ബെംഗളൂരു: കർണാടകയിലെ ബെൽഗാവിയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊല്ലാൻ ശ്രമം. സെന്റ് ജോസഫ്സിന്റെ ‘ദ വർക്കർ ചർച്ച്’ ഫാദർ ഫ്രാൻസിസിനെ ആക്രമിക്കാനാണ് ശ്രമമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായയുടെ അസാധാരണമായ കുര കേട്ട് വീട്ടിൽ നിന്നിറങ്ങിയ ഫാദറിനെ അക്രമി വാളുകൊണ്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു. ”സാധാരണ നായ വീടിനകത്താണ് ഉണ്ടാവാറുള്ളത്. ഇന്നലെ രാത്രി നായ പുറത്തുനിന്ന് അസാധാരണമായി കുരക്കുന്നത് കേട്ടാണ് ഞാൻ പുറത്തിറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് നായയെ അകത്തേക്ക് കൊണ്ടുപോവാനെത്തിയപ്പോൾ വാളുമായി നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അയാൾ അക്രമിക്കുമെന്നുറപ്പായതോടെ ഞാൻ ഒച്ചവെക്കുകയായിരുന്നു. ഞാൻ സഹായത്തിനായി നിലവിളിച്ചതോടെ അയാൾ ഓടി രക്ഷപ്പെട്ടു”-ഫാദർ ഫ്രാൻസിസ് മാധ്യമങ്ങളോട് പറഞ്ഞു.
അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അക്രമി മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പൊലീസ് കമ്മീഷണർ കെ ത്യാഗരാജൻ പറഞ്ഞു. കർണാടകയിൽ ക്രിസത്യൻ സ്ഥാപനങ്ങൾക്കും പുരോഹിതൻമാർക്കുമെതിരെ ഹിന്ദുത്വ ശക്തികൾ നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് കോലാറിൽ കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വൈദികനെ ആക്രമിക്കാന്‍ ഇയാള്‍ പിന്നാലേ പോകുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫാ. ഫ്രാന്‍സിസ് ഡിസൂസയെയാണ് പ്രതി ആക്രമിക്കാന്‍ ശ്രമിച്ചത്. വടിവാളിനു പുറമെ ഇയാളുടെ കൈവശം കയറും ഉണ്ടായിരുന്നു. സംഭവത്തില്‍ പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയെന്നും അക്രമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചുവെങ്കിലും ക്രൈസ്തവ സമൂഹത്തില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. അപകടകരവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവമെന്നാണ് ബംഗളൂരു അതിരൂപതയുടെ വക്താവ് ജെ എ കാന്ത്രാജ് വിശേഷിപ്പിച്ചത്.
കര്‍ണാടകയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ആക്രമണവും ഭീഷണിയും തുടര്‍ക്കഥ. കോലാറിലാണ് ഏറ്റവും ഒടുവിലായി തീവ്രഹിന്ദു വലതു പക്ഷ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്. തീവ്ര ഹിന്ദു പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഭീഷണിയുള്ള പശ്ചാത്തലത്തില്‍ ക്രിസ്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരിന്നുവെന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന 38ാമത്തെ ആക്രമണമാണ് കോലാര്‍ സംഭവം.