ഇറ്റലിയുടെ ഭാഗമായ സിസിലിയൻ നഗരമായ പലേർമോയിൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരുടെ ഇടയിൽ ജീവിച്ചിരുന്ന ഒരു സാധാരണ അൽമായ മിഷനറി
“സഹോദരൻ ബിയാജിയോ കോണ്ടെയുടെ” ഇക്കഴിഞ്ഞ ദിവസം നടന്ന ശവസംസ്കാരം ലോക ശ്രദ്ധ വിളിച്ചു വരുത്തി.
1963 -ൽ പലേർമോയിലാണ് ബിയാജിയോ കോണ്ടെ ജനിച്ചത്. കെട്ടിട കരാറുകാരുടെ മകൻ, സമ്പന്നൻ, മൂന്നാം വയസ്സിൽ സ്വിറ്റ്സർലൻഡിലേക്ക് കന്യാസ്ത്രീകളുടെ ഒരു കോളേജിലേക്ക് പഠിക്കാനായി പോയി, 9-ആം വയസ്സിൽ പലേർമോയിലേക്ക് മടങ്ങി, തുടർന്ന് സാൻ മാർട്ടിനോ ഡെല്ലെ സ്കെയിലിലെ ബോർഡിംഗ് സ്കൂളിൽ പഠിച്ചു . അവിടെ അദ്ദേഹം നാല് വർഷം തുടർന്നു.
16-ആം വയസ്സിൽ അദ്ദേഹം സ്കൂൾ ഉപേക്ഷിച്ച് തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങി, എന്നാൽ ആഴത്തിലുള്ള ആത്മീയ പ്രതിസന്ധി കാരണം 1983-ൽ അദ്ദേഹം ഫ്ലോറൻസിൽ താമസിക്കാൻ പോകാൻ തീരുമാനിച്ചു.
1990 മെയ് മാസത്തിൽ അദ്ദേഹം ഒരു സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചു, സിസിലിയൻ ഉൾപ്രദേശങ്ങളിലെ പർവതങ്ങളിലേക്ക് ധ്യാനിക്കാനായി യാത്രയായി, തുടർന്ന് അസീസി നഗരത്തിലേക്ക് കാൽനടയായി യാത്ര ചെയ്തു. ഒരു മിഷനറിയായി ആഫ്രിക്കയിലേക്ക് പോവുക എന്ന ഉദ്ദേശത്തോടെ പലേർമോ കുടുംബത്തോട് അദ്ദേഹം വിടപറയാനായി നഗരത്തിൽ എത്തിച്ചേർന്നു എന്നാൽ തന്റെ നഗരത്തിൽ അദ്ദേഹം കണ്ട ദരിദ്രരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കാനാണ് ദൈവം തന്നോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹത്തിന് മനസിലായി.
അങ്ങനെ , ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം 26-ആം വയസ്സിൽ എല്ലാം ഉപേക്ഷിച്ചു, ഒരു സന്യാസിയും തീർത്ഥാടകനുമായി അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ അനുകരിച്ചുകൊണ്ട് മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ സ്വയം തീരുമാനമെടുത്തു .
1993 -ൽ പലേർമോയിൽ “മിഷൻ ഓഫ് ഹോപ്പ് ആൻഡ് ചാരിറ്റി” എന്ന സംഘടന സ്ഥാപിച്ചു; ആ നിമിഷം മുതൽ, നഗരത്തിലെ ദരിദ്രർക്കായി വിവിധ വീടുകൾ നിർമ്മിച്ചു, സ്ത്രീകൾക്കുള്ള ഒരു അഭയകേന്ദ്രം ഉൾപ്പെടെ, കാലക്രമേണ കുറഞ്ഞത് ആയിരം സ്ത്രീകൾക്ക് സ്വന്തമായി, സുരക്ഷിതമായി താമസിക്കാൻ വീടുകൾ നിർമ്മിച്ച് നൽകി. അങ്ങനെ ക്രിസ്തുവിന്റ സുവിശേഷം പ്രചരിപ്പിക്കുന്നതിനായി അവൻ തന്റെ ജീവിതം സമർപ്പിച്ചു.
2023 ജനുവരി 12 -ന്, വൻകുടലിലെ അർബുദത്തിന്റെ ഗുരുതരമായ അവസ്ഥയെതുടർന്ന്, 59-ആം വയസ്സിൽ പലേർമോയിൽ വച്ച് അദ്ദേഹം മരിച്ചു. കഴിഞ്ഞ ദിവസം, കഠിനമായി തളർന്നെങ്കിലും, കുർബാനയിൽ പങ്കെടുക്കാൻ അദ്ദേഹം നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിരുന്നു, ആയതിനാൽ അതിനാവശ്യമായ സൗകര്യങ്ങൾ ബിഷപ്പ് അനുവദിച്ചു നൽകി. “ആധുനിക സെന്റ് ഫ്രാൻസിസ്” എന്നറിയപ്പെടുന്ന ബിയാജിയോയുടെ പലേർമോയിലെ കത്തീഡ്രലിൽ ജനുവരി 17-ന് നടന്ന മൃതസംസ്കാര ദിവ്യബലിയിൽ നിരവധി മെത്രാൻമാർ ഉൾപ്പടെ ഏകദേശം 10,000 ത്തോളം പേർ പങ്കെടുത്തു.
അദ്ദേഹത്തിന്റെ മരണശേഷം ലഭിച്ച അനേകം അനുശോചന സന്ദേശങ്ങളിൽ, ഫ്രാൻസിസ് മാർപാപ്പയും അദ്ദേഹത്തെ “ദാനധർമ്മത്തിന്റെ ഉദാര മിഷനറിയും പാവപ്പെട്ടവരുടെ സുഹൃത്തും” എന്ന് നിർവചിച്ചതും ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുടെ “ഇടപെടലുകളെ വിലമതിച്ചതും മനുഷ്യന്റെ അന്തസ്സിനെ സംരക്ഷിക്കുന്നതിൽ വീരോചിതവുമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചവനും ” എന്ന് വിശേഷിപ്പിച്ചതുമെല്ലാം കോണ്ടെക്ക് ജനഹൃദയങ്ങളിലുള്ള സ്ഥാനം വിളിച്ചോതുന്നതായിരുന്നു.
ഇറ്റലിയിലെ പലേർമോയിലെ ആർച്ച് ബിഷപ്പും സിസിലിയിലെ പ്രൈമേറ്റുമായ കൊറാഡോ ലോറഫീസ് പലേർമോ കത്തീഡ്രലിൽ നടന്ന ശവസംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി . മറ്റനേകം ബിഷപ്പുമാരും വൈദികരും പങ്കുചേർന്നുകൊണ്ട് അദ്ദേഹത്തോടുള്ള തങ്ങളുടെ സ്നേഹം പ്രകടമാക്കി.
“തന്റെ അസ്തിത്വത്തിന്റെ ഉത്തരനക്ഷത്രമായ കോമ്പസ് ആയിരുന്ന ക്രിസ്തുവിനോട് വലിയ വിശ്വാസത്തോടെയാണ് കോണ്ടെ പ്രാർത്ഥിച്ചത് “എന്ന് ആർച്ച് ബിഷപ്പ് ലോറഫീസ് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. പലേർമോ നഗരത്തിനും സഭയ്ക്കും ലോകത്തിനും കോണ്ടെയെ സമ്മാനിച്ചതിന് ലോറെഫീസ് ദൈവത്തിന് നന്ദി പറഞ്ഞു, കാരണം “അവൻ വിശ്വസ്തനായ ഒരു സാധാരണ ക്രിസ്ത്യാനിയായിരുന്നു, അവസാനം വരെ ദൈവവചനത്തിൽ വിശ്വസിച്ച ഒരു സഹോദരനായിരുന്നു.”
കോണ്ടെയുടെ ജീവിതം “സുവിശേഷത്തോടുള്ള അദ്ദേഹത്തിന്റെ വ്യക്തമായ സ്നേഹത്തിന്റെ ലളിതവും ശക്തവുമായ സാക്ഷ്യമായിരുന്നു” – ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. ” എല്ലാത്തരം അക്രമങ്ങളെയും എല്ലാ മാഫിയ സംഘടനകളെയും ചെറുക്കാൻ ഉപവാസത്തെയും പ്രാർത്ഥനയേയും സമാധാനത്തെയും കൂട്ടുപിടിച്ചുകൊണ്ട് കോണ്ടെ നടത്തിയ പ്രവർത്തനങ്ങളെ ബിഷപ്പ് അനുസ്മരിച്ചു . അക്രമാസക്തമാകരുത് എന്ന് ക്രിസ്തുസ്നേഹത്തിൽ വിശ്വസിച്ചുകൊണ്ട് കോണ്ടെ ആഹ്വാനം ചെയ്യുമായിരുന്നു.
സിസിലിയുടെ തലസ്ഥാനമായ പലേർമോയിൽ താമസിച്ചിരുന്ന കോണ്ടെയുടെ ജീവിത സാക്ഷ്യത്തെ ഫാദർ ഗ്യൂസെപ്പെ വിട്രാനോ എടുത്തുകാണിച്ചു, “മാഫിയകളുടെ ചോരമണക്കുന്ന ഒരു ദേശത്തെ മുഴുവൻ ജീവിതത്തിന്റെ വിശുദ്ധികൊണ്ട് പരാജയപ്പെടുത്താൻ കോണ്ടെയ്ക്ക് കഴിഞ്ഞു.

“സഹോദരൻ ബിയാജിയോ” എന്നാണ് എല്ലാവരും കോണ്ടെയെ വിളിച്ചിരുന്നത്. അദ്ദേഹം എപ്പോഴും തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു സ്റ്റാഫും ധരിച്ചിരുന്നു. ആവശ്യമുള്ളവർക്ക് കൂടുതൽ പരിചരണവും സഹായങ്ങളും നൽകാൻ സിവിൽ അധികാരികളോട് ആവശ്യപ്പെട്ട് കോണ്ടെ നടത്തിയ നിരാഹാര സമരങ്ങളും പ്രതിഷേധങ്ങളും പേരുകേട്ടതാണ്. താന്മുന്കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി. (റോമ 8 : 30 )