ജോസഫ് ദാസൻ
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ സമരത്തിൽ നിങ്ങള്ക്ക് ക്രിസ്തുവിന്റെ പ്രവചനം കാണാം! ഒരുപക്ഷെ നട്ടെല്ലുള്ള പുരുഷന്മാർ ക്രിസ്തുവിൽ വിശ്വസിക്കാനും സഭയോടൊപ്പം നിൽക്കാനുമുള്ളതെല്ലാം ഈ സമരത്തിൽ കാണാം. ക്രിസ്തുവിന്റെ മൂന്നു പ്രവചനങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ടു ഉണ്ട്. ഞാൻ ഈ എഴുതുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കും അവനെ സ്നേഹിക്കുന്നവർക്കും വേണ്ടി മാത്രമായാണ്.
പ്രത്യക്ഷ ദൃഷ്ടിയിൽ ഒരു സമരത്തിൽ വിദ്യാർത്ഥികൾക്ക് പ്രതികരിക്കാനുള്ളതെല്ലാം അമൽ ജ്യോതിയിൽ സംഭവിച്ചിട്ടുണ്ട്. കുട്ടികൾക്ക് എടുത്തുചാട്ടമുണ്ടല്ലോ? കളിച്ചു നടക്കാതെ പഠിക്കെടാ എന്ന് പറയുന്ന മാതാപിതാക്കളോടും അധ്യാപകരോടും കയർക്കുന്നവരാണല്ലോ വിദ്യാർഥികൾ. പരീക്ഷയെഴുതാതെ ജയിലിൽ പോകുന്നവർ. അവരുടെ സ്വഭാവമനുസരിച്ചു അവർ പ്രതികരിക്കുന്നതിൽ അതിശയിക്കാനില്ല.
എന്നാൽ മാതാപിതാക്കൾക്കോ മാധ്യമങ്ങൾക്കോ പ്രതികരിക്കാനുള്ളതൊന്നും ഞാൻ അവിടെ കണ്ടില്ല. പഠിക്കാതെ മൊബൈലിൽ കളിക്കുന്ന പരീക്ഷയിൽ തോക്കുന്ന കുട്ടിയെ ശാസിക്കുന്ന കോളേജുണ്ടോ എന്ന് നോക്കി നടക്കുന്ന മാതാപിതാക്കൾക്ക് അമൽ ജ്യോതി കോളേജ് ഒരു ആശ്വാസമാണ്. കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി നിൽക്കുന്ന മാധ്യമ പ്രവർത്തകർ ഈ വിഷയത്തിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. കോളേജ് ചെയ്തത് നന്മയ്ക്കാണ്. എന്നാൽ ആത്മഹത്യകളെല്ലാം സാഹചര്യത്തിന്റെ കുഴപ്പമല്ല.
ചിലതൊക്കെ ചെയ്യുന്നവരുടെ മാനസിക പ്രതിസന്ധിയാണ് എന്ന് പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. പക്ഷെ അവർ അത് ചെയ്തില്ല എന്നാൽ ഈ കുട്ടികൾ, ഈ മാധ്യമ പ്രവർത്തകർ, ചില മുതിർന്നവർ പ്രതികരണത്തിന്റെ ആവേശമുള്ളവർ ആണെങ്കിൽ എം ഇ എസ കോളേജിലെ കുട്ടിയുടെ ആത്മഹത്യാ വന്നപ്പോൾ, മദ്രസയിലെ പെൺകുട്ടിയുടെ മരണം വന്നപ്പോൾ പ്രതികരണ പത്തി മടക്കി ഇരുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരു മരണം കഴിഞ്ഞിട്ട് മാസങ്ങൾ പോലും ആകുന്നതിനു മുൻപേ നടന്ന രണ്ടാമത്തെ മരണത്തിൽ മാത്രം പ്രതികരിക്കാൻ സടകുടഞ്ഞെഴുന്നേറ്റതു എന്തുകൊണ്ടാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പ്രതികരിക്കുന്നവർ സത്യത്തിനുവേണ്ടി, ജീവിതങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നവരാണെങ്കിൽ സമാനമായ എല്ലാ വിഷയത്തിലും പ്രതികരിക്കണ്ടേ?
കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വിഷയത്തിൽ അതും ന്യായമില്ലാത്തിടങ്ങളിൽ പോലും ഇവർ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ് ?
അവിടെയാണ് ക്രിസ്തുവിന്റെ പ്രവചനങ്ങൾ നമ്മൾ മനസിലാക്കേണ്ടത്. ഒന്നാമത് അവൻ പറഞ്ഞു “നിങ്ങൾ ലോകത്തിന്റേത് ആയിരുന്നു എങ്കിൽ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു.
എന്നാൽ നിങ്ങൾ ലോകത്തിന്റെതല്ലാത്തതുകൊണ്ടു .. ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ ദ്വേഷിക്കുന്നു (യോഹ 15 / 19 )
മറ്റു പലരോടും ഇല്ലാത്ത ദേഷ്യം ഈ ലോകത്തിൽ ക്രിസ്തുവിന്റെ സഭയോട് കാണുന്നില്ലേ? അത് ഒരു കൂട്ടം മനുഷ്യരുടെ പ്രവർത്തി അല്ല. മലയുടെ മുകളിൽ കയറി നിന്ന് ഈ ലോകം എന്റേതാണ് എന്ന് യേശുവിനോടു പറഞ്ഞ പിശാചിന്റെ പ്രവർത്തി ആണ്. അവന്റെ പിണിയാളുകൾ അന്തിക്രിസ്തുവിന്റെ ആളുകൾ എല്ലാ വിശ്വാസങ്ങളിലും അധികാര കേന്ദ്രങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും ഉണ്ട്.
അവസരം വരുമ്പോൾ ക്രിസ്തുവിന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു നേരെ അവർ ആഞ്ഞടിക്കും
അങ്ങനെയെങ്കിൽ മറ്റു ചില കുറ്റാരോപിതർക്കു നേരെ ഇവർ കണ്ണടക്കുന്നു എന്തുകൊണ്ടാണ്. സമാനമായ മറ്റു കുറ്റാരോപിതരും ഇവരും തമ്മിലുള്ള ഐക്യത്തിന് കാരണം എന്താണ് ? അവിടെയാണ് ക്രിസ്തുവിന്റെ അടുത്ത പ്രവചനം. ക്രിസ്തു പറഞ്ഞു സാത്താൻ സാത്താനെതിരെ പോരാടില്ല .കാരണം അന്തച്ചിദ്രമുള്ള കുടുംബം നിലനിൽക്കില്ല.
“സാത്താൻ തനിക്കു തന്നെ എതിരായി ഭിന്നിക്കുകയും തലയുയർത്തുകയും ചെയ്താൽ അവനു നിലനിക്കാൻ സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും” (മാർക്കോ 3 / 26 ) അതുകൊണ്ടു പ്രിയ ക്രിസ്ത്യാനികളെ … മറ്റു പല വിഷയങ്ങളിലും തലയുയർത്താത്തവർ ക്രിസ്ത്യാനിക്കെതിരെ മാത്രമെന്താണ് തലയുയർത്തുന്നതെന്നു നമ്മൾ ചോദിക്കരുത്. ഇതിന്റെ കാരണം യേശു തന്നെ പറഞ്ഞു തന്നതല്ലേ ? പിന്നെ ഉള്ളിൽ സത്യം ഉള്ളവരും അറിയാതെ പിശാചിനോപ്പം നിൽക്കുന്നവരുമായവർക്കു ബോധമുണ്ടാകാൻ വേണ്ടി നമ്മൾ എന്തുകൊണ്ടാണിങ്ങനെ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല.
ഇനി മൂന്നാമത്തെ പ്രവചനം പറയാം. “എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ .. നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ …സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം വലുതായിരിക്കും… നിങ്ങള്ക്ക് മുൻപുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട് (മത്ത 5 / 11 – 12 ). തികച്ചും കള്ളം എന്ന് നമുക്ക് ബോധ്യമുള്ള ആരോപണങ്ങളെ സത്യമായി അവതരിപ്പിക്കുന്ന സംഘടിത ശ്രമം കാണുമ്പോൾ വിഷമം തോന്നാറുണ്ടോ ?
വിഷമിക്കണ്ട .. സന്തോഷിക്കാനാണ് ഈശോ പറഞ്ഞത്. എങ്കിലും ബോധം നഷ്ടമായ സത്യം ഉള്ളിൽ സൂക്ഷിക്കുന്ന നമ്മുടെ സുഹൃത്തുക്കൾക്ക് വെളിച്ചം ലഭിക്കാൻ എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നതിൽ തെറ്റില്ല ..
ഒരു അവസരം വരുമ്പോൾ അവർ തിരിച്ചറിഞ്ഞേക്കാം. അതിനൊരു നല്ല അവസരമാണ് അടുത്തടുത്ത് നടന്ന രണ്ടു ആത്മഹത്യകൾ.
ഇനി ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ വിശ്വാസങ്ങളിലും അധികാര കേന്ദ്രങ്ങളിലും മാധ്യമങ്ങളിലും പ്രവർത്തിക്കുന്ന ഈ അജ്ഞാത ശക്തിയുടെ അതായതു അന്തി ക്രിസ്തുവിന്റെ ചില ലക്ഷണങ്ങൾ വിശുദ്ധ പൗലോസ് പറഞ്ഞു തന്നിട്ടുണ്ട്. അവനാണല്ലോ ക്രിസ്തുവിനെതിരായി ഈ ലോകത്തെ മുൻ നിർത്തി പോരാടുന്നത്. അവന്റെ ലക്ഷണം ഇതാണ്
ദൈവം പിതാവല്ലെന്നും യേശു ദൈവ പുത്രനല്ലെന്നും വാദിക്കുന്നവർ ആരോ അവനാണ് അന്തി ക്രിസ്തു.
“യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണ് കള്ളം പറയുന്നത്. പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തി ക്രിസ്തു ( 1 യോഹ 2 /22 ). ഇങ്ങനെയുള്ളവർ എല്ലാ വിശ്വാസങ്ങളിലും ഉണ്ട്. ക്രിസ്ത്യാനികളുടെ ഇടയിൽ പോലുമുണ്ട്. അവർ തമ്മിലുള്ള ഐക്യം യേശുവിന്റെ പ്രവചനങ്ങളിലേതു പോലെ ദൃഢമായിരിക്കും
നിങ്ങൾ ക്രിസ്തു മതത്തിൽ ജനിച്ചു വീണ ആളാണെങ്കിൽ ഈ പ്രവചനങ്ങളും സമീപ കാലത്തു സഭയ്ക്കെതിരെ മാത്രം-
-നടക്കുന്ന പോരാട്ടങ്ങളും മറ്റു പലരോടും പോരാടാത്ത സാഹചര്യങ്ങളും എല്ലാം സമാധാനത്തോടെ ഇരുന്നു ചിന്തിച്ചാൽ ലോകത്തിന്റെ പിറകിൽ പ്രവർത്തിക്കുന്ന അജ്ഞാതമായ ഒരു ദുഷ്ടതയെ തിരിച്ചറിയാനും അവനെക്കുറിച്ചു മുന്നറിയിപ്പ് തരുന്ന ബൈബിളിൽ വിശ്വസിക്കാനും പലപ്രതികരണങ്ങളിൽ നിന്നും പിന്തിരിഞ്ഞു സഭയോടൊപ്പം നിലനിൽക്കാനും കുറച്ചു കൂടെ ആത്മീയരാകാനും നിങ്ങള്ക്ക് പ്രേരണ കിട്ടും. കാരണം അറിഞ്ഞുകൊണ്ട് ഒരു ദുഷ്ടന്റെ കൂടെ നിൽക്കാൻ ആരാണ് തയ്യാറാകുക. നിങ്ങൾ ചെയ്യുന്നത് അറിയാതെയല്ലേ ?
ഞാൻ ഈ എഴുതുന്നതൊന്നും സഭയിൽ തെറ്റുകൾ പ്രവർത്തിക്കുന്നവരെ പിന്തുണക്കാനല്ല. ഞാൻ ഉൾപ്പെടെ അനുതാപത്തിൽ ജീവിക്കുന്ന പാപ സ്വഭാവമുള്ള മനുഷ്യരുടെ കൂട്ടായ്മയെന്ന് സ്വയം സമ്മതിക്കുന്ന സഭയിൽ ആർക്കും തെറ്റ് പറ്റാം. അതൊക്കെ തിരുത്തുകയും നന്മയിൽ മുന്നേറുകയും വേണം. പന്ത്രണ്ടിൽ ഒരുവൻ യൂദാസായിരുന്നു എന്ന് പറയാൻ മടിയില്ലാത്ത ആദ്യത്തെ മാർപ്പാപ്പ പോലും യേശുവിനെ തള്ളിപ്പറഞ്ഞ നിമിഷമുണ്ട് എന്ന് സമ്മതിക്കാൻ മടിക്കാത്ത സഭയിലാണ് ഞാൻ അംഗമായിരുന്നു.
എന്നാൽ ഞാൻ എഴുതുന്നത് മറ്റു പലയിടത്തും നിശബ്ദമാകുന്ന ഒരു ലോകം ക്രൈസ്തവർക്കെതിരെ മാത്രം സംഘടിക്കുന്നതിന്റെ ആത്മീയ രഹസ്യം വെളിപ്പെടുത്താനാണ്. ചെവിയുള്ളവൻ കേൾക്കട്ടെ … കണ്ണുള്ളവർ കാണട്ടെ .. ബോധമുള്ളവർ മനസ്സിലാക്കട്ടെ.