ജോസഫ് പാണ്ടിയപ്പള്ളിൽ
1947 ഓഗസ്റ്റ് പതിനഞ്ച്! ഇന്ത്യ ഇന്ത്യക്കാരാൽ ഭരിച്ചു തുടങ്ങിയ ദിവസം. ഇന്ത്യക്കാരുടെ സ്വത്തും സൗകര്യങ്ങളും ഉപയോഗിച്ച് വിദേശികളായ ഭരണകർത്താക്കൾ ഇന്ത്യാക്കാരെ ഭരിക്കുകയും ഭരണസൗകര്യങ്ങളുടെ ഗുണം അനുഭവിക്കുകയും ചെയ്തീരുന്നതിന് പകരം ഇന്ത്യാക്കാരായ ഭരണകർത്താക്കൾ 75 വർഷങ്ങൾ ഇന്ത്യക്കാരുടെ സ്വത്തും സൗകര്യങ്ങളും ഉപയോഗിച്ച് ഇന്ത്യക്കാരെ ഭരിക്കുകയും ഭരണസൗകര്യങ്ങളുടെ ഗുണം അനുഭവിച്ചുതുടങ്ങുകയും ചെയ്തതിന്റെ വാർഷികദിനം ആണ് ഓഗസ്റ്റ് പതിനഞ്ച്.
ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളിൽ ഏതാനും വിദേശികൾക്ക് പകരം ഏതാനും സ്വദേശികൾ പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ സാധാരണ പൗരന് അതുവഴി എന്തു മെച്ചമുണ്ടയി എന്ന് പരിശോധിക്കേണ്ട ദിനവും കൂടിയാണ് ഇന്ന്. ഇന്ത്യയുടെ രാഷ്ട്രീയസംസ്ക്കാരത്തിന് മാറ്റം ആവശ്യമെങ്കിൽ മാറ്റത്തിന് തിരികൊളുത്തേണ്ട ദിനവും ഇന്നാണ്.
കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് പതിനഞ്ചു പരിശുദ്ധ മറയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ കൂടിയാണ്. അഞ്ചാം നൂറ്റാണ്ടിൽ ജറുസലേമിലെ സഭയാണ് മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആദ്യമായി ആഘോഷിച്ചത്.
അലക്സാൻഡ്രിയയിലെ വി. കിരിൽ ആണ് ഈ തിരുനാൾ ഓഗസ്റ്റ് പതിനഞ്ചിന് ഘോഷിക്കാൻ ആഹ്വാനം ചെയ്തത്. അന്ന് റോമാസാബ്രാജ്യത്ത് എല്ലായിടത്തും അവധിദിവസമായിരുന്നു എന്നതും ഓഗസ്റ്റ് പതിനഞ്ച് തിരഞ്ഞെടുക്കാൻ കാരണമായി.
നമ്മെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് പതിനഞ്ചു ഇന്ത്യയുടെ സ്വതന്ത്ര്യദിനമായത് മറിയത്തിന്റെ സ്വർഗ്ഗാരോപണം അവധിദിവസമാകുന്നതിനും ആഘോഷമായി ഈ തിരുനാൾ ഘോഷിക്കുന്നതിനും സൗകര്യം നൽകുന്നു. പല പാശ്ചാത്യ രാജ്യങ്ങളിലും മറിയത്തിന്റെ സ്വര്ഗാരോപണം പൊതു അവധി ദിവസമാണ്.
അഞ്ചാം നൂറ്റാണ്ടിൽ ജെറുസലേമിലും പിന്നീട് അലക്സാണ്ടറിയായിലും ആരംഭിച്ച ഈ തിരുനാൾ ഏഴാം നൂറ്റാണ്ടു മുതൽ പാശ്ചാത്യ സഭയും ആഘോഷിച്ചുപോന്നിരുന്നു. എന്നാൽ 1950- ൽ പന്ത്രണ്ടാം പിയുസ് മാർപ്പാപ്പായാണ് പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതും ആഗോളസഭയിൽ എല്ലായിടത്തും മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിച്ചുതുടങ്ങിയതും.
മരണവും നാശവും ഭീകരതയും വിതച്ച രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ദുരിതത്തിന്റെയും ദാരിദ്ര്യത്തിന്റെയും നഷ്ടത്തിന്റെയും നിരാശയുടെയും നാളുകളിൽ മറിയത്തിന്റെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചത് പടിഞ്ഞാറൻ ക്രൈസ്തവര്ക്ക് പ്രത്യേകിച്ചും വലിയ പ്രതീക്ഷയും സന്തോഷവും നൽകി. സഹിക്കുന്നവരെയും എളിമപ്പെടുത്തപ്പെട്ടവരെയും ദൈവം ഒരിക്കലും കൈവിടില്ലെന്നും ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന അവർക്ക് ദൈവം പ്രതീക്ഷ നൽകുമെന്നും അവരെ മറ്റെല്ലാവരേക്കാളും ഉന്നതമായ സ്ഥാനത്തു എത്തിക്കുമെന്നുമുള്ള സന്ദേശമാണ് മറിയത്തിന്റെ സ്വർഗാരോപണം എന്ന വിശ്വാസസത്യം നൽകുന്ന സന്ദേശം.
പരിശുദ്ധ മറിയത്തിന്റെ “പൂർത്തീകരണത്തിന്റെ തിരുനാൾ” എന്നും, പരിശുദ്ധ മറിയത്തിന്റെ “സ്വഭവനത്തിലേക്കുള്ള തിരിച്ചുപോകലിന്റെ തിരുനാൾ” എന്നും, മറിയത്തിന്റെ “സ്വർഗത്തിലേക്കുള്ള എടുക്കപ്പെടലിന്റെ തിരുനാൾ” എന്നും, മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളിനെ വിളിക്കാറുണ്ട്. പൗരസ്ത്യസഭയിൽ പരിശുദ്ധ മറിയത്തിന്റെ “ഉറക്കത്തിന്റെ തിരുനാൾ” എന്നാണ് മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളിനെ വിളിക്കുന്നത്.
മറിയത്തിന്റെ മരണത്തെക്കുറിച്ചും സ്വർഗ്ഗാരോപണത്തെക്കുറിച്ചും വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് തുർക്കിയിലെ എഫെസൂസിലെ പാരമ്പര്യവും ജറുസലേമിലെ പാരമ്പര്യവുമാണ്. മറിയം മരിച്ചപ്പോൾ യഹൂദാചാരപ്രകാരം മറിയത്തെ അടക്കിയെന്നും, കല്ലറവാതിൽക്കൽ വലിയുമൊരു കല്ലുരുട്ടിവച്ചു എന്നും, എന്നാൽ വൈകാതെ ഈശോയും മാലാഖാമാരും അവിടെയെത്തി കല്ലുരുട്ടി മാറ്റി, മറിയത്തെ ഉടലോടെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി, എന്നുമുള്ള ഒരു പാരമ്പര്യം, എഫേസൂസിലിൽ നിലവിലുള്ളതായി നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലേക്ക് പ്രേഷിതനായി പോയ തോമാശ്ലീഹാ ഒരിക്കൽ ജറുസലേമിൽ സന്ദർശനത്തിനു എത്തിയെന്നും അപ്പോൾ മറിയം മരിച്ചതും അടക്കപ്പെട്ടതും അറിഞ്ഞു കല്ലറ തുറന്നു കാണണമെന്ന് ശാട്യം പിടിക്കുകയും, തോമാശ്ലീഹായുടെ നിർബന്ധത്തിന് വഴങ്ങി കല്ലറ തുറന്നുവെന്നും, എന്നാൽ കല്ലറയിൽ മറിയത്തിന്റെ മൃതശരീരം കണ്ടില്ലെന്നും, പകരം സുഗന്ധം ഭ്രമിച്ചുവെന്നും, അതിൽനിന്നും മറിയം സ്വർഗ്ഗാരോപിതയായി എന്ന് ശിഷ്യർ വിശ്വസിച്ചു എന്നുമാണ് ജറുസലേമിലെ പാരസമ്പര്യം.
ക്രിസ്തുവിന്റെ സ്വര്ഗാരോഹണശേഷം മറിയം വി. യോഹന്നാനോടുകൂടെ എഫേസൂസിൽ ജീവിച്ചു എന്നാണ് ചരിത്രവും പാരമ്പരവും. ഇന്ന് എഫേസൂസിലും ജെറുസലേമിലും മറിയത്തിന്റേതെന്ന് പറയപ്പെടുന്ന കല്ലറകൾ ഉണ്ട്. ഈ രണ്ട് ഐതീഹ്യങ്ങളും സത്യത്തിൽ ചരിത്രപരമായി തെളിയിക്കപ്പെട്ടവയല്ല. രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽനിന്നും രണ്ടു വ്യത്യസ്ത പാരമ്പര്യങ്ങളും ഐതീഹ്യങ്ങളും ഉണ്ടെന്നതും അവക്കൊന്നും ചരിത്രരേഖകളില്ല എന്നതും ബുദ്ധിക്ക് ഗ്രാഹ്യമായമായ വിവരണമല്ല ഇതെന്നതും നമ്മൾ മറച്ചുവക്കേണ്ടതില്ല.
എന്നാൽ മറിയത്തിന്റെ സ്വർഗ്ഗാരോപണംത്തെക്കുറിച്ചു ഒരു വിശ്വാസ പാരമ്പര്യമുണ്ട്. മറിയത്തിന്റെ സ്വര്ഗാരോപണത്തെക്കുറിച്ചുള്ള വിശ്വാസപാരമ്പര്യം ഉണ്ടാകുന്നതിനും വളരുന്നതിനും കാരണം മറിയത്തിന്റെ വിശുദ്ധിയും ജീവിത മാതൃകയും ആണ്.
ഇന്നത്തെ സുവിശേഷത്തിൽ ഈശോ ചോദിക്കുന്ന ചോദ്യം വളരെ ശ്രദ്ധേയമാണ്. ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരൻ? സ്വർഗ്ഗത്തിലുള്ള എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവർ ആരോ അവരാണ് എന്റെ അമ്മയും സഹോദരനും സഹോദരിയും.
സ്വർഗ്ഗത്തിലുള്ള പിതാവിന്റെ ഇഷ്ടം പരിശുദ്ധ മറിയം നിറവേറ്റിയപോലെ അത്ര പൂർണ്ണതയിൽ നിറവേറ്റാൻ മാർക്കും ഇതുവരെ സാധിച്ചിട്ടുണ്ടാകാൻ സാധ്യതയില്ല. അപ്രതീക്ഷിതമായി കൗമാരപ്രായത്തിൽ പരിശുദ്ധാൽമാവിനാൽ ഗര്ഭിണിയാകുമെന്നു അപരിചിതനായ മാലാഖ പറഞ്ഞപ്പോൾ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ” എന്ന് പറയാൻ മാത്രമുള്ള വിശ്വാസവും ധൈര്യവും വിവേകവും ഗ്രാഹ്യവും മാറിയത്തിനല്ലാതെ മറ്റാർക്കാണ് ഇന്നുവരെയുള്ള മനുഷ്യചരിത്രത്തിൽ സാധിച്ചിട്ടുള്ളത്.
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു, ഈ ദാസിയുടെ താഴ്മയെ അവിടുന്ന് തൃക്കൺ പാർത്തു, അവിടുത്തെ നാമം മഹത്വപ്പെടട്ടെ, എന്ന സ്തോത്രഗീതത്തിലൂടെ തന്റെ ലാളിത്യത്തെക്കുറിച്ചു വ്യക്തമായ ബോധ്യവും, തന്റെ ലാളിത്യം ദൈവതിരുമുൻപിൽ മഹത്വം ഉള്ളതാണെന്ന അറിവും, തന്റെ താഴ്മയും ലാളിത്യവും പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും, മാറിയത്തിലല്ലാതെ മാറ്റാരിലാണ് മാനുഷ്യചരിത്രത്തിൽ നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.
അതുകൊണ്ട് മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന് ഒന്നാമത്തെ തെളിവ് എഫേസൂസിലെ ഐതിഹ്യമോ ജെറുസലേമിലെ പാരമ്പര്യമോ അല്ല. മറിയത്തിന്റെ എളിമയും സഹനവും ജീവിതവിശുദ്ധിയും ദൈവാശ്രയബോധവും മറിയത്തിന്റെ ഒരിക്കലും അസ്തമിക്കാത്ത പ്രതീക്ഷയുമാണ്.
പരിശുദ്ധ മറിയം അപമാനിക്കപ്പെട്ടതുപോലെ ജീവിതത്തിൽ ഒരിക്കലും ഒരു മനുഷ്യനും അപമാനിക്കപ്പെട്ടിട്ടുണ്ടാകില്ല. പരിശുദ്ധ മറിയം എളിമപ്പെട്ടതുപോലെ ഒരു മനുഷ്യനും ജീവിതത്തിലൊരിക്കലും എളിമപ്പെട്ടിട്ടുണ്ടാകില്ല. പരിശുദ്ധ മറിയം സഹിച്ചതുപോലെ ജീവിതത്തിലൊരിക്കലും ആരും സഹിച്ചിട്ടുണ്ടാകില്ല. പരിശുദ്ധ മറിയം ജീവിതത്തിൽ പ്രതീക്ഷയും പ്രത്യാശയും പ്രകടിപ്പിച്ചതുപോലേ ആരും ഒരുക്കലും സഹിഷ്ണതയോടെ, സമചിത്തതയോടെ, പ്രത്യാശിക്കയും പ്രതീക്ഷിക്കയും ചെയ്തിട്ടുണ്ടാകില്ല. പരിശുദ്ധ മറിയം ദൈവത്തിൽ ആശ്രയിച്ചപോലെ ഇന്നുവരെ ആരും അത്രമാത്രം ദൈവത്തിൽ മാത്രമായി ആശ്രയിച്ചിട്ടുണ്ടാകില്ല.
അതുകൊണ്ടു മറിയത്തിനു കൊടുക്കാവുന്ന ഏറ്റവും യോജിക്കുന്ന വിശേഷണം ദൈവമാതാവ് എന്നതുതന്നെ. മാറിയത്തെക്കുറിച്ചു നമുക്ക് സൂഷിക്കാവുന്ന ഏറ്റവും നല്ല ഓർമ്മ മറിയം സ്വർഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടു എന്ന വിശ്വാസപാരമ്പര്യവും വിശ്വാസപ്രഖ്യാപനവും തന്നെ.
മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആചരിക്കുമ്പോൾ മറിയത്തിന്റെ സ്വഭാവസവിശേഷതകളും ഗുണങ്ങളും രീതികളും നമുക്ക് മാതൃകയാക്കി പിന്തുടരാം. മറിയത്തിന്റെ പ്രതീക്ഷയും സഹിഷ്ണതയും അസ്തമിക്കാത്ത പ്രത്യാശയും നമുക്കും ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അത് ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യാം.
മറിയത്തിന്റെ സാന്നിധ്യവും മാധ്യസ്ഥവും ആശംസിക്കുന്നു. മറിയത്തെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ക്രിസ്തുവിന്റെ കൃപയും ആശീർവാദവും എന്നും എപ്പോഴും നമ്മോടൊത്തുണ്ടാകട്ടെ! ആമ്മേൻ!