പതിനൊന്ന് വര്‍ഷം മുമ്പ് കാറപകടത്തില്‍ പരുക്കേറ്റ് മരണത്തിന്റെ നേരിയ മുനമ്പില്‍ നിന്നു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ആഷ്ലി ബാബു പലര്‍ക്കും കൗതുകമാണ്; വിശ്വാസവീഥിയില്‍ മാതൃകയാണ്. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിമുറ്റത്ത് എന്നും വൈകിട്ട് അഞ്ചുമണിക്ക് ഒരു കാര്‍ കിടക്കുന്നതു കാണാം.
ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന യുവാവ് ദിവ്യബലി തുടങ്ങിയാലും പുറത്തിറങ്ങാറില്ല. പള്ളിയുടെ ‘ആനവാതിലി’ലൂടെ അകലെ മനോഹരമായ അള്‍ത്താരയില്‍ നടക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുകയാണ്. മറ്റുള്ളവര്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ തുടങ്ങുമ്പോള്‍, അവന്റെ ഹൃദയംപോലെ കരങ്ങളും താമരപ്പൂപോലെ കൂമ്പിയിരിക്കും. ഒരു സിസ്റ്റര്‍ ഇറങ്ങിവരും. കാറിന്റെ ഡ്രൈവിങ് സീറ്റില്‍ പാതിയടഞ്ഞ മിഴികളില്‍ അപ്പോള്‍ കണ്ണീരിന്റെ നനവുമുണ്ടാകും. നാവില്‍ ദിവ്യകാരുണ്യ യേശുവിനെ അവന് സ്വീകരിക്കും.
ദിവ്യബലിക്കുശേഷം ആറു കിലോമീറ്ററോളം അകലെ കാരൂരിലെ വീട്ടിലേക്ക് മടക്കം.
പതിനൊന്ന് വര്‍ഷം മുമ്പ് കാറപകടത്തില്‍ പരുക്കേറ്റ് മരണത്തിന്റെ നേരിയ മുനമ്പില്‍ നിന്നു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ആഷ്ലി ബാബു. ദൈവം തന്ന പുതുജീവിതത്തിനുള്ള കൃതജ്ഞതയുടെ കാഴ്ചയര്‍പ്പണമാണ് ഈ യുവാവിന് ഒരു ദിവസംപോലും മുടങ്ങാതെയുള്ള ദിവ്യബലി.
എഴുന്നേറ്റു നടക്കാനാവില്ല. നടക്കണമെങ്കില്‍ വാക്കര്‍ വേണം; അല്ലെങ്കില്‍ വീല്‍ ചെയര്‍. വീല്‍ ചെയര്‍ കൊണ്ടുവന്നാലും, നടക്കല്ലുകള്‍ കയറാന്‍ പരസഹായം വേണ്ടിവരും. അതുകൊണ്ട് സ്വയം കാറോടിച്ചുവന്നു, കാറിലിരുന്നുതന്നെ ദിവ്യബലിയില്‍ പങ്കാളിത്തം. ചാലക്കുടി അറയ്ക്കല്‍ മാളിയേക്കല്‍ ബാബു ജോസഫിന്റെ മകനാണ് ആഷ്ലി. അമ്മ ഫ്രീഡ. സഹോദരി പ്രിയങ്ക.
പതിനൊന്നു വര്‍ഷം മുമ്പ്, 2011 ഒക്ടോബര്‍ നാലിനാണ് ഇരുപത്തൊന്നുകാരനായ മെക്കാനിക്കല്‍ എന്‍ജിനിയര്‍ ആഷ്ലി ബാബുവിന്റെ ജീവിതത്തിന് ചലനപരിമിതികള്‍ വരച്ചിട്ട അപകടമുണ്ടായത്.
പേരാമ്പ്രയിലെ ഒരു സ്വകാര്യ വ്യവസായ സ്ഥാപനത്തിന്റെ മാനേജരും അവിടത്തെ മെക്കാനിക്കല്‍ എന്‍ജിനിയറായ ആഷ്ലിയും കൂടി ബൈക്കില്‍ പോകുമ്പോള്‍, ചീറിപ്പാഞ്ഞുവന്ന കാര്‍ അവരെ ഇടിച്ചിട്ടു. സെന്റ് ജയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട മാനേജര്‍ കൊടകര സ്വദേശിയായ അനില്‍കുമാര്‍ മൂന്നാം നാള് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഷ്ലിയെ അബോധാവസ്ഥയില്‍ എറണാകുളത്തെ ഒരാശുപത്രിയിലേക്ക് കൊണ്ടുപോയി. അരക്കെട്ടിലെ അസ്ഥി തകര്‍ന്നു നില്‍ക്കാനോ നടക്കാനോ വയ്യാത്ത ഗുരുതരാവസ്ഥയില്‍ മൂന്നുമാസം നീണ്ട ജീവന്മരണ പോരാട്ടം. ഹിപ്പ് ബോണ്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചില്ല.
ഒടുവില്‍ വീല്‍ചെയറിന്റെയും വാക്കറിന്റെയും ലോകത്തേക്ക് ഗൃഹപ്രവേശം.
ജീവന് തിരിച്ചുകിട്ടിയതിലുള്ള ആഹ്ലാദത്തോടൊപ്പം വഴിമാറിയൊഴുകിയ ജീവിതവുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ചാലക്കുടിയില്‍ പിതാവ് ബാബു ജോസഫിന്റെ വീടും കടയും വിറ്റു കുടുംബം കാരൂരിലേക്ക് പോയി. ആഷ്ലിക്ക് കൂടുതല്‍ എളുപ്പത്തില്‍ ചലിക്കാന്‍ കഴിയുന്നതിനു സൗകര്യമുള്ള സ്ഥലം – അതായിരുന്നു കാരൂരിലേക്കുള്ള മാറ്റത്തിന്റെ ലക്ഷ്യം.
കാരൂരില്‍ ആയിരിക്കുമ്പോഴും താന്‍ കളിച്ചുവളര്‍ന്ന, കൂട്ടുകാരുടെ സാന്നിധ്യമുള്ള ചാലക്കുടി തന്നെയായിരുന്നു ആഷ്ലിയുടെ സ്വര്‍ഗരാജ്യം. ഇപ്പോള്‍ ചാലക്കുടിയില്‍ ബാബു ജോസഫ് പണിയുന്ന ഷോപ്പിങ് സെന്ററും അതിനു മുകളില്‍ ഒരുക്കുന്ന ഫ്ളാറ്റും കുടുംബത്തിന്റെ ചാലക്കുടിയിലേക്കുള്ള രണ്ടാം വരവിനുള്ള തയാറെടുപ്പിന്റെ ഭാഗമാണ്. ‘എനിക്ക് ജീവിതം തിരിച്ചുതന്നത് യേശുവാണ്. അതിനു എന്നും എനിക്കു നന്ദിയുണ്ട്. ദൈവം എന്നെ ഇതുവരെ കാത്തു.
ദിവ്യബലിയില്‍ പങ്കുകൊള്ളുമ്പോള്‍ എനിക്ക് വല്ലാത്ത ശക്തി ലഭിക്കുന്നതുപോലെ. നഷ്ടപ്പെട്ട യൗവനത്തെയും സ്വപ്നങ്ങളെയുംപറ്റി ഞാന്‍ നിരാശപ്പെടാറില്ല. ഒരു ദിവസം ദിവ്യബലിയില്‍ പങ്കെടുത്തില്ലെങ്കില്‍, ആ ദിവസം നഷ്ടപ്പെട്ടതുപോലെയാണെനിക്ക്…’ കാലുകള്‍ തളര്‍ന്നിട്ടില്ലെങ്കിലും അവയിലെ ബലക്ഷയവു അപകടം കവര്‍ന്ന ചലന സ്വാതന്ത്ര്യവും കണക്കാക്കാതെ ആഷ്ലി പ്രസാദമധുരമായി ജീവിതവുമായി ചങ്ങാത്തത്തിലാണ്.
BY- ജെ. ടി. കേരളസഭ