ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട ആദ്യ നാളുകളിൽ തന്നെ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് കടന്നു വന്ന കൂട്ടായ്മകളിലൊന്നാണ് പന്തളമടുത്ത് മാന്തളിർ, കാരക്കാട് ഇടവക. കാരക്കാട് ഇടവകയിൽ ഐപ്പ് പാപ്പി – അന്നമ്മ പാപ്പി മക്കളുടെ അഞ്ച് മക്കളിൽ മൂന്നാമനായി 1941 മെയ് 19 -ന് ജോണച്ചൻ ജനിച്ചു, ജൂലൈ 22 -ന് മാമോദീസ സ്വീകരിച്ചു. മാന്തളിർ LP സ്കൂളിലും കാരക്കാട് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
പന്തളം NSS കോളേജിൽ പ്രീ – യൂണിവേഴ്സിറ്റി പഠനം നടത്തി. ഇക്കാലയളവിൽ ഇടവകയിലെ സണ്ടേസ്കൂൾ അധ്യാപകനായിരുന്നു. രണ്ടാം വത്തിക്കാൻ സുന്നഹദോസിന് മുമ്പ് സമൂഹബലി ഇല്ലാതിരുന്ന കാലത്ത് പമ്പൂരേത്ത് അച്ചനും കിളന്ന മണ്ണിലച്ചനും ജോർജച്ചനും അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ ശുശ്രൂഷകനായി മാറി മാറി പങ്കെടുത്തിരുന്നു. ജോർജച്ചൻ ഈശോസഭ സന്യാസ സമൂഹാംഗമായിരുന്നു, പുനരൈക്യ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി മലങ്കര സഭയിൽ ശുശ്രൂഷക്കായി കടന്നുവന്ന വ്യക്തിയാണ്. അച്ചനൊരിക്കൽ ‘ഇഗ്നേഷ്യസിന്റെ ധ്യാനക്രമം’ എന്ന പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി നൽകിയിട്ട് നന്നായി എഴുതി നൽകാനാവശ്യപ്പെട്ടു, ആ പുസ്തക വായന ബാലനായ ജോണിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു.
മാർ ഈവാനിയോസ് പിതാവും ദൈവവിളിയും
കാരക്കാട് പള്ളി പന്തളം ചെങ്ങന്നൂർ റോഡിനോട് ചേർന്നായിരുന്നതിനാൽ യാത്രക്കിടയിൽ മാർ ഈവാനിയോസ് പിതാവ് കാരക്കാട് വൈദീക മന്ദിരത്തിൽ (കാരക്കാടും പരിസര പ്രദേശങ്ങളിലും മിഷൻ പ്രവർത്തനത്തിനായി കടന്നു വന്ന ഫ്രാൻസിസ്ക്കൻ മിഷണറി ബ്രദേഴ്സായിരുന്നു അന്നവിടെ താമസിച്ചിരുന്നത്) വിശ്രമിച്ചിരുന്നു. പിതാവും മലഞ്ചരുവിൽ മത്തായി സാറും (സിറിൾ ബസേലിയോസ് ബാവാ തിരുമേനിയുടെ പിതാവ്) വിവിധ വിഷയങ്ങൾ സംസാരിച്ചു അവിടെയുണ്ടാകുമായിരുന്നു.
എല്ലാ ദിവസവും പളളിയിൽ വിശുദ്ധ കുർബാനക്കായി ഇടവക വികാരി, പുനരൈക്യപ്പെട്ട പമ്പൂരേത്ത് അച്ചനൊപ്പം എന്നും നടന്ന് പോയിരുന്ന ബാലൻ പല അവസരങ്ങളിലും പിതാവിനെ കണ്ടിട്ടുണ്ട്. ജോണച്ചന്റെ ജേഷ്ഠൻ സി.പി.ഏബ്രഹാം മാർ ഈവാനിയോസ് പിതാവിന്റെ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്തിരുന്നു (പിതാവ് തന്നെ മുൻകൈ എടുത്തു പിന്നീട് ഇന്ത്യൻ എയർഫോഴ്സിൽ ജോലി ക്രമീകരിച്ചു), ജേഷ്ഠനെ കാണാനായി ബാലനായ ജോണും അപ്പനും തിരുവനന്തപുരത്ത് ചെന്നപ്പോൾ പിതാവ് വളർത്തിയിരുന്ന,
-പട്ടി കുരച്ച് കൊണ്ട് ഓടിയടുത്തെത്തി, ഉറക്കെ നിലവിളിച്ചു കരഞ്ഞ ആ ബാലന്റെ അടുത്തെത്തി പിതാവ് അവനെ സ്നേഹത്തോടെ ചേർത്ത് നിർത്തി കുശലാന്വേഷണം നടത്തി, കൈനിറയെ വിദേശ മുട്ടായി നൽകി. വൈദീകനാകണമെന്നുള്ള തന്റെ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ‘മോനതിനായി പ്രാർത്ഥിക്കൂ’എന്ന് പറഞ്ഞനുഗ്രഹിച്ചു. കാന്തം പോലെ പിതാവ് തന്നെ ആകർഷിച്ചു എന്നാണ് അന്നത്തെ അനുഭവത്തെക്കുറിച്ച് അച്ചൻ പറയുന്നത്.
പുരോഹിതനാകണം…
മാർ ഈവാനിയോസ് പിതാവിന്റെ അനുഗ്രഹദായകമായ വാക്കിന്റെ ശക്തിയാലും ബാല്യംമുതലേ എന്നും മൂന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള സവിശേഷമായ സാഹചര്യം സിദ്ധിച്ചതിനാലും തന്റെ ജീവിതവിളി വൈദീകന്റേതാണ് എന്ന് ജോൺ ഉറപ്പിച്ചു. എന്നാൽ രണ്ടാമത്തെ മകന്റെ ആകസ്മിക മരണത്തിന്റെ വേദനയിൽ നിന്ന് മുക്തരാകാത്ത മാതാപിതാക്കൾ അതിനെ പൂർണ്ണമായും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ആ യുവാവ് തന്റെ ബോധ്യത്തിൽ ഉറച്ചുനിന്നു.
സണ്ടേസ്കൂൾ അധ്യാപകനായിരുന്ന അവസരത്തിൽ സെമിനാറിനായി തിരുവനന്തപുരത്ത് ചെന്നപ്പോൾ സെമിനാരിയിൽ പോയി റെക്ടറച്ചനായ ഫാ.മണ്ണിലിനോട് (സാമുവേൽ മണ്ണിൽ റമ്പാച്ചൻ) തന്റെ ഹൃദയാഭിലാഷം വെളിപ്പെടുത്തി, വികാരിയച്ചന്റെ കത്ത് വാങ്ങി വരാൻ റെക്ടറച്ചൻ ആവശ്യപ്പെട്ടു. അങ്ങനെ 1961 ജനുവരി 1 -ന് സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു.
തുടർന്ന് കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ഫിലോസഫി, തിയോളജി പഠനം നടത്തി. റീജൻസിക്കാലം ആയൂർ പള്ളിയിൽ മാർ ഈവാനിയോസ് പിതാവിനെക്കുറിച്ചുള്ള ആധികാരിക ചരിത്രരേഖ മലങ്കര സഭക്ക് സമ്മാനിച്ച ഇഞ്ചക്കലോടി അച്ചനൊപ്പമായിരുന്നു. 1971 മാർച്ച് 15-ന് ഭാഗ്യസ്മരണാർഹനായ ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൽ നിന്ന് പട്ടം കത്തീഡ്രലിൽ വെച്ച് വൈദീക പട്ടം സ്വീകരിച്ചു, മാർച്ച് 18 -ന് കാരക്കാട് പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പണം.
സമർപ്പണത്തിന്റെ ജീവിതം
റാന്നി – പെരുനാട്, ചിറ്റാർ, വയ്യാറ്റുപുഴ, സീതത്തോട്, ആങ്ങമൂഴി പള്ളികളിൽ സഹവികാരിയായി ഇടവക ജീവിതമാരംഭിച്ചു. ഇന്നത്തെ പെരുനാട് പള്ളിയുടെ നിർമ്മാണ വേളയിൽ വിശ്വാസികളോടൊപ്പം കൊച്ചച്ചനും കഠിനമായി ശാരീരിക അദ്ധ്വാനം നടത്തിയിരുന്നു. പിന്നീട് മഞ്ഞക്കാലാ, പട്ടാഴി ഈസ്റ്റ്, പട്ടാഴി വെസ്റ്റ്, ആറാട്ടുപുഴ, പന്തപ്ളാവ്, പാണ്ടിത്തിട്ട, ആവണീശ്വരം പള്ളികളിൽ. പന്തപ്ളാവിൽ ഒരു ഇടവക ആരംഭിക്കാനും പള്ളി പണിയാനും അച്ചനായി. ദുഖവെള്ളിയാഴ്ച്ച പോലും 3 പള്ളിയിൽ പതിവായി ശുശ്രൂഷ നടത്തിയിരുന്ന കാലമായിരുന്നു.
പട്ടാഴി പ്രദേശത്തിന്റെ ഇന്ന് കാണുന്ന പുരോഗതിയുടെ പിന്നിൽ അച്ചന്റെ കരങ്ങളുമുണ്ട്. തുടർന്ന് പഴകുളം, ആദിച്ചനല്ലൂർ, പെരിങ്ങനാട് ദേവാലയങ്ങളിലെ ശുശ്രൂഷ. ഹരിപ്പാട്, വഴുതാനം, പള്ളിപ്പാട്, മുട്ടം പള്ളികളുടെ വികാരിയായിരുന്ന കാലത്ത് നങ്ങ്യാർകുളങ്ങര,ചന്ദനപ്പള്ളി മഠങ്ങളിലെ അസാധാരണ കുമ്പസാരക്കാരനായി ശുശ്രൂഷ ചെയ്തു. വഴുതാനം പള്ളി പണിതതും ഇക്കാലത്താണ്. അന്നത്തെ പരിമിതമായ സാഹചര്യത്തിൽ ഇടവക സമൂഹം ഒന്നടങ്കം അച്ചനോടൊപ്പം ചേർന്ന് വളരെയധികം അദ്ധ്വാനിച്ചാണ്, ഉറപ്പുളള മണ്ണല്ലാത്തതിനാൽ ചേറിൽ മുള അടുക്കി അതിന്റെ മുകളിലായി പള്ളി പണിതത്.
കല്ലുവാതുക്കൽ, ഇടനാട്, അടുതല, ചാത്തന്നൂർ പള്ളികളുടെ വികാരിയായും കല്ലുവാതുക്കൽ ഹോസ്പിറ്റൽ ഡയറക്ടറായും ശുശ്രൂഷ ചെയ്ത നാളുകളിൽ ഇടനാട് പുതിയ ഇടവക തുടങ്ങുകയും പള്ളി പണിയുകയും ചെയ്തു. ചേപ്പാട്, മുട്ടം, രാമപുരം ഇടവകയിലെ ശുശ്രൂഷാനാളുകളിൽ രാമപുരത്തെ ഓഡിറ്റോറിയം നിർമ്മാണം പൂർത്തിയാക്കി. പിന്നീട് പുലമൺ, മൈലം, തൃക്കണ്ണമംഗലം, താമരക്കുടി, കുര, മൈലാടുംപാറ, പവിത്രേശ്വരം, കുന്നിക്കോട് എന്നീ 8 പള്ളികളിൽ വികാരിയായിരുന്നു. ഇക്കാലയളവിൽ അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച മിഷനുകളാണ് താമരക്കുടി, പച്ചിലവളവ് (കുന്നിക്കോട്), കുരാമലയിൽ, പവിത്രേശ്വരം എന്നിവ. ഇവയെല്ലാം ഇന്ന് വലിയ പള്ളികളായി വളർന്നിരിക്കുന്നു.
തുടർന്ന് ചിരട്ടക്കോണം, കോക്കാട്, പനവേലി പള്ളികളിലും ഇടമുളയ്ക്കൽ, ഒഴുകുപാറ, പെരിങ്ങല്ലൂർ പള്ളികളിലും വികാരിയായിരുന്നു. കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ള അനേകം മിഷൻസ്റ്റേഷനുകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. പിന്നീട് വെൺമണി, പുന്തല, കോടുകുളഞ്ഞി പള്ളികളിലും കോന്നിതാഴം, മുളന്തറ പള്ളിയിലുമുള്ള ശുശ്രൂഷ. ഇതിനെ തുടർന്ന് രാമഞ്ചിറ, പമ്പുമല പള്ളികളിലും തുടർന്ന് കുരമ്പാല പള്ളിയിലും അതിനു ശേഷം കാട്ടൂർ ദേവാലയത്തിലും ശുശ്രൂഷ ചെയ്തു.
പിന്നീട് പത്തനംതിട്ട അരമനയിൽ ഹൗസ് മിനിസ്റ്ററായി ശുശ്രൂഷ ചെയ്തു (അഭിവന്ദ്യ ക്രിസോസ്റ്റം പിതാവ് രണ്ടു വർഷം അച്ചന്റെ ജൂനിയറായി സെമിനാരിയിൽ ചേർന്നതാണ്,അന്ന് തുടങ്ങിയ ആത്മബന്ധം ഇന്നും തുടരുന്നു). ഇക്കാലയളവിൽ പുളിന്തിട്ട, ഇലന്തൂർ പള്ളികളിലെ ശുശ്രൂഷകളിൽ സഹായിച്ചു. ആറൻമുള പള്ളിയിൽ വികാരിയായിരിക്കെ ഇടവക ജീവിതത്തിൽ നിന്നും രോഗം കാരണം വിരമിച്ചു.
ദൈവവിളികൾ കണ്ടെത്തുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനും അച്ചനു സവിശേഷമായ സിദ്ധിയുണ്ട്, അനേകം മക്കളുടെ ദൈവവിളികൾ തിരിച്ചറിഞ്ഞ് വൈദീക സന്യസ്ത ജീവിതത്തിലേക്കു അച്ചൻ കൈ പിടിച്ച് നടത്തിയിട്ടുണ്ട്. പനവേലി ഇടവകയിൽ നിന്ന് മാത്രം 4 സിസ്റ്റേഴ്സ് ബഥനി സന്യാസസമൂഹാംഗങ്ങളായുണ്ട്.
മാതൃഭക്തൻ
പരിശുദ്ധ ദൈവമാതാവിനോട് സവിശേഷമായ ഭക്തിയും ആദരവും ചെറുപ്പം മുതലേ അച്ചനിലുണ്ടായിരുന്നു. കാരക്കാട് ഇടവകയിലെ ‘ലീജിയൻ ഓഫ് മേരി’യുടെ അംഗമായിരുന്നു. വൈദീകനായ ശേഷം ബഹുമാനപ്പെട്ട ചെങ്കിലേത്ത് അച്ചൻ നൽകിയ പ്രോത്സാഹനത്താൽ വിദേശത്തുള്ള മാതൃഭക്തി വളർത്തുന്ന ഒരു സംഘടനയുമായി അച്ചൻ ബന്ധപ്പെടുകയും അവിടെ നിന്ന് ലഭിക്കുന്ന ജപമാല അനേകായിരം ആളുകൾക്ക് നൽകി, ദൈവമാതൃഭക്തി വളർത്താൻ അക്ഷീണം പരിശ്രമിച്ചു.
സഹനമീ ജീവിതം
ജീവിതത്തിൽ നിരവധിയായ സഹനങ്ങളിലൂടെയും ശാരീരികമായ രോഗങ്ങളിലൂടെയും കടന്നുപോയ ഒരാളാണ് ജോണച്ചൻ. അച്ചൻ പത്താം ക്ലാസ്സിൽ പരീക്ഷ എഴുതുന്നതിന് മൂന്ന് നാൾ മുമ്പ് പട്ടാളത്തിലായിരുന്ന രണ്ടാമത്തെ ജേഷ്ഠൻ ആശുപത്രിയിൽ വെച്ച് ഒരു ഓപ്പറേഷൻ ചെയ്യുന്നതിനിടയിൽ മരണമടഞ്ഞു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാൻ പോലുമാകാതെ ബോംബെയിൽ തന്നെ അടക്കി. കുടുംബത്തെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തിയ അനുഭവമായിരുന്നത്.
അച്ചന്റെ അനുജൻ പഠനത്തിൽ അതിസമർത്ഥനായിരുന്നു.ഉന്നതമായ ജോലി ലഭിച്ചിരുന്നു. അച്ചനും അനിയനുമൊരുമിച്ച്യാ ത്രചെയ്യുമ്പോൾ ട്രെയിനിൽ നിന്ന് വീണ് മരണമടഞ്ഞു, മൃതശരീരം പോലും നാട്ടിലെത്തിക്കാനായില്ല. അപകടത്തിൽ അനിയൻ മരിച്ചത് അച്ചന് വളരെയധികം മാനസികമായ ക്ളേശമുണ്ടാക്കിയ അനുഭവമാണ്.വേദനയുടെ ഈ നാളുകളിൽ ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവ് അച്ചനെ കൂടെ ചേർത്തു നിർത്തി ബലപ്പെടുത്തി.
വിവിധങ്ങളായ രോഗങ്ങളാൽ ദീർഘകാലം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും പത്തനംതിട്ട സ്നേഹഭവനിലുമായി വിശ്രമിച്ചു.
പുഷ്പഗിരി ആശുപത്രിയിലെ ശുശ്രൂഷയാലും സ്നേഹഭവനിലെ സിസ്റ്റേഴ്സിന്റെ പരിചരണത്താലും വീണ്ടും ആരോഗ്യം പ്രാപിച്ചു. മരിക്കും എന്ന് ഉറപ്പായതിനാൽ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം തൈലാഭിഷേകം നൽകിയതാണ്. “മരണവിനാഴികയിൽ നിന്ന് ദൈവം എന്നെ കോരിയെടുത്ത് രക്ഷിച്ചു, ഇത് എന്റെ രണ്ടാം ജന്മമാണെന്ന് ” അച്ചൻ ഉറച്ച് വിശ്വസിക്കുന്നു.
മാതാപിതാക്കളിലൂടെ ലഭിച്ച അടിയുറച്ച കത്തോലിക്കാ വിശ്വാസത്തിൽ വളരാനും ജീവിക്കാനുമായതാണ് ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളുടെയും നിദാനമെന്ന് ഉത്തമ ബോധ്യമച്ചനുണ്ട്.
കാരക്കാട് മാന്തുക പള്ളിയുടെ ഗ്ളോബ് കുരിശടിക്ക് സ്ഥലം ദാനം ചെയ്തത് അച്ചന്റെ കുടുംബമാണ്. വൈദീക ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ളത് എന്നും പ്രഭാതത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയാണെന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം ഉറപ്പായി അച്ചൻ പറയുന്നു. 2021-ൽ മാതൃദേവാലയമായ കാരക്കാട് സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ കുടുംബാംഗങ്ങളും ഇടവക സമൂഹവും സ്നേഹിതരും ഒന്നു ചേർന്ന് അച്ചന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിച്ചു. കുമ്പഴയിലെ സെന്റ് ജോൺ മരിയ വിയാനി ക്ളർജിഹോമിൽ വിശ്രമ ജീവിതം നയിച്ചു വരവെ 2023 ഏപ്രിൽ 4-ന് സ്വർഗ്ഗീയ സമ്മാനത്തിനായി അച്ചൻ യാത്രയായി.