കുറച്ചു നാളുകളായി ക്രൈസ്തവ സന്യാസം അടിമത്തമാണെന്നും സന്യാസിനികൾ എല്ലാം ആരുടെയൊക്കെയോ അടിമകളാണെന്നും വരുത്തി തീർക്കുന്ന പ്രസ്താവനകളും വിലയിരുത്തലുകളും, ചാനൽ ചർച്ചകളും കേരളത്തിൽ സജീവമാണ്. ജീവിതത്തോടും, പ്രതികൂല സാഹചര്യങ്ങളോടും, തോൽപ്പിക്കാൻ നോക്കിയവരോടും ഒക്കെ പൊരുതി ജയിച്ച അനേകം വനിതകളുടെ ചരിത്രമുള്ള നാടാണ് കേരളം. ആകാശത്തോളം പറന്നുയരാനും, ആഴക്കടലോളം നീന്തിയിറങ്ങാനും യഥേഷ്ടം ജീവിക്കാനും അവകാശമുള്ളൊരു സാക്ഷര സമൂഹത്തിൽ ഇന്ന് അറിഞ്ഞു കൊണ്ട് ആര് ആർക്കാണ് അടിമയായിരിക്കുന്നത്? അത്ര ബലഹീനരായി ആരാണ് ഉള്ളത്??
സുബോധമുള്ളവരാരും ഇങ്ങനെ ഒരു മസ്തിഷ്ക പ്രക്ഷാളനത്തിന് സ്വയം വിധേയരാകരുത് എന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. മനുഷ്യന് സങ്കൽപ്പിക്കാൻ സാധിക്കാത്തതിനെയും അവനു വിവരിക്കാൻ പറ്റാത്തതിനെയും ആണ് സാധാരണയായി അവൻ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നത്. അനേകം കുരിശു മരണങ്ങൾ കണ്ടിട്ടുള്ള ശതാധിപൻ, അന്ന് ആദ്യമായാണ് വ്യത്യസ്തമായ ഒരു കുരിശു മരണം കണ്ടത്! കുരിശിൽ തറച്ചവരെ ശപിക്കാതെയും ചീത്ത വിളിക്കാതെയും ക്രൂശിതൻ നടത്തിയ മരണം.. മാത്രമല്ല ഇത് ചെയ്തവരോട് പൊറുക്കണേ എന്നൊരു പ്രാർത്ഥനയും കൂടി. അത് കണ്ടിട്ടാണ് ആ ശതാധിപൻ അന്ന് വിളിച്ചു പറഞ്ഞത്: ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു എന്ന്.
സന്യാസം മനുഷ്യ ബുദ്ധിയ്ക്ക് നിരക്കാൻ അല്പം പ്രയാസമാണ്. കാരണം പലതുണ്ട്:
1. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കേവലം മണ്ണ് കൊണ്ടു മാത്രമാണെന്നും അവൻ മണ്ണിനോട് ചേരുന്നത്തോടെ എല്ലാം അവസാനിക്കും എന്നും ഉള്ള ചിന്ത.
2. ജീവിതം ആസ്വദിക്കുക എന്നാൽ തിന്നുക, കുടിക്കുക, സന്തോഷിക്കുക എന്നതാണെന്ന മിഥ്യ ധാരണ.
3. പുരുഷൻ / സ്ത്രീ, വിവാഹം കഴിച്ചാൽ മാത്രമെ പൂർണ്ണത ഉള്ളവരാകൂ എന്ന കാഴ്ചപ്പാട്.
4. തനിക്ക് പറ്റാത്ത ഒന്ന് മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ മനുഷ്യന്റെ ഉള്ളിൽ രൂപപ്പെടുന്ന അസൂയയും അതിനെ എങ്ങനെയും മറ്റുള്ളവരുടെ മുൻപിൽ വിലകുറച്ചു കാണിക്കാനും ഉള്ള പൊതുവായുള്ള സഹജവാസന.
5. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗവും ചിന്താശക്തിയുടെ അടിയറ വയ്ക്കലും. ഇത്തരമൊരു അന്തരീക്ഷമാണ് ഇന്ന് കേരളത്തിൽ നിറഞ്ഞു നിൽക്കുന്നത്. വളരെ പ്രമാദമായ പീഡന കേസും അതിന്റെ വിധി പറച്ചിലും കഴിഞ്ഞെങ്കിലും അതുണ്ടാക്കുന്ന അലയൊലികൾ കാരണം സന്യാസിനികൾക്ക് ജീവിതം ദുസ്സഹമായിരിക്കുന്നു. പീഡനം സഹിച്ചും അടിമത്തം അനുഭവിച്ചും അവർ നരകിക്കുകയാണെന്ന് പറഞ്ഞു വിലപിക്കുന്നവരോട് ഒരു വാക്ക്:
ആർക്കും ആരുടെയും ചിന്താശക്തിയെ ചങ്ങലയ്ക്ക് ഇടാൻ ആവില്ല. സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്തല്ല ആരും ജീവിക്കുന്നതും. സ്വമനസ്സാ ക്രിസ്തുവിന്റെ പിന്നാലെ ഇറങ്ങിയവർ ആണെങ്കിൽ ഈ അവഹേളനങ്ങളെയും ഞങ്ങൾ അതിജീവിക്കും. ഞങ്ങളുടെ ആത്മാഭിമാനത്തെ ഞങ്ങൾ ആരുടെ മുന്നിലും അടിയറവച്ചിട്ടില്ല, വയ്ക്കുകയുമില്ല… ഞങ്ങളെ വിളിച്ച ഈശോയുടെ മുൻപിൽ മാത്രമാണ് ഞങ്ങളുടെ ജീവിതം സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ഓൺലൈൻ ആങ്ങളമാരും സദാചാര പോലീസും മാധ്യമ മാന്യന്മാരും പിന്നെ ചില മതാനുഷ്ടാനത്തിലും രാഷ്ട്രീയ അടിസ്ഥാനത്തിലുമുള്ള സ്ത്രീ വിമോചന പ്രസ്ഥാനക്കാരും ഒന്നുചേർന്ന് വിചാരിച്ചാലും സന്യാസത്തെ തകർക്കാം എന്ന് വിചാരിക്കേണ്ട… നിങ്ങളാരും അല്ല അതിന്റെ ആകർഷകത്വം… അത് ദൈവികമാണ്… മനുഷ്യ ബുദ്ധിക്ക് അതീതവും ആണ്.”സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള് വിളിക്കപ്പെട്ടിരിക്കുന്നത്.” എന്ന ദൈവ വചനത്തോടെ… സ്നേഹപൂർവ്വം, വോയ്സ് ഓഫ് നൺസ്!