന് 51 വര്‍ഷം മുന്‍പ് 1805 ഫെബ്രുവരി 10 -ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം. പാലയ്ക്കല്‍ തോമാ മല്പാന്, പോരൂക്കര തോമാ മല്പാന് എന്നിവര്‍ക്കൊപ്പം സിഎംഐ സഭയും പിന്നീട് മാന്നാനത്ത് സെമിനാരിയും സ്ഥാപിച്ച അദ്ദേഹം ആജീവനാന്തം സിഎംഐ സഭയുടെ തലവനായിരുന്നു. 1846-ല്‍ മാന്നാനത്ത് അച്ചടിയന്ത്രം സ്ഥാപിച്ചു. കേരളത്തിലെ മൂന്നാമത്തേതായിരുന്നു അത്. അതേവര്‍ഷം തന്നെയാണ് മാന്നാനത്ത് സീറോ മലബാര്‍ സഭയുടെ ആദ്യ സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ആ സംസ്കൃത സ്കൂളില്‍ താഴ്ന്ന ജാതിക്കാരായി ഗണിക്കപ്പെട്ടിരുന്ന കുട്ടികളെ സവര്ണര്ക്കൊപ്പമിരുത്തി പഠിപ്പിക്കാന്‍ ധീരത കാണിച്ചു. ഇതൊക്കെ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു 101 വര്‍ഷം മുന്‍പായിരുന്നെന്നും ഓര്‍മിക്കണം.
കേരള സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായതിനുശേഷം അദ്ദേഹം നടത്തിയത് വിദ്യാഭ്യാസ വിപ്ലവമായിരുന്നു. ഇന്നും പള്ളികളോടു ചേര്‍ന്നുള്ള പള്ളിക്കൂടങ്ങളുടെ തുടക്കം അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തിലാണ്. ചാവറയച്ചനുമുന്പുതന്നെ മലബാറിലും തിരുവിതാംകൂറിലും എല്ലാ ജാതിക്കാരെയും ഒന്നിച്ചിരുത്തി വിദ്യാവെളിച്ചം പകര്‍ന്ന വിദേശക്രൈസ്തവ മിഷനറിമാരെയും വിസ്മരിച്ചുകൂടാ. അതിന്റെ വെളിച്ചം കണ്ണു തെളിക്കാത്ത എത്ര സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക നേതാക്കളുണ്ടിവിടെ? എന്നിട്ടാണീ കൃതഘ്നത.”
സർക്കാരിനു മാതൃക
“വിശക്കുന്ന കുട്ടികള്‍ പഠിക്കാനെത്തില്ലെന്നു തിരിച്ചറിഞ്ഞ ചാവറയച്ചന് വസ്ത്രം, ഭക്ഷണം, പുസ്തകം എന്നിവയെല്ലാം സൗജന്യമായി നല്കി. ആ ക്രാന്തദര്‍ശിയുടെ പാത പിന്തുടര്ന്നാണ് പിന്നീട് സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്താനുള്ള ശിപാര്‍ശ ദിവാന് സി.പി. രാമസ്വാമി അയ്യര്‍ 1936 നവംബര്‍ 26-ന് തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ചതെന്ന് കേരള ചരിത്രകാരനായ എ. ശ്രീധരമേനോന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജാതിമതഭേദമെന്യേ സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി 1868 -ല്‍ ബോര്‍ഡിംഗ് സ്കൂള്‍ സ്ഥാപിച്ചു.
സാഹിത്യ രംഗത്തും
അച്ചടിയന്ത്രം സ്ഥാപിച്ചതുകൂടാതെ സാഹിത്യരംഗത്തും അദ്ദേഹം തിളങ്ങിയിരുന്നു. മഹാകാവ്യമായ അത്മാനുതാപം, മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം “അനസ്താസിയായുടെ രക്തസാക്ഷ്യം”, ഇടയനാടകങ്ങള് എന്നിവയുള്‍പ്പെടെയുള്ള രചനകള്‍ വിലപ്പെട്ടതായതിനാലാണ് കേരള സാഹിത്യ അക്കാദമിയുടെ ചുവരില്‍ ചാവറയച്ചന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.”
അഴീക്കോടു പറഞ്ഞത്
“മലയാളത്തിന്റെ സാംസ്കാരികനായകന് സുകുമാര്‍ അഴീക്കോട് ചാവറയച്ചനെക്കുറിച്ചു പറഞ്ഞത് “പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആദരപൂര്‍വം അനുസ്മരിക്കപ്പെടുന്നുണ്ടെങ്കില്‍ ആ വ്യക്തി പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും സൃഷ്ടിച്ചയാളായിരിക്കും. അങ്ങനെയുള്ളവരെയാണ് യുഗസൃഷ്ടാക്കള് എന്നു വിളിക്കുന്നത്.” എന്നാണ്.
പാലിയത്തു കുറിച്ചത്
“ഇക്കഴിഞ്ഞ ഫെബ്രുവരി 27-മാര്‍ച്ച് 5 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വെബിനിവേശം എന്ന കോളത്തില്‍ രാംമോഹന്‍ പാലിയത്ത് കുറിച്ചിരിക്കുന്നത്, “ഭൂമിയില്‍ സൂര്യന്റെ പ്രതീകമായാണ് അഗ്നി കരുതപ്പെടുന്നത്. അതുപോലെ യേശുക്രിസ്തുവിന്റെ കേരളത്തിലെ പ്രതിനിധിയായി കാണാവുന്ന കുര്യാക്കോസ് ഏലിയാസ് ചാവറയിലാണ് കേരളീയ നവോത്ഥാനം തുടങ്ങുന്നതെന്നു പറയാം” എന്നാണ്. ചാവറയച്ചനുശേഷമാണ് കാള്‍ മാര്‍ക്സ് ഉള്‍പ്പെടെയുള്ളവരുടെ ജനനം എന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു.
ചാവറയച്ചനെന്ന നവോത്ഥാനനായകനെക്കുറിച്ചു പറയാന്‍ ഇവിടെ സ്ഥലപരിമിതിയുണ്ട്. പക്ഷേ, നവോത്ഥാനനായകരുടെ നിരയില്‍ പ്രഥമസ്ഥാനിയാണ് ഈ സന്യാസിയെന്നു എസ്ഇആര്ടിയെയും പാഠപുസ്തകം തയാറാക്കിയവരെയും ബോധ്യപ്പെടുത്താന്‍ ഇതുമതി. അക്ഷന്തവ്യമായ ഈ തെറ്റ് തിരുത്തുകതന്നെ വേണം.”
സമയോചിതവും, സുശക്തവുമായ ഇടപെടൽ. ദീപിക അഭിനന്ദനമർഹിക്കുന്നു.
By-സൈ
ചാവറയച്ചനെ തമസ്കരിച്ചത് അത്യന്തം പ്രതിഷേധാർഹം, സർക്കാർ തെറ്റു തിരുത്തണം: മാർ പോളി കണ്ണൂക്കാടൻ.
കേരളത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉണർത്തെഴുന്നേൽപ്പിനു കരുത്തുറ്റ നേതൃത്വം നൽകിയ ക്രൈസ്തവ നേതാവായിരുന്ന ചാവറയച്ചനെ ഏഴാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തിൽനിന്നു തമസ്കരിച്ചത് അത്യന്തം പ്രതിഷേധാർഹമാണെന്നു ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. മനുഷ്യനെ മനുഷ്യനായിപോലും അംഗീകരിക്കാൻ തയാറാവാതിരുന്ന 18, 19 നൂറ്റാണ്ടുകളിലെ സാമൂഹിക വ്യവസ്ഥയ്ക്കെതിരേ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്ത മായി പ്രതികരിച്ച യുഗപുരുഷനാണ് ചാവറയച്ചനെന്ന് ബിഷപ്പ് സ്മരിച്ചു.
അജ്ഞതയും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹം ആരംഭിച്ച വിദ്യാലയ ങ്ങളും സാമൂഹികക്ഷേമ പദ്ധതികളും ജീവകാരുണ്യ ഇടപെടലുകളും മാധ്യമരംഗ ത്തെ ചുവടുവയ്പുമാണ് കേരളത്തിന്റെ നവോത്ഥാനത്തിനു തിരി കൊളുത്തിയത്. മിഷ്ണറിമാർ കൊളുത്തിവച്ച മാറ്റത്തിന്റെ ദീപശിഖയിൽനിന്നു പകർന്നെടുത്ത് അദ്ദേഹം കേരളമെമ്പാടും നവോത്ഥാനത്തിന്റെ നാട്ടുവെളിച്ചം പരത്തുകയായിരുന്നു അദ്ദേഹത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് പിൽക്കാലത്ത് വിവിധ സമുദായ പരിഷ്കർത്താക്കൾ മുന്നേറിയത്.
ഈ ചരിത്ര യാഥാർഥ്യങ്ങളെയാണ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എസ്സിഇ ആർടി വിദഗ്ധ സമിതി പാഠ്യപദ്ധതിയിൽ തമസ്കരിച്ചിരിക്കുന്നത്. പാഠപുസ്തക പരി ഷ്ക്കരണത്തിനു തുടക്കമിട്ടിരിക്കുന്ന ഈ വേളയിൽ സംസ്ഥാന സർക്കാരും വിദ്യാഭ്യാ സ വകുപ്പ് അധികൃതരും ഈ തെറ്റ് തിരുത്താൻ തയാറാവണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു.