മുകളിലെ ചോദ്യത്തിന് ഉത്തരം ആണെന്നോ അല്ലെന്നോ? എന്തായാലും ഒരു നഴ്സിനെ നിങ്ങൾക്ക് പരിചയമുണ്ടാവും. വേദനയില്ലാതെ ഇൻജെക്ഷൻ എടുക്കാമോ സിസ്റ്ററേ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുമുണ്ടാവും… ചിലപ്പോ അവരോട് ദേഷ്യം തോന്നിയിട്ടുമുണ്ടാവും ഇല്ലെ…
ബെന്യാമിന്റെ “നിശബ്ദസഞ്ചാരങ്ങൾ”
ആടുജീവിതം വായിച്ച് പ്രിത്വിരാജിന്റെ നജീബിനെ കാത്തിരിക്കുന്നവരും, മഞ്ഞവെയിൽ മരണങ്ങൾ നോക്കി ക്രിസ്റ്റി അന്ത്രപ്പേരിന്റെ പിന്നാലെ ഉദയംപേരൂർ ചുറ്റിയവരും ഇനി അങ്ങനെ ഒന്നും അല്ലാത്തവരും തീർച്ചയായും ഒന്ന് വായിച്ചു നടക്കേണ്ട വഴിയാണ് നിശബ്ദസഞ്ചാരങ്ങൾ. നിങ്ങളൊരു നഴ്സ് ആണെന്നോ അങ്ങനെ ആകാൻ ആഗ്രഹിക്കുന്നുണ്ടോ എന്നതിനപ്പുറം ഒരുപാട് ജീവിതവെട്ടം തരുന്നുണ്ട് ഇതിന്റെ താളുകൾ.
പാഠപുസ്തകമൊഴികെ ബാക്കിയെല്ലാം വായിക്കാൻ അതികഠിനമായ ഉൾവിളി കിട്ടുന്ന സമയമാണല്ലോ പരീക്ഷക്കാലം. അങ്ങനെ സെമെസ്റ്റർ പരീക്ഷദിവസങ്ങളുടെ ഒരു മടി പിടിച്ച ഉച്ചമണിക്കൂറുകളിൽ തുടങ്ങിയതാണ് നിശബ്ദമായ് മനു മാപ്പിളയുടെ പിറകെ മറിയാമ്മ അമ്മച്ചി നടന്ന വഴികൾ തേടിയുള്ള യാത്ര. ഇങ്ങ് തിരുവല്ല മുതൽ അങ്ങ് ടാൻസാനിയ വരെ.
മറിയാമ്മ…മരിയ…മനു..ജാനകി… യോഹന്നാൻ… പിന്നൊട്ടനവധി മനുഷ്യരും മണ്ണും. ഈ യാത്രയിൽ അതെല്ലാമുണ്ട്.
എപ്പോ എങ്കിലും വീട്ടിലെ അലമാരിയിലോ പഴയ ആൽബത്തിലോ നിന്ന് നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അപ്പച്ചനോ അമ്മച്ചിയോ നിങ്ങളെ മാത്രം നോക്കിനില്കുന്നത് കണ്ടിട്ടുണ്ടോ. നീ നിവർന്ന് നില്കുന്നതിന്റെയോ തളർന്ന് പോയതിന്റെയോ ഒക്കെ കഥ പറയാൻ ഒരു ചെവി അന്വേഷിക്കുന്ന ആരൊക്കെയോ നമ്മുടെ കൂടെയുണ്ട്.
മനുവിന് അത് മറിയാമ്മ അമ്മച്ചിയായിരുന്നു. സ്വന്തം കുടുംബത്തെ നിവർത്തിനിർത്താൻ നഴ്സിങ് എന്ന വഴി സധൈര്യം തിരഞ്ഞെടുത്തവൾ. അതും മലബാറിലേക്ക് എല്ലാരും കുടിയേറുന്ന കാലത്ത്. ബലി കഴിക്കേണ്ടി വന്നത് ചില്ലറകാര്യങ്ങളൊന്നുമല്ല. എല്ലാം മനു കാണുന്നുണ്ട്. കത്തുകളിലൂടെ. പിന്നെ അമ്മച്ചി നടന്ന വഴികളിലൂടെ വീണ്ടും നടക്കുമ്പോൾ.
ബൈബിൾ വായിക്കുമ്പോൾ ശ്രദ്ധിച്ചിട്ടില്ലേ കുറേയധികം യാത്രകളുടെ രേഖകൾ തെളിയുന്നത്. ഏദനിൽ നിന്ന് പുറത്തേക്ക്, ഊറിൽ നിന്ന് നെഗബിലേക്ക്, ഈജിപ്തിലേക്കും തിരിച്ചും, പ്രവാസയാത്രകളും മടക്കങ്ങളും പിന്നെ ചങ്കുറപ്പോടെ ചങ്ക് നിറയെ സ്നേഹത്തോടെ ഒരു ചെറുപ്പക്കാരൻ നടത്തുന്ന കുറച്ചധികം അലയലുകളും.
നീയും യാത്ര ചെയ്യണം. മനുഷ്യരെ കാണണം. വായിക്കണം. വായിച്ചറിഞ്ഞ നാടുകളിലൂടെ യാത്ര ചെയ്യണം. ഓരോ വായനയും ദേശാടനവും ജീവിതങ്ങളിലേക്കുള്ള കണ്ണ്തുറക്കലുകളാണ്. എന്തിനാണെന്നോ….
എന്നും നടക്കുന്ന വഴികളിൽ, വീടിനും മതിലിനും അപ്പുറം അവരുണ്ട്. നിന്റെ ജീവിതത്തിന് വെട്ടം തരാൻ ദൈവം നിയോഗിച്ച ചില ജീവിതങ്ങൾ. മനു ആഫ്രിക്കയിൽ കാണാൻ പോകുന്ന രാജേഷേട്ടനെ പോലെ ചിലർ.
കാരണമില്ലാതെ സ്നേഹിക്കയും ഉപാധികളില്ലാതെ സഹായിക്കയും ചെയ്യുന്ന മനുഷ്യർ.
അങ്ങനെയുള്ളവരൊക്കെ ഉണ്ടെങ്കിൽ ലോകം എത്ര നന്നായേനെ എന്ന് അട്ടം നോക്കി നെടുവീർപ്പിടാതെ അതൊരു വെല്ലുവിളിയായ് ഏറ്റെടുക്കണം നീയും. അങ്ങനെയും അപ്രഖ്യാപിതവിശുദ്ധരുണ്ടെടോ. അവരിലൊരാളാവാൻ…. പറ്റും… കണ്ണും ഹൃദയവും അല്പം കൂടി തുറന്നാൽ മതിയാവും.
ഈ പുസ്തകം നഴ്സുമാർക്കുള്ള വാഴ്ത്തുപാട്ടൊന്നുമല്ല. പകരം അപ്പനെ, അമ്മയെ, ജീവിതപങ്കാളിയെ, മക്കളെ, സുഹൃത്തിനെയൊക്കെ ഒരു കരയ്ക്കടുപ്പിച്ച് അവരുടെ ജീവിതത്തിന് പുഞ്ചിരി കൊടുക്കാൻ പരിശ്രമിക്കുന്ന ഓരോരുത്തർക്കുമുള്ള വഴിവിളക്കാണ്.
മുന്നോട്ട് തന്നെ പോകാൻ. എത്ര പ്രതിസന്ധിയിലും ഉള്ളിൽ ദൈവം കൊളുത്തിയ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ.
ടാൻസാനിയയിൽ ഇഫക്കാരയിലെ സ്കൂളിൽ വച്ച് ഫാ. ജോയ് അശോകിനെ മനു കാണുന്നുണ്ട്. ഫാ. ജോയ് അശോക്, ഞാൻ അംഗമായിരിക്കുന്ന ഹെറാൾഡ്സ് ഓഫ് ഗുഡ്ന്യൂസ് എന്ന മിഷണറി സഭയിലെ വൈദികനാണ്. അന്ന് ആഫ്രിക്കയുടെ പാവപ്പെട്ട ഗ്രാമങ്ങളിൽ ഈശോയെ മരുന്നും വസ്ത്രവും വി. കുർബാനയും വിദ്യാഭ്യാസവുമായി കൊടുക്കാൻ ചെന്നെത്തിയ പാതിരിമാരിൽ ഒരാൾ. മനു അവിടെ നിന്ന് ഉച്ചത്തിൽ ചിന്തിക്കുന്നുണ്ട്.
“വഴി എത്ര ഇരുട്ട് നിറഞ്ഞതാണെങ്കിലും മുന്നോട്ട് തന്നെ നടക്കുക. ഏതെങ്കിലും ഒരു വളവിൽ ഒരു മെഴുകുതിരിവെട്ടം നിന്നെ കാത്തിരിപ്പുണ്ടാവും. ഉറപ്പ്.”
ഒടുക്കം മറിയാമ്മ അമ്മച്ചിയെ അവൻ കണ്ടെത്തി. അവിടെ കയ്യിൽ കരുതിയ കഥ ഏറെ പറയാനുള്ള ഒരു ബോഗെൻവില്ലത്തണ്ട് അവൻ നടും. ഒരു കൊന്ത അമ്മച്ചിയെ തൊട്ടെടുത്ത് അവൻ തിരിച്ചുവരും. ഇനിയും തിരിച്ചുചെല്ലാൻ തന്നെ. ഇടയ്ക്ക് യാത്രയിൽ കണ്ട മരിയ എന്ന നഴ്സിനെ തേടിയുള്ള യാത്ര, പുതിയ വഴികൾ ഇനിയുമുണ്ട്.
വീട്ടുകാരിലും കൂട്ടുകാരിലും ഉള്ള എല്ലാ നഴ്സുമാർക്കും ഒത്തിരി നന്ദിയും സ്നേഹവും. മഹാമാരികളുടെ കാലത്ത് പിപിഇ കിറ്റിനകത്ത് ഞങ്ങൾക്ക് വേണ്ടി പട്ടാളമാകുന്നതിന്. സ്തുതി.
മനുവിന്റെ ചേച്ചി ഷെറിൻ എപ്പോളോ അവനെ പ്രകാശിപ്പിക്കുന്നുണ്ട്. ഒരു നേഴ്സാവാൻ.
യാത്ര പോകാനോ പുറം രാജ്യത്തു പോയി എല്ലാം സുരക്ഷിതമാക്കാനോ അല്ല, പകരം രോഗിയെ പരിചരിക്കാൻ, മരണത്തിലേക്ക് നീങ്ങുന്നവരുടെ അന്ത്യനിമിഷങ്ങൾക്ക് കൂട്ടിരിക്കാൻ, മഹാമാരികളിൽ പടയാളിയാവാൻ, എല്ലാം ഉപേക്ഷിച്ച് ഒരു നേഴ്സ് ആവാൻ. ഈശോയെപ്പോലൊക്കെ ആവാൻ തന്നെ. അല്ലാണ്ട് പിന്നെ..
ഇതിപ്പോ എന്തിനാ അച്ചാ ഇതെല്ലാം എഴുതിയേ എന്ന് ചോദിച്ചാൽ ബൈബിൾ എടുത്ത് 1 യോഹന്നാൻ 1/4 ഒന്ന് വായിച്ചേരെ. ഉത്തരത്തിലേക്ക് ഒരു സൂചന, സൂചന മാത്രം അവിടെകിടപ്പുണ്ട്.
“വഴി എത്ര ഇരുട്ട് നിറഞ്ഞതാണെങ്കിലും മുന്നോട്ട് തന്നെ നടക്കുക. ഏതെങ്കിലും ഒരു വളവിൽ ഒരു മെഴുകുതിരിവെട്ടം നിന്നെ കാത്തിരിപ്പുണ്ടാവും. ഉറപ്പ്.”
By, Fr. Jince Cheenkallel HGN