ഫാ. വർഗീസ് വള്ളിക്കാട്ട്
ആർ. എസ്. എസ്. മേധാവി ശ്രീ. മോഹൻ ഭാഗവത്, ന്യൂനപക്ഷ സമുദായങ്ങളുടെ നേതൃസ്ഥാനത്തുള്ള ചില വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയതായും, സാമുദായിക ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനായി അവർതമ്മിൽ ആശയവിനിമയം നടന്നതായുമുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടു. ഗോഹത്യ, കാഫിർ പ്രയോഗം തുടങ്ങി ഭൂരിപക്ഷ സമുദായത്തെ മുറിപ്പെടുത്തുന്ന വിഷയങ്ങളിൽനിന്നു വിട്ടുനിൽക്കാൻ അദ്ദേഹം അവരെ ഉപദേശിച്ചതായും, ഒപ്പം മുസ്ലിങ്ങളെല്ലാം ജിഹാദികളാണ് എന്നതരത്തിലുള്ള പ്രചാരണങ്ങൾ മറുഭാഗത്തുനിന്നും ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചതായും കണ്ടു.
ആദ്യമേതന്നെ പറയട്ടെ, ഇത്തരം കൂടിക്കാഴ്ചകളും സംഭാഷണങ്ങളും സ്വാഗതാർഹവും ശുഭോദർക്കവുമാണ്. സമുദായ നേതൃത്വങ്ങളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഇത്തരം വ്യക്തതയുള്ള നിലപാടുകൾ മുന്നോട്ടു വയ്ക്കുന്നത്, സമുദായങ്ങൾതമ്മിൽ അനാവശ്യ ഭയങ്ങളും അകൽച്ചയും അകറ്റാൻ സഹായകമാണ്.
ആർ എസ് എസ് പേടി അടിസ്ഥാന രഹിതമോ?
ആർ എസ് എസ്സിനെ സംബന്ധിച്ച് ജനങ്ങളിൽ, വിശിഷ്യാ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ചില ഭയങ്ങൾ നിലവിലുണ്ട്. ഇന്ത്യയെ ഒരു ‘ഹിന്ദു രാഷ്ട്രമാക്കുക’ എന്ന അവരുടെ പ്രഖ്യാപിത നിലപാടു തന്നെയാണ് അത്തരം ഭയത്തിന് അടിസ്ഥാനം. ഇന്ത്യ ഇപ്പോൾ ആയിരിക്കുന്ന മതേതര ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിൽനിന്നു വ്യത്യസ്തമായി, ഒരു മാതാധിപത്യ ഹിന്ദുത്വ ഇന്ത്യയെയാണോ ആർ എസ് എസ് വിഭാവനം ചെയ്യുന്നത് എന്ന സന്ദേഹം, അത്തരം ഒരു ഭയം ജനിപ്പിക്കാൻ പര്യാപ്തമാണു താനും.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ചരിത്രവും സ്വതന്ത്ര ഇന്ത്യയിലുണ്ടായ ചില സംഭവവികസങ്ങളുടെ പശ്ചാത്തലവും, ഇത്തരം ഒരു ഭയം അടിസ്ഥാനരഹിതമാണ് എന്നു തെളിയിക്കാൻ സഹായകവുമല്ല. എന്നാൽ, ആർ എസ് എസ് ഇന്ന് കേവലം ഒരു ഹിന്ദു വർഗീയ സംഘടനയല്ല. രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടിന്റെ പ്രതീകവും പ്രചാരകരുമായവരുടെ സംഘടനാ രൂപമാണ്. അതിനെ ഭയക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
ആർ എസ്സ് എസ്സിനെ ആർക്കാണ് പേടി?
ആർ എസ് എസ്സിനെ പ്രതിരോധിക്കുക എന്ന ആശയത്തിന് സ്വീകാര്യത ലഭിക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷം ഇന്ത്യയിൽ ശക്തമാണ്. ഇത്തരം ഒരു അന്തരീക്ഷം വളർത്തിയെടുത്തതിൽ എല്ലാ ബി ജെ പി ഇതര രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്. അവർക്ക് അതിനുള്ള അവകാശവുമുണ്ട്. ആർ എസ് എസ്സിന്റെയും ബിജെപി യുടെയും രാഷ്ട്രീയത്തെ എതിർക്കുക എന്നത് അവരുടെ രാഷ്ട്രീയ നിലപാടാണ്. ചുമതലയുമാണ്. സ്വാഭാവികമായും മത ന്യൂനപക്ഷങ്ങൾക്കിടയിൽ ഈ ഭയം വളർത്തിയെടുത്തുകൊണ്ട് ആർ എസ് എസ്സിനു രാഷ്ട്രീയ പ്രതിരോധം തീർക്കാൻ അവർ പരിശ്രമിക്കുകയും ചെയ്യും. അതിനാൽത്തന്നെ, ആർ എസ്സ് എസ്സ് വിരുദ്ധ രാഷ്ട്രീയത്തിന് ഇന്നത്തെ ഇന്ത്യയിൽ വലിയതോതിൽ സ്വീകാര്യതയുണ്ട്.
ഈ പശ്ചാത്തലത്തിൽ, ആർ എസ്സ് എസ്സ് വിരുദ്ധ ആശയങ്ങളും പ്രസ്ഥാനങ്ങളും രാഷ്ട്രീയ മണ്ഡലത്തിൽ ശക്തിപ്രാപിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ ഏകോപനവും ഐക്യവും വളർത്തിക്കൊണ്ടു വരുന്നതിനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ട്. ഇതൊക്കെത്തന്നെ ഇന്ത്യൻ ജനാധിപത്യത്തെ ഒരു പരിധിവരെയെങ്കിലും ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ്. അതിനാൽത്തന്നെ, സ്വാഗതാർഹവുമാണ്. അതായത്, ആർ എസ് എസ്സിനു അനുകൂലമായും പ്രതികൂലമായുമുള്ള രാഷ്ട്രീയം, ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗവും ഇന്ത്യൻ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും ഉള്ളിൽ നടക്കുന്നതുമായ ഒന്നാണ്. അതിനാൽത്തന്നെ അത് ഇന്ത്യൻ പൊതു ജീവിതത്തിന്റെ അംഗീകരിക്കപ്പെട്ട ഒരു ഭാഗംതന്നെയാണ്.
രാഷ്ട്രീയത്തിനപ്പുറം വളരുന്ന ആർ എസ്സ് എസ്സ് പേടി
ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളെക്കാൾ ശക്തമായി ആർ എസ് എസ്സിനെ എതിർക്കുന്ന ചില മാതാധിഷ്ഠിത പ്രസ്ഥാനങ്ങൾ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. അവരുടെ മുദ്രാവാക്യങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്, ആർ എസ് എസ്സിന്റെ ആശയങ്ങളോടുള്ള എതിർപ്പിനേക്കാൾ, ഓരോ ആർ എസ് എസ്സുകാരനോടുമുള്ള വിദ്വേഷവും അവരെ ഉന്മൂലനം ചെയ്യും എന്ന ദൃഢ പ്രതിജ്ഞയുമാണ്. ഇത് അവർ ഉയർത്തിക്കാട്ടുന്ന പ്രശ്നത്തെക്കാൾ ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്ന നിലപാടാണ്.
ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെയും രാഷ്ട്രീയ ധാരകളുടെയും മുഖ്യധാരയിൽനിന്നു വേറിട്ട ഒരു പ്രത്യയശാസ്ത്രവും പ്രവർത്തന ശൈലിയും ലക്ഷ്യങ്ങളുമാണ് ഇത്തരം തീവ്ര സംഘടനകൾക്കുള്ളത് എന്നത് ജനങ്ങളിൽ പൊതുവെ അസ്വസ്ഥതയും ഭീതിയും ഉണ്ടാക്കുന്നു. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാംതന്നെ, ഇപ്പോൾ, ഈ രണ്ടു നിലപാടുകളെയും ബാലൻസ് ചെയ്യാനുള്ള പരിശ്രമത്തിൽ, ബാലികേറാമല കയറുന്ന കാഴ്ച കൗതുകമുണർത്തുന്നതാണ്.
ആർ എസ് എസ് വിരുദ്ധത, തീവ്ര മാതാധിഷ്ഠിത സംഘടനകളിൽ, ദേശവിരുദ്ധതയുടെ തലത്തിലേക്കു വളർന്നിരിക്കുന്നു എന്ന ആരോപണം ഇപ്പോൾ കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ള ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നു. ജനാധിപത്യ ഇന്ത്യ അതിന്റെ സംവിധാനങ്ങളുടെ കരുത്തുപയോഗിച്ച് അതിനെ നേരിടാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നതും ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. ഇക്കാര്യത്തിലും, കേരളം ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഉത്തരം തേടുന്ന ചോദ്യങ്ങൾ
സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇപ്പോഴും വ്യക്തമല്ലാത്ത കാര്യങ്ങൾ പ്രധാനമായും രണ്ടാണ്: ഒന്ന്, ഇന്ത്യൻ ജനാധിപത്യത്തിൽ, ന്യൂനപക്ഷങ്ങൾ ആർ എസ് എസ്സിനെ ഭയക്കേണ്ടതുണ്ടോ? രണ്ട്, ആർ എസ് എസ്സിനെ പ്രതിരോധിക്കാൻ, മതാധിഷ്ഠിത പ്രത്യയശാസ്ത്രമുള്ള തീവ്ര ന്യൂനപക്ഷ സംഘടനകൾക്ക് ഇന്ത്യൻ മതേതര ജനാധിപത്യത്തിലുള്ള സ്ഥാനം എന്താണ്? ഈ രണ്ടു ചോദ്യങ്ങളും ഉയർത്തിയേക്കാവുന്ന നിരവധി അനുബന്ധ വിഷയങ്ങളും ചോദ്യങ്ങളുമുണ്ട്.
പ്രസക്തമായ രാഷ്ട്രീയ വിഷയങ്ങൾ തമസ്കരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ
ഇന്നത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവതരമായ വിഷയങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാക്കാതെയും മറച്ചുവച്ചും, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്കിഷ്ടമുള്ള നിലപാടു സ്വീകരിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഇന്നലെകൾ കഴിഞ്ഞുപോയിരിക്കുന്നു എന്ന തിരിച്ചറിവ്, ഇനിയെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കുണ്ടാകണം.
മത തീവ്രവാദത്തോടും മതാധിഷ്ഠിത രാഷ്ട്രീയത്തോടുമുള്ള നിലപാടു കൃത്യമായും വ്യക്തമായും പ്രഖ്യാപിക്കാതെയും സമൂഹത്തെ ഇരുട്ടിൽ നിർത്തിയുമുള്ള രാഷ്ട്രീയ പാർട്ടികളുടെ അടവുനയങ്ങൾക്ക്, ഇനി ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടാകരുത്. ഏതു ദേശവിരുദ്ധ ശക്തിയേയും കൂട്ടുപിടിച്ച് അധികാരത്തിലേറുകയും, രാജ്യവിരുദ്ധ താല്പര്യങ്ങളുമായി സന്ധിചെയ്തുപോലും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യുന്ന ജനാധിപത്യ ജീർണ്ണതക്കു പരിഹാരമുണ്ടായേ മതിയാകൂ. കേരള രാഷ്ട്രീയത്തിന് ഇനിയും ഇക്കാര്യത്തിൽ പുറംതിരിഞ്ഞു നിൽക്കാൻ കഴിയും എന്നു കരുതാനാവില്ല.
ദേശവിരുദ്ധത വളർത്തുന്നതാര്?
പ്രാദേശിക തലത്തിൽ, മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ വോട്ടിനും മറ്റു നേട്ടങ്ങൾക്കുംവേണ്ടി ദേശവിരുദ്ധ നിലപാടുകളുള്ള പ്രസ്ഥാനങ്ങളുമായി ഉണ്ടാക്കുന്ന അവിശുദ്ധ ബന്ധങ്ങൾ മാത്രമല്ല, അവരുടെ തീവ്ര നിലപാടുകളോട് പുലർത്തുന്ന നിസ്സംഗതയും അനുഭാവപൂർണ്ണമായ നിശബ്ദതയും രാഷ്ട്രീയ അധികാരം ഉപയോഗിച്ചുള്ള കൊടുക്കൽ വാങ്ങലുകളുമെല്ലാം, ജനാധിപത്യ ഇന്ത്യയെ ഇന്നു പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ, അവരുടെ നിലപാടുകൾ കൃത്യമായി വിലയിരുത്തുകയും തിരുത്തലുകൾ വരുത്തുകയും വേണം.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാൾ, തീവ്ര നിലപാടുള്ള മത സംഘടനകൾക്ക് തഴച്ചുവളരാൻ പാകമായ മണ്ണായി കേരളത്തെ മാറ്റിയെടുത്തതിന്റെ ഉത്തരവാദിത്വം, കേരളത്തിലെ പ്രബല രാഷ്ട്രീയ പാർട്ടികൾക്കും മാറി മാറി വന്ന ഭരണകൂടങ്ങൾക്കുമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ഉയർന്ന ജാഗ്രത തുടർന്നും ഉണ്ടായേ മതിയാകൂ.
തീവ്രവാദത്തോടു സന്ധിയില്ലാതെയും നിരപരാധികളെ ദ്രോഹിക്കാതെയും
ജനാധിപത്യ ഇന്ത്യയിൽ, ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടോ, നിലപാടിനോടോ ഉള്ള വിയോജിപ്പും എതിർപ്പും, ദേശ വിരുദ്ധമോ ജനാധിപത്യ വിരുദ്ധമോ ആകാൻ പാടില്ല. അത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തെയോ ജനവിഭാഗത്തെയോ ലക്ഷ്യം വച്ചുകൊണ്ടുള്ളതാകാനും പാടില്ല. കള പറിക്കാനെന്നപേരിൽ ആരും വിള നശിപ്പിക്കരുത്. ആർ എസ് എസ്സിന്റെ പേരിലും ഇസ്ലാമിക തീവ്രവാദത്തിന്റെ പേരിലും തീവ്രവാദികളല്ലാത്ത, ദേശദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത, അതിനു പ്രേരണയും പ്രോത്സാഹനവും നൽകാത്ത ആരും വേട്ടയാടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അരുത്.
ഇത്തരം ഒരു ഘട്ടത്തിൽ, വിവിധ വിഭാഗങ്ങളിലെ നേതാക്കൾതമ്മിൽ ആശയ വിനിമയം നടക്കുന്നു എന്നത്, സാധാരണ പൗരന്മാരിൽ ആത്മവിശ്വാസം വളർത്തുന്നതാണ്. ശക്തവും സുന്ദരവും സൗഹാർദപൂർണ്ണവുമായ ഇന്ത്യ ലോക രാജ്യങ്ങൾക്കുമുൻപിൽ തല ഉയർത്തി നിൽക്കുന്നതിലാണ് ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നത്!
ജയ് ഹിന്ദ്!