പരിമിതമായ കഴിവുകൾ മാത്രമുള്ള ഒരു സാധാരണക്കാരനാണ് ഞാൻ. അസാധാരണമായ ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല.
അഭിവന്ദ്യ സൂസൈപാക്യം പിതാവ്! ഈ നാടിൻ്റെ മനസ്സാക്ഷി പോലെ പ്രവർത്തിച്ച വലിയ മനുഷ്യനാണ് വിരമിച്ചത്. പിതാവിൻ്റെ ഓരോ വാക്കും ഈ സമൂഹം അങ്ങേയറ്റം ആദരവോടെ ഹൃദയത്തിൽ സ്വീകരിച്ചിരുന്നു. എന്നാൽ ഈ മഹാനായ പിതാവിൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ നിറഞ്ഞുനിൽക്കുന്ന എളിമ ശ്രോതാക്കളായ നമ്മുടെയൊക്കെ ധാർഷ്ട്യത്തിന് ഏൽക്കുന്ന പ്രഹരമാണ്; ആത്മശോധനയ്ക്ക് പ്രചോദിപ്പിക്കുന്നതാണ്.
ആ വിടവാങ്ങൽ പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങൾ: ”ഇന്നു തന്നെ പരിശുദ്ധ സിംഹാസനത്തിൻ്റെ അനുവാദത്തോടും ആശീർവാദത്തോടെ കൂടി ഞാൻ അതിരൂപതാധ്യക്ഷൻ എന്ന പദവിയിൽ നിന്ന് വിരമിക്കുകയാണ്. മുഖസ്തുതി ഇഷ്ടപ്പെടാത്തവരാണല്ലോ ഞാനും നിങ്ങളും. അതുകൊണ്ട്, വിടവാങ്ങൽ പ്രസംഗങ്ങളോ സമ്മേളനങ്ങളോ ഇനി ഉണ്ടാകില്ല. തിരിഞ്ഞുനോക്കി എന്നെത്തന്നെ വിലയിരുത്തുമ്പോൾ ബലഹീനതകൾ കാരണം ഞാൻ ചെയ്യാൻ കടപ്പെട്ടതിൻ്റെ അഥവാ ആഗ്രഹിച്ചതിൻ്റെ ഒരു അംശം പോലും നിറവേറ്റാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന്ഞാൻ മനസ്സിലാക്കുന്നു.
നിങ്ങൾ പലരുടെയും ശരിയായ വിലയിരുത്തലും ഇതുതന്നെയാണ് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന വസ്തുത എളിമയോടുകൂടി ഞാൻ അംഗീകരിക്കുന്നു എൻ്റെ വിലയിരുത്തലുകളോ നിങ്ങളുടെ വിലയിരുത്തുകളോ അല്ല പ്രധാനം. എൻ്റെ കഴിവുകളും പരിമിതികളും എന്തൊക്കെയാണെന്ന് നല്ലവനായ ദൈവത്തിന് അറിയാം. നല്ല ദൈവത്തിൻ്റെ വിലയിരുത്തലുകൾക്ക് ഞാൻ എന്നെത്തന്നെ പൂർണമായും വിട്ടു കൊടുക്കുന്നു. വിശുദ്ധ ജോൺ വിയാനിയുടെ ഒരനുഭവം ഓർമിച്ചു പോകുന്നു, ഈ അവസരത്തിൽ.
ഒരു ദിവസം അദ്ദേഹത്തിന് 2 എഴുത്തുകൾ കിട്ടി. ഒന്ന് അദ്ദേഹത്തെ വാനോളം ഉയർത്തുന്നതായിരുന്നു. രണ്ട് അദ്ദേഹത്തെ പാതാളത്തോളം താഴ്ത്തുന്നതായിരുന്നു. രണ്ടിനെയും ദൈവസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇതാണ്:”ദൈവമേ രണ്ടിൻ്റെയും ഉള്ളടക്കം അവരവരുടെ ബോധ്യങ്ങളാണ്. പരസ്പര വിരുദ്ധമായ ബോധ്യങ്ങളെ അംഗീകരിക്കാനോ തിരസ്കരിക്കാനോ എന്നെക്കൊണ്ട് ആകില്ല.
യാഥാർത്ഥ്യം അറിയുന്നവൻ ദൈവമേ അങ്ങ് മാത്രമാണല്ലോ.” സ്നേഹമുള്ളവരേ, തുറന്നു പറയട്ടെ ആരെങ്കിലുമൊക്കെ എന്നെ പുകഴ്ത്തി പറയുമ്പോൾ കേൾക്കുന്ന തൊക്കെ ശരിയല്ലെന്ന് എനിക്ക് അറിയാവുന്നതുകൊണ്ട്ഉള്ളിൽ വേദനയാണ് അനുഭവപ്പെടുന്നത്. സാധാരണ ഒരാൾ മരിക്കുമ്പോഴും ഇതുപോലെ വിട പറയുമ്പോഴും ഇല്ലാത്തത് ഉണ്ടാക്കി പർവതീകരിച്ച് പറയുന്ന ഒരു പതിവുണ്ട്. നിങ്ങൾക്ക് അറിയാവുന്നതുപോലെ പരിമിതമായ കഴിവുകൾ മാത്രമുള്ള ഒരു സാധാരണക്കാരനാണ് ഞാൻ. അസാധാരണമായ ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് എല്ലാവരുടെയും പ്രർത്ഥനകളോടു കൂടിയ കൂട്ടായപ്രവർത്തനമായിരുന്നു.
അതുകൊണ്ട് ഞാൻ ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിഞ്ഞു കൂടാൻ ഇടയാക്കരുതേ എന്ന ഒരു അപേക്ഷ നിങ്ങൾ ഏവരോടും എനിക്കുണ്ട്. ഞാൻ വെറുംകൈയോടെ വന്നു വെറുംകൈയോടെ പോകുന്നു”കേട്ടു കഴിയുമ്പോൾ ഈ പിതാവിനോടുള്ള ആദരവ് അങ്ങേയറ്റം വർദ്ധിച്ചുവരുന്ന അനുഭവം – അല്ലേ?
By, സൈ