വിശുദ്ധ കുർബാനയിലെ പങ്കാളിത്തം സമ്പൂർണമാകുന്നത് വിശുദ്ധ കുർബാന സ്വീകരണത്തിലൂടെയാണ് എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. അതുകൊണ്ട് ദിവ്യബലിയിൽ പങ്കെടുത്തുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് കൗണ്‍സിൽ പിതാക്കന്മാർ ഉദ്ബോധിപ്പിക്കുന്നു.
വിശുദ്ധ കുർബാനയ്ക്ക് പുറമേയുള്ള ദിവ്യകാരുണ്യസ്വീകരണം ഇതിനാൽതന്നെ സഭ നിരുത്സാഹപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. വിശുദ്ധകുർബാനമദ്ധ്യേ വേണം ദിവ്യകാരുണ്യം സ്വീകരിക്കാൻ എന്ന് കാനോൻ നിയമം 918 അനുശാസിക്കുന്നു. അതുകൊണ്ടുതന്നെ, മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുക്കാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കാമോ എന്നു ചോദിക്കുന്നവര്‍ എന്തുകൊണ്ട് വിശുദ്ധ കുര്‍ബാനക്ക് വൈകി എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
അലസത, താത്പര്യക്കുറവ് മുതലായ കുറ്റകരമായ അനാസ്ഥയാണ് കാരണമെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാന സ്വീകരണം കേവലം ഒരു ചടങ്ങു മാത്രമായി അധഃപതിക്കും. തന്റേതല്ലാത്ത കുറ്റംകൊണ്ടു വൈകിയതാണെങ്കിൽ (ഉദാ: വണ്ടിയപകടം, രോഗീശുശ്രൂഷ) വിശുദ്ധകുർബാന സ്വീകരിക്കുന്നതിൽ തെറ്റില്ല. അതുകൊണ്ട് തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മുഴുവന്‍ വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കാതെ വിശുദ്ധ കുർബാന സ്വീകരിക്കാന്‍ പാടുള്ളൂ.
വാർദ്ധക്യം, രോഗം, ബലിയർപ്പിക്കാനുള്ള വൈദികന്റെ അഭാവം ഇവമൂലം ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്നത് മതിയായ കാരണമായി കണക്കാക്കാം. കൂടാതെ, രോഗികൾക്കും മരണാസന്നർക്കും പതിവായി ദിവ്യകാരുണ്യം നൽകുവാൻ (അവര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാത്തപ്പോള്‍ പോലും) ആത്മീയപാലകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സഭാനിയമം ഓർമിപ്പിക്കുന്നു (കാനോൻ നിയമം 921, 922).
നാം വിശുദ്ധ കുർബാനയിൽ ഉടനീളം അനുസ്മരിക്കുന്നത് മിശിഹായുടെ ജീവിതവും മരണവും ഉത്ഥാനവുമാണ്. അതുകൊണ്ടുതന്നെ കുർബാനയുടെ ആദ്യം മുതൽ അവസാനം വരെ നാം സജീവമായി പങ്കെടുക്കണം. വിശുദ്ധ കുര്‍ബാന സ്വീകരണം ആഘോഷമായ ഈ പെസഹാരഹ്യങ്ങളുടെ അനുസ്മരണങ്ങളുടെ ഭാഗവുമാണ്. മാത്രവുമല്ല, മിശിഹാ നമുക്കുവേണ്ടി ഒരുക്കുന്ന വിരുന്നായ വിശുദ്ധ കുർബാനയിൽ നാം പൂർണമായി സംബന്ധിക്കാതിരിക്കുന്നത് അവിടുത്തോടു കാണിക്കുന്ന നിന്ദകൂടിയാണ്. ആയതിനാല്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാനും കൂടി കഴിയുന്ന വിധത്തില്‍ കുമ്പസാരിച്ച് ഒരുങ്ങാന്‍ പ്രത്യേകശ്രദ്ധ വിശ്വാസികളായ നമ്മുടെ ഭാഗത്തു നിന്നുണ്ടാവണം.
By, Ann Mary Joseph