എന്തുകൊണ്ട് 50 ദിവസം നോമ്പ്? 40 Days Lent or 50 Days Lent. അപ്പോസ്തോലിക സഭ മുഴുവന്‍ വലിയ നോമ്പ് ആചരിക്കുന്നു. സുറിയാനി പാരമ്പര്യ (പൌരസ്ത്യ) സഭകള്‍ തിങ്കളാഴ്ചയോടുകൂടി നോമ്പ് ആരംഭിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തില്‍ (ലത്തീൻ കത്തോലിക്ക) രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയനോമ്പ് ആരംഭിക്കുന്നത്.
എന്താണ് ഇതിന്റെ കാരണം?
ലത്തീൻ കത്തോലിക്ക പാരമ്പര്യം (പാശ്ചാത്യ പാരമ്പര്യത്തില്‍) വലിയ നോമ്പ് ബുധനാഴ്ച ആരംഭിക്കുന്നു. ‘വിഭൂതി ബുധന്‍ / ക്ഷാര ബുധന്‍ ‘ (Ash Wednesday) എന്നാണു ഈ ബുധനെ വിളിക്കുക. മനുഷ്യന് മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുന്നു എന്ന സത്യം ഓര്‍മ്മിച്ചുകൊണ്ട് ചാരം കൊണ്ട് കുരിശു രൂപം നെറ്റിയില്‍ അടയാളപ്പെടുത്തി പാശ്ചാത്യ സഭ (ലത്തീൻ കത്തോലിക്ക സഭ ) നോമ്പ് ആരംഭിക്കുന്നു.
പാശ്ചാത്യ പാരമ്പര്യത്തില്‍ വലിയ നോമ്പ് കൃത്യം 40 ദിവസമാണ്. നോമ്പ് ആരംഭിക്കുന്ന ബുധനാഴ്ച മുതല്‍ ദുഃഖശനി വരെ എണ്ണി നോക്കിയാല്‍ കൃത്യം 40 ദിവസം ആയിരിക്കും. എന്നാല്‍ ഞായരാഴ്ചകള് കണക്കു കൂട്ടുന്നില്ല. കാരണം, ഞായരാഴ്ചകള് ചെറിയ ഉയിര്‍പ്പ് പെരുന്നാള്‍ ദിവസങ്ങള്‍ (Mini Easter feast days) ആണ്. അതുകൊണ്ട് ഈ ഞായരാഴ്ച്ചകളെ ‘നോമ്പിലെ ഞായറാഴ്ചകള്‍’ (Sundays during the Lent) എന്ന് വിളിക്കുന്നു.
അങ്ങനെ ഞായരാഴ്ചകള് ഒഴിവാക്കിയാല്‍ വിഭൂതി ബുധന്‍ മുതല്‍ ദുഃഖശനി വരെ കൃത്യം 40 ദിവസം. ഈസ്റ്റര്‍ ദിവസം നോമ്പ് അവസാനിക്കുകയും ചെയ്യും. സുറിയാനി പാരമ്പര്യം അനുസരിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ, സുറിയാനി ഓര്‍ത്തോഡോക്സ് സഭകള്‍ രണ്ടു ദിവസം മുന്‍പേ ആരംഭിക്കുന്നു. നിരപ്പിന്റെ ശുശ്രൂഷയോടു (ശുബ്ക്കൊനോ) കൂടിയാണ് ആരംഭിക്കുന്നത്.
തിങ്കള്‍ മുതല്‍ നാല്‍പ്പതു ദിവസം ആണ് 40 നോമ്പ്. ഞായറാഴ്ച്ചകളും കണക്കു കൂട്ടപ്പെടും. ഞായരാഴ്ചകള് ‘നോമ്പിന്റെ ഞായറാഴ്ചകള്‍’(Sundays of the Lent) എന്ന് വിളിക്കപ്പെടുന്നു. അങ്ങനെ തിങ്കള്‍ മുതല്‍ നാല്‍പ്പതാം വെള്ളി വരെ 40 ദിവസം പൂര്‍ത്തീകരിക്കുന്നു. എന്നാല്‍ നോമ്പ് അന്ന് അവസാനിക്കുന്നില്ല. പിന്നീട് ഒരാഴ്ച യേശു മിശിഹയുടെ പീഡാനുഭവവാരം ആണ്.
അതായത് ലാസറിന്റെ ശനി മുതല്‍ ദുഃഖശനി വരെ പീഡാനുഭവ ധ്യാനം ആണ്. ആ ദിവസങ്ങളില്‍ കൂടി നോമ്പ്നീളുന്നു. അങ്ങനെ ആകെ നോമ്പ് ദിവസങ്ങള്‍ 40 + 1+7 = 48 ദിവസം (ഇതോടു കൂടെ പേത്ത്രത്തൊ അഥവ കൊത്തിനെ ഞായറും ഉയിർപ്പു ഞായറും കൂടെ ചേർന്ന് 50 ദിവസം). ശുദ്ധമുള്ള ഉയിര്‍പ്പ് പെരുന്നാളോട് കൂടി നോമ്പ് അവസാനിക്കുന്നു.
ഈസ്റ്റര്‍ ആഘോഷത്തിനു ഒരുക്കമായി നടത്തപ്പെടുന്ന നോമ്പ് ചില പൗരസ്ത്യ സഭകളില്‍ 50 ദിവസവും റോമന്‍ കത്തോലിക്കാ സഭയില്‍ (ലത്തീന്‍ സഭ) 40 ദിവസവുമായിട്ടാണ് ആചരിക്കപ്പെടുന്നത്. റോമന്‍ കത്തോലിക്കാ സഭയില്‍ വിഭൂതി ബുധന്‍ മുതല്‍ നോമ്പ് ആരംഭിക്കുമ്പോള്‍ വിഭൂതി ബുധനു മുന്‍പു വരുന്ന തിങ്കള്‍ മുതലാണ് സീറോ മലബാര്‍ സഭയിലും മലങ്കര സഭയിലും നോമ്പാചരണം തുടങ്ങുന്നത്.
റോമന്‍ കത്തോലിക്കാ സഭയിലെ പാരമ്പര്യമനുസരിച്ച് വിഭൂതി ബുധന്‍ മുതല്‍ വലിയ ശനി വരെയുള്ള 40 ദിനങ്ങളാണ് നോമ്പുകാലമായി ആചരിക്കുന്നത്. ഞായര്‍ കര്‍ത്താവിന്റെ ദിവസം ആയതുകൊണ്ട് (ആഴ്ചയിലെ ആദ്യദിനമായ ഉത്ഥാനദിനം) ഇതിനിടയില്‍ വരുന്ന 6 ഞായറാഴ്ചകള്‍ നോമ്പുദിനങ്ങളായി കൂട്ടാറില്ല. (ഇക്കാരണത്താലാണ് ഞായറാഴ്ചകളില്‍ വിശുദ്ധരുടെ സ്മരണാദിനങ്ങള്‍ വന്നാലും ലത്തീന്‍ സഭയില്‍ ഇടവകതിരുനാളൊഴികെയുള്ള തിരുനാളാചരണം അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കുന്നത്.) ഞായറാഴ്ച നോമ്പുദിനമായി കണക്കാക്കുന്നില്ല എന്നുകരുതി അന്ന് നോമ്പാചരണം ഒഴിവാക്കാം എന്നര്‍ഥമില്ല.
വിഭൂതി ബുധന്‍ മുതല്‍ വലിയ ശനി വരെയുളള 40 ദിവസങ്ങള്‍ കഴിഞ്ഞുവരുന്ന ദിവസമാണ് റോമന്‍ കത്തോലിക്കാ സഭയില്‍ ഈസ്റ്ററായി ആചരിക്കുന്നത്. യേശു മരൂഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിന്റെ സ്മരണയിലാണ് സഭയില്‍ നോമ്പാചരണം ആരംഭിച്ചത് എന്നതുകൊണ്ട് 40 ദിവസത്തെ നോമ്പാചരണം എന്ന പാരമ്പര്യം വേദഗ്രന്ഥ പാരമ്പര്യത്തോടും ചേര്‍ന്നു നില്ക്കുന്നു. മേല്പറഞ്ഞതുകൂടാതെ , ഒട്ടേറെ പ്രത്യേകതകള്‍ 40 എന്ന സംഖ്യക്കു ബൈബിള്‍ നല്‍കുന്നുണ്ട്.
-നോഹയുടെ കാലത്തെ വെള്ളപ്പൊക്കം 40 ദിനം നീണ്ടുനില്ക്കുന്നുണ്ട് (ഉല്പ 7:12).
-ഈജിപ്തില്‍ നിന്നും ഒളിച്ചോടുന്ന മോശ 40 വര്‍ഷങ്ങളാണ് മിദിയാനില്‍ ആടുമേയിച്ചു നടക്കുന്നത് (അപ്പപ്ര 7:30).
-10 കല്പന ഏറ്റുവാങ്ങുംമുമ്പ് മോശ സീനായ് മലമുകളില്‍ 40 രാവും പകലും പ്രാര്‍ഥനയില്‍ ചെലവഴിക്കുന്നുണ്ട് (പുറ 24:18).
-മോശ ഇസ്രായേല്‍ ജനത്തിനുവേണ്ടി 40 ദിവസങ്ങള്‍ ദൈവത്തോടു മധ്യസ്ഥപ്രാര്‍ഥന നടത്തുന്നുണ്ട് (നിയമാ 9:18).-ഇസ്രായേല്‍ ജനം കാനാന്‍ ദേശം ഒറ്റുനോക്കാനായി 40 ദിവസമാണെടുക്കുന്നത് (സംഖ്യ 13:25).
-ഇസ്രായേല്‍ ജനം 40 വര്‍ഷം മരുഭൂമിയില്‍ അലഞ്ഞുനടക്കുന്നുണ്ട് (നിയമാ 8:2-5).
-ജസബെല്‍ രാജ്ഞിയില്‍നിന്നും രക്ഷപെട്ടോടുന്ന ഏലിയ 40 ദിവസമെടുത്താണ് ഹോറെബ് മലയിലെത്തുന്നത് (1രാജാ 19:8).
-യേശു ഉത്ഥാനത്തിനുശേഷം 40 ദിവസങ്ങള്‍ കഴിഞ്ഞാണ് സ്വര്‍ഗാരോഹണം ചെയ്യുന്നത് (അപ്പപ്ര 1:3).
വിഭൂതി ബുധനാഴ്ച ആരംഭിച്ച് വിശുദ്ധവാരത്തിലെ ശനിയാഴ്ച വൈകുന്നരത്തോടെയാണ് നാല്പതു (40) ദിവസം (Quadragesima)നീളുന്ന തപസ്സുകാലത്തിന്റെ ദൈർഘ്യം. പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്ത പ്രവർത്തനങ്ങളുടേയും ഉപവാസത്തിന്റേയും ദിവസങ്ങളാണ് ഈ നാല്പത് ദിവസങ്ങൾ. ഞായറാഴ്ചകൾ നമ്മുടെ കർത്താവീ ശോ മിശിഹായുടെ ഉയിർപ്പ് അനുസ്മരിക്കുന്നത് കൊണ്ട്, സഭയുടെ പുരാതനമായ പാരമ്പര്യമനുസരിച്ച് ഞായറാഴ്ചകളിൽ (The Lord’s Day) ഉപവാസമോ തപസ്സോ ആചരിക്കുന്ന പതിവില്ല.
എല്ലാ ഞായറാഴ്ചകളും ഈശോയുടെ ഉത്ഥാനത്തിരുന്നാൾ ദിവസമാണ്. അത് കൊണ്ട് വിഭൂതി ബുധൻ മുതൽ വലിയ ശനി വരെയുള്ള ഞായറാഴ്ച്ചകൾ നോമ്പുകാലത്തിൽ എണ്ണപ്പെടുന്നില്ല. ഈ ഞായറാഴ്ചകൾ ഒഴിവാക്കിയാണ് റോമൻ കത്തോലിക്കാ സഭയിൽ നോമ്പുകാലം നാല്പത് എന്ന് ക്രമപ്പെടുത്തിയിരിക്കുന്നത്.