Fr. Jince Cheenkallel HGN
ഒരാൾ ജനിക്കുമ്പോൾ അയാളോടൊപ്പം ചില സ്വപ്നങ്ങളും ജനിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അയാൾ വീണ്ടും സ്വപ്നങ്ങൾ കണ്ടുതുടങ്ങിയാൽ അത് അയാളുടെ പുനർജന്മം അല്ലെ? അതെ.
നമ്മൾ വീണ്ടും ജനിച്ചു കുട്ടി…. അതാണ് നമ്മൾ വീണ്ടും ഒരേ സ്വപ്നങ്ങൾ കണ്ട് അതേപറ്റി പറഞ്ഞ് ആർക്കും ചിരിക്കാൻ പറ്റാത്ത പോലെ ചിരിക്കുന്നത്….
ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിൽ അങ്ങനെ ഒരു സ്ഥലം ഉണ്ട്. നിങ്ങൾക്ക് ഒരുമിച്ചിരുന്ന് ഒരേ സ്വപ്നങ്ങൾ കാണാൻ പറ്റുന്നൊരിടം… അവിടെ ഇരുന്ന് എനിക്ക് വേണ്ടി സ്വപ്നങ്ങൾ കാണുന്ന ഈശോയെ ചുമ്മാ അങ്ങ് നോക്കി ഇരുന്നപ്പോ ഈശോ പറഞ്ഞതാ ഈ കണ്ടതെല്ലാം. എനിക്ക് ഒന്നും മനസിലായില്ല എന്ന് തോന്നിയപ്പോൾ ഈശോയുടെ ഒരു മാസ്റ്റർപീസ് ചിരിയുണ്ട്.
കണ്ടാൽ ആരും ചിരിച്ചു പോകും… ഇപ്പൊ ഇത് വായിച്ചപ്പോ നിന്റെയുള്ളിൽ നീ പോലും ശ്രദ്ധിക്കാതെ വിരിഞ്ഞ ആ കുഞ്ഞുചിരി പോലെ…
മുഖം വിടർന്നില്ലേ? സത്യം പറ…
പക്ഷെ നീ എനിക്ക് വേണ്ടി കണ്ട സ്വപ്നങ്ങളൊക്കെ ഞാൻ ജീവിച്ചോ ഈശോയെ? അറിയില്ല. അറിയാതെ തല താണ് പോകുന്നു.
മരണഭയം നിനക്കുണ്ടോടാ ? അറിയില്ല ഈശോയെ.
പക്ഷെ ഇവിടിരുന്ന് നിന്നെ നോക്കുമ്പോ മരണം എന്താണ് എന്ന് എനിക്കറിയാം. അത് പ്രാണവായു നിലയ്ക്കുന്ന സമയമാണ്. നിന്നെ നോക്കാതെ ഞാൻ നടന്ന വഴികളും നിന്നെ കാണാതെ മാറി നടന്നതും എല്ലാം പ്രാണവായു തള്ളിപ്പറഞ്ഞവന്റെ കിതപ്പുകൾ മാത്രമായിരുന്നു. ഒടുക്കം നില കിട്ടാതെ എങ്ങലടിച്ച് വിങ്ങിയ എന്നെ ഈ തിരുമടിയിൽ കൊണ്ട് വന്ന് വീണ്ടും ശ്വാസം തന്നത് നീ തന്നെ. മരണം എന്റെ തൊട്ടടുത്ത് എത്തിയിരുന്നു…
നീ വന്നില്ലായിരുന്നെങ്കിലോ…
പക്ഷെ നീ തന്ന ചിന്താവെട്ടത്തിൽ ഞാൻ ഈ ആരാധനമുറി വിട്ടിറങ്ങുമ്പോൾ ഉള്ളിൽ ഭയം പുതിയൊരു രൂപത്തിലുണ്ട്. വീണ്ടും ജനിച്ചത് കൊണ്ട് വീണ്ടും മരിക്കുമോ എന്ന്. … ഞാൻ മരിക്കുമോ നീ മരിക്കുമോ എന്നല്ല. .. പകരം കുറച്ചു നാൾ പുതുശ്വാസം തന്ന നിന്നിൽ നിന്ന് വീണ്ടും ഞാൻ അകന്നാൽ ചങ്ക് പെടഞ്ഞു ഈ സ്വപ്നങ്ങൾ വീണ്ടും മരിക്കുമോ എന്നാണ് എന്റെ പേടി.
ദൂരെ നീ ഉണ്ടാകും എന്നറിയാം. പക്ഷെ കൂട്ടില്ലാതെ എന്റെയും നിന്റെയും സ്വപ്നങ്ങൾ പട്ടിണി കിടന്നാലോ. … ഈശോയെ എനിക്കും എനിക്ക് വേണ്ടി നീ കാണുന്ന സ്വപ്നങ്ങൾക്കും നീയാണ് ശ്വാസം… വായിച്ചവസാനിപ്പിച്ച നിനക്ക് വേണ്ടിയും നിന്റെ ഈശോ ചില സ്വപ്നങ്ങൾ കാണുന്നുണ്ട്. എല്ലാം മടുത്തു, ഇനി സ്വപ്നങ്ങൾ ഇല്ല എന്ന് നീ പറഞ്ഞപ്പോളും നിനക്ക് വേണ്ടി ഈശോ വീണ്ടും സ്വപ്നങ്ങൾ കാണുന്നുണ്ട്.
ഒന്നും എവിടെയും അവസാനിച്ചിട്ടില്ല. അവനിൽ ഒന്നാകും വരെ…
നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.
എഫേസോസ് 2 : 10.