ഈശോയെ അനുഗമിച്ച് അവിടുത്തെ ശിഷ്യരായി തീർന്നവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നെന്ന് സുവിശേഷത്തിൽ നാം കാണുന്നുണ്ട്. ഈശോയുടെ അമ്മയായ മറിയം, സെബദിപുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മയായ സലോമി, യാക്കോബ്, യോസെ യൂദാ, ശിമയോൻ എന്നിവരുടെ അമ്മ, ക്ലോപാസിൻ്റെ ഭാര്യയായ മറിയം, യോവാന്ന, സൂസന്ന, മൂന്ന് മറിയമാർ, പ്രിഷില്ലാ, തബീത്ത, ലിഡിയ, യൂണിയ തുടങ്ങിയ പേരുകൾ പുതിയ നിയമത്തിൽ നാം വായിക്കുന്നുണ്ട്.
ബഥനിയിലെ ലാസറിനോടും സഹോദരിമാരായ മാർത്തായോടും മറിയത്തിനോടും ഈശോ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു (ലുക്കാ 10:38). ഈശോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സുവിശേഷം പ്രസംഗിച്ച് സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ പന്ത്രണ്ട് അപ്പസ്തോലന്മാരും മഗ്ദലേനാമറിയവും ഹേറോദേസിൻ്റെ ഭാര്യ യോവാന്നയും സൂസന്നയും മറ്റു പല സ്ത്രീകളും കൂടെയുണ്ടായിരുന്നു (ലുക്കാ 8:1).
യഹൂദനായ ഈശോ സമരിയാകാരി സ്ത്രീയോട് പരസ്യമായി സംസാരിക്കുകയും സുവിശേഷം പഠിപ്പിക്കുകയും അവൾ പ്രേഷിതയായി മാറുകയും ചെയുന്നുണ്ട് (യോഹ. 4: 1-43). ഈശോയുടെ മരണസമയത്ത് അവൻ്റെ അമ്മയായ മറിയവും, ക്ലോപാസിൻ്റെ ഭാര്യ മറിയവും മഗ്ദലേനാമറിയവും കുരിശിനരികിൽ നിൽക്കുന്നുണ്ടായിരുന്നു (യോഹ. 19:25). ഉത്ഥിതനായ ക്രിസ്തുവിൻ്റെ ആദ്യപ്രത്യക്ഷീകരണം മഗ്ദലേനമറിയത്തിന് മുൻപിലായിരുന്നു (യോഹ. 20:11-18).
പന്ത്രണ്ട് അപ്പസ്തോലന്മാരിൽ എന്തുകൊണ്ട് സ്ത്രീകൾ ഉൾച്ചേർക്കപ്പെട്ടില്ല?
ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാരിൽ സ്ത്രീകൾ ഇല്ലായിരുന്നു. സ്ത്രീകളെ തൻ്റെ ശിഷ്യഗണത്തിൽ അനുവദിച്ചിട്ടും അവരെയും പഠിപ്പിച്ചിട്ടും അപ്പസ്തോലഗണത്തിൽ അവൻ അവരെ ഉൾപ്പെടുത്തിയില്ല. വിജാതിയ പുരുഷ്യന്മാരെയും അപ്പസ്തോലഗണത്തിലേക്ക് ചേർത്തിട്ടില്ല. എന്തുക്കൊണ്ട് സ്ത്രീകൾ അപ്പസ്തോലവലയത്തിൽ പരിഗണിക്കപ്പെട്ടില്ല എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ നമുക്ക് അനുമാനിക്കാനേ സാധിക്കൂ.
വളരെയധികം പുരുഷ്യകേന്ദ്രീകൃതമായ ഒരു സമൂഹമായിരുന്നു അക്കാലത്തേത്. അതിനാൽത്തന്നെ, ലിഖിതപാരമ്പര്യങ്ങളിൽ പുരുഷ്യന്മാർക്ക് കൂടുതൽ ദൃശ്യത ലഭിച്ചിരുന്നതായി നാം കാണുന്നു. അക്കാലത്തെ സാമൂഹികക്രമം അനുസരിച്ച് സ്ത്രീകളെ തിരഞ്ഞെടുത്തില്ല എന്ന് വാദിച്ചാലും, അന്നത്തെ സാമൂഹികചിട്ടകളെ ഈശോ മാറ്റിമറിക്കുന്നതും നമ്മൾ സുവിശേഷത്തിൽ കാണുന്നുണ്ട്. അതേസമയം, പോരായ്മകളുള്ള എല്ലാ സാമൂഹികചിട്ടകളെയും മറികടക്കാനുള്ള ശ്രമം അവൻ നടത്തിയിട്ടുമില്ല. ഉദാഹരണത്തിന്, റോമൻ ഭരണക്രമം.
പന്ത്രണ്ട് അപ്പസ്തോലന്മാർ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ പ്രതീകമായിരുന്നു. ഗോത്രത്തലവന്മാർ പന്ത്രണ്ടുപേരും പുരുഷന്മാരായിരുന്നു. യൂദാസ് മരണപ്പെട്ടപ്പോൾ മത്തിയാസിനെ തിരഞ്ഞെടുത്ത് അവർ പന്ത്രണ്ടഗസംഘമായിതന്നെ തുടർന്നു. പുതിയ ജെറുസലെമിന് പന്ത്രണ്ട് കവാടങ്ങളും, കവാടങ്ങളിൽ പന്ത്രണ്ട് ദൂതന്മാരും, നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയിൽ പത്രണ്ട് അപ്പസ്തോലന്മാരുടെ പേരുകളും ഉണ്ടായിരിക്കും (വെളി. 12-14). ഇക്കാരണങ്ങളാൽ അപ്പസ്തോലന്മാർ പുരുഷന്മാർ ആകേണ്ടിയിരുന്നു എന്നാണ് വാദഗതി. എന്നാൽ യാക്കോബ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ശേഷം ഈ പന്ത്രണ്ടഗസംഖ്യ നിലനിറുത്തണം എന്ന് സഭ കരുതിയില്ല.
ഈ വാദഗതികൾ നിലനിൽക്കുമ്പോഴും, ഈശോ ഇതിനെകുറിച്ച് സംസാരിക്കുകയോ ആരെങ്കിലും ചോദ്യങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്നതായി കാണുന്നില്ല. ബൈബിളിൽ ഈ വിഷയങ്ങളെ സംബന്ധിച്ച് പരാമർശങ്ങളും ഇല്ല.
ദൈവത്തിൻ്റെ എല്ലാ പ്രവർത്തികളുടെയും യുക്തി ഗ്രഹിക്കണം എന്ന നിർബന്ധബുദ്ധിയിൽ കാര്യമില്ല. പന്ത്രണ്ടഗസംഘത്തിൽ എന്തുക്കൊണ്ട് ഒരേ വീട്ടിൽ നിന്നും രണ്ടുപേരെ ഉൾപ്പെടുത്തി? രണ്ട് വീടുകളിൽ നിന്നായിരുന്നെങ്കിൽ പ്രാതിനിധ്യം കൂടുമായിരുന്നില്ലേ? ചുങ്കക്കാരനായ മത്തായി കണക്കുകളെല്ലാം നോക്കാൻ പ്രാപ്തനായിരുന്നിട്ടും എന്തുകൊണ്ട് പണസഞ്ചി സൂക്ഷിക്കാൻ ഈശോ യുദാസിനെ തിരഞ്ഞെടുത്തു? ന്യായമായ ചോദ്യങ്ങളാണ് ഇവയെല്ലാം.
Courtesy: TEAM APOLOGIA
Send us your questions to: nasraayanlive@gmail.com