ക്രിസ്തുവിലുള്ള വിശ്വാസം കേവലം ഒരു മതവിശ്വാസമല്ല അത് രക്ഷാമാര്‍ഗ്ഗമാണ്. ദൈവത്തെപ്രതി എന്തെങ്കിലും കഷ്ടതകളില്‍ കൂടി കടന്നു പോകാതെ ഒരാള്‍ക്കും ദൈവത്തിലേക്ക് ധ്യാനനിരതനായി ഉയരുവാന് സാധിക്കില്ലാ.
വിശ്വാസം പ്രഘോഷിക്കപെടേണ്ടതാണ് മൂടിവെയ്ക്കാനുള്ളതല്ല. ക്രൈസ്തവ ജീവിതത്തിന്റെ ഊന്നുവടി ആണ് വിശ്വാസം. അത് ആഴമേറിയ ഹൃദയത്തില്‍ നിന്നും ഉടലെടുക്കണം കുഞ്ഞു മനസ്സുകളില്‍ വേരുകളൂന്നിവളര്ന്നു പടര്‍ന്നു പന്തലിക്കണം. ഋതുക്കളുടെ മാറ്റമോ വന്‍ പ്രളയമോ, കൊടുങ്കാറ്റിലോ സ്ഥാനഭ്രംശം സംഭവിക്കാത്ത ഒന്നായിരിക്കണം യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം.
പ്രതികൂലസാഹചര്യങ്ങള് വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും ഉണ്ടാകുമ്പോള്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാനും പ്രാര്‍ത്ഥിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അതുപോലെ കുഞ്ഞുങ്ങളില്‍ ആ ശീലം വളര്‍ത്തിയെടുക്കാന്‍ ഉത്സുകരായിരിക്കുകയും വേണം. നിങ്ങള്‍ ഒരുപക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ വിശ്വാസത്തിന് വെല്ലുവിളി ആയിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ കാണാന്‍ ഇടയാകും. വിശുദ്ധ പൗലോസ് സഭാപീഡകനാ യിരുന്നിട്ടുപോലും മാനസാന്തരപ്പെട്ടു വിശ്വാസ തീക്ഷ്ണതയോടു ജീവിച്ചു. അദ്ദേഹത്തിന്റെ ആ വിശ്വാസ സാക്ഷ്യം സഭയില്‍ ഉണ്ട്,
വെല്ലുവിളികള്‍ സഭയ്ക്ക് പുത്തരിയല്ല സഭയുടെ ആരംഭം മുതല്‍ ഇന്നുവരെ വെല്ലുവിളികളെ സഭ
അതിജീവിച്ചിട്ടുണ്ട്. പത്രോസാകുന്ന പാറമേല്‍ പണിതസൗധം . പ്രിയ യുവ ജനങ്ങളെ,വിശുദ്ധ കുര്‍ബാനയിലൂടെയും, വചനവായനയിലൂടെയും ശക്തിയാര്‍ജിച്ച് വിശുദ്ധ ജീവിതം നയിച്ച് മുന്നോട്ടുപോകുമ്പോള്‍ പ്രതിസന്ധികളെ നേരിടാനുള്ള ശക്തി പരിശുദ്ധാത്മാവ് നല്‍കും. ക്രിസ്തുവിന്റെ ജീവിതമാതൃക മുറുകെപ്പിടിച്ചുകൊണ്ട് കൂദാശസ്വീകരണത്തിലുടെയും
വചനവായനയിലൂടെയും വിശ്വാസത്തെ ശക്തിപ്പെടുത്താം.
പാരമ്പര്യമായി ലഭിച്ച ദൈവകൃപയാണ് നമ്മുടെ വിശ്വാസം. തലമുറതലമുറയായി നമുക്ക്
കൈമാറ്റപ്പെട്ട്കിട്ടിയ ഈ സത്യത്തെ തട്ടിപ്പറിക്കാന്‍ പിശാച് പല തന്ത്രങ്ങളും ഉപയോഗിക്കും. ഇന്നത്തെ സമൂഹത്തില്‍ ആഗോളവല്‍ക്കരണം മൂലം സംഭവിക്കുന്ന മാധ്യമ വിസ്ഫോടനങ്ങള്‍ യുവജനങ്ങളെ വളരെ ഏറെ സ്വാധീനിക്കുന്നു. മാധ്യമങ്ങളുടെ വളര്‍ച്ച വിശ്വാസപരിശീലന രംഗത്ത് വളരെ ദോഷകരമായി ബാധിക്കുന്നു.
കുടുംബ പ്രാര്‍ത്ഥന നഷ്ടപ്പെടുന്നു. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഉള്ള സംസാരങ്ങള്‍ ഇല്ലാതാകുന്നു യുവജനങ്ങള്‍ മൊബൈലിന്റെയും ഇന്റര്‍നെറ്റ്ന്റെയും ലോകത്ത് ഒതുങ്ങപ്പെടുന്നു. തീര്‍ച്ചയായും വിശ്വാസജീവിതത്തിന് നേതൃത്വം നല്‍കുന്നവരുടെ ജീവിതം സുവിശേഷ സാക്ഷ്യമായിരിക്കണം. വിശ്വാസസംബന്ധമായ കാര്യങ്ങളെക്കുറിച്ച് ആരുടെ മുമ്പിലും ധൈര്യമായി സംസാരിക്കാനുള്ള അറിവ് മക്കള്‍ക്ക് പകര്‍ന്നു കൊടുക്കണം.
നമ്മുടെ ചുറ്റുപാട്, നമ്മുടെ കൂട്ടുകാര്‍ , ഇതെല്ലാം പ്രതികൂലമായിരിക്കാം
അവരൊക്കെ ലോകത്തിന്റെ പുറകെ പോയി ജീവിതം ആസ്വദിക്കുന്നവര്‍ ആയിരിക്കാം. വിശ്വസ്തതയോടെ കൂടി മുന്നോട്ടു പോകുവാന്‍ നമ്മുടെ മക്കളെ നമുക്ക് പ്രാപ്തരാക്കാം. നമ്മുടെ പെണ്മക്കളെ അവരുടെ അന്യമതസ്ഥരായ കൂട്ടുകാരികള്‍ തന്നെ വളരെ തെറ്റായ രീതിയില്‍ നടത്താനും വളച്ചോണ്ട് പോകുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
അവിടെയൊക്കെ എന്തായിരിക്കണം നമ്മുടെ നിലപാട് ഒരു ഉത്തമ വിശ്വാസി എന്ന രീതിയില്‍ ഇരുട്ടിന്റെ വഴികളില്‍ അതിന്റെ രസമധുരങ്ങളില് വീഴാതിരിക്കാന്‍ വിവേകത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വിരോധം, വേദന, സങ്കടം, വിദ്വേഷം, തകര്‍ന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടാകുന്ന മറ്റു വികാരങ്ങള്‍ ജീവിതത്തെ നശിപ്പിക്കുന്നു. ഇവിടെയൊക്കെ തന്റെ ജീവിതത്തിലേക്ക് നോക്കാനും മറ്റുള്ളവരെ സ്നേഹിക്കാനുള്ള ഈശോയുടെ ആഗ്രഹം അനുകരിക്കാനും യേശു നമ്മെ ഓരോരുത്തരെയും വെല്ലുവിളിക്കുന്നു.
ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് അത് വിഭജിക്കുകയും അപലപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യും . ഇവിടെയാണ് യഥാര്‍ത്ഥ വിശ്വാസത്തിന്റെ പ്രസക്തി. വിശുദ്ധ തോമസ് അക്വീനാസ് വിശ്വാസത്തിന്റെ കാതലിനെകുറിച്ച് പറയുന്നു. ‘ വിശ്വാസം ഉള്ള ഒരുവന് ഒരു വിശദീകരണത്തിന്റയും ആവശ്യമില്ല, വിശ്വാസം ഇല്ലാത്ത ഒരുവന് ഒരു വിശദീകരണവും മതിയാവില്ല ‘.
ക്രൈസ്തവരായ നമ്മളെ സംബന്ധിച്ചിടത്തോളം ക്രൈസ്തവ നിയോഗങ്ങള്‍ അനുസരിച്ചാണ് നാമോരോരുത്തരും ജീവിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. കാലത്തിനനുസരിച്ചുള്ള ആചാരപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ ഭാഗമായി ക്രൈസ്തവസഭയില്‍ തമ്മിലടിപിടികളും, കേസും വിവാദങ്ങളും ആചാര അനുഷ്ഠാന തര്‍ക്കങ്ങളും നടക്കുന്നു. പ്രിയ യുവജനങ്ങളെ നിങ്ങള്‍ ക്രിസ്തുവിനെയും, ക്രിസ്തു സ്ഥാപിച്ച സഭയിലും പരിശുദ്ധ കുര്‍ബാനയിലും തിരു വചനത്തിലും വിശ്വസിക്കുക. മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധ കൊടുക്കാതെ നിങ്ങള്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍ പ്രവര്‍ത്തിക്കുവിന്‍ നന്മയെ ലക്ഷ്യമാക്കി മാത്രം നീങ്ങു വിന്.
യേശുക്രിസ്തു നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്.നിരുത്സാഹിതരാവുകയോ ഭയപ്പെടുകയോ ചെയ്യാതെ വിശ്വാസമാകുന്ന പടവാളെന്തി സത്യത്തിനും, നീതിക്കും വേണ്ടി പോരാടുക.