“അല്ലെങ്കിലും എനിക്ക് എപ്പോഴും ഇങ്ങനെയാ… ഒരു ഭാഗ്യവുമില്ല…” ചിലർ ഇങ്ങനെ സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ട്. ശെരിക്കും എന്താണ് ഈ ഭാഗ്യവും നിർഭാഗ്യവും. അതിന്റെ മാനദണ്ഡം എന്താണ്. നമ്മളെയല്ലാവരെയും ഒട്ടും വ്യത്യാസമില്ലാതെ, ഒരുപോലെ, ജീവൻ തന്നും സ്നേഹിക്കുന്ന ദൈവം ഒരാൾക്ക് ഭാഗ്യവും മറ്റൊരാൾക്ക് നിർഭാഗ്യവും കൊടുത്ത് പക്ഷപാതം കാണിക്കുമെന്നു തോന്നുന്നുണ്ടോ? ഒരിക്കലുമില്ല, അല്ലെ. സകലത്തെയും നിയന്ത്രിക്കുന്നത് ദൈവമാണ്.
നമ്മൾ ഓരോരുത്തരെയും കുറിച്ച് വ്യക്തമായ Plan ഈശോക്കുണ്ട്. അതിലേക്കുള്ള വഴികളാണ് വിജയമായാലും പരാജയമായാലും പലപ്പോഴും സങ്കടങ്ങൾ സഹിക്കാൻ പറ്റാതെ വരുമ്പോൾ, ഈശോയെ നീ എന്നെ സ്നേഹിക്കുന്നില്ലേ?നിനക്ക് എന്നെ വേണ്ടേ? എന്താ എന്നോട് മാത്രം നീ ഇങ്ങനെ? എനിക്കാരുമില്ല… ഇങ്ങനെയുള്ള ചിന്തകളൊക്കെ നമ്മുടെ മനസ്സിൽ കടന്നു വന്നിട്ടുണ്ടാകും. ചില സമയങ്ങളിൽ ഈശോയുടെ ഒരു സമിപ്യത്തിനായി, ഒരു അനുഭവത്തിനായി നമ്മൾ കൊതിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആ സ്നേഹം feel ചെയ്യാൻ പറ്റാതെ വരുമ്പോൾ, ഇങ്ങനെയൊരു ദൈവം ഉണ്ടോ എന്ന് പോലും നമ്മുക്ക് തോന്നിയിട്ടുണ്ടാകാം.
‘ഈശോ തീർച്ചയായും നമ്മെ സ്നേഹിക്കുന്നു, നമ്മുക്ക് വേണ്ടി ആണ് കുരിശിൽ മരിച്ചത് ‘ എന്നിങ്ങനെയുള്ള പതിവ് ചിന്തകളൊന്നും ആ സമയത്തു നമ്മുടെ സഹായത്തിനു എത്തില്ല. പക്ഷെ , വിട്ടുകൊടുക്കാതെ, വാശിയോടെ തന്നെ ഈശോയോട് സ്നേഹത്തിനായി, അനുഭവത്തിനായി യാചിക്കണം. തീർച്ചയായും അതിനൊരുത്തരം അവൻ നല്കിയിരിക്കും. ഒരുപക്ഷേ നമ്മൾ പാപം ചെയ്യുന്നതിനേക്കാൾ അവന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നത്, ‘ഈശോക്കു എന്നെ ഇഷ്ടമല്ല’ എന്ന ചിന്തയാണ്. അതു കേൾക്കുമ്പോൾ അവൻ കരയുന്നുണ്ടാകും. കാരണം കേൾക്കാവുന്നതിൽ വച്ചു ഏറ്റവും extreme ആയ കാര്യമാണത്.
ഈ ലോകത്തിൽ നീ മാത്രമേ ജീവിച്ചിരിക്കുന്നൊള്ളു എങ്കിൽ പോലും നിന്റെ ജീവന് വേണ്ടി അവൻ കുരിശിൽ മരിക്കും. നിന്റെ മുഖമാണ് അവനു വേദനകൾ സഹിക്കാൻ കരുത്തു പകർന്നത്. ഈശോയുടെ സ്നേഹം ഒരിക്കലും നമ്മെപ്പോലുള്ള സാധാരണ മനുഷ്യർക്ക് താങ്ങാൻ കഴിയുന്നതല്ല.ഒരിക്കൽ ഈശോ വിശുദ്ധ ഫൗസ്റ്റിനയോട് പറയുന്നുണ്ട് ‘എന്റെ സ്നേഹം നീ മനസിലാക്കിയാൽ സന്തോഷാധിക്യത്താൽ നീ മരിച്ചു പോവും എന്ന്’. എന്നാൽ നമ്മളോ, ഒരിക്കൽ പോലും അവനെ സ്നേഹിച്ചു തുടങ്ങിയിട്ടു പോലുമില്ല. അതിനുള്ള ശ്രമങ്ങൾ മാത്രമാണ് നമ്മൾ ചെയ്യുന്നത്.
അവനെ കുത്തി മുറിവേല്പിച്ചിട്ടും ആ മുറിവിൽ നിന്നു പോലും നമ്മുക്ക് വേണ്ടി സ്നേഹം ഒഴുക്കുന്ന നമ്മുടെ ഈശോയെ, എന്നാണ് നമ്മൾ മനസിലാക്കുക. ഭാഗ്യമോ നിർഭാഗ്യമോ അന്ധമായ വിശ്വാസങ്ങളോ അല്ല, ഈശോയുടെ ഇഷ്ട്ടം ആണ് നമ്മിൽ നിറവേറുന്നത് എന്നു തിരിച്ചറിഞ്ഞ് എല്ലാം അവനായി കൊടുക്കാൻ നമ്മുക്ക് സാധിക്കട്ടെ.
By, Stepheena Raphel