മദർ തെരേസ സിസ്റ്റേഴ്സിന് എതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച ABC Malayalam News ചാനലിന് എതിരെ സന്യസ്തർ കേസ് ഫയൽ ചെയ്തു… “മഠത്തിന്റെ മറവിൽ കുഞ്ഞുങ്ങൾക്ക് വിലപേശൽ… കുഞ്ഞിന് രണ്ട് ലക്ഷം വില പറഞ്ഞ് കന്യാസ്ത്രീ… നിലവിളിയുമായി പെറ്റമ്മ…” എന്ന വ്യാജ പ്രചരണമാണ് എബിസി മലയാളം എന്ന ഓൺലൈൻ മഞ്ഞപ്പത്രം സെപ്റ്റംബർ 12 -ന് ആരോപിച്ചത്.
എന്റെ വീട്ടിലും മെത്രാൻമാരും വൈദീകരും സന്യസ്തരും ഉണ്ട് എന്ന് വീമ്പ് പറയുന്ന മാധ്യമപ്രവർത്തകൻ MC സിസ്റ്റേഴ്സിന് എതിരെയുള്ള ആരോപണം മറ്റാരും ഏറ്റ് എടുത്തില്ല എന്ന് വിലപിക്കുന്നു… മദർ തെരേസയുടെ സിസ്റ്റേഴ്സ് കഴിഞ്ഞ 40 വർഷക്കാലം സമൂഹത്തിന്റെ പിന്നാംപുറത്ത് കിടക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് സാന്ത്വനമേകി എന്ന് ഇന്നലെ കിളിർത്തുവന്ന ഓൺലൈൽ മാധ്യമങ്ങൾക്ക് അറിയില്ലെങ്കിലും ഈ കേരള സമൂഹത്തിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ ആണ് പ്രധാന മാധ്യമങ്ങൾ ഒന്നും ഈ ആരോപണം ഏറ്റെടുക്കാഞ്ഞത്…
പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്ന ചാനലുകാരൻ ചോദിക്കുന്ന അർത്ഥമില്ലാത്ത ജല്പനങ്ങളിൽ പതറുന്നവരല്ല ക്രൈസ്തവസന്യസ്തർ. രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ കാവലിരുന്നാണ് കന്യാസ്ത്രീമാർ തങ്ങളെ ഏല്പിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.
CWC ഒരു മാസത്തേയ്ക്ക് ഏൽപ്പിച്ച ഒരു കുഞ്ഞിനെ 2 ലക്ഷം കൊടുത്ത് കച്ചവടം ഉറപ്പിക്കാൻ MC സിസ്റ്റേഴ്സിന്റെ സുബോധം ഒന്നും ഇതുവരെ കൈമോശം വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്നു. മാധ്യമ ധർമ്മം എന്ന് വാതോരാതെ വാദിക്കുമ്പോഴും ആ വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ വ്യാജവാർത്ത പുറത്തുവിട്ടവർ ജേർണലിസത്തിന്റെ ബാലപാഠങ്ങൾ ഒന്നുകൂടി ഒന്ന് താളുകൾ മറിച്ച് നോക്കുന്നത് വളരെ നല്ലതാണ് (അത് അവർ പഠിച്ചിട്ടുണ്ടാകാൻ സാധ്യതയില്ല എന്നറിയാം). ശിശുക്കച്ചവടം എന്ന് പല തവണ ആരോപിക്കുന്ന മാധ്യമപ്രവർത്തകൻ CWC യെ തന്നെ കുറ്റപ്പെടുത്തുമ്പോൾ ഇങ്ങേർക്ക് ഇത് എന്തുപ്പറ്റി എന്ന് ഒരു ആശങ്ക ഞങ്ങളിലും ഉടലെടുക്കുന്നുണ്ട് കേട്ടോ…
ക്രൈസ്തവ സത്യസ്തർക്ക് എതിരെ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്ക് എതിരെ ഇനി സന്യസ്തർ കയ്യുംകെട്ടി നോക്കിയിരിക്കില്ല, എന്ന് ഒരിയ്ക്കൽ കൂടി സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.
വാസ്തവത്തിന്റെ അംശംപോലുമില്ലാതെ അധാർമ്മികമായി സൃഷ്ടിക്കപ്പെടുന്ന വ്യാജവാർത്തകൾ കത്തോലിക്കാ സഭയ്ക്കും സന്യസ്തർക്കും എതിരെ സൃഷ്ടിച്ച് പൊതുജനമധ്യത്തിൽ അവഹേളിക്കാൻ മത്സരിക്കുന്ന പുതുതലമുറ മഞ്ഞ മാധ്യമങ്ങളോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് സന്യസ്തർ ഉറക്കെ പ്രഖ്യാപിക്കുന്നു.
സെപ്റ്റംബർ 12 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം, എറണാകുളത്തുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ നിർമല ശിശുഭവനിൽ അരങ്ങേറിയ നാടകം തികഞ്ഞ കാപട്യമാണെന്ന് അന്ന് അവിടെക്കൂടിയ ജനങ്ങൾക്ക് മുഴുവൻ വ്യക്തമായതാണ്. സ്ഥാപിത താല്പര്യക്കാരുടെ ചട്ടുകമായി മാറി ശിശുഭവന്റെ പരിസരത്തെ അക്രമത്തിനുള്ള വേദിയാക്കി മാറ്റിയ ഒരു സ്ത്രീയും ഭർത്താവും ആരോപിച്ചത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചൈൽഡ് വെൽഫെയർ കമ്മീഷന്റെ നിർദ്ദേശപ്രകാരം ശിശുഭവനിൽ പരിപാലിച്ചുപോന്ന അവരുടെ കുട്ടികളെ സന്യാസിനിമാർ വിറ്റു എന്നും വിൽക്കാൻ ശ്രമിച്ചു എന്നും, അതിനായി തങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു എന്നൊക്കെയാണ്.
അസംഭവ്യവും തികഞ്ഞ കള്ളവുമായ ആ വാദങ്ങളെ അവിടെയെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സകലരും തള്ളിക്കളഞ്ഞിട്ടും, ആരോ തിരക്കഥയെഴുതിയ നാടകത്തിന്റെ ഭാഗമെന്നവിധം എത്തിച്ചേർന്ന ABC ന്യൂസ് എന്ന ഓൺലൈൻ മഞ്ഞ മാധ്യമത്തിന്റെ ആളുകൾ അത് വ്യാജവാർത്തയായി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും തെറ്റിദ്ധാരണ പടർത്തുകയും ചെയ്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മാത്രം കുട്ടികളെ അഡ്മിറ്റ് ചെയ്യുകയും അവരുടെ നിർദ്ദേശമനുസരിച്ച് മാത്രം കുട്ടികളെ തിരികെ വിടുകയും ചെയ്യുന്ന സ്ഥാപനം എന്നനിലയിൽ ഒരിക്കലും സംഭവിക്കില്ലാത്ത ഒരു കാര്യം ആരോപണമാക്കി ഉയർത്തുകയും അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ആ മഞ്ഞപ്പത്രത്തിന്റെ ആളുകളും കുട്ടികളുടെ മാതാപിതാക്കളും ഏതോ തല്പരകക്ഷികൾക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്ന് ന്യായമായും സംശയിക്കാം.
അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതും ശത്രുതാപരമായും അധാർമ്മികമായും സൃഷ്ടിക്കപ്പെട്ടതുമായ ആ വ്യാജവാർത്തയ്ക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കുമെതിരെ പരാതി നല്കാൻ സന്യസ്തർ നിർബ്ബന്ധിതരായി. വോയ്സ് ഓഫ് നൺസിന്റെ നേതൃത്വത്തിലാണ് എറണാകുളം സിറ്റി കമ്മീഷണർ ഓഫീസിൽ ഈ വിഷയത്തിൽ സെപ്റ്റംബർ 16 -ന് പരാതി നൽകിയത്.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട പോലീസ് അധികാരികൾ ഉണർന്ന് പ്രവർത്തിക്കുകയും, നടപടികൾ ആരംഭിക്കുകയും ചെയ്തു. അതിൽ പ്രകോപിതരായ കുറ്റാരോപിതർ തങ്ങളുടെ വാദങ്ങൾ കൂടുതൽ കടുപ്പിച്ചുകൊണ്ടും, പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മന്ത്രിയെ വരെയും പ്രതികളാക്കി ചിത്രീകരിച്ചുകൊണ്ടുമാണ് അടുത്ത വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്.
സമാനസ്വഭാവമുള്ള മറ്റു ചില മഞ്ഞപ്പത്രങ്ങളുടെ സഹകരണവും അവർ തേടിയിരുന്നു. അത്തരത്തിൽ ആദ്യം ചെയ്ത കുറ്റകൃത്യത്തെക്കാൾ കൂടുതൽ ഗുരുതരമായ വിധത്തിൽ ആ പ്രവൃത്തി അവർ ആവർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇത്തരം അധാർമ്മികവും മനസാക്ഷി രഹിതവുമായ പ്രവൃത്തികൾ മാധ്യമപ്രവർത്തനം എന്ന വ്യാജേന ചിലർ പതിവാക്കിയിരിക്കുന്ന സാഹചര്യത്തിൽ പൊതുനന്മയെക്കരുതി ശക്തമായ നിയമനടപടികളുമായി വോയ്സ് ഓഫ് നൺസ് മുന്നോട്ടുപോകുന്നതാണ്.
By, സി. സോണിയ തെരേസ്