കേരള കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിലാക്കുന്ന പല കേസുകളും കേരളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ജലന്ധർ കേസ് പോലെ ഇത്രയധികം ആഘോഷിക്കപ്പെടുകയും, ക്രൈസ്തവ വിശ്വാസം തെരുവിൽ അവഹേളിക്കപ്പെടുകയും ചെയ്ത വേറെ സംഭവം ഉണ്ടാകില്ല. ഇരയാക്കപ്പെട്ടു എന്ന് പറയുന്ന കന്യാസ്ത്രീയുടെ പരാതി പുറത്ത് വന്ന നാൾ മുതൽ ബിഷപ്പ് ഫ്രാങ്കോയും കത്തോലിക്കാ സഭയും വേട്ടയാടപ്പെടുകയായിരുന്നു.
എല്ലാ ദിവസവും എന്ന പോലെ മാധ്യമങ്ങൾ അന്തി ചർച്ച നടത്തി. അർദ്ധ സത്യങ്ങളും, ഉഹോപോഹങ്ങളും കൂട്ടി കുഴച്ച് സത്യമെന്ന മട്ടിൽ അവർ കഥകൾ മെനഞ്ഞു. യാതൊരു ഉളുപ്പുമില്ലാതെ അവയൊക്കെ കേരളത്തിൻ്റെ പൊതുമണ്ഡലത്തിലേക്ക് ഛർദിച്ച് വെച്ച് കത്തോലിക്കാ സഭയെയും സഭയുടെ സംവിധാനങ്ങളെയും പുകമറയിൽ നിർത്തുന്നതിൽ മാധ്യമങ്ങൾ വിജയിച്ചു എന്നതിൽ യാതൊരു തർക്കവുമില്ല.
സഭയെന്നാൽ എന്തോ വലിയ അധോലോക സെറ്റപ്പാണെന്ന പ്രതിശ്ചായ സാമാന്യ ജനങ്ങളിൽ ഊട്ടിയുറപ്പിക്കാൻ മാധ്യമ ജഡ്ജിമാരും, സഭാ വിരുദ്ധരും പരമാവധി ശ്രമിച്ചു. കന്യാ സ്ത്രീകളെല്ലാം അടിമകളാണെന്നും വൈദികരും മെത്രാൻമാരും തങ്ങളുടെ അധികാരമുപയോഗിച്ച് അവരെ ലൈംഗികമായി ഉപയോഗിക്കുകയാണെന്നുമുള്ള രീതിയിൽ വാർത്തകൾ അവതരിപ്പിക്കുക വഴി മാധ്യമങ്ങൾ ലക്ഷ്യമിട്ടത് ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളിക്ക് ഇക്കിളി കഥകളോടുള്ള പ്രത്യേക മമത മുതലാക്കിയുള്ള റേറ്റിംഗാണ്.
വിശ്വാസികളും വൈദികരും തമ്മിലുളള വിശ്വാസം നഷ്ട്ടപ്പെട്ടാൽ സഭയിൽ പ്രശ്നങ്ങൾ ഉടലെടുക്കുമെന്ന് നന്നായി അറിയാവുന്ന സഭാ വിരുദ്ധരും, ഇസ്ലാമിസ്റ്റുകളും -മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടാണ് ആ കാലഘട്ടങ്ങളിലൊക്കെ കാണാൻ കഴിഞ്ഞത്. ഇതിൻ്റെയൊക്കെ ഭാഗമായി അനുപമ എന്ന കന്യാസ്ത്രീയമായി അഭിലാഷ് മോഹൻ എന്ന മാധ്യമ പ്രവർത്തകൻ നടത്തിയ അഭിമുഖം തന്നെ ബിഷപ്പിന് അനുകൂലമായി മാറി എന്നത് കാലത്തിൻ്റെ കാവ്യനീതിയാണ്. മെത്രാൻമാർ ഉപയോഗിക്കുന്ന അംശവടിയേയും, തലപ്പാവിനെയും വികലമായി ചിത്രീകരിച്ചുകൊണ്ട് കാർട്ടുൺ ഇറങ്ങിയത് ആ സമയത്താണ്.
ആവിഷ്ക്കാര സ്വതന്ത്ര്യത്തിൻ്റെ പേരിൽ ഇടത്- ലിബറൽ കൂട്ടായ്മകളിൽ അതിനൊക്കെ ലഭിച്ച സ്വീകാര്യത വലുതാണ്. ഫ്രാങ്കോ പിതാവിൻ്റെ അറസ്റ്റിലേക്ക് നയിച്ചത് വഞ്ചി സ്വകയറിലെ സമരമാണ്. സഭാവിരുദ്ധരും, തീവ്ര ഫെമിനിസ്റ്റുകളും, ഇസ്ലാമിസ്റ്റുകളും, നേതൃത്വം കൊടുത്ത സമരമാണ് യഥാർതത്തിൽ ഈ കേസിനെ മറ്റൊരു തലത്തിൽ എത്തിച്ചത്. അവസരം കാത്തിരുന്ന മാധ്യമങ്ങൾ അതിനെ നന്നായി ഉപയോഗിച്ചു. പ്രസ്തുത സമരത്തിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്ന് വിളിച്ച് പറഞ്ഞവർ അന്ന് കേട്ട കെറി വിളികൾക്ക് കയ്യും കണക്കുമില്ല.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിലൂടെ ബിഷപ്പ് ഫ്രാങ്കോ നിരപരാധിത്വം തെളിയിച്ച് സമുഹത്തിൻ്റെ മുന്നിൽ തല ഉയർത്തി നിൽക്കുമ്പോൾ തകർന്ന് വീഴുന്നത് മാധ്യമ -സഭാ വിരുദ്ധ സംഘങ്ങളുടെ അവിശുദ്ധ കുട്ട്കെട്ടിൽ വിരിഞ്ഞ നുണ കഥകളാണ്. അതിൻ്റെ സങ്കടം മാധ്യമ പ്രവർത്തകരുടെയും, ചില പെട്ടി ഓട്ട സംഘടനകളിൽ പെട്ടവരുടെയും, പ്രതികരണങ്ങളിൽ വ്യക്തമായിരുന്നു. തങ്ങൾ കെട്ടിപ്പൊക്കിയ ഇല്ലാക്കഥകൾ വെറും പച്ചക്കള്ളക്കളാണെന്ന് കോടതി വിളിച്ച് പറയുമ്പോൾ സങ്കടം വരുന്നത് സ്വാവികമാണ്.
കോടതി കുറ്റവിമുക്തനാക്കിയങ്കിലും ബിഷപ്പ് കുറ്റക്കാരൻ തന്നെയാണെന്ന മട്ടിലാണ് പല മാധ്യമങ്ങളും കോടതി വിധിയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതും. കോടതി ബിഷപ്പ് ഫ്രാങ്കോയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചെങ്കിലും അത് അംഗീകരിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല എന്നാണ് പലരുടെയും പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. സഭയുടെ സ്വാധീനവും കോടിക്കണക്കിന് പണമൊഴുക്കിയതിൻ്റെ കഥയുമാണ് പലർക്കും പറയാനുള്ളത്. ഇതൊരു മാനസികാവസ്ഥയാണ്. മാധ്യമങ്ങൾ സെറ്റ് ചെയ്യുന്ന അജൻഡയ്ക്കനുസരിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
ബിഷപ്പ് എന്നെ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയും, ഞാൻ അങ്ങനെ ചെയ്തിട്ടില്ലന്ന് ബിഷപ്പും പറയുമ്പോൾ ഒരു നിഗമനത്തിൽ എത്താൻ പൊതു സമൂഹത്തിൻ്റെയും കോടതിയുടെയും മുന്നിലുള്ളത് തെളിവുകളാണ്. രണ്ട് പേർക്ക് മാത്രം സത്യമറിയാവുന്ന ഒരു കേസിൽ ഇര പറയുന്നതാണ് ശരിയെന്ന് ആവേശത്തിൻ്റെ പുറത്ത് തട്ടി വിടുന്നത് കുറ്റാരോപിതന് ലഭിക്കേണ്ട സ്വഭാവിക നീതിയുടെ ലംഘനമാണ്. പൊലീസ് പറയുന്ന ആൾ തന്നെയാണ് പ്രതിയെന്ന മിഥ്യാ ധാരണ ആദ്യം തന്നെ തിരുത്തണം. പൊലീസും, മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നവരെ തന്നെ കോടതികൾ ശിക്ഷിക്കണം എന്നാണെങ്കിൽ അഭിഭാഷകരുടെ ആവശ്യമെന്താണ്? വർഷങ്ങൾ പണിപ്പെട്ടുള്ള വിചാരണയുടെ ആവശ്യമെന്താണ്? ഇത്തരം ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടത്താൻ ശ്രമിച്ചാൽ മാധ്യമളുടെ വാലിൽ തൂങ്ങാൻ പ്രേരണ നൽകുന്ന മാനസികാവസ്ഥയ്ക്ക് പരിഹാരമുണ്ടാകും.
കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സാമാന്യ യുക്തിയേക്കാൾ പലരെയും നയിക്കുന്നത് വികാരമാണ്. സഭയിറക്കിയ കോടികളുടെ കണക്കൊക്കെ ആ വികാരത്തിൽ നിന്ന് വരുന്ന ആരോപണമാണ്. അത് സെറ്റ് ചെയ്യുന്നതാകട്ടെ മാധ്യമ ജഡ്ജിമാരും. ഈ പറയുന്ന കോടികൾ വർഷങ്ങൾക്ക് മുനമ്പ് മാധ്യമങ്ങൾക്ക് നൽകിയിയാൻ പോരായിരുന്നോ എന്നൊക്കെ ചോദിച്ചാൽ ഈ പറയുന്ന ടീമുകൾക്കൊന്നും യുക്തി ഭദ്രമായ യാതൊരു ഉത്തരവും ഉണ്ടാകില്ല. കാശും സ്വാധീനവും ഉള്ളവർ എന്ന് സമുഹം ചിന്തിക്കുന്നവർ പ്രതികളാകുന്ന കേസുകളിൽ കോടതികൾ അവരെ വെറുതെ വിട്ടാലും യഥാർത്ഥ പ്രതികൾ അവർ തന്നെയാണെന്ന പൊതു ബോധം അപകടകരമാണ്.
ഒരർഥത്തിൽ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി ഇതിനെ കാണേണ്ടി വരും. കേസും, വിചാരണയുമൊക്കെ അവസാനിക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാണ്. ഇത്രയും നാൾ ബിഷപ്പ് ഫ്രാങ്കോ അനുഭവിച്ച അപമാനത്തിന് ആര് ഉത്തരം പറയും? എല്ലാവർക്കും ഉള്ളത് പേലെ അന്തസായി ജീവിക്കാനുള്ള അവകാശം ആ മനുഷ്യനുമുണ്ട്. സമർദത്തിന് വഴങ്ങി പ്രതികളെ നിശ്ചയിക്കുന്ന പൊലീസും, തങ്ങൾ നിശ്ചയിക്കുന്നവരാണ് പ്രതികൾ എന്ന് കൽപ്പിക്കുന്ന മാധ്യമ ജഡ്ജിമാരും ഹനിക്കുന്നത് ഈ അവകാശമാണ്. സമീപകാലത്ത് പ്രമാദമായ പല കേസുകളിലും മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനം തിരുത്തപ്പെടേണ്ടതാണ്. അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനപ്പുറം തങ്ങളുടെ നിഗമനങ്ങൾ വസ്തുതകൾ എന്ന മട്ടിൽ തട്ടി വിടുന്ന മാധ്യമ പ്രവർത്തനം നാടിന് ആപത്താണ്.
NB : ‘സ്വന്തം കുടുംബത്തിൽ ആർക്കെങ്കിലും ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ എഴുമായിരുന്നോ’ -എന്ന് കമൻ്റ് ചെയ്യാൻ തോന്നിയാൽ, സ്വന്തം കുടുംബത്തിൽ പെട്ട ആരെങ്കിലുമാണ് അന്യായമായി പ്രതി ചേർക്കപ്പെടുന്നതെങ്കിൽ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് സ്വയം വിലയിരുത്തിയാൽ മതി.
By, Mathews Theniaplackal