മരക്കടവ്: വയനാട്, പുൽപ്പള്ളി കബനിഗിരിയിൽ ഓട്ടോ ഡ്രൈവറായിരുന്ന ഡ്രൈവർ ജോബി ഇനി കർത്താവിൻ്റെ പുരോഹിതൻ. നോർബർട്ടെൻ സന്യാസസഭാംഗമായി ഫാ. സെബാസ്റ്റ്യൻ (ജോബി കെ. പോൾ ) കിടങ്ങേത്ത് മരക്കടവ് സെൻ്റ് ജോസഫ് ഇടവക ദേവാലയത്തിൽ വച്ച് തലശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പാംബ്ലാനി പിതാവിൻ്റെ കൈവയ്പ് വഴി ശ്രുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. മരക്കടവ് കിഴങ്ങേടത്ത് പരേതനായ പൗലോസിൻ്റെയും മേരിയുടേയും മകനാണ് ഫാ. ജോബി കിടങ്ങേത്ത് .

ജോബി അംഗമായിരുന്ന നോർബർട്ടെൻ സന്യാസ സമൂഹം, വി. അഗസ്തീനോസിന്റെ നിയമാവലിയോടും സഭയുടെ ഭരണഘടനയോടും വിധേയത്വം കാണിച്ച് ഇന്ന് 900 വർഷങ്ങളുടെ സേവന നിറവിലാണ്. സാഘോഷമായ ദിവ്യബലിയർപ്പണം, സാഹോദര്യം സാർത്ഥകമാക്കി ആഘോഷിക്കുന്ന സമൂഹ ജീവിതം, പ്രവൃത്തിയും പ്രാർത്ഥനയും സമന്വയിപ്പിച്ച ജീവിതക്രമം എന്നിവ വഴിയായി ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന ഈ സന്യാസസമൂഹത്തിന് ഇന്ന് ഇരുപത്തേഴോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1300-ൽപ്പരം അംഗങ്ങളുണ്ട്. ഇതേ പേരിനാൽ ഒരു സന്യാസിനീ സമൂഹവും അൽമായക്കൂട്ടായ്മയും ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നു.
മാനന്തവാടി നോർബർട്ടൈൻസ് എന്നറിയപ്പെടുന്ന ഈ സമൂഹത്തിൽ ഇന്ന് 103 അംഗങ്ങളുണ്ട്. മാതൃഭവനമായ മാനന്തവാടിയിലെ സെന്റ് നോർബർട്ട് പ്രയറിക്ക് പുറമെ വയനാട്ടിലെ ദ്വാരക, കോഴിക്കോട്, എറണാകുളം, കാസർഗോഡ് എന്നിവിടങ്ങളിലും ആസാമിലെ ഗോൾപ്പാറ, കർണ്ണാടകത്തിലെ ചിക്കമഗളൂരു, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും ജർമ്മനി, ഓസ്ട്രിയ, അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും മാനന്തവാടി നോർബർട്ടൈൻ സന്യാസ സമൂഹത്തിലെ വൈദികർ ശുശ്രൂഷ ചെയ്യുന്നു.