കണ്ണൂർ : പൗരോഹിത്യ സ്വീകരണത്തിന്റെ അൻപത്തെട്ടാം വാർഷികം ആഘോഷിക്കുന്ന അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവിന് പ്രാർത്ഥനാശംസകൾ!
തലശേരി അതിരൂപതയുടെ രണ്ടാമത്തെ സാരഥിയും പ്രഥമ ആർച്ച് ബിഷപ്പുമായ മാർ ജോർജ് വലിയമറ്റം 6 വർഷം ബിഷപ്പായും 20 വർഷക്കാലം ആർച്ച് ബിഷപ്പായും രൂപതയെ നയിച്ചു.
ദക്ഷിണ കന്നഡയിലെ ഷീരാടി ഫൊറോന ദേവാലയ വികാരിയായിരിക്കെയാണ് തലശേരി രൂപതയുടെ മെത്രാനായി മാർ ജോർജ് വലിയമറ്റം നിയമിക്കപ്പെട്ടത്. രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്ന് 1989 മേയ് ഒന്നിനാണ് അതിരൂപതയുടെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തത്. നീണ്ട 26 വർഷക്കാലം അതിരൂപതാധ്യക്ഷനായി സേവനം ചെയ്തശേഷം വിശ്രമ ജീവിതം നയിക്കുന്ന മാർ ജോർജ് വലിയമറ്റം എൺപത്തിനാലാം വയസ്സിലും അതിരൂപതയ്ക്കു വേണ്ട ആദ്ധ്യാത്മിക സഹായങ്ങളുമായി കർമ്മനിരതനാണ്.
1938 സെപ്റ്റംബർ 16ന് കോട്ടയം ജില്ലയിലെ പുന്നത്തുറയിൽ വലിയമറ്റത്തിൽ തോമസ്-അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി ജനനം. നരിവേലി, പുന്നത്തുറ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. 1955 ൽ തലശേരി രൂപതയ്ക്കുവേണ്ടി തൃശൂരിലെ തോപ്പ് മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ചു. ആലുവ കാർമൽഗിരി സെമിനാരിയിൽ തത്വശാസ്ത്ര പഠനം പൂർത്തിയാക്കിയശേഷം ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക് പോയി.
1963 നവംബർ 30ന് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സമയത്ത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1967 ഒക്ടോബർ മാസത്തിൽ റോമിൽ നിന്നും മടങ്ങിയെത്തി.
കോടഞ്ചേരി ഇടവക അസി. വികാരി, തലഞ്ഞി ഇടവക വികാരി, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, രൂപത ചാൻസലർ, മതബോധന ഡയറക്ടർ, മിഷൻ ലീഗ് ഡയറക്ടർ, മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. പുതുതായി രൂപം കൊണ്ട താമരശേരി രൂപതയിലും സെക്രട്ടറി, ചാൻസലർ, മതബോധന ഡയറക്ടർ എന്നീ നിലകളിൽ കുറച്ചുകാലം ശുശ്രൂഷ ചെയ്തു.
പ്രതിസന്ധികളിലും പ്രയാസങ്ങളിലും തളരാതെ എല്ലാം അക്ഷോഭ്യനായും സമചിത്തതയോടെയും അഭിമുഖീകരിക്കാൻ കഴിവുള്ള ആൾ എന്നാണ് പിൻഗാമിയെ കുറിച്ച് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി തന്റെ ആത്മകഥയിൽ എഴുതിയിട്ടുള്ളത്. അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവിന് പ്രാർത്ഥനാശംസകൾ!