പ്രശ്നമിതാണ്: “സെലീനയുടെ വ്രതവാഗ്ദാന ദിനത്തിൽ കുർബാന സ്വീകരണ സമയത്ത് ഈശോ പ്രത്യക്ഷപ്പെടും എന്ന് വി. കൊച്ചുത്രേസ്യാ അവളോട് പറഞ്ഞിരുന്നു”
ഇത്തരം ‘പ്രശ്ന’ങ്ങൾ നമ്മുടെ സഭയിൽ ധാരാളമായി ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥന.
തൃശ്ശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവകയിലെ കണ്ണനായ്ക്കൾ ഫാൻസിസിന്റെയും ഫിലോമിനയുടെയും രണ്ടാമത്തെ മകൾ സെലിൻ അധ്യാപക ജോലി രാജിവച്ചാണ് ഉർസുലൈൻ സന്യാസസഭയിൽ ചേർന്നത്. വ്രതവാഗ്ദാനം 1956 ഡിസംബറിൽ നടക്കേണ്ടതായിരുന്നു. അവൾ പ്രാർത്ഥനാപൂർവ്വം കാത്തു കാത്തിരുന്ന ആ പ്രീയ ദിനം അധികാരികൾ തടഞ്ഞു.. അവളുടെ വ്രത വാഗ്ദാനം അവർ നീട്ടിവെച്ചു!
എന്തുകൊണ്ടെന്നോ? ദർശനങ്ങളുടെ ആധിക്യം തന്നെ !
എന്നുവെച്ചാൽ അവളുടെ ദർശങ്ങളുടെ സത്യാവസ്ഥ ശാസ്ത്രീയമായി അപഗ്രഥിക്കാൻ കൂടുതൽ സമയം വേണ്ടിയിരുന്നു. വ്രതവാഗ്ദാനം നീട്ടിവെക്കണമെന്ന് അധികാരികൾക്ക് തോന്നി.
ഹിസ്റ്റീരിയയോ, മറ്റേതെങ്കിലും മന:ശാസ്ത്ര പ്രശ്നങ്ങളോ അവൾക്കുണ്ടോ എന്നും വ്യക്തമാകേണ്ടതുണ്ടല്ലോ.
തുടർന്നുള്ള ജൂൺ19 -നു നടക്കേണ്ട അവളുടെ വ്രതവാഗ്ദാനത്തിനും ഇറ്റലിയിൽ നിന്ന് മദർ ജനറലിന്റെ വിലക്കു വന്നു. അവസാന നിമിഷം, അഭിവന്ദ്യ പത്രോണി പിതാവ് നേരിട്ട് ഇടപെട്ട് അനുവദിക്കുകയാണുണ്ടായത്. കാത്തിരുന്ന ആ വ്രതവാഗ്ദാനത്തിനുശേഷം കേവലം 35 ദിവസം മാത്രമാണ് ഈ യുവ സന്യാസിനി ജീവിച്ചിരുന്നത്.
1957 ജൂൺ 19! തടസ്സമൊഴിഞ്ഞ ആ വ്രതവാഗ്ദാനമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. എന്നാൽ മദർ സ്റ്റെഫാനിയ ആകപ്പാടെ അങ്കലാപ്പിലാണ് എന്നതാണ് സത്യം. ആ സങ്കടത്തിന്റെ കാരണം നമുക്കാർക്കും ഒരു പക്ഷേ ഭാവനയിൽ പോലും കാണാനായെന്ന് വരില്ല.
പ്രശ്നമിതാണ്:
“സെലീനയുടെ വ്രതവാഗ്ദാന ദിനത്തിൽ കുർബാന സ്വീകരണ സമയത്ത് ഈശോ പ്രത്യക്ഷപ്പെടും എന്ന് വി. കൊച്ചുത്രേസ്യാ അവളോട് പറഞ്ഞിരുന്നു” ചടങ്ങുകൾ നടക്കുമ്പോൾ ദർശനത്തിൽ അർത്ഥി ലയിച്ചു പോകുകയോ, സാഷ്ടാംഗ പ്രണാമം ചെയ്തു വീഴുകയോ ചെയ്താൽ. .. എന്തൊക്കെയാണ് സംഭവിക്കുക? തുടർന്നുള്ള വാർത്തകൾ എങ്ങനെയൊക്കെയാകും പരക്കുക!
ഇതൊക്കെ കുറിച്ചത് 1957 ജൂലൈ 25 -ന് ദിവസം കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിൽ വെച്ച് തന്റെ ഇരുപത്താറാം വയസ്സിൽ മരണമടഞ്ഞ ഒരു യുവകന്യകയെ ഇനിയും അറിയാത്തവർക്ക് പരിചയപ്പെടുത്താനാണ് -സി.സെലിൻ കണ്ണനായ്ക്കൽ UMI .
കണ്ണൂർ പയ്യാമ്പലത്തെ പ്രൊവിൻസ്ചാപ്പലിലാണ് അവരുടെ കബറിടം സ്ഥിതി ചെയ്യുന്നത്.
വിശുദ്ധരേയും ഈശോയെത്തന്നെയും നേരിട്ടു കണ്ടു സംസാരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഒരു സമർപ്പിത സോദരിയായിരുന്നു സി. സെലിൻ. അക്ഷാർത്ഥത്തിൽ ഒരു മിസ്റ്റിക്ക്. ദർശന വിവരം പോലും മുൻകൂട്ടി അവൾക്ക് കിട്ടുമായിരുന്നു!
പരിഹാസവും പരീക്ഷണ നിരീക്ഷണങ്ങളും അവൾക്ക് പുത്തരി യായിരുന്നില്ല. അവളുടെ നോവിഷ്യറ്റുകാലത്ത് നടന്ന ഒരു സംഭവം വായിച്ചാലും : 27 ഫെബ്രു. 1957 -നാണ് ഈശോ തനിക്ക് പ്രത്യക്ഷപ്പെടുമെന്ന് സെലീന പറഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന് കാണാനായി ബിഷപ്പും, ദൈവശാസ്ത്ര നിപുണരും ഡോക്ടേഴസുമടക്കമുള്ള സംഘം എത്തിച്ചേർന്നു.
ജീവചരിത്രത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: “സെലീന വന്നു. കടൽത്തീരത്തുകൂടെ ( കോൺവെൻറിന്റെ മുറ്റം) കുറച്ചു നടന്നു. മരത്തിനു നേരെ നോക്കി.. വേഗം കൈകൾ കൂപ്പി. മുട്ടുകുത്തി, ദൃഷ്ടികൾ ഉയർത്തി ഒരു ബിന്ദുവിൽ ഉറപ്പിച്ചു. പിന്നെ ചലനമില്ല.
ഏതാനും മിനിറ്റുകൾക്കകം മുൻനിശ്ചയപ്രകാരം പരിശോധക സംഘത്തിലൊരാൾ ഒരു മൊട്ടുസൂചിയെടുത്ത് സെലീനയെ കുത്തിനോക്കി. ഒരു പ്രതികരണവുമില്ല. നഖത്തിനടിയിലേക്ക് മൊട്ടുസൂചി ഇറക്കിയപ്പോഴും സെലീന പ്രതികരിച്ചില്ല. കണ്ണൊന്നു ചിമ്മിയതുപോലുമില്ല. അവളുടെ ഓരോ ചലനവും സൂക്ഷിച്ചു വീക്ഷിക്കാൻ നിയുക്തരായ എല്ലാവരും അവളുടെ പ്രതികരണമില്ലായ്മയിൽ നിരാശരായി.
ഒരു ചലനവുമില്ല. സെലീന ഒന്നും അറിയുന്നില്ല. അവൾ ആരുടേയോ വാക്കുകൾക്ക് ചെവിയും ഹൃദയവും തുറന്ന് കൊടുത്തിരിക്കുകയാണ്. മറ്റേതോ ലോകത്തിൽ !
കത്തിച്ച ഒരു മെഴുകുതിരി സെലീനയുടെ കൂപ്പുകൈകളുടെ അടുത്തേക്ക് കൊണ്ടുവന്നു. മറ്റുള്ളവർ ശ്വാസമടക്കി നോക്കി നിൽക്കേ തീനാളം സെലീനയുടെ ചെറുവിരലുകൾ തൊടുവിച്ചു നിർത്തി. കൈകൾ അവൾ പിന്തിരിച്ചില്ല. പേശികൾ പോലും സങ്കോചിച്ചില്ല.
ഏതാനും മിനിറ്റുകൾ അങ്ങനെ നിന്നപ്പോൾ കാഴ്ചക്കാരായി നിന്ന സിസ്റ്റേഴ്സിൽ ചിലർ കരയാൻ തുടങ്ങി. അഭിവന്ദ്യ പിതാവിന്റെ നിർദ്ദേശ പ്രകാരം മൊട്ടുസൂചികളും തീ നാളങ്ങളും നീക്കം ചെയ്തു. എന്നിട്ടും സെലീന ഒന്നും അറിഞ്ഞില്ല.
സെലീനയുടെ ദർശനം വെറുമൊരു നാടകമല്ലെന്നും അവൾ ഒന്നും അഭിനയിക്കുകയല്ലെന്നും എല്ലാവർക്കും ബോധ്യമായി. വൈദ്യശാസ്ത്ര പ്രകാരം അവൾ ഒരു നോർമൽ യുവതിയാണെന്നും ഹിസ്റ്റീരിയ അവൾക്കില്ല എന്നും ഡോക്ടേഴ്സ് വിധിച്ചു.പക്ഷെ അവളോട് സംസാരിച്ച ആളിനെ ആരും കണ്ടില്ല. ആരും ഒന്നും കേട്ടതുമില്ല”.
2012 ഫെബ്രുവരി 29 -ന് അവർ ദൈവദാസി പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഇപ്പോഴിതാ ഈ യുവ മിസ്റ്റിക്ക് ധന്യ പദം പൂകുമ്പോൾ നാം ആത്മപ്രചോദിതരാകുന്നു; റീത്തു ഭേദമെന്യെ കേരളകത്തോലിക്കാ സഭ പുളകം കൊള്ളുന്നു.
–സൈ സി. എം. ഐ