മാത്യൂ ചെമ്പുകണ്ടത്തിൽ
നിലവിലുള്ള എല്ലാ സഭകളുടെയും പഠനങ്ങളെ മാറ്റിവച്ച്, യാതൊരു മുന്‍വിധിയുമില്ലാതെ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം വായിക്കുന്നവര്‍ക്ക് വ്യക്തമാകുന്ന ഒരു സവിശേഷമായ കാര്യമുണ്ട്; ഈശോമശിഹായുടെ ഉപദേശങ്ങൾ മുഴുവനെയും ആക്ഷരിക അര്‍ത്ഥത്തില്‍ എടുത്ത് അതിനോടു പ്രതികരിച്ച ഒരുകൂട്ടം ആളുകള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു എന്നതാണത്. ഇത് വായനക്കാരുടെ സവിശേഷ ശ്രദ്ധയെ ആകർഷിക്കുന്ന ഘടകമാണ്.
വാക്യം 41ല്‍ “സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഞാനാണ്” എന്നു പറഞ്ഞതിനാല്‍ അവനെതിരേ പിറുപിറുക്കുന്ന യഹൂദരെ കാണാം. യഹൂദരുടെ പിറുപിറുക്കല്‍ കേട്ടതിനാല്‍ യേശു അവർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതാണ് 44 മുതല്‍ 50 വരെയുള്ള വാക്യങ്ങള്‍. ഈ വിശദീകരണം കേട്ടപ്പോള്‍ “തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവനെ എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു, ” യഹൂദരുടെ ഇടയില്‍ വലിയ വാദപ്രതിവാദമുണ്ടായി എന്ന് വാക്യം 52ല്‍ വായിക്കുന്നു. ക്രിസ്ത്യാനികളും യഹൂദരും ഉള്‍പ്പെടെ എക്കാലത്തേയും മനുഷ്യരുടെ ന്യായമായ സംശയമായിരുന്നു ഇത്. ഇതിന് മറുപടിയായി യേശുവിന്റെ വിശദീകരണമാണ് 53-ാം വാക്യം മുതല്‍ 59-ാം വാക്യം വരെ വായിക്കുന്ന ഭാഗങ്ങൾ.
യേശുവിന്റെ വാക്കുകളെ ഉപമയോ അലങ്കാരമോ ആയിട്ടല്ല, ആക്ഷരികമായി മനസ്സിലാക്കിയ യഹൂദരാണ് തര്‍ക്കിക്കുകയും പിറുപിറുക്കുകയും ചെയ്യുന്നത്. ഇവര്‍ക്ക് മറുപടിയായി 53-ാം വാക്യം മുതല്‍ 59-ാം വാക്യം വരെ യേശു വീണ്ടും കാര്യങ്ങള്‍ ഏറെ വ്യക്തമായി വിശദീകരിക്കുന്നു. ഈ വിശദീകരണം കേട്ടപ്പോള്‍ അവന്റെ ശിഷ്യന്മാരില് പലരും പറഞ്ഞു “ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കാന്‍ ആര്‍ക്കു കഴിയും? തന്റെ ശിഷ്യന്മാര് പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു ഇത് നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്നുവോ?” (6 :61).
എന്തുകൊണ്ടായിരുന്നു യഹൂദര്‍ പിറുപിറുത്തതും (വാക്യം41) യഹൂദര്‍ തര്ക്കിച്ചതും (വാക്യം52) ശിഷ്യന്മാര് പിറുപിറുത്തതും (വാക്യം61)? ഒറ്റ ഉത്തരമേയുള്ളൂ, അവര്‍ ആരും ഈ വചനങ്ങള്‍ ആലങ്കാരികമായി പറഞ്ഞതാണ് എന്നല്ല മനസ്സിലാക്കിയത്, ഇത് ആക്ഷരികമായി സംഭവിക്കാൻ പോകുന്ന കാര്യങ്ങളാണ് എന്ന് അവർ മനസ്സിലാക്കിയിരുന്നു. ആലങ്കാരിക പ്രയോഗങ്ങളായിരുന്നുവെങ്കില് യഹൂദരോ ശിഷ്യന്മാരോ ഇത്രമേല്‍ ശക്തമായി പ്രതികരിക്കേണ്ടി വരില്ലായിരുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ ക്രിസ്തുവിനോ, സുവിശേഷ, ലേഖന കർത്താക്കൾക്കോ ഇതെല്ലാം ” ആലങ്കാരികമാണ്” എന്നു വിശദമാക്കാമായിരുന്നു. എന്നാൽ അങ്ങനെ ഒരു കാര്യം ബൈബിളിലോ ആദിമസഭാപിതാക്കന്മാരുടെ എഴുത്തുകളിലോ കാണുന്നില്ല.
ശിഷ്യന്മാര് പിറുപിറുക്കുന്നു എന്നു കേട്ടപ്പോള്‍ യേശു പറയുന്നു: “ആത്മാവാണ് ജീവന് നല്‍കുന്നത്, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല” (വാക്യം:63). ബ്രദറണ്‍, പെന്റക്കൊസ്റ്റ് പണ്ഡിതര്‍ ഈ വാക്യം വച്ചുകൊണ്ടാണ് അപ്പൊസ്തൊലിക, എപ്പിസ്കോപ്പല്‍ സഭകളുടെ തിരുവത്താഴശുശ്രൂഷയെ അവഹേളിക്കുന്നത്.
ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് യേശുക്രിസ്തു യോഹന്നാന് ആറാം അധ്യായം 33-ാംവാക്യം മുതല്‍ 59-ാം വാക്യം വരെ പറഞ്ഞവയെ മുഴുവന്‍ റദ്ദുചെയ്തോ? “ആത്മാവാണ് ജീവന് നല്‍കുന്നത്, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല” എന്ന വചനം കേട്ടിട്ടും തൃപ്തരാകാതെ “അവന്റെ ശിഷ്യന്മാരില് വളരെപ്പേര്‍ അവനെ വിട്ടുപോയി, അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല” എന്ന് 66-ാം വാക്യത്തില്‍ സ്പഷ്ടമാക്കിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ വിശദീകരണം ശിഷ്യന്മാര്ക്കു പോലും തൃപ്തി നല്‍കാതിരുന്നത്? അവര്‍ അത് ഗ്രഹിച്ചത് ആക്ഷരികമായിട്ടായിരുന്നു എന്നതു തന്നെ!
താന്‍ പറഞ്ഞ വസ്തുതകള്‍ കേട്ടപ്പോള്‍ തന്റെ ശിഷ്യന്മാര്ക്കും ഇടര്‍ച്ചയുണ്ടായി എന്നു മനസ്സിലാക്കിയ യേശു, അതിപ്രധാനമായ ഒരു കാര്യമാണ് തന്റെ ശിഷ്യന്മാരോടു ചോദിക്കുന്നത് “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?”
ക്രിസ്തുമൊഴികളെ ആക്ഷരികമായി ഗ്രഹിച്ച അനേകരും അത് ഉൾക്കൊള്ളാൻ കഴിയാതെ ക്രിസ്തു ശിഷ്യത്വം പോലും ഉപേക്ഷിച്ചുപോയിട്ടും ഇപ്പറയുന്നത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള യാഥാര്‍ത്ഥ്യമാണ് എന്നു ശിഷ്യന്മാർ മനസ്സിലാക്കി. ഇവരുടെ പ്രതിനിധിയായി പത്രോസ് പറയുന്നു “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്‍െറ വചനങ്ങള്‍ നിന്‍െറ പക്കലുണ്ട്. നീയാണു ദൈവത്തിന്‍െറ പരിശുദ്ധന് എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു” (വാക്യം 68,69).
പത്രോസിന്റെ ഈ പ്രഖ്യാപനം അപ്പൊസ്തൊലിക വിശ്വാസത്തിൻ്റെ അടിസ്ഥാനശിലയാണ്. ആക്ഷരികമായി ഈശോമശിഹായുടെ രക്ത-ശരീരങ്ങളുടെ ഭോജനം വിശുദ്ധ കുര്‍ബാനയില്‍
(തിരുവത്താഴ ശുശ്രൂഷ, ഹോളി കമ്യൂണിയൻ, കര്‍തൃമേശ) സംഭവിക്കുമെന്നത് അപ്പൊസ്തൊലിക പിന്തുടര്ച്ചയുള്ള സഭകളുടെ അടിയുറച്ച വിശ്വാസവും ബോധ്യവുമാണ്. ഒന്നാം നൂറ്റാണ്ടു മുതലുള്ള എല്ലാ ക്രൈസ്തവ പാരമ്പര്യ സഭാസമൂഹങ്ങളും ഇതിനെ അത്യന്തം പവിത്രമായ കരുതിപ്പോരുന്നു.
“ആത്മാവാണ് ജീവന് നല്‍കുന്നത്, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല” എന്ന പ്രഖ്യാപനത്തിലൂടെ ഈശോമശിഹാ എന്താണ് ഉദ്ദേശിച്ചത് എന്നാണ് ഇനി പരിശോധിക്കേണ്ടത്.
“സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു” എന്നു പറഞ്ഞതിനു ശേഷം (വാക്യം 33, 35, 38,41, 42, 48, 50, 51) “ഈ അപ്പം എന്റെ ശരീരം” (My Flesh) എന്ന് വാക്യം 51ല്‍ വിശദമാക്കുന്നു. തുടര്‍ന്ന് “മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന് ഉണ്ടായിരിക്കുകയില്ല” എന്ന് വാക്യം 53ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്റെ ശരീരം (My Flesh) എന്റെ രക്തം (My Blood) എന്ന് നാല് വാക്യങ്ങളിലും (വാക്യം 54,55,56,57) കാണുന്നു.
സ്വന്ത ശരീരത്തേക്കുറിച്ച് നാലിടത്ത് പറയുന്ന ക്രിസ്തു, ആത്മാവാണ് ജീവന് നല്‍കുന്നത്, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല (വാക്യം:63) എന്നു പറയുന്നിടത്ത് ശരീരം എന്നതിന് ഇംഗ്ലീഷ് പരിഭാഷയില്‍ (“the flesh” profits nothing) എന്നാണുള്ളത്. ഇവിടെ യേശു അര്‍ത്ഥമാക്കിയ “the flesh” എന്താണ് ? യാതൊരു സംശയവുമില്ല, ഇത് ആദമിന്റെ ലംഘനത്താല്‍ വീഴ്ച സംഭവിച്ച മനുഷ്യ ശരീരത്തെയാണ് അര്‍ത്ഥമാക്കിയിരിക്കുന്നത്. നമ്മുടെ ദുര്‍ബല ശരീരം ഒന്നിനും ഉപകരിക്കുന്നില്ല (ഫിലി 3:11) എന്നാല്‍ അതിന് ആത്മാവ് ജീവന് നല്കുന്നു.
തന്റെ സ്വന്തം ശരീരത്തെക്കുറിച്ച് (My Flesh) വളരെ വിശദമായി സംസാരിച്ചിട്ട്, ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഈശോമശിഹാ അതില്ലാം തള്ളിപ്പറയുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കു കഴിയും? ഈശോമശിഹാ തന്റെ സ്വന്തം ശരീരത്തേക്കുറിച്ചാണ് “ശരീരം ഒന്നിനും ഉപകരിക്കുന്നില്ല” എന്നു പറയുന്നത് എത്രയോ വികലമായ വ്യാഖ്യാനമാണ്! അത് 1 പത്രോസ് 2:24 ന് എതിരാകില്ലേ ? “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന് കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്‍െറ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു”. (1 പത്രോസ് 2:24)
തന്റെ ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്ന് ഈശോമശിഹാ പറയുക എന്ന വിചാരിക്കന്നതു പോലും അസംബന്ധമാണ്. “വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ?” (സംഖ്യ 23:19) തന്റെ മനുഷ്യാവതാരത്തിന്റെ ഉദ്ദേശ്യം പ്രഖ്യാപിക്കുന്ന പരമപ്രധാനമായ ഒരു കാര്യം പറഞ്ഞ്, തന്റെ ശബ്ദം അന്തരീക്ഷത്തില്‍ ലയിച്ചുതീരം മുമ്പ് അത് മാറ്റിപറയുന്നവന് ദൈവമായിരിക്കുമോ? “ഞാന്‍ എന്‍െറ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ച വാക്കിനു വ്യത്യാസം വരുത്തുകയില്ല” (സങ്കീര്‍ത്തനം 89:34). യേശുക്രിസ്തു ത്രിത്വത്തില്‍ ഒരുവനാണെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനിക്ക് .യോഹന്നാന് 6:33-59 വാക്യങ്ങളെ തികഞ്ഞ ഭവ്യതയോടെയേ സമീപിക്കാന്‍ കഴിയുകയുള്ളൂ.
“വചനം മാംസമായി നമ്മുടെ ഇടയില്‍ പാര്‍ത്തു ” (യോഹ 1:14); “ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ് ” (യോഹ 6: 50) എന്നീ രണ്ട് വാക്യങ്ങളിലും മാംസം എന്നും ശരീരം എന്നും പറയുന്നിടത്ത് sarx എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ലോകത്തിന് ജീവന് ഉണ്ടാകുന്നതിനുവേണ്ടി വചനം മാംസമായി വന്നു, തന്റെ മാംസത്തെ അവിടുന്ന് നല്കുന്നു. അപ്പോള്‍ യോഹന്നാന് 6:38-59 വാക്യങ്ങള്‍ യഥാര്‍ത്ഥ ശരീരത്തെയാണ് അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തം. ഈശോമശിഹാ പറഞ്ഞതെല്ലാം ആക്ഷരികമായിരുന്നു. യാതൊന്നും ആലങ്കാരികമായിരുന്നില്ല എന്ന് സ്പഷ്ടമാകുന്നു.
ആദിമസഭ മുതല്‍ അന്ത്യത്താഴ ശുശ്രൂഷ എന്നത് ക്രിസ്തുവിനെയും അവിടുത്തെ പീഡാസഹനത്തെയും വെറുതേ ഓര്‍മ്മിക്കുന്ന ഒരു ശുശ്രൂഷയായിട്ടല്ല സഭ മനസ്സിലാക്കിയിരുന്നത്. വാസ്തവമായി അവിടുത്തെ ശരീര രക്തങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നുവെന്നതായിരുന്നു അപ്പൊസ്തൊലിക ബോധ്യം. ഈശോമശിഹായോടൊത്തുള്ള അന്ത്യത്താഴ മേശയില്‍ യോഹന്നാന് ആറാം അധ്യായം 52-59 വാക്യങ്ങളെ ആക്ഷരികമായി വിശ്വസിച്ചുകൊണ്ടായിരുന്നു അപ്പൊസ്തൊലന്മാര് ഈ ശുശ്രൂഷയില്‍ പങ്കാളികളായത്. ഇതേ ബോധ്യമായിരുന്നു പൗലോസ് അപ്പൊസ്തൊലനിലും രൂപപ്പെട്ടത് (ഇതേക്കുറിച്ച് അടുത്ത ലേഖനത്തില്‍ വിശദീകരിക്കാം).
1 കൊരി 11 : 27 നോക്കുക. ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍െറ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന് കര്‍ത്താവിന്‍െറ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. (guilty of sinning against the body and blood of the Lord.). വീതിച്ചു നല്‍കുന്നത് അപ്പവും വീഞ്ഞും ആണെങ്കിലും അയോഗ്യതയോടെ ഭക്ഷിക്കുന്നതിനാല്‍ തെറ്റുചെയ്യുന്നത് അപ്പത്തിനും വീഞ്ഞിനും എതിരേയല്ല; “കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേയാണ്” എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. അപ്പവീഞ്ഞുകള്‍ ശുശ്രൂഷാമധ്യേ ഈശോ മശിഹായുടെ ശരീരരക്തങ്ങളായി മാറുന്നു എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഈ വാക്യം.
അതിനാല്‍ അയോഗ്യതയോടെയാണ് ശരീരരക്തങ്ങളെ സമീപിക്കുന്നതെങ്കില്‍ അത് കുറ്റകരമായിരിക്കും. സാധാരണ അപ്പത്തെയും വീഞ്ഞിനെയുമാണ് അയോഗ്യതോടെ സമീപിക്കുന്നതെങ്കില്‍ അതില്‍ കുറ്റകരമാകേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ അയോഗ്യതയോടെ ഈശോ മശിഹായുടെ ശരീരരക്തങ്ങളെ സമീപിക്കുന്നത് കുറ്റകരമായ ഒരു പ്രവൃത്തിയായിട്ട് എടുത്തു പറയുന്നത്. അപ്പവീഞ്ഞുകളിന്മേൽ സംഭവിച്ചിരിക്കുന്ന മാറ്റം എത്രമേല്‍ പവിത്രമാണ് എന്ന പൗലോസ് സ്ലീഹായുടെ ബോധ്യത്തിനുള്ള തെളിവാണ്. അയോഗ്യതയോടെ ശരീരരക്തങ്ങളെ സമീപിക്കുന്നത് ആ ശരീരത്തെ നിന്ദിക്കുന്നതിനു തുല്യമാണ്. അതിൻ്റെ ശിക്ഷയും 1 കൊരി 11:28-30 വാക്യങ്ങളിൽ കാണുന്നു.
1 കൊരി 11:27-ാം വാക്യത്തില്‍ മറ്റൊരു ശ്രദ്ധേയമായ വസ്തുത കാണാന്‍ കഴിയും. “ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍െറ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന് കര്‍ത്താവിന്‍െറ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു” അയോഗ്യതയോടെ അപ്പവും വീഞ്ഞും കഴിച്ചാല്‍ അത് “കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേയുള്ള തെറ്റാ”യിട്ട് പൗലോസ് ഉള്‍പ്പെടെ ആദിമസഭയിലെ എല്ലാവരും മനസ്സിലാക്കിയിരുന്നു.
“നാം വാഴ്ത്തുന്ന പാനപാത്രം ഈശോമശിഹായുടെ രക്തത്തിലുള്ള ഭാഗഭാഗിത്വവും മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വവുമാണെന്ന്” 1 കൊരി 10:16ല്‍ വായിക്കുന്നു. അപ്പ വീഞ്ഞുകളാണ് നുകരുന്നത് എങ്കിലും അത് ഈശോ മശിഹായുടെ ശരീരവും രക്തവുമാണെന്നാണ് ഈ വാക്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നത്.
യോഹന്നാന് ആറാം അധ്യായത്തെ മനസ്സിലാക്കുന്ന സാധാരണ വിശ്വാസിയില്‍ സത്യവേദപുസ്തക പരിഭാഷ സൃഷ്ടിച്ച ആശയക്കുഴപ്പം ചെറുതല്ല. the flesh എന്നതിന് സത്യവേദപുസ്തക പരിഭാഷയില്‍ “ജഡം” എന്നാണ് പഴയനിമയത്തിലും പുതിയനിയമത്തിലും പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 40 പ്രാവശ്യം പഴയനിയമത്തിലും 92 പ്രാവശ്യം പുതിയ നിയമത്തിലും the flesh എന്നതിന് “ജഡം” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍ യോഹന്നാന് 6:63-ാമത്തെ വാക്യത്തില്‍ the flesh എന്ന പദത്തെ “മാംസം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഈശോമശിഹായുടെ മാംസം ഒന്നിനും ഉപകരിക്കുന്നില്ല എന്ന പെന്റക്കൊസ്റ്റ്, ബ്രദറണ്‍ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഈ പരിഭാഷ. വിശ്വാസിലോകത്തെ സകല ആശയക്കുഴപ്പങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിചിത്രമായ പരിഭാഷ അനേകായിരങ്ങളെയാണ് സത്യത്തിന്റെ പരിജ്ഞാനത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നത്.
(തുടരും…)