ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധി വായിച്ചു തീർന്നു. മാധ്യമ വിചാരണയിൽ ആ കേസിൽ വിധി പറഞ്ഞ ജഡ്ജിയെയും കേസ് നടത്തിയ പ്രോസിക്യൂട്ടറെയും കുറ്റപ്പെടുത്തി വിമർശനങ്ങൾ കാണുന്നുണ്ട്. ചിലരൊക്കെ പ്രതിഭാഗം അഭിഭാഷകരെയും ക്രൂരന്മാർ എന്നൊക്കെ ആക്ഷേപിച്ചു വിമർശിക്കുന്നുണ്ട്. ഒരു അഭിഭാഷകൻ എന്ന നിലയിൽ ഞാൻ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും ഉദാത്തമായ വിചാരണ നടപടിക്രമം ഈ കേസിൽ നടന്നു എന്ന് മനസിലാക്കുന്നു.
ഒരു fair trial ഉണ്ടാകുക എന്നതാണ് മുഖ്യം. കുറ്റാരോപിതൻ ശിക്ഷിക്കപ്പെടുന്നത് വരെ നിഷ്കളങ്കൻ എന്ന് അനുമാനിക്കപ്പെടണം. കേസ് സംശയത്തിനു അതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയണം. പ്രതിക്ക് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ അവസരം നൽകണം. ഇത്രയും നിർബന്ധമാണ്. അല്ലെങ്കിൽ lynch law നടപ്പാക്കുകയോ പോലീസ് തന്നെ ശിക്ഷിക്കുകയോ ചെയ്താൽ മതിയല്ലോ. പ്രോസിക്യൂട്ടർ കോടതിയെ നിഷ്പക്ഷമായി വസ്തുത ബോധ്യപ്പെടുത്താൻ ഉത്തരവാദിത്തം ഉള്ള ആളാണ്. അല്ലാതെ എതു വിധേനയും പ്രതിയെ ശിക്ഷിപ്പിക്കൽ അല്ല പ്രോസിക്യൂട്ടർ ചെയ്യേണ്ടത്.
അയാൾ പോലീസിന്റെ ദാസനുമല്ല. എന്നിട്ടും ഈ കേസിൽ പ്രതിഭാഗത്തെ വെട്ടിലാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചു അതിബുദ്ധിപരമായി പ്രോസിക്യൂട്ടർ കേസ് നടത്തി. മെറ്റീരിയൽ ഒമിഷൻ വന്നത് സാക്ഷി വിശദീകരിക്കുന്നത് കണ്ടാൽ അറിയാം കൃത്യമായി പഠിപ്പിച്ചു തന്നെയാണ് സാക്ഷിയെ കൂട്ടിൽ കയറ്റിയത് എന്ന്. ശ്രീ. ജിതേഷ് ജെ ബാബു എന്ന അഭിഭാഷകൻ മാന്യനും കുലീനനും integrity ഉള്ളയാളുമാണ്. പോലീസ്കേസ് അതിന്റെ ഉള്ളിൽതന്നെ ഉള്ള ബലഹീനതകൾ കൊണ്ടു തെളിയാതെ പോയി എങ്കിലും വീറുറ്റ പോരാട്ടം ജിതേഷ് വകീൽ കാഴ്ച വച്ചു എന്നതിന് തർക്കം വേണ്ട.സി. എസ്. അജയൻ എന്ന പരിണിത പ്രജ്ഞനായ ക്രിമിനൽ അഭിഭാഷകന്റെ ചതുരംഗനീക്കങ്ങൾക്ക് ഇന്നീ മേഖലയിൽ ഗുരുവായൂർ കേശവന്റെ ഗംഭീര്യമുള്ള രാമൻ പിള്ള സാറിന്റെ ക്രോസ്സ് കൂടി വന്നപ്പോൾ ഇരയുടെ വേഷമണിഞ്ഞു വന്നത് വേട്ടയാടാൻ ആയിരുന്നു എന്ന് വ്യക്തമാക്കി.
ശരിക്കും ക്രോസ്സ് വിസ്താരത്തിന്റെ പ്രസക്തി എന്താണ് എന്ന് ഇതു കാണിച്ചു തരുന്നു. ഇവർ ക്രൂരന്മാർ ആകുന്നത് എങ്ങനെയാണ്. കോടതിയെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ഉള്ള ഉത്തരവാദിത്തം പ്രോസിക്യൂട്ടർക്കു ഉള്ളത് പോലെ തന്നെ അവർക്കും ഉണ്ട്. ശരിക്കും ഡിഫെൻസ് എവിഡൻസ്,313 ചോദ്യഘട്ടം ഒക്കെ കൃത്യമായി ഉപയോഗിച്ച് പോലീസും ഇരയും പറയുന്നത് കളവല്ല എന്ന് കാണാൻ കഴിയില്ല എന്ന് തെളിയിക്കാൻ അവർക്കു കഴിഞ്ഞു. ഇവർ മഹാരഥന്മാർ തന്നെയാണ്. വ്യക്തി ജീവിതത്തിലും പ്രൊഫഷനിലും ഇവർ മാതൃകകൾ തന്നെയാണ്.
കേസ് നിശ്ചയിച്ച ശ്രീ ഗോപകുമാർ കേരള ഹൈ കോടതിയിൽ അഭിഭാഷകൻ ആയിരിക്കവേ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും പാസ്സായി ആണ് ജില്ലാ ജഡ്ജി ആയത്. ഇവിടെ പ്രാക്ടീസ് ചെയ്തിരുന്ന കാലത്ത് കേസ് കഴിഞ്ഞാൽ ലൈബ്രറിയിൽ കാണുന്ന ഒരാൾ ആയിരുന്നു. സ്വകാര്യ സംഭാഷണങ്ങളിൽ പോലും മിതത്വവും മര്യാദയും അന്തസ്സും പുലർത്തുന്ന മാന്യൻ. ഏതായാലും ഈ കേസിൽ, നിലവിലെ നിയമതത്വങ്ങൾ ഉള്ളിൽ സൂക്ഷിച്ചു തെളിവ് അപഗ്രഥിക്കുന്നതിൽ ഒരു വിചാരണ കോടതിയുടെ എല്ലാ അന്തസ്സും നിലനിർത്താൻ ശ്രീ ഗോപകുമാറിന് കഴിഞ്ഞിട്ടുണ്ട്. തെറ്റായ പൊതുബോധം സൃഷ്ടിച്ചു ഉപജീവിച്ചവർ തങ്ങളുടെ നിലപാടുകൾക്കു പിന്തുണ കിട്ടാതെ പോയത് കൊണ്ടു നിയമ വാഴ്ചയെയും നിർവഹണ സംവിധാനത്തിൽ ഉള്ളവരെ വ്യക്തിപരമായും വേട്ടയാടും എന്ന ധിക്കാരം ശരിയല്ല.
ഇരയെന്നു പറയുന്നവർക്ക് ഉള്ളത് പോലെ തന്നെ മാനം നിലനിർത്താൻ കുറ്റാരോപിതനും കോടതി നടപടികളിൽ പ്രോസീക്യൂട്ടറോ പ്രതിഭാഗം അഭിഭാഷകരോ, ജഡ്ജിയോ ആയി വരുന്നവർക്കും അവകാശം ഉണ്ട്.ഒരു സിസ്റ്റം നുണകൾ കൊണ്ടു തകർക്കാൻ എളുപ്പമാണ്. പക്ഷെ ഒരിക്കൽ അതിനെ ആശ്രയിക്കേണ്ടി വരുവാൻ ആർക്കും സാഹചര്യങ്ങൾ ഉണ്ടായേക്കാം. മാതൃഭൂമി ചാനലിലെ വേണുവിന് നേരെ ലൈംഗിക പീഡനം ആരോപണം ഉണ്ടായപ്പോൾ വിചാരണയോ ശിക്ഷയോ ഒന്നും കണ്ടില്ല.
ഇവിടെ മാധ്യമ വിചാരണയും സാമൂഹ്യ മാധ്യമ ദുരുപയോഗവും കോടതി സംവിധാനങ്ങൾക്ക് നേരെ വരുന്നത് ഭാവിയിൽ വിചാരണ സംവിധാനങ്ങളിൽ ഉള്ള വിശ്വാസ്യത നഷ്ടപെടുത്തും. അതു പൊതു നഷ്ടം ആയിരിക്കും.ഈ സിസ്റ്റത്തിന്റെ ഭാഗമായി ഇപ്പോൾ വിമർശനം കേൾക്കുന്നവർക്കും കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഉള്ളതാണ്. സഹോദരി (കസിൻ) തന്നെ സ്വന്തം ഭർത്താവിനെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു ഇരക്കെതിരെ പരാതി അയക്കേണ്ടി വന്ന ഒരു ചരിത്രം ഉള്ള ഒരാൾക്ക് വേണ്ടി ഇനിയും മുറവിളി കൂട്ടുന്നവർ നടത്തുന്ന അഭിഭാഷകർക്കെതിരെയും കോടതിക്കെതിരെയും ഉള്ള വ്യക്തിവിമർശനങ്ങൾ ഈ സിസ്റ്റം തകർന്നു കാണാൻ വേണ്ടി തന്നെ നടത്തുന്നതാണ്. അതു നേരിടുക തന്നെ വേണം.വികാരത്തെക്കാൾ വിവേകം നമ്മെ നയിക്കട്ടെ
By, Adv. അലക്സ് എം സ്കറിയ.