ഒരാള്‍ പോപ്പ്, മറ്റെയാള്‍ ബദല്‍ പോപ്പ്. രണ്ടു പേരും ഒരേ സ്ഥലത്ത് ഒരേ സമയത്ത് രക്തസാക്ഷിത്വം വരിച്ചു. പിന്നീട്, സഭ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. റോമാക്കാരനായിരുന്നു പൊന്തിയാന്‍. എ. ഡി. 230 മുതല്‍ 235 വരെ അഞ്ചു വര്‍ഷക്കാലം അദ്ദേഹം മാര്‍പാപ്പയുടെ പദവി അലങ്കരിച്ചു.
പ്രശസ്ത ദൈവശാസ്ത്രജ്ഞനും ആദിമസഭയുടെ പിതാവുമായ ഒരിജനു ശിക്ഷ വിധിച്ച സുനഹദോസ് നടന്നത് പൊന്തിയാന്റെ കാലത്തായിരുന്നു. ക്രൈസ്തവ വിധ്വേഷിയായിരുന്ന മാക്സിമിനൂസ് ചക്രവര്‍ത്തി പൊന്തിയാസിനെ നാടുകടത്തിയതായി കരുതപ്പെടുന്നു. ഈ സമയത്ത്, പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി പൊന്തിയാന്‍ പാപ്പാ സ്ഥാനം രാജിവച്ചു. സര്‍ദീനിയാ ഖനികളിലേക്കായിരുന്നു നാടുകടത്തല്‍.
അവിടെ നിരന്തരമായ പീഡനങ്ങളും ഏറ്റുവാങ്ങിയ പൊന്തിയാന്‍ എ.ഡി. 235-ല്‍ മരിച്ചു. പൊന്തിയാനോടൊപ്പം സര്‍ദീനിയാ ഖനിയില്‍ പീഡനമേറ്റു മരിച്ച മറ്റൊരു വിശുദ്ധനായിരുന്ന ബദല്‍ പോപ്പായിരുന്ന ഹിപ്പോളിത്തസ്. കലിസ്റ്റസ് ഒന്നാമന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ എതിര്‍ത്ത റോമന്‍ പുരോഹിത നായിരുന്നു ഹിപ്പോളിത്തസ്.
ദൈവശാസ്ത്രത്തില്‍ കടുംപിടുത്തക്കാരനായിരുന്നു അദ്ദേഹം. അനുരജ്ഞനപ്പെട്ടു വരുന്നവരോടു ക്ഷമിക്കാമെന്ന കലിസ്റ്റസിന്റെ നയത്തെയാണ് ഹിപ്പോളിത്തസ് പ്രധാനമായും എതിര്‍ത്തത്. കലിസ്റ്റസിനെ അംഗീകരിക്കാന്‍ തയാറാകാതിരുന്ന വിഭാഗം ഹിപ്പോളിത്തസിനെ മാര്‍പാപ്പയായി പ്രഖ്യാപിച്ചു. ചരിത്രത്തിലെ ആദ്യ ബദല്‍ പോപ്പ്.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ നിരവധി തവണ ബദല്‍ പോപ്പുമാരുണ്ടായിട്ടുണ്ട്. ബദല്പോപ്പുമാരുടെ പട്ടികയിലെ ആദ്യ പേരുകാരനാണു ഹിപ്പോളിത്തസ്. കലിസ്റ്റസിനു ശേഷം ഉര്‍ബാന്‍ ഒന്നാമന് മാര്‍പാപ്പയായപ്പോഴും ബദല്‍ പോപ്പ് പദവിയില്‍ ഹിപ്പോളിത്തസ് തുടര്‍ന്നു. ഉര്ബാനു ശേഷമാണ് പൊന്തിയാന്‍ മാര്‍പാപ്പയാകുന്നത്. പൊന്തിയാ ന് സര്‍ദീനിയാ ഖനിയിലേക്ക് നാടുകടത്തപ്പെട്ടപ്പോള്‍ ഹിപ്പോളിത്തസിനെയും റോമന്‍ ചക്രവര് ത്തി നാടുകടത്തി. സര്‍ദീനിയായില്‍ വച്ച് ഹിപ്പോളിത്തസ് സഭയുമായി രമ്യതപ്പെട്ടു.
തന്റെ ബദല്‍ പോപ്പ് പദവി ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയാറാകുകയും ചെയ്തു. രക്തസാക്ഷികള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും ഇരുവരും കൊല്ലപ്പെടുകയായിരുന്നില്ല,പീഡനങ്ങള്‍ സഹിച്ച് മരിക്കുകയായിരുന്നു. കഷ്ടതകള്‍ സഹിച്ചു മരിച്ചു എന്നതുകൊണ്ട് ഇരുവരെയും രക്തസാക്ഷികളുടെ പട്ടികയില്‍ സഭ ഉള്‍പ്പെടുത്തുകയായിരുന്നു.