“നീ പൊടിയാണ്…. പൊടിയിലേയ്ക്കു തന്നെ… നീ മടങ്ങും…. “
പശ്ചാത്താപത്തിന്റെയും, പാപപരിഹാരത്തിൻറെയും, അനുതാപത്തിന്റെയും
കാലമാണ് വിശ്വാസികൾക്ക് ഈ വലിയ നോമ്പുകാലം… ഉപവാസത്തിലും പ്രാർത്ഥനയിലും പങ്കുകൊണ്ട് നമ്മുക്ക് ഈ വലിയ നോമ്പ് ഭക്തി നിർഭരമാക്കാം.
ആരാധനാക്രമ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിവസങ്ങളിലൊന്നാണ് അനുതാപ പാപപരിഹാര പ്രക്രിയകളിലൂടെ പുണ്യങ്ങള്‍ പൂക്കുന്ന വലിയ നോമ്പിലേക്ക് ക്രൈസ്തവര്‍ പ്രവേശിക്കുന്ന വിഭൂതി (കുരിശുവര തിരുനാള്‍). നോമ്പുകാലത്തിന്റെ ആദ്യ ഞായറിന് പിറ്റേ ദിവസമാണ് (തിങ്കളാഴ്ച) സീറോ മലബാര്‍, സീറോ മലങ്കര സഭ അടക്കമുള്ള പൌരസ്ത്യ സഭകള്‍ വിഭൂതി ആചരിക്കുന്നത്. ഈസ്റ്റര്‍ ഞായറിന് 46 ദിവസങ്ങള്‍ മുന്‍പ് വരുന്ന ബുധനാഴ്ചയാണ് റോമന്‍ സഭ വിഭൂതി ആഘോഷിക്കുന്നത്. അതായത് ലാറ്റിന്‍ സമൂഹമാണ് ‘വിഭൂതി ബുധന്‍’ ഏറ്റവും ശക്തമായ പ്രാധാന്യം നല്‍കുന്നത്. അനുതാപത്തിന്റേയും, ഉപവാസത്തിന്റേതുമായ യഹൂദ പാരമ്പര്യത്തില്‍ നിന്നുമാണ് വിഭൂതി ബുധന്റെ ആരംഭം.
വിഭൂതി ബുധനില്‍ ശിരസ്സില്‍ ചാരം പൂശുന്ന പതിവുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ച പൂഴിയെ പ്രതിനിധീകരിക്കുന്നതാണ് ഈ ചാരം. “നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും” (ഉത്പത്തി 3:5) എന്ന വചനം പറഞ്ഞുകൊണ്ടാണ് വൈദികന് വിശ്വാസിയുടെ നെറ്റിയില്‍ ചാരം പൂശുന്നത് തന്നെ. രണ്ടാം നൂറ്റാണ്ടിലെ സഭാസംബന്ധിയായ ചില രേഖകളില്‍ ഇത്തരത്തിലുള്ള ചാരം കൊണ്ടുള്ള കുരിശുവരയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഇതിനര്‍ത്ഥം ആചാരത്തിനു ന്നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൂദാശകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിഭിന്നമായി സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്കും, അക്രൈസ്തവര്‍ക്കും കുരിശുവര തിരുനാള്‍ ദിനത്തില്‍ ചാരം കൊണ്ട് നെറ്റിയില്‍ കുരിശ് വരക്കുവാന്‍ അനുവാദമുണ്ട്. എല്ലാ വിശ്വാസികളും അനുതാപത്തിന്റെ പ്രതീകമായ ചാരം കൊണ്ട് നെറ്റിയില്‍ കുരിശുവരയ്ക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്ന് ഇത് ഓര്‍മ്മപ്പെടുത്തുന്നു.
യോനായുടെ പ്രവചനം കേട്ട നിനവേ നിവാസികൾ തീവ്രപശ്ചാത്താപത്തില്‍ രാജാവും പ്രഭുക്കന്മാരും സാധാരണ ജനങ്ങളും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ച മാതൃക പിന്തുടര്ന്നുകൊണ്ടാണ് നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരയ്ക്കുന്ന പതിവ് ആരംഭിച്ചത്. ഈ ഭൂമിയിലെ ജീവിതവും ഒരിക്കല്‍ കടന്നുപോകുമെന്നും എളിമപ്പെടാനും ത്യാഗമനോഭാവത്തോടെ ജീവിക്കുവാനും ഓര്‍മ്മപ്പെടുത്തുകയുമാണ് ഈ ദിവസത്തിലെ ശുശ്രൂഷയിലൂടെ ചെയ്യുന്നത്. മുന്‍വര്‍ഷത്തിലെ കുരുത്തോല വിശുദ്ധ ജലം കൊണ്ട് വെഞ്ചരിക്കുകയും, സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് സുഗന്ധപൂരിതമാക്കുകയും ചെയ്തതിനു ശേഷമാണ് ചാരമാക്കുന്നത്. അനുതാപമാര്‍ന്ന ഹൃദയത്തോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവരെ ദൈവം കടാക്ഷിക്കും എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചാരം പൂശല്‍.
അനുതാപത്തിന്റേയും, ഉപവാസത്തിന്റേയും പ്രാര്‍ത്ഥനയുടെയും ദിവസമായ വിഭൂതി തിങ്കളാഴ്ച / ബുധനില്‍ മറ്റ് ആഘോഷങ്ങളില്‍ പങ്കുചേരുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് പാരമ്പര്യമായി പറയുന്നത്. അതുപോലെതന്നെ ദിവസം മുഴുവനും നെറ്റിയില്‍ കുരിശ് വരക്കേണ്ടതിന്റെ ആവശ്യമില്ലെങ്കിലും ക്രിസ്തീയ സാക്ഷ്യത്തിനുള്ള അവസരമാണ് വിഭൂതി തിങ്കളാഴ്ച /ബുധന്‍. നെറ്റിയില്‍ കുരിശ് വരച്ചുകൊണ്ട് പൊതു സ്ഥലങ്ങളിലൂടെ പോകുമ്പോള്‍ അത് അനേകര്‍ക്ക് മുന്നില്‍ ക്രിസ്തീയ സാക്ഷ്യമായി മാറുകയാണ് ചെയ്യുന്നത്. ഇതിനെ കുറിച്ചുള്ള അവബോധം അനേകരില്‍ ജനിപ്പിക്കാനും ക്രിസ്തീയ മാതൃക പിഞ്ചെല്ലുവാനും ഇത് പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും. നസ്രായാ, അങ്ങയുടെ ആലയമായ എന്റെ ശരീരത്തെയും മനസ്സിനേയും എല്ലാ ബലഹീനതകളോടും കൂടെ നിൻമുൻപിൽ തരുന്നു. നോമ്പുകാലത്തിലെ വിഭൂതി തിരുനാളിലേക്കു കടക്കുമ്പോൾ എന്റെ നെറ്റിത്തടത്തിൽ വൈദീകൻ ചാരത്താൽ കുരിശു വരയ്ക്കുമ്പോൾ, എന്നിലെ ബലഹീനതകളെ അങ്ങേറ്റെടുക്കണമേ. വിശുദ്ധമായ ശരീരത്തോടും മനസ്സോടും കൂടെ ഈ അമ്പതു ദിനങ്ങൾ നിനക്കൊപ്പം ആയിരിക്കാൻ, ഈ ലോകത്തിന് മരിച്ച് നിനക്കായി ജീവിക്കുവാൻ എന്നെ സഹായിക്കണെ…
പശ്ചാത്തപിക്കുന്ന പാപികൾക്ക് വാതിൽ തുറന്നു കൊടുക്കുന്നവനായ കാരുണ്യവാനേ, നിന്റെ കൃപയുടെ വാതിൽ ഞങ്ങൾക്കായി തുറക്കേണമെ.. അതുതാപത്തിന്റെ വസ്ത്രം ധരിച്ചും ശിരസ്സിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവെക്കാരെ ജീവന്റെ വഴിയിലേക്ക് നയിച്ചവനേ, ഈ നോമ്പുകാലം ഞങ്ങൾക്ക് മാനസാന്തരത്തിന്റെയും നവീകരണത്തിന്റെയും അവസരമായിരിക്കട്ടെ… ഞങ്ങൾ മണ്ണാണെന്നും മണ്ണിലേക്ക് തന്നെ മടങ്ങുമെന്നും ഞങ്ങൾ അറിയുന്നു… നശ്വരമായ ഈ ലോകത്തിന്റെ അപ്പത്തിനായി അലയാതെ, അങ്ങു നൽകുന്ന ജീവന്റെ അപ്പത്തിനായി അദ്ധ്വാനിക്കാനെന്നെ അനുഗ്രഹിക്കണമേ…
എല്ലാവർക്കും വിഭൂതിതിരുനാളിന്റെ എല്ലാ അനുഗ്രഹങ്ങളും സ്നേഹപൂർവ്വം ആശംസിക്കുന്നു!
1 Comment
എല്ലാം അമ്മയും മകനും കാത്തു കൊള്ളും