തൃശൂർ അതിരൂപതക്ക് വേണ്ടി സെമിനാരിയിൽ ചേർന്ന ഫ്രാങ്കോ മുളക്കൽ ഒരു വർഷത്തിന് ശേഷമാണ് മിഷൻ പ്രദേശത്ത് സേവനം ചെയ്യണം എന്ന ആഗ്രഹത്തിൽ ജലന്ധർ രൂപതയിലേക്ക് മാറുന്നത്. സെമിനാരി പഠനത്തിനും ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് സോഷ്യോളജിയിൽ മാസ്റ്റേഴ്സിനും ശേഷം ഉപരി പഠനത്തിനായി ജലന്ധർ രൂപത അദ്ദേഹത്തെ റോമിലേക്ക് അയച്ചു.
മോറൽ തിയോളജിയിൽ ഡോക്റ്ററേറ്റ് എടുത്തതിന് ശേഷം Apostolic Union of Clergy യുടെ ഇന്റർനാഷനൽ ട്രഷറർ ആയി റോമിൽ തുടർന്നു. ഡൽഹിയിലെ സിറോ മലബാർ ലാറ്റിൻ തർക്കത്തിൽ ഫലപ്രദമായി ഇടപെട്ട് തീരുമാനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തിൽ കൂടിയാണ് ജലന്ധർ രൂപതക്കാരനായ ഫ്രാങ്കോ മുളക്കലിനെ ഡൽഹിയിലെ സഹായ മെത്രാനായി 2009 ഇൽ റോമിൽ നിന്ന് അപ്പോയിന്റ് ചെയ്യുന്നത് എന്നാണ് മനസ്സിലാക്കുന്നത്.
ഡൽഹിയിലെ ആർച്ച് ബിഷപ്പ് വിൻസന്റ് പിതാവ് റിട്ടയർ ചെയ്യുമ്പോളാണ് ഡൽഹി രൂപതക്കാരനും ജലന്ധറിലെ മെത്രാനുമായ അനിൽ കൂട്ടോയെ ഡൽഹിയുടെ ആർച്ച് ബിഷപ്പായി അപ്പോയിന്റ് ചെയ്യുന്നത്. ജലന്ധറിൽ വന്ന ഒഴിവിലേക്ക് ഡൽഹി സഹായ മെത്രാനായ ഫ്രാങ്കോ മുളക്കലിനെ അപ്പോയിന്റ് ചെയ്യുകയും ചെയ്തു. ഇതിനോടകം ഡൽഹിയിലെ സിറോ മലബാർ ലാറ്റിൻ സഭാ തർക്കം ഒത്തു തീർപ്പായി സിറോ മലബാർ സഭക്ക് ഫരീദാബാദ് ആസ്ഥാനമായി പുതിയ രൂപത വത്തിക്കാൻ അനുവദിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ജലന്ധറിൽ മെത്രാനായി ബിഷപ്പ് ഫ്രാങ്കോ എത്തിയത് മെത്രാൻ സ്ഥാനം മോഹിച്ചിരുന്ന ചില അച്ചന്മാർക്കും അവരുടെ കൂട്ടാളികൾക്കും ഇഷ്ട്ടപെടാത്തതിനാൽ ചെന്ന കാലം മുതൽ അതിൻറേതായ ചില അസ്വസ്ഥകൾ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ജലന്ധർ രൂപതക്ക് കുറെയേറെ സ്വത്ത് ഉണ്ടെങ്കിലും അവിടെ ഉള്ള വിശ്വാസി സമൂഹത്തിലെ കൂടുതൽ ആൾക്കാരും വലിയ ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. ജലന്ധറിൽ ചാർജ്ജ് എടുത്ത ബിഷപ്പ് ഫ്രാങ്കോ തിങ്കളാഴ്ച ദിവസം മുഴുവനായി ജാതി മത ഭേദമന്യേ ആർക്കും അദ്ദേഹത്തെ കാണുന്നതിനായി മാറ്റി വെച്ചു. അവരുടെ വിഷമങ്ങളിൽ സാധിക്കുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ കാണാൻ വരുന്നവർ ബിഷപ്പ് ഹൗസിലെ ഡൈനിങ്ങ് റൂമിൽ പിതാവിന് ഒപ്പം ഭക്ഷണവും കഴിച്ചിട്ടാണ് തിരിച്ചു പോയിരുന്നത്.
ജലന്ധറിലെ മയക്ക് മരുന്ന് മാഫിയയയുടെ സ്വാധീനത്തിൽ പെട്ടവരുടെ കുടുംബങ്ങളിൽ ഉള്ളവർ അനുഭവിക്കുന്ന വിഷമത്തെ കുറിച്ച് മനസ്സിലാക്കിയതോടെയാണ് മയക്ക് മരുന്ന് മാഫിയക്ക് എതിരായ പ്രവർത്തനം അദ്ദേഹം ആരംഭിക്കുന്നത്. മയക്ക് മരുന്ന് ഉപയോഗത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിധവകൾക്ക് മാസം 2000 രൂപ കിട്ടുന്ന രീതിയിൽ ഒരു പെൻഷൻ സ്കീമും തുടങ്ങി. അതിന് വേണ്ട പണം പ്രധാനമായും സ്വരൂപിച്ചിരുന്നത് പഞ്ചാബിലെ പരിപാടികളിൽ പങ്കെടുക്കുമ്പോൾ അവരുടെ രീതിയായി അണിയിക്കുന്ന നോട്ട് മാലയിലൂടെയാണ്. അദ്ദേഹത്തിന് അടുപ്പം ഉള്ള സാമ്പത്തിക ശേഷി ഉള്ളവരിൽ നിന്ന് സംഭാവനയും വാങ്ങിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ ഒരിക്കൽ പങ്കെടുത്ത പരിപാടിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്ന ഒരാളോട് സംസാരിച്ചപ്പോളാണ് സെക്യൂരിറ്റിക്കാർ അനുഭവിക്കുന്ന ചൂക്ഷണങ്ങളും ചെറിയ സാലറി കൊടുത്തതിന് ശേഷം അവരെ ജോലിക്ക് വെക്കുന്ന ഏജൻസികൾ വാങ്ങുന്ന വലിയ കമ്മീഷനെ കുറിച്ചും മനസ്സിലാകുന്നത്. ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ ജലന്ധർ രൂപതയിലെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ സെക്യൂരിറ്റി സർവീസ് തുടങ്ങി രൂപതയുടെ സ്ഥാപനങ്ങളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും ആൾക്കാരെ കൊടുത്ത് തുടങ്ങി. മറ്റുള്ള സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന തുകയിൽ നിന്ന് ഒരു രൂപ പോലും കമ്മീഷൻ എടുക്കാതെ സെക്യൂരിറ്റികാർക്ക് കൊടുക്കുകയും ചെയ്തിരുന്നു. രൂപതയുടെ സ്ഥാപനങ്ങളിലും അതെ വേതനം കൊടുത്തിരുന്നു. കേരളത്തിൽ നിന്ന് ചെന്ന മാധ്യമ സംഘത്തെ കയ്യേറ്റം ചെയ്ത ബിഷപ്പ് ഫ്രാങ്കോയുടെ ഗുണ്ടാപ്പട എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചത് ഇവരെ കുറിച്ചാണ്.
രൂപതയുടെ കീഴിൽ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും പള്ളികളും ഉള്ളതിനാൽ അതിനോട് അനുബന്ധിച്ചു വലിയ തോതിൽ നിർമ്മാണ പ്രവർത്തികളും നടന്നിരുന്നു. സാധാരണ നിർമ്മാണ പ്രവർത്തനങ്ങളെക്കാൾ വലിയ തുക ചിലവാകുന്നതായി മനസ്സിലാക്കിയപ്പോൾ ജലന്ധർ രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങുന്ന സാഹചര്യം ഉണ്ടായി. സ്വന്തമായി നിർമ്മാണ പ്രവർത്തികൾ നടത്തുകയും അതിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തിരുന്നവർക്ക് വിരോധം ഉണ്ടാവുക സ്വാഭാവികമാണ്. കമ്പനിക്ക് ഉണ്ടാകുന്ന ലാഭത്തിലെ നല്ല പങ്കും അവിടെ ജോലി ചെയ്തിരുന്നവർക്ക് വീതിച്ചു നൽകിയിരുന്നു എന്നാണ് അറിയുന്നത്.
രൂപതക്ക് കീഴിൽ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അവിടേക്ക് കുട്ടികളെ കൊണ്ട് വരുന്ന സ്കൂൾ ബസുകൾ വലിയ ചാർജ് ഈടാക്കുന്നതിനാൽ സാമ്പത്തിക ശേഷി ഉള്ളവർ മാത്രമാണ് രൂപതയുടെ ഉയർന്ന നിലവാരം ഉള്ള സ്കൂളുകളിലേക്ക് വരുന്നത് എന്ന് മനസ്സിലാക്കിയപ്പോളാണ് പാവപ്പെട്ടവർക്ക് കൂടി യാത്ര സാധ്യമാകുന്ന തരത്തിൽ രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ സ്കൂൾ ബസ് സർവീസ് ആരംഭിക്കുന്നത്. ബസ് സർവീസുമായി ബന്ധപ്പെട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരുന്ന ചിലരുടെ വിരോധത്തിന് അത് കാരണമാവുകയും ചെയ്തു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വോൾവോ ബസ് ബിസിനസ്സായി കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നതിലെ സത്യം ഇതാണ്.
ബിഷപ്പ് ഫ്രാങ്കോ ജലന്ധർ രൂപതയുടെ മെത്രാനായി സ്ഥാനം ഏൽക്കുന്നതിന് മുൻപ് തന്നെ പ്രൈവറ്റ് ഏജൻസികളെ ഒഴിവാക്കി രൂപതയുടെ കീഴിൽ ഉള്ള സ്കൂളുകളിലേക്ക് ബുക്കും പുസ്തകങ്ങളും വിതരണം ചെയ്യാനുള്ള സംവിധാനം രൂപതയിലെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ചിരുന്നു. സൊസൈറ്റിക്ക് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് ജാതി മത ഭേദമന്യേ നിരവധി കുട്ടികളെ ജലന്ധറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മെഡിക്കൽ കോളേജുകളിലും എൻജിനീയറിങ് കോളേജുകളും ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. ഈ സൊസൈറ്റിയിൽ അഡ്വാൻസായി സ്കൂളുകൾ അടച്ച പണം ബാങ്കിലേക്ക് മാറ്റുന്നതിന് ഇടയിലാണ് ഇൻകം ടാക്സ് റെയിഡ് ചെയ്തു കോടികൾ പിടിച്ചെടുത്തു എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
ജലന്ധർ രൂപതയുടെ കീഴിൽ തുടങ്ങിയിരിക്കുന്ന MJ കോൺഗ്രിഗേഷൻ എന്ന സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറാൾ ആയിരുന്ന പീഡന പരാതിക്കാരിയായ സിസ്റ്റർ ആ പദവി ഒഴിഞ്ഞു കുറവിലങ്ങാട്ടെ ഹൗസിന്റെ സുപ്പീരിയർ ആയി പോകുന്നത് ബിഷപ്പ് അനിൽ കൂട്ടോ ജലന്ധർ രൂപതയുടെ മെത്രാൻ ആയിരിക്കുന്ന കാലത്താണ്. MJ കോൺഗ്രിഗേഷന്റെ ജനറാൾ സ്ഥാനത്തേക്ക് ആരെങ്കിലും തിരഞ്ഞെടുക്കപ്പെട്ടാൽ 3 വർഷമാണ് കാലാവധി. 3 പ്രാവിശ്യം അതായത് 9 വർഷത്തേക്ക് ആണ് പരമാവധി ജനറാൾ ആയി തുടരാൻ സാധിക്കുന്നത് എന്നാണ് കോൺഗ്രിഗേഷന്റെ നിയമം.
ജലന്ധർ രൂപതയുടെ ആദ്യത്തെ മെത്രാനും മലയാളിയും കപ്പൂച്ചിൻ സഭക്കാരനുമായ സിമ്പോറിയൻ പിതാവിന്റെ കാലത്താണ് കുറവിലങ്ങാട്ടെ ഒരാളുടെ വീടും സ്ഥലവും വിലക്ക് വാങ്ങി ജലന്ധറിൽ നിന്ന് റിട്ടയർ ആകുന്ന മലയാളികളായ വൈദികർക്ക് താമസിക്കാനായി ഒരു വൈദിക മന്ദിരം തുടങ്ങുന്നത്. വൈദിക മന്ദിരം ജലന്ധറിൽ നിന്ന് അവധിക്ക് വരുന്ന അച്ചന്മാർക്ക് താമസിക്കാനും, ആരോരും നോക്കാൻ ഇല്ലാത്തവർക്ക് വേണ്ടിയുള്ള വൃദ്ധസദനം ആയും ഉപയോഗിച്ചിരുന്നു. വിവാദം ഉണ്ടാകുന്ന കാലത്ത് ഏകദേശം നാല്പതോളം വൃദ്ധരായ മനുഷ്യർ അവിടെ താമസിക്കുന്നുണ്ടായിരുന്നു. വൈദിക മന്ദിരത്തിന്റെ ഒരു നിലയിൽ കുറവിലങ്ങാട് കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് ഉള്ള ഹോസ്റ്റൽ സൗകര്യവും ഉണ്ടായിരുന്നു. ഇതിന്റെ മേൽനോട്ടം വഹിക്കുന്ന സിസ്റ്റേഴ്സ് താമസിച്ചിരുന്നത് വൈദിക മന്ദിരത്തിന് കുറച്ചപ്പുറത്തായി വാങ്ങിയ കാലത്ത് ഉണ്ടായിരുന്ന വീട്ടിലാണ്.
2016 നവംബർ മാസം പതിനാറാം തീയതിയാണ് ബിഷപ്പ് ഫ്രാങ്കോക്ക് എതിരായ പീഡന പരാതി ഉന്നയിച്ച സിസ്റ്ററിന്റെ സഹോദരി (ഫസ്റ്റ് കസിൻ) തന്റെ ഭർത്താവുമായി സിസ്റ്ററിന് അസ്വാഭാവിക ബന്ധം ഉണ്ടെന്ന് MJ കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറാൾ ആയ സിസ്റ്റർ റെജീനക്ക് ഇമെയിൽ വഴി പരാതി കൊടുക്കുന്നത്. എഴുതി തയ്യാറാക്കിയ പരാതിയുടെ സ്കാൻ ചെയ്ത കോപ്പിയും, അവരുടെ ഭർത്താവിന്റെ കൂടെ അസ്വാഭാവിക രീതിയിൽ ഇരിക്കുന്ന ഫോട്ടോയും, അത്ര നല്ലതല്ലാത്ത വാട്ട്സാപ്പ് സ്ക്രീൻഷോട്ടിന്റെ കോപ്പിയും പരാതിയുടെ കൂടെ കൊടുത്തിരുന്നു. ആവശ്യം ആണെങ്കിൽ ചാറ്റിന്റെ ഇലക്ട്രോണിക് തെളിവുകൾ നേരിട്ട് കൊടുക്കാമെന്നും പരാതിയിൽ എഴുതിയിട്ടുണ്ട്.
സിസ്റ്ററുമായി സംസാരിച്ചു പിണങ്ങി പരാതിക്കാരിയുടെ ഭർത്താവ് ജീവിതത്തിൽ ആദ്യമായി മദ്യപിച്ചു വീട്ടിൽ വരുകയും അതിനെ തുടർന്ന് നടന്ന വഴക്കിന് ഒടുവിലാണ് സിസ്റ്ററുമായി ഉള്ള ബന്ധത്തെ കുറിച്ച് പറയേണ്ടി വരുന്നത്. അതിന് ശേഷം സിസ്റ്റർ പരാതിക്കാരിയുടെ ഭർത്താവ് അവരെ ശല്യം ചെയ്യുന്നു എന്ന രീതിയിൽ പലരോടും പറയുകയും അയാൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. സിസ്റ്റർ കുറവിലങ്ങാട് മഠത്തിന്റെ സുപ്പീരിയർ ആയിരുന്ന കാലത്ത് ഈ സ്ത്രീയുടെ ഭർത്താവിനെ ധ്യാനം കൂടാൻ എന്ന വ്യാജേന വിളിച്ചു വരുത്തി നിയമ വിരുദ്ധമായി 10 ദിവസത്തോളം വൈദിക മന്ദിരത്തിൽ താമസിപ്പിക്കുകയും അസ്വാഭാവിക ബന്ധം പുലർത്തുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
മുൻ ജനറാൾ കൂടിയായ സിസ്റ്ററിന് എതിരെ ഉള്ള പരാതിയെ കുറിച്ച് MJ കോൺഗ്രിഗേഷനിലെ കൗൺസിലേഴ്സ് രണ്ട് മീറ്റിങ് നടത്തിയതിന് ശേഷമാണ് രൂപതാ മെത്രാൻ കൂടിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറിയിക്കുന്നത്. സിസ്റ്ററിന് എതിരെ പരാതി എഴുതി തന്നിട്ടുള്ള സ്ഥിതിക്ക് അന്വേഷണം നടത്തുകയും ആവശ്യമാണെങ്കിൽ നടപടി എടുക്കുകയും ചെയ്യണമെന്നാണ് ബിഷപ്പ് സിസ്റ്റേഴ്സിനോട് പറഞ്ഞത്. ഈ പരാതിയുടെ അടിസ്ഥാനത്തിലും കുറവിലങ്ങാട്ടെ മറ്റു ചില പ്രശ്നങ്ങളുടെ പേരിലും മൂന്ന് വർഷത്തിന് ശേഷം സിസ്റ്ററിനെ കുറവിലങ്ങാട്ടെ സുപ്പീരിയർ സ്ഥാനത്ത് നിന്ന് മറ്റൊരു മഠത്തിലേക്ക് ട്രാൻസ്ഫർ ചെയ്തു. നടുവിന് വേദനക്ക് എന്തോ ചികിത്സ ചെയ്തു കൊണ്ടിരിക്കുകയാണ് ഒരു വർഷം കൂടി കുറവിലങ്ങാട് തുടരാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടതിനാൽ സുപ്പീരിയർ സ്ഥാനത്ത് പുതിയ ആളെ അപ്പോയിന്റ് ചെയ്തതിന് ശേഷം സിസ്റ്ററിനെ തുടരാൻ അനുവദിച്ചു.
സിസ്റ്റർ കുറവിലങ്ങാട് മഠത്തിന്റെ സുപ്പീരിയർ ആയി തുടരുന്ന കാലത്ത് തൊട്ടടുത്തുള്ള മറ്റൊരു കോൺഗ്രിഗേഷന്റെ സ്ഥലത്ത് കൂടി അവരുടെ അനുവാദം ഇല്ലാതെ വഴി വെട്ടുകയും അത് വലിയ വിവാദം ആവുകയും ചെയ്തിരുന്നു. ആ തർക്ക വിഷയം പരിഹരിക്കാൻ വേണ്ടിയാണ് ബിഷപ്പ് ഫ്രാങ്കോ 2016 കാലഘട്ടത്തിൽ പല പ്രാവിശ്യം കുറവിലങ്ങാട് വരുകയും ചില ദിവസങ്ങളിൽ വൈദിക മന്ദിരത്തിൽ താമസിക്കുകയും ചെയ്തിട്ടുള്ളത്. ഈ ആവശ്യത്തിനും മറ്റു ചില കാര്യങ്ങൾക്കും വേണ്ടി ഇവിടം സന്ദർശിച്ചപ്പോൾ എല്ലാം രെജിസ്ടരിൽ രേഖപ്പെടുത്തിയതിന്റെ വിവരങ്ങൾ അനുസരിച്ചാണ് പീഡന ആരോപണം രൂപപ്പെടുത്തിയത്. 13 പ്രാവിശ്യം വൈദിക മന്ദിരം സന്ദർശിക്കുകയും രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തിട്ട് ഉണ്ടെങ്കിലും രാത്രിയിൽ അവിടെ താമസിച്ചിട്ടുള്ളത് രണ്ടോ മൂന്നോ പ്രാവിശ്യം മാത്രമാണ്.
മറ്റൊരിക്കൽ സിസ്റ്ററും കൂട്ടാളികളും സ്ഥാപനത്തിലെ കാർ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കാൻ കൊടുക്കാത്തതിന് പേരിൽ നാല് ടയറിന്റെയും കാറ്റ് ഊരി വിടുകയും ഡോറുകളുടെയും പെട്രോൾ ടാങ്കിന്റെ ഡോറിന്റെയും താക്കോൽ ദ്വാരത്തിൽ ചെറിയ കമ്പ് തള്ളി കയറ്റി ഓടിച്ചു വെക്കുകയും അന്നത്തെ സുപ്പീരിയർ ആയിരുന്ന സിസ്റ്റർ ടെൻസിയുടെ കഴുത്തിന് പിടിക്കുകയും ചെയ്തു എന്ന് 2017 നവംബർ മാസം 23 തീയതി MJ കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറാൾ ആയ സിസ്റ്റർ റെജീനക്ക് അയച്ച 8 പേജുള്ള പരാതിയിൽ എടുത്ത് പറയുന്നുണ്ട്.
ചികിത്സക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിച്ച കാലത്ത് മറ്റേതെങ്കിലും മഠത്തിലേക്ക് സുപ്പീരിയറായി സ്ഥലം മാറ്റം കൊടുക്കണം എന്ന് കോൺഗ്രിഗേഷൻ അധികാരികളൊട് സിസ്റ്റർ ആവശ്യപ്പെട്ട് തുടങ്ങി. സ്വന്തം സഹോദരിയിൽ നിന്ന് ലഭിച്ച പരാതിയാലും കുറവിലങ്ങാട് ഉണ്ടാക്കിയ പ്രശ്നങ്ങളാലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. 2017 മെയ് മാസം ഇരുപത്താറാം തീയതി സന്യാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചു വീട്ടിലേക്ക് പോകാൻ അനുവദിക്കണം എന്ന് MJ കോൺഗ്രിഗേഷന്റെ അധികാരികൾക്ക് അപേക്ഷ കൊടുത്തു. പെട്ടെന്ന് ഉണ്ടായ തോന്നലിലാണ് ഇങ്ങനെ ഒരു ലെറ്റർ അയച്ചത് MJ കോൺഗ്രിഗേഷനിൽ തുടരാൻ അനുവദിക്കണം തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് 5 ദിവസത്തിന് ശേഷം വീണ്ടും ലെറ്റർ അയക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് കുറവിലങ്ങാട് മഠം ഇരിക്കുന്ന ഇടവക വികാരിക്കും, പാലാ രൂപതയുടെ മെത്രാനും, സിറോ മലബാർ സഭയുടെ തലവനും, സിറോ മലബാർ സഭയിലെ മിഷനറികളുടെ ചാർജ്ജ് ഉള്ള ഉജ്ജയിൻ ബിഷപ്പിനും MJ കോൺഗ്രിഗേഷന്റെ നേതൃത്വവും ബിഷപ്പ് ഫ്രാങ്കോയും തന്നെ ബുദ്ധിമുട്ടിക്കുന്നു എന്ന രീതിയിൽ ഉള്ള പരാതികൾ കൊടുക്കുന്നത്. ഈ പരാതിയിൽ ഒരിടത്തും ലൈംഗികമായ ചൂക്ഷണം ഉണ്ടായിട്ടുണ്ട് എന്ന് സൂചിപ്പിച്ചിട്ടില്ല.
ലാറ്റിൻ രൂപതയുടെ കീഴിൽ ഉള്ള കോൺഗ്രിഗേഷനിലെ സിസ്റ്റർ ലാറ്റിൻ രൂപതയുടെ ബിഷപ്പിന് എതിരെ സിറോ മലബാർ സഭയിലെ മെത്രാന്മാർക്ക് പരാതി കൊടുത്താൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് MJ കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറാൾ ആയി 9 വർഷത്തോളം തുടർന്ന സിസ്റ്ററിന് അറിയാമായിരുന്നെങ്കിലും ജലന്ധർ ആയിരിക്കുന്ന ഡൽഹി അതിരൂപതയുടെ ആർച്ച് ബിഷപ്പിനോ വത്തിക്കാൻ പ്രതിനിധി ആയിരുന്ന ന്യൂൺഷോക്കോ പരാതി കൊടുത്തിട്ടില്ല.
ഇതേ കാലത്ത് ബിഷപ്പ് ഫ്രാങ്കോയെ അപായപ്പെടുത്തും എന്ന രീതിയിൽ ഒരു കത്ത് ജലന്ധർ രൂപതാ ആസ്ഥാനത്ത് കിട്ടിയതിനാൽ കത്ത് അയച്ച സിസ്റ്ററിന്റെ സഹോദരനും അതിന് വേണ്ട ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് രൂപത സംശയിക്കുന്നവർക്കും എതിരെ 2018 ജൂൺ മാസം 21 തീയതി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് ഇങ്ങനെയൊരു ഗൂഢാലോചന ഉണ്ടാകാൻ കാരണമായ സിസ്റ്ററിന് എതിരെ അവരുടെ സഹോദരി കൊടുത്ത പരാതിയുടെ കോപ്പി സഹിതം ജലന്ധർ രൂപത ഔദ്യോഗികമായി പരാതി കൊടുത്തിട്ടുള്ളതാണ്.
ആലഞ്ചേരി പിതാവിന് ഒരു സന്യാസിനിയുടെ പരാതി കിട്ടിയിട്ടുണ്ട് എന്ന അറിവ് ലഭിച്ച എറണാകുളം വിമതർ സന്യാസിനിയെ സഹായിക്കാത്ത ആലഞ്ചേരി പിതാവിനെ കുടുക്കാൻ വേണ്ടിയാണ് ഈ വിഷയത്തിൽ ഗൂഢാലോചന ആരംഭിക്കുന്നത്. അതിന് വേണ്ടി സിസ്റ്ററിനെ കൊണ്ട് ആലഞ്ചേരി പിതാവിനെ ഫോണിൽ വിളിച്ചു സംസാരിപ്പിക്കുകയും അത് റെക്കോർഡ് ചെയ്യുകയും ചെയ്തു. അര മണിക്കൂറോളം നീളുന്ന ആ സംഭാഷണത്തിൽ ഒരിടത്തും ലൈംഗികമായി ഉപദ്രവിച്ചതിനെ കുറിച്ച് ഒരു സൂചനയും ഇല്ല.
എറണാകുളത്തെ AMT വിമത കൂട്ടായ്മായിലെ ചിലരുടെ ഇടപെടലോടെയാണ് മാവോയിസ്റ്റ് / സുഡാപ്പി കൂട്ടങ്ങൾ ഇടപെടുന്നത് എന്നാണ് മനസ്സിലാകുന്നത്. അതിന് ശേഷമാണ് ലൈംഗിക ആരോപണം ആദ്യമായി ഉണ്ടാകുന്നത്.
എറണാകുളത്തെ ഭൂമി കച്ചവടത്തിലും ഇങ്ങനെ ഉള്ളവരുടെ സാന്നിധ്യം ഉള്ളതായി പലരും ആരോപിക്കുന്നുണ്ട്. ആലഞ്ചേരി പിതാവുമായി ഉള്ള ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തതിന് ശേഷം സിസ്റ്റർ വീട്ടുകാരുടെ കൂടെ ഇടവക വികാരിയെ ചെന്ന് കണ്ട് ബിഷപ്പ് ഫ്രാങ്കോ ഉപദ്രവിക്കുന്നതിന്റെ ധൃശ്യങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട് അദ്ദേഹം മോശമായി ചാറ്റ് ചെയ്തതിന്റെ തെളിവ് കയ്യിൽ ഉണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു AMT ക്കാർ അറേഞ്ച് ചെയ്ത മാധ്യമങ്ങളോട് പരസ്യമായി പ്രതികരിപ്പിക്കുകയും ചെയ്തു. റെക്കോർഡ് ചെയ്തു എന്ന് പറയപ്പെടുന്ന ധൃശ്യങ്ങളോ ബിഷപ്പ് ഫ്രാങ്കോയുടെ ചാറ്റിന്റെ വിവരങ്ങളോ ഈ നിമിഷം വരെ പോലീസ് അധികാരികൾക്ക് പീഡന ആരോപണം ഉന്നയിച്ച സിസ്റ്റർ കൈമാറിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.
ആരോപണത്തിന് അപ്പുറം യാതൊരു തെളിവും ഇല്ലെങ്കിലും താൻ തെറ്റ് ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യത്തിൽ മുൻകൂർ ജാമ്യം എടുക്കണം എന്ന വക്കീലന്മാരുടെ ഉപദേശം മാനിക്കാതെ കേരളാ പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരായ ബിഷപ്പ് ഫ്രാങ്കോയെ എറണാകുളത്തെ വഞ്ചി സ്കൊയറിൽ നടത്തിയ സമരത്തിന്റെ ബാക്കിയായി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ആ സമരത്തിന് സൗകര്യങ്ങൾ ഒരുക്കാൻ AMT / SOS ടീമുകളുടെ ഒപ്പം മാവോയിസ്റ്റ് / സുഡാപ്പി ബന്ധം ഉള്ളവർ പ്രത്യക്ഷത്തിൽ തന്നെ ഉണ്ടായിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ 4-5 വൈദികരെ കൂടാതെ സമരത്തിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്ത പ്രമുഖരിൽ ചിലർ റിട്ടയറായ ജസ്റ്റീസ് കമാൽ പാഷാ, സിസ്റ്റർ ലൂസി, കപ്പൂച്ചിൻ വൈദികരായ ജിജോ കുര്യൻ, സുരേഷ് മാത്യു എന്നിവരാണ്. ഫ്രാങ്കോ നിയമത്തിന് അതീതനോ, എട്ടാം പ്രമാണം ലംഘിച്ച കർദിനാൾ രാജി വെക്കുക, കന്യാസ്ത്രീകൾക്ക് പൗരോഹിത്യം അനുവദിക്കുക, മെത്രാന്മാരുടെ വോട്ട് ബാങ്ക് അവസാനിപ്പിക്കുക എന്നിങ്ങനെ ഉള്ള മുദ്രാവാക്യങ്ങളുമായി തൃശൂർ സൽസബീൽ ഗ്രീൻ സ്കൂളിലെ വിദ്യാർഥികളും സമരത്തിന് ഐക്യധാർട്യം പ്രഖ്യാപിക്കാൻ സ്കൂൾ യൂണിഫോമിൽ എത്തിയിരുന്നു. മനുഷ്യാവകാശികൾ സ്ത്രീപക്ഷ വാദികൾ എന്നിങ്ങനെയുള്ള ലേബലിൽ കുറെയേറെ ആൾക്കാർ വേറെയും പങ്കെടുത്തിരുന്നു.
NB: കേരളത്തിലെ പ്രമുഖ ചാനലിലെ ക്രിസ്ത്യാനിയായ റിപ്പോർട്ടർ ജലന്ധറിലെ ബിഷപ്പ് ഹൗസിൽ ചെന്ന് ബിഷപ്പ് ഫ്രാങ്കോയെ കണ്ട് സംസാരിച്ചതിന് ശേഷം ലൈവായി കൊടുത്ത റിപ്പോർട്ടിൽ പറഞ്ഞ പച്ചകള്ളങ്ങളെ കുറിച്ച് അവിടെ വെച്ച് തന്നെ ബിഷപ്പ് ചോദിച്ചപ്പോൾ ഈ രീതിയിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത് ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്താൽ മതി എന്നാണ് മറുപടി കൊടുത്തത്!
By, Justin George