ആവിഷ്കാരസ്വാതന്ത്ര്യവും ആനുകാലിക സിനിമ തിരക്കഥകളും ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുന്ന ഈ നാളുകളിൽ രണ്ടു സിനിമകൾ ഒന്നു തീയറ്ററുകളിലും മറ്റൊന്ന് OTT പ്ലാറ്റ്ഫോമിലും പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയവും പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിച്ച ബ്രോഡാഡിയും.
സംവിധായകർ ഇരുവരും കേരളത്തിലെ എണ്ണം പറഞ്ഞ ചലച്ചിത്ര പാരമ്പര്യമുള്ള കുടുംബങ്ങളിലെ പിന്മുറക്കാർ. എന്തായാലും രണ്ടും പേരും നിരാശപ്പെടുത്തിയില്ല. കലയും കലാസൃഷ്ടികളും മനുഷ്യന്റെ ആത്മാവിനെ തൊടുന്ന പ്രചോദനാത്മക സൃഷ്ടികളാകണം എന്ന ചിന്ത കാലഹരണപ്പെട്ടോ എന്ന് ആശങ്കപ്പെടുന്ന ഈ കാലത്ത് ഇത്തരം ചലച്ചിത്രങ്ങൾ തെല്ലൊരു ആശ്വാസത്തിന് ഇട നൽകുന്നതാണ്. സിനിമകളിൽ ആദ്യവസാനം ചിത്രീകരിച്ചിരിക്കുന്ന മുഴുവൻ കാര്യങ്ങളോടും പരിപൂർണ്ണമായി യോജിപ്പ് അവകാശപ്പെടുന്നില്ല. സൂക്ഷ്മാംശങ്ങളിലേക്ക് കടക്കുന്നുമില്ല. എങ്കിലും താരതമ്യേന മലയാളി പ്രേക്ഷകരുടെ ധാർമിക നിലവാരത്തെ ചോദ്യം ചെയ്തില്ല എന്ന് തന്നെയാണ് ഈ സിനിമകളുടെ മേന്മ. ചലച്ചിത്രങ്ങൾ പലതരത്തിൽ മനുഷ്യന്റെ ചിന്താധാരകളെ സ്വാധീനിക്കാം.
സാമൂഹ്യ പ്രശ്നങ്ങൾ ആത്മാർത്ഥമായ ചിന്തകളോടെ അഭ്രപാളികളിൽ തെളിയുമ്പോൾ അവ കാലാതീതമായി അംഗീകരിക്കപ്പെടും. 1993 ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത പുറത്തിറക്കിയ ‘ Schindlers List ‘ക്ലീറ്റ് ഈസ്റ്റ്വുഡ് സംവിധാനം നിർവഹിച്ച് 2004 ൽ തീയേറ്ററുകളിലെത്തിയ ‘ Million Dollor Boy ‘എന്നീ ചലച്ചിത്രങ്ങൾ ഇത്തരത്തിൽ സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ വിഷയങ്ങളിൽ ശക്തമായ ദൃശ്യവൽക്കരിച്ചതിന്റെ ഉദാഹരണങ്ങളാണ്. വർഷത്തിൽ നൂറുകണക്കിന് സിനിമകൾ നിർമ്മിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന കേരളത്തിൽ അതുല്യ കലാസൃഷ്ടി എന്ന് അടയാളപ്പെടുത്താവുന്ന ചലച്ചിത്രങ്ങളുടെ എണ്ണം കുറവാണ് എന്നത് സത്യം തന്നെയാണ്.
ഇനി ഏതെങ്കിലും തരത്തിൽ അല്പം ഗൗരവ്വമായ വിഷയങ്ങളെ കൈകാര്യം ചെയ്താൽ അത്തരം സിനിമകളെ ‘അവാർഡ് സിനിമ’ എന്ന ഗണത്തിൽ ഉൾപ്പെടുത്തി ചലചിത്ര കമ്പോളം നിർദയം പുറംതള്ളുന്നത് നാം കണ്ടിട്ടുണ്ട്. ഇങ്ങനെ സമ്മിശ്ര സാധ്യതകളുടെ നടുവിൽ നിന്നാണ് ‘ഹൃദയത്തെയും’ ‘ബ്രോഡാഡിയും’ നാം വിശകലന വിധേയമാക്കേണ്ടത്. കുടുംബം എന്ന വിശുദ്ധമായ സംവിധാനത്തിന്റെ ആത്മാവ് വിശദീകരിക്കാനുള്ള ശ്രമം ഇരു സംവിധായകരുടെയും ഭാഗത്തുനിന്ന് ഉണ്ടായി എന്ന് തോന്നി. ‘ഒരു കുഞ്ഞു ജനിക്കുമ്പോൾ അതോടൊപ്പം പുതിയ മാതാപിതാക്കൾ കൂടി ജനിക്കുകയാണ്’ എന്ന ബ്രോഡാഡിയിലെ ഒറ്റ ഡയലോഗ് ‘സാറാസ് ‘എന്ന ചിത്രം കേരളത്തിന്റെ ധാർമിക ബോധത്തിൽ പടർത്തിയ കപട സ്വാതന്ത്ര്യത്തിന്റെ കറ കഴുകാൻ പര്യാപ്തമായി.
യുവാക്കളായ ഈ സംവിധായകർ കുടുംബങ്ങളെ നന്മനിറഞ്ഞ ഇടങ്ങളായി ചിത്രീകരിക്കാൻ പരിശ്രമിക്കുന്നത് അഭിനന്ദനാർഹമാണ്. ഹൃദയം എന്ന ചിത്രം കണ്ട് തിയറ്ററിനു വെളിയിലേക്ക് വരുന്ന വിനീത് ശ്രീനിവാസൻ തന്റെ അമ്മയെ ആലിംഗനം ചെയ്ത് പറയുന്നുണ്ട് ” കുടുംബമായി ഒന്നിച്ചിരുന്ന് കാണാൻ പറ്റുന്ന ചിത്രങ്ങളെടുക്കാനാണ് എനിക്കിഷ്ടം.” സിനിമയെന്ന വർണ്ണ ശമ്പളമായ മാധ്യമത്തിന്റെ കച്ചവട സാധ്യതകളുടെ നടുവിൽ സാമ്പത്തികമായി നഷ്ടം വരുത്താതെയും ധാർമിക നിലപാടുകളിൽ വെള്ളം ചേർക്കാതെയും ചലച്ചിത്രം സാധ്യമാകും എന്ന് ഇവർ തെളിയിച്ചു എന്നുവേണം കരുതാൻ. വിശുദ്ധമായ പ്രണയവും ആത്മാർത്ഥമായ സൗഹൃദങ്ങളും സത്യസന്ധമായ ബന്ധങ്ങളും കഥാപാത്രങ്ങളിലൂടെ തിയേറ്ററിലോ ഹോം തിയേറ്ററിലോ ഇരിക്കുന്ന യുവാക്കളായ ആസ്വാദകരുടെ മനസ്സിൽ ഭാവാത്മക ചിന്തകളും നല്ല ബോധ്യങ്ങളും നിറയ്ക്കാനായാൽ സിനിമയുടെ യഥാർത്ഥ കലാമൂല്യം ഉയരും.
ചലച്ചിത്ര നിരൂപണത്തിൽ ലോകപ്രശസ്തമായ ‘Making Meaning :Inference and Rhetoric in the Interpretation of Cinema’ എന്ന പുസ്തകത്തിൽ രചയിതാവായ ഡേവിഡ് ബോർവെൽ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾ വെച്ച് പരിശോധിച്ചാൽ ഈ രണ്ടു ചലച്ചിത്രങ്ങളും ക്ലാസിക്കുകൾ ഒന്നുമല്ല പരിമിതികൾ ഏറെയുണ്ട്താനും. വിമർശനങ്ങൾക്കുള്ള സാധ്യത നിലനിർത്തിക്കൊണ്ടുതന്നെ നന്മയുടെ ഒരു ശേഷിപ്പ് പൊതുബോധത്തിലേക്ക് കൈമാറാനായി എന്നതാണ് ഈ രണ്ടു കൊമേഴ്സ്യൽ സിനിമകളുടെയും അനന്യത.
By, അരുൺ മുണ്ടോളിക്കൽ