സാജൻ പാപ്പച്ചൻ
ഒരാൾ ഒറ്റയ്ക്ക് കടൽ കാണുന്നതും ഒറ്റയ്ക്ക് ആയ ഒരാൾ കടൽ കാണുന്നതും രണ്ടും രണ്ടാണ് എന്ന് വായിച്ചതോർക്കുന്നു. ശരിയാ… കടൽ ഒന്നാണെങ്കിലും , കാഴ്ചക്ക് കാണുന്നവൻ്റെ അവസ്ഥയുമായികൂടി ബന്ധമുണ്ട്…. നരവീണുതുടങ്ങിയ താടിയിൽ തടവിക്കൊണ്ട് യുവത്വത്തെപ്പറ്റിഎഴുതുന്ന contradiction കണ്ട് ചിരിക്കുന്നത് എനിക്ക് കാണാം….
ചിരിക്കണ്ട… “ നിങ്ങൾക്ക് എത്ര വയസായി എന്നതിലല്ല കാര്യം, നിങ്ങൾ ഏത് വയസുകാരനെപോലെ ചിന്തിക്കുന്നു എന്നതിലാണ് കാര്യം എന്ന് ഓഷോ പറഞ്ഞിട്ടുണ്ട്.
അല്ല പിന്നെ… ദാ അവിടെ തോണിയിലിരുന്ന്ഒരുവൻ ചോദിക്കുന്നു “ പടിഞ്ഞാറ് മേഘം ഉയരുന്നത് കണ്ടാൽ മഴ വരുന്നു എന്ന് നിങ്ങൾ പറയുന്നു. അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. കപടനാട്യക്കാരെ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കുവാൻ നിങ്ങൾക്കറിയാം. എന്നാൽ ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാത്തതെന്തുകൊണ്ടാണ്.. “
ജീവിതത്തിനു മുമ്പിൽ ഒരു L Board തൂക്കി ലെർണേഴ്സ് ലൈസൻസ് മാത്രം വെച്ച് ഓടിക്കുന്ന ഈ എന്നോടോ ദാസാ എന്ന് കർത്താവിനോട് ചോദിക്കേണ്ടിവരും… കാണാൻ, അറിയാൻ ഒത്തിരി ബാക്കിയാണെന്നേ .. അതുകൊണ്ടു കാഴ്ചയെപ്പറ്റിയുള്ള എഴുത്തു ഒറ്റ പ്രാർത്ഥനയിൽ ആരംഭിക്കണം “ കടവുളേ കാഴ്ചയിലൊക്കെയും നന്മകലർത്തുവാൻ സഹായിക്കണേ..”
മാറുന്ന യുവത്വം…
ഒരേ നദിയിൽ 2 തവണ നിനക്കിറങ്ങാനാകില്ലെന്നേ … ഒഴുകട്ടെ നദിയും, കാലവും… കെട്ടികിടന്നാൽ അഴുക്കാകും… മാറുന്ന യുവത്വത്തെപ്പറ്റി ലേശം പോലും പരിഭവമില്ല… എല്ലാക്കാലത്തും യുവത്വം കേൾക്കേണ്ടിവന്ന പഴി അതുതന്നെയാണ്. “അവർ മാറുന്നു” . ആരാ ഈ പറയുന്നേ… കാരണവന്മാരുടെ എത്ര ശീലങ്ങൾ കൈമുതാലാക്കി കൊണ്ട് നടക്കുന്നുണ്ട്, ചില കന്നത്തരങ്ങൾ അല്ലാതെ ?
പ്രായമാകുന്നതിന്റെ ലക്ഷണമാണെന്നേ.. യുവത്വം ചെയ്യുന്നതിലെല്ലാം പിശാചുണ്ടെന്ന് ആദ്യം പറയും… ഫേസ്ബുക്കിൽ , ഫോണിൽ, ഇൻറർനെറ്റിൽ… കുറെകഴിഞ്ഞു ഞങ്ങളും ഇതിലേക്കെത്തും… എന്നിട്ടൊരു ഡയലോഗ് പറയും.. ” ഇക്കാലത്ത് ഇതൊന്നും ഇല്ലാതെ…”
ഒറ്റ ബാധ്യതയെ ഇത്തിരി മുതിർന്നവർക്കുള്ളൂ ഹൃദയത്തിൽ നിന്ന് ജീവന്റെ നീർച്ചാലുകൾ പുറപ്പെടട്ടെ.. പിന്നാലെ വരുന്നവർ അതിന്റെ ഓരത്തിരിക്കട്ടെ… അപ്പോൾ അവരോടു പറയാം .. Learn of Me …
മാറുന്ന കാഴ്ചപ്പാടുകൾ…
കാഴ്ചകൾക്കൊപ്പം ചിന്തകൾ എന്നപോലെ ചിന്തകൾക്കൊപ്പം ചില കാഴ്ചകളും മാറുന്നുണ്ട്.
അതിരുകളില്ലാത്ത കാഴ്ചകളുടെ ലോകത്തിരുന്ന് അതിരുകളില്ലാത്ത കാഴ്ച കാണുന്നവനോട് അതിരുകളെപ്പറ്റി പറയുമ്പോൾ അവൻ പുച്ഛിക്കും.
എന്നുവെച്ച് പറയാതിരിക്കണോ…
കണ്ണുതുറന്ന് കണ്ട കാഴ്ചയെപ്പറ്റി നീ പറ… കണ്ണടച്ചിരുന്ന് കാഴ്ചപ്പാടിനെ നമുക്കൊന്നിച്ചു ധ്യാനിക്കാം….
ഒന്നാം കാഴ്ച : ആനന്ദം പരമാനന്ദം
ഈയിടെ കണ്ട ഒരു സിനിമയിലെ കഥാപാത്രം ചോദിക്കുന്നുണ്ട് ” അധികം ചിന്ദിക്കുന്നതിനേക്കാൾ നല്ലതു നമുക്ക് സന്തോഷം തരുന്നത് മാത്രം ചിന്ധിച്ചാപ്പോരേ “. ചില കാഴ്ചകൾ കാണുമ്പോൾ തോന്നുന്നുണ്ട് സന്തോഷം തരുന്നതിലേക്കു മാത്രം ഇടപെടലുകൾ ഒതുങ്ങുന്നുണ്ടോ എന്ന് .. Pleasure Seeking… ക്ലാസുകൾ എടുക്കാൻ പോകുന്ന വേദികളിൽ ഈയിടെ ആയി ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്..
അധികനേരം ഒന്നും കേട്ടിരിക്കാൻ വയ്യ.. ആശയങ്ങളോടും ചിന്തകളോടും ഒരു നിർമർമത.. ആശയം പറയാൻ ഇത്തിരി കൂടുതൽ സമയം എടുത്താൽ അപ്പോൾ ചോദ്യം വരും – ” സർ, DJ എപ്പോളാ തുടങ്ങുന്നേ ? ഞങ്ങൾ അതിനാ വന്നേ ” “ഒറ്റ ലൈഫ് അല്ലെ ഉള്ളു” എന്നതിന് ബാക്കി ആയി എന്തെല്ലാം പൂരിപ്പിക്കാൻ ഉണ്ട് അല്ലെ… കുറെ മരം നടണം, കുറെ നന്മ ചെയ്യണം.. പക്ഷെ അങ്ങനെ ഒക്കെ കേട്ടിട്ട് ഒത്തിരി നാൾ ആയി.. “ഒറ്റ ലൈഫ് അല്ലെ ഉള്ളു.. അതങ്ങട് ഹാപ്പി ആക്കണം, പൊളിക്കണം”
ഇതാ ഇപ്പൊ നന്നായെ, 12 വര്ഷം വേദപാഠം പഠിച്ചിട്ടും ഒറ്റ ലൈഫ് ഉള്ളു എന്ന കരുതിയെക്കുന്നെ.. അടിപൊളി അത് മാത്രമോ, ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ എത്ര ജീവിതം ജീവിക്കണം.. മകനായി, ഭർത്താവായി, അപ്പനായി, നാട്ടുകാരനായി, കൂട്ടുകാരനായി… അപ്പൊ പിന്നെ സന്തോഷം തരുന്നതല്ലാതെ ഒന്നും എടുക്കില്ലെന്ന തീരുമാനിച്ചൽ ഈ ജീവിതമൊക്കെ എങ്ങനെ സാര്ഥകമാക്കും ? പൂമരങ്ങൾക്കു പിന്നിൽ മാത്രമല്ല മുൾച്ചെടികൾക്കു പിന്നിലും താൻ വെളിപ്പെടുമെന്നു മോശക്ക് കാണിച്ചു തന്ന ദൈവത്തെ ധ്യാനിക്കണം..
രണ്ടാം കാഴ്ച : എന്റെ ഫേസ്, എന്റെ ഫുൾ ഫിഗർ
ഫിൽട്ടർ ഇട്ടു, ബാക്ക്ഗ്രൂന്ദ് മ്യൂസിക്കും ഇടാതെ എന്നെ നിന്റെ മുൻപിൽ അവതരിപ്പിക്കാൻ പറ്റാണ്ടായിരിക്കുന്നു.. ലൈക്ക് കുറഞ്ഞു പോയാലോ.. ഫിൽറ്റർ ഇടാത്ത എന്നെ നിനക്ക് ഇഷ്ടപ്പെടുമോ എന്നാ എന്റെ പേടി.. വേണമെന്നേ… സെൽഫിയും, പോസ്റ്റും, രീൽസും, ഷോർട്സും എല്ലാം വേണം..
പ്രകടന പരതക്കപ്പുറം നിൽക്കുന്ന എന്തെൻകിലും ഒരു അർത്ഥത്തിലേക്കു ഇതെല്ലം എത്തിക്കാനുള്ള ശ്രമം കൂടി വേണം.. ഇനി പോസ്റ്റ് ഇടുമ്പോൾ, സെൽഫി ഇടുമ്പോൾ, സ്വന്ധം ചിന്തകളെ നന്മയിൽ ചാലിച്ച് പ്രകാശത്തിന്റെ ഒരു കുറിപ്പ് കൂടി എഴുതി വക്കു.. കണ്ടു പോകുന്നവന് വെട്ടത്തിന്റെ ഒരു വെള്ളിക്കീര് കൊടുക്കുന്ന കുറിപ്പ്..
രണ്ടു സാധ്യതകളാ മുന്നിൽ – പ്രേയസ്സും ശ്രെയസ്സും
ജീവിതത്തിൽ താത്കാലിക സന്തോഷത്തിനും ലൗകിക അഭിവ്യദ്ധിക്കും ചെയ്യുന്നത് പ്രേയസ്സ്.. നിത്യമായ ആനന്ദത്തിനും പരമ സായൂജ്യത്തിനും ലക്ഷ്യം വച്ചുള്ളത് ശ്രെയസു ( kadopanishathu 2:1 )
ശ്രെയസ്കരമാകട്ടെ നമ്മുടെ ഓരോ പോസ്റ്റും, ഇടുന്ന എനിക്കും കാണുന്ന നിനക്കും
മൂന്നാം കാഴ്ച : സ്വതന്ത്ര ചിന്താ പെടാപ്പാടുകൾ…
അവിശ്വാസി ആയിരിക്കുന്നതും സന്ദേഹി ആയിരിക്കുന്നതും രണ്ടും രണ്ടാണ് .. അവിശ്വാസി നിഷേധി ആകുമ്പോൾ സന്ദേഹി അന്വേഷി ആകുന്നുണ്ട്.. കണ്ടും തൊട്ടും അല്ലാതെ വിശ്വസിക്കില്ല എന്ന് വാശി പിടിച്ച തോമസിനും , ആർക്കു വഴി ഒരുക്കാൻ വന്നോ അവനിൽ തന്നെ ഇടറിയ യോഹന്നാനും അവൻ തന്നെ തന്നെ വെളിപ്പെടുത്തിയായതു അവർ അന്വേഷി ആയതു കൊണ്ടാ.. അന്വേഷിച്ചാൽ കണ്ടെത്തുന്ന ദൂരമേ അവനിലേക്കുള്ളു എന്ന് അവൻ പറഞ്ഞതല്ലേ..
അതെല്ലാം പോട്ടെ – പ്രതീക്ഷിക്കാൻ ഒന്നും ഇല്ലാതെ , വിശ്വസിക്കാൻ ഒന്നും ഇല്ലാതെ , എത്തിച്ചേരാൻ ഒരു സ്വർഗ്ഗമില്ലാതെ നാളെ രാവിലെ എണീറ്റിട്ടു എന്ത് ചെയ്യും?
അതിരുകളില്ലാത്ത വ്യക്തി സ്വാതന്ത്ര്യവും ഒന്നിനോടും കണക്കു ബോധിപ്പിക്കേണ്ടാത്ത പുരോഗമന ചിന്ദാ സരണികളും ഒരുപറ്റം യുവത്വത്തെയെങ്കിലും കൊതിപ്പിക്കുന്നതു അതിലെ എന്തെകിലും ക്രിയാത്മക സാധ്യത മൂലമല്ലന്നു വ്യക്തമാണ്..
മറിച്ചു , തനിക്കിഷ്ടമുള്ളതു ചെയ്യുമ്പോൾ അതിനെ ന്യായീകരിക്കാനും, മനസാക്ഷിയുടെ പോലും കുറ്റപ്പെടുത്തലിനെ അവഗണിക്കാനും സ്വയം അണിയുന്ന എളുപ്പമുള്ള മുഖം മൂടി ആയിട്ടുണ്ട് പലർക്കും സ്വതന്ത്ര ചിന്ത.. മറ്റൊന്ന് ട്രെൻഡിനൊപ്പം നീങ്ങാനാണ്.. ഏതെങ്കിലും തരത്തിലുള്ള അതിരുകളെ ഓർമിപ്പിക്കുന്നവരെ ലക്ഷ്യം വച്ചുള്ള തഗ് ലൈഫ് ഡയലോഗുകൾ സ്റ്റാറ്റസ് ആക്കുമ്പോൾ സ്വയം ആധുനിക മനുഷ്യനായെന്നു ഒരു തോന്നൽ …
ടി ഡി രാമകൃഷ്ണന്റെ ആൽഫ എന്ന നോവൽ തേടിപ്പിടിച്ചു ഒന്ന് വായിക്കുന്നത് നല്ലതാണ്. മനുഷ്യന്റെ ചിന്തകളെയും കഴിവുകളെയും അവയുടെ പൂർണ സ്വാതന്ത്ര്യത്തിൽ എത്താൻ കഴിയാതെ തടയുന്നതു സാമൂഹിക ബന്ധങ്ങളും , വിശ്വാസങ്ങളും , വ്യവസ്ഥകളും ആണെന്ന് തെളിയിക്കുന്ന പരീക്ഷണത്തിലാണ് 13 പേർ. സ്വയം പരീക്ഷണ വസ്തു ആകാൻ തീരുമാനിച്ച അവർ ഭാഷയും, സംസ്കാരവും, വിശ്വാസവും എല്ലാം ഉപേക്ഷിച്ചു പൂർണ നഗ്നരായി ഒരു ദ്വീപിൽ ഇറങ്ങുന്നു.
സാംസ്കാരിക ചിഹ്നങ്ങളും , വ്യവസ്ഥകളും പൂർണമായി ഒഴിവാക്കി ബന്ധനങ്ങൾ ഇല്ലാതെ ചിന്ദിക്കാനും, അങ്ങനെ മനുഷ്യന്റെ സാധ്യതകളുടെ അത്യുന്നതിയിൽ എത്തിച്ചേരാനും ശ്രമിച്ച ആ പരീക്ഷണം തീർത്തും വിപരീത ഫലമാനുണ്ടാക്കിയത്. ഇഷ്ടങ്ങളുടെയും ഇച്ഛകളുടെയും പൂർത്തീകരണത്തിനായി പരസ്പരം പോരടിച്ചു വന്യരായി അവർ ക്രമേണ മനുഷ്യത്വം നഷ്ടപ്പെട്ടവരായി മാറുന്നു.
സ്വതന്ത്ര ചിന്തയെ നെഞ്ചേറ്റുന്ന യുവത്വത്തെ പ്രതിപാദിക്കുമ്പോൾ , തടികുരിശൂ ചുമന്നു ഒറ്റയ്ക്ക് കുരിശിന്റെ വഴി ചൊല്ലി മലയാറ്റൂർ മല കയറുന്ന ആ യുവാവിനെ കാണാഞ്ഞിട്ടല്ല , നാല്പതാം വെള്ളി ആചരണത്തിലേക്കു ക്ഷണിച്ചുകൊണ്ട് യുവജന സംഘടന തന്ന നോട്ടീസ് ഈ എഴുത്തു മേശയിൽ കിടപ്പുണ്ട്.. കുരിശിന്റെ വഴിയേ നടക്കുന്ന യുവത്വത്തെ മറന്നിട്ടല്ല ഇതൊന്നും എഴുതുന്നത് …
നിന്റെ ഹൃദയം എവിടെയോ അവിടെ നിന്റെ നിക്ഷേപവും
സ്വാതന്ത്രനാണോ എന്ന് സന്ദേഹിയാകുമ്പോൾ, ‘ സ്നേഹവ്വ്മായി അഗാധ ബന്ധമുള്ള സത്യത്തിനു മാത്രമേ സ്വാതന്ത്ര്യം പ്രദാനം ചെയ്യാൻ സാധിക്കൂ’ എന്നും ‘ സത്യമില്ലാതെ സ്വാതന്ത്ര്യമില്ല’ എന്നുമുള്ള അവബോധത്തിലേക്കുണരാൻ ബോധജ്ഞാനത്തിന്റെ സിംഹാസനമായ അമ്മയും , ” നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും” ( യോഹ 8 : 32 ) എന്ന് വാഗ്ദാനം ചെയ്ത മകനും എന്നെ അനുഗ്രഹിക്കാൻ നീയെനിക്കു മാധ്യസ്ഥം പ്രാർത്ഥിക്കുമോ
കാഴ്ചാന്ത്യം
കണ്ണാടി വച്ചു നോക്കുമ്പോളല്ല, കണ്ണാടിയിൽ നോക്കുമ്പോളാണ് ഈ കാഴ്ചകൊളൊക്കെ കാണുന്നതെന്ന് നിന്നോട് ഞാൻ കുമ്പസാരിച്ചാൽ നീയെനിക്കു എന്ത് പരിഹാര ക്രിയ നിർദേശിക്കും? ഈ കാഴ്ച്ചകളിൽ എവിടെയെങ്കിലും നിന്നെ ഞാൻ കണ്ടാൽ എനിക്ക് ഒറ്റ നിലവിളിയെ ഉള്ളു ” എന്റെ മകനെ, എന്റെ മകനെ എന്തുകൊണ്ട് ഞാൻ നിന്നെ ഉപേക്ഷിച്ചു”
മിയ കുൽപ…!!!