“ഗുരോ”…
ഹോ! ഇതെത്ര പേരാ വിളി കേൾക്കുന്നത്….
വാ… ഒരല്പം ഓട്ടമാവാം. അല്പം അകലെ പുറകോട്ട്…
ചില വിളക്കുകൾ മുനിഞ്ഞ് കത്തുന്നത് നീ കാണുന്നില്ലേ… പല ഇടങ്ങളിൽ..
ഒന്നോർത്തെടുത്താൽ..
ജീവിതം ഇങ്ങനെ മുന്നോട്ടു നീങ്ങുമ്പോൾ പ്രകാശമായി നിന്റെ വഴിയോരം തെളിച്ച വിളക്കുകൾ എത്ര എണ്ണമാണ് .. ഓരോ ഇരുൾദശയിലും നിനക്ക് ദിശ തെറ്റാതെ വഴിവിളക്കായി നിന്നവരെല്ലാം, അവർ നിന്റെ വിളക്കുകളാണ്, നിന്റെ ഗുരുക്കളാണ്.
ആദ്യം, ആദിഗുരുവിനെ സ്മരിച്ച് ആരംഭിക്കാം. ഗർഭപാത്രത്തിന്റെ ഇരുട്ടിൽ ഒരു പ്രകാശം നൽകി ഭൂമിയെ നിന്റെ പാദസ്പർശത്താൽ കൂടുതൽ അനുഗ്രഹീതമാക്കിയ ദൈവം. യോഹന്നാൻ പറഞ്ഞ യഥാർത്ഥവെളിച്ചം!!!
ഇനി, അം എന്ന തമസ്സ് തുറന്ന് അ എന്ന തേജസ്സിലേക്ക് ആദിവാക്ക് പഠിപ്പിച്ച് തന്ന അമ്മയെ ഒന്നോർക്ക്, പോരാ. ചെല്ലണം .. എന്നിട്ട് ഒരു ഉമ്മ അവളുടെ കവിളിൽ അമർത്തികൊടുത്ത് പറയണം… “അമ്മാ, മുലപ്പാലോടൊപ്പം നിങ്ങളെനിക്ക് ചുരത്തിത്തന്നത് സ്നേഹത്തിന്റെ പ്രകാശം കൂടെയായിരുന്നു കേട്ടോ “…
പിന്നെ, ഒരു ചൂണ്ടുവിരലാൽ നിന്നെ വഴി പഠിപ്പിച്ച് കൂടെ നടന്ന അപ്പനെന്ന ഗുരു. അല്പം കാർക്കശ്യത്തിനു പിന്നിൽ നന്മയുടെ ഒരു വലിയ മരം നീ കാണുന്നില്ലേ.. പറയണം, ആ പരുപരുത്ത നെഞ്ചോട് നിന്റെ ചെവി ചേർത്ത്… “അപ്പാ… നന്ദി”..
പരാധീനമായിരുന്നു കുട്ടിക്കാലം. ഒറ്റയ്ക്ക് അക്ക് കളിച്ചും പൂജ്യം വെട്ട് കളിയിൽ ഒരേ സമയം ജയിച്ചും തോറ്റും കുറെയേറെ പടകളികൾ…. അന്ന് കുഞ്ഞുകുട്ടികുസൃതികളിലൂടെ നിന്നിലെ ഉൾവലിവിന്റെ ഇരുട്ടിൽ നിന്ന് നിന്നിലെ നന്മകൾ തിരിച്ചു പഠിപ്പിച്ച് പ്രഭയായി കൂടെ നടന്നത് അവരാണ്.. നിന്റെ സഹോദരങ്ങൾ… ചേച്ചി, ചേട്ടൻ, അനിയൻ, കുഞ്ഞിപെങ്ങൾ….
തീർന്നില്ല, കൂടപിറപ്പുകളെക്കാൾ ചിലനേരങ്ങളിൽ വെട്ടം തന്ന കൂട്ടുകാർ വിളക്കേന്തി കൂടെവന്നില്ലേ? ആ കൂട്ടുവിളക്കായില്ലായിരുന്നെങ്കിൽ.. ഹോ ! ദൈവമേ ആ ഇരുട്ടിൽ ഞാൻ എത്രയോ തവണ തട്ടിയും തപ്പിയും തടഞ്ഞും വീണേനെ..
ഇന്ന് ജീവിതത്തിന്റെ രാജപാതയിൽ വെള്ളിവെളിച്ചത്തിൽ മുങ്ങികുളിച്ച് നീ അങ്ങനെ മുന്നോട്ട്. ഓർത്തെടുക്കണം.
പിന്നെയും ഉണ്ട് ഹൃദയത്തിന്റെ ഉള്ളറയിലെ ഇരുളകറ്റിയ പ്രകാശബന്ധങ്ങൾ …
ചിന്തയുടെ ഉള്ളറയിലെ ഇരുളകറ്റിയ പാഠ്യബന്ധങ്ങളെ, മുറിവുകളിലൂടെ പ്രകാശത്തിന്റെ വിലയറിയിച്ച പരാജയങ്ങളെ , തഴയപ്പെടലുകളെയും ഒറ്റുകളെയും …. അനുഭവങ്ങളുടെ പ്രഭാകിരണങ്ങൾ. എല്ലാം വഴിവിളക്കുകളായിരുന്നെടോ.. നീയറിയാതെ, കണ്ണടച്ചും മുന്നോട്ട് പോകാൻ നിന്നെ സഹായിച്ച പ്രകാശശകലങ്ങൾ. നീ യാത്ര തുടരുക. ആർക്കെങ്കിലുമൊക്കെ വഴിവിളക്കായ്… വെട്ടം തന്ന നിത്യപ്രകാശം നീ കാണുന്നത് വരെ.
ഗുരുക്കളുടെ ലുത്തിനിയ ഇനിയും തുടരും…
പുതിയ ഒരു വർഷം ആരംഭിച്ചു .. ആരുടെയോ ലുത്തിനിയയിൽ നീയും ഉണ്ടാവണം. അവർക്കായി ഒരു മിന്നാരം വഹിച്ചുകൊണ്ട്. പ്രകാശമാകണം … ലോകത്തിന്… ആരുടെയെങ്കിലും ലോകത്തിന്…
By, frjincecheenkallel