ബിഷപ്പിൻ്റെ മോചനത്തിൽ കലിതുള്ളുന്നവർ നയിക്കപ്പെടുന്നത്, ദൈവാരൂപിയാലോ പൈശാചികാരൂപിയാലോ..? ഒരു പ്രത്യേകതരം ഇരട്ടത്താപ്പ്നയം ഒരുദാഹരണത്തിലൂടെ എളുപ്പത്തിൽ അവതരിപ്പിക്കാം. പേരും കുടുംബമഹിമയുമുള്ള നമ്മുടെ കുടുംബത്തിലെ ഒരു ആൺകുട്ടി, ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതായി കേസ് വരുന്നു. മാധ്യമങ്ങളിൽ വാർത്തയാകുന്നു; നാട് മുഴുവൻ ചർച്ചയാകുന്നു; കുടുംബത്തിന്റെ നാശം ആഗ്രഹിക്കുന്ന ഒരു കൂട്ടം ശത്രുക്കൾ പെൺകുട്ടിയുടെ കൂടെക്കൂടുന്നു.
ആൺകുട്ടിയും കുടുംബവും സ്വാഭാവികമായും പരിഹാസപാത്രങ്ങളാകുന്നു. ഈ അവസരത്തിൽ, കുടുംബത്തിലെ ഒരംഗമെന്നനിലയിൽ എന്തായിരിക്കും നമ്മുടെ പ്രാർത്ഥനയും ആഗ്രഹവും..? “അങ്ങനെ സംഭവിക്കാതിരിക്കട്ടെ; അത് കള്ളകേസ് ആയിരിക്കണമേ…” എന്നൊക്കെ ആയിരിക്കുമെന്നുറപ്പ്.
ഒടുവിൽ നമ്മുടെ പ്രാർത്ഥനയ്ക്കുത്തരം പോലെ, ശത്രുക്കൾ ഉണ്ടാക്കിയ കള്ളക്കേസ് ആണിതെന്നു കോടതി കണ്ടെത്തുകയും പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നത് മറ്റൊരു ആൺകുട്ടിയുമായി ആയിരുന്നെന്ന് വേണ്ടപ്പെട്ടവർക്ക് മനസ്സിലാവുകയും ചെയ്യുന്നു. ഈ അവസരത്തിൽ സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന നിങ്ങൾ എങ്ങനെ പ്രതികരിക്കും…? കുടുംബത്തിലെ ആൺകുട്ടിയെ നിങ്ങൾ വീണ്ടും കല്ലെറിയുമോ…? കേസിന്റെ സത്യാവസ്ഥ തെളിയുന്നതുവരെ അവൻ്റെ ഒപ്പം നിന്നവരെ നിങ്ങൾ ദുഷിക്കുമോ…? പെൺകുട്ടിയുടെയും കള്ളത്തെളിവുണ്ടാക്കുവാൻ ശ്രമിച്ചവരുടെയും വാക്കുകൾമാത്രം മുഖവിലയ്ക്കെടുത്ത്, കോടതിക്ക് തെറ്റുപറ്റിയെന്ന്, ഒരു തെളിവും സ്ഥാപിക്കാൻ കഴിയാതെ നിങ്ങൾ പറയുമോ…? ഒരിക്കലുമില്ല അല്ലെ…?
കാരണം അവർ എന്റെ കുടുംബത്തിൽ പെട്ടവരാണ്. സത്യം മനസ്സിലാക്കിയ കോടതി ഞങ്ങളെ നാണക്കേടിൽനിന്നും രക്ഷിച്ചു..ദൈവത്തിന് നന്ദി..!! അല്ലെ..? ഇനി ഹൃദയം അടച്ചുവയ്ക്കാതെ കർത്താവിനെ മനസ്സിൽ ധ്യാനിച്ചു വായിക്കുക. “സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്ത്തിയാക്കുന്ന അവന്റെ പൂര്ണതയുമാണ്.”(എഫേസോസ് 1 :23) ഉറപ്പിച്ചു വായിക്കുക; സഭയാണ് ക്രിസ്തുവിന്റെ ശരീരം. അടുത്ത വചനവും വളരെ പ്രധാനപ്പെട്ടതാണ്: “നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.” (1 കോറിന്തോസ് 12 : 27)
രണ്ടുവചനവും കൂട്ടിവായിക്കുമ്പോൾ എന്താണ് മനസ്സിലാകുന്നത്..? ക്രിസ്തുവിൻ്റെ ശരീരം രൂപപ്പെടുന്നത് സഭയിലുള്ള നാം വഴിയാണെന്നോ..? അപ്പോൾ നാമും സഭയും ക്രിസ്തുവിൻ്റെ ശരീരവും ഒന്നല്ലേ..? അപ്പോൾ സഭയിലെ ഏതെങ്കിലും വ്യക്തിയുടെമേൽ നാം മുറിവുണ്ടാക്കിയാൽ യഥാർത്ഥത്തിൽ വേദന അനുഭവപ്പെടുന്നത് സഭയുടെ ശിരസ്സായ ക്രിസ്തുവിനാണെന്ന് ബൈബിൾ വിശ്വസിക്കുന്ന എല്ലാവർക്കും ഉറപ്പല്ലേ..?
ഇനി നമ്മിൽ വസിക്കുന്ന ആത്മാവിനെ തിരിച്ചറിയുവാൻ വളരെ എളുപ്പമാണ്. ഇവിടെ ഉദാഹരണമായി ഫ്രാങ്കോ പിതാവിനെ നിരപരാധിയായികണ്ട് കോടതി വെറുതെവിട്ട കാര്യംതന്നെ എടുക്കാം. (കുടുംബത്തിലെ ആൺകുട്ടിയുടെ നിരപരാധിത്വവും അപ്പോഴുണ്ടായ നിങ്ങളുടെ സന്തോഷവും മറക്കേണ്ട.)
ക്രിസ്തുശരീരമായ സഭയുടെമേലുള്ള വലിയ ഒരു മുറിവായിരുന്നു ഈ കേസ്. കുടുംബത്തിലെ ആൺകുട്ടി നിരപരാധിയാകണേ എന്നു പ്രാർത്ഥിച്ച പലരും, ബിഷപ്പ് നിരപരാധിയാകണേ എന്ന് ആഗ്രഹിച്ചുപോലുമില്ല..!! നിരപരാധിയായികണ്ട് ആൺകുട്ടിയെ കോടതി വെറുതെ വിട്ടപ്പോൾ സന്തോഷിച്ച പലരും, തെളിവുകളും സാക്ഷ്യങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ട്, ബിഷപ്പിനെ കോടതി വെറുതെ വിട്ടപ്പോൾ സന്തോഷിച്ചില്ല..!! കോടതിപോലും നിരപരാധിയായികണ്ട് വെറുതെ വിട്ടാലും, ” അവനെ ക്രൂശിക്കുക; അവനെ ക്രൂശിക്കുക” എന്ന് നിങ്ങളിൽ പലരും ആക്രോശിക്കുന്നതെന്തുകൊണ്ട്..? ( ഓർമ്മയില്ലേ..പീലാത്തോസിന്റെ അരമനക്കോടതിയും അവിടുത്തെ ചില പുരോഹിതന്മാരെയും ആർത്തട്ടഹസിച്ച ജനങ്ങളെയും…? ഒരു നിരപരാധിയുടെമേലാണ് കുറ്റം വിധിക്കുന്നതെന്ന് അന്നെത്രപേർ മനസ്സിലാക്കി..!!? )
ഇതിനെല്ലാം ഉത്തരം ഒന്നേയുള്ളൂ.. സഭാശരീരത്തിൽ കൂടുതൽകൂടുതൽ മുറിവുണ്ടാകണമെന്നാണ് ഇവർ ഗൂഢമായി ആഗ്രഹിക്കുന്നത്..!! മുറിവ് വളരാതെ കരിയുന്നത് ഇവർക്ക് സങ്കൽപ്പിക്കുവാൻപോലുമാകുന്നില്ല. ഈ ഇരട്ടത്താപ്പ് നയം നിങ്ങളുടെ ഹൃദയത്തിൽ വിജയകരമായി നിക്ഷേപിച്ചവന്റെ പേരാണ് ലൂസിഫർ..!! അതെ, നിങ്ങൾ എന്തൊക്കെ ന്യായവാദങ്ങൾ നിരത്തിയാലും, ക്രിസ്തുശരീരത്തിന്റെ മുറിവുണങ്ങുന്നതിൽ കലിതുള്ളുന്നത്, സാത്താനും അവൻ്റെ ആത്മാവ് വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവന്റെ അനുയായികളും മാത്രമായിരിക്കും. അവരിൽ ചിലർ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെന്നു കാണിക്കുവാൻ ദൈവത്തിൻ്റെ മുഖമെന്നു തോന്നിപ്പിക്കുന്ന മുഖംമൂടി അണിഞ്ഞിട്ടുണ്ടാകാം.
മറ്റു ചിലർ മറ്റു മതത്തിലോ ഇതര സഭകളിലോ വിശ്വസിക്കുന്നവരാകാം. എങ്കിലും ഇവരുടെ ഭാഷയും പെരുമാറ്റവും പ്രവൃത്തിയും ശ്രദ്ധിച്ചാൽ ഇവരിലെ സാത്താൻ അരൂപിയെ തിരിച്ചറിയുവാൻ സാധിക്കും. എല്ലാവരിലും ഒന്നുപോലെതന്നെ…!! സഭാ വസ്ത്രമണിഞ്ഞുകൊണ്ട് വ്യാജരേഖപോലും ഉണ്ടാക്കി സഭാതലവനെ ജയിലിലടച്ച് സഭയെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവരും, കന്യാസ്ത്രീയുടെ വസ്ത്രമണിഞ്ഞുകൊണ്ട് ചാനലുകളിലും കോടതിയിലും വന്നിരുന്ന് സഭയ്ക്കെതിരെ -ക്രിസ്തുവിനെതിരെ കള്ളസാക്ഷി പറയുന്നവരും, അവരെ പിന്തുണച്ചുകൊണ്ട് ക്രിസ്തുശരീരത്തെ തെരുവിൽ വലിച്ചിഴയ്ക്കുന്നവരും, ദൈവത്തോടുചെയ്ത അനുസരണയെന്ന വ്രതവാഗ്ദാനത്തിന് പുല്ലുവില കൽപ്പിച്ച് വിശുദ്ധ കുർബാനയുടെ പേരിൽ ക്രിസ്തുശരീരത്തെ ഇപ്പോഴും കീറിമുറിച്ചു ക്രൂരവിനോദം നടത്തിക്കൊണ്ടിരിക്കുന്ന വിമതവൈദികരും അനുയായികളും ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണെന്ന് അവകാശപ്പെടുന്നുണ്ടങ്കിൽ, അത് നിങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നതുപോലും നുണയനും നുണയന്റെ പിതാവുമായ സാത്താൻ (യോഹന്നാൻ 8 :41) ആണെന്ന് നൂറുശതമാനം ഉറപ്പ്.
ഇതിന് നിങ്ങൾക്കുള്ള പ്രതിഫലം എന്താണ്..? ഭൂമിയിൽ പ്രശസ്തിയും സമ്മാനങ്ങളും… പരലോകത്തിൽ നരകശിക്ഷയും…!! ഹാ കഷ്ടം..!! ഈ ലേഖനം വായിക്കുമ്പോൾപോലും സാത്താൻ ചിലരിലൂടെ കലിതുള്ളിയേക്കാം.. ദുഷിച്ച വാക്കുകൾ അവൻ തുപ്പിയേക്കാം. ദുഷിച്ച വാക്കുകളും പ്രവൃത്തികളും ഒരിക്കലും പരിശുദ്ധാത്മാവിൽനിന്നും വരില്ല. പൈശാചിക അരൂപിയുടെ സാന്നിധ്യം ലക്ഷണങ്ങളിലൂടെ വ്യക്തമാണ്. സുഖപ്പെടണമെന്ന ആഗ്രഹമെങ്കിലുമുണ്ടെങ്കിലേ അതിൽനിന്നും രക്ഷപെടുവാൻ സാധ്യതയുള്ളൂ… സാത്താൻ്റെ നാവായി അവൻ്റെ കൂടെ ജീവിക്കണമോ, അതോ ക്രിസ്തുവിന്റെകൂടെ ജീവിക്കണമോ..? സാത്താന്റെ ആത്മാവിനാൽ നയിക്കപ്പെട്ട് ലോകമനുഷ്യരാകണമോ; ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെട്ട് ദൈവമനുഷ്യരാകണമോ..??? തീരുമാനിക്കുവാൻ സമയം വളരെ പരിമിതമാണ്..!!
ദൈവനാമം മഹത്വപ്പെടട്ടെ.. ആമ്മേൻ.
By, റെനിറ്റ് അലക്സ്
യേശു ഏകരക്ഷകൻ ലോകരക്ഷകൻ!!