ഒരു അനുശോചന യോഗമാണ്. മിസ്സിസ് ലീ അവളുടെ മരണമടഞ്ഞ ഭർത്താവ് ഡേവിഡ് ലീ യെ അനുസ്മരിക്കുകയാണ്. തന്റെ വിവാഹ ജീവിതത്തിന്റെ ആരംഭം മുതലുള്ള അനുഭവങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള ആദ്യരാത്രി ഒരു കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു താൻ ഞെട്ടി എണീറ്റു എന്നും പിന്നീടാണ് അത് അദ്ദേഹം കൂർക്കം വലിക്കുന്ന ശബ്ദമാണ് എന്ന് മനസിലായതെന്നും ആ സ്ത്രീ പറയുമ്പോൾ കേട്ടിരിക്കുന്നവർ ചിരിക്കുന്നുണ്ട്.
ഡേവിഡിന്റെ കൂർക്കംവലി ആദ്യമാദ്യം തന്നെ വല്ലാതെ അലോസരപ്പെടുതത്തിയെന്നും പിന്നീട് സാവകാശം അദ്ദേഹത്തിന്റെ അത്തരത്തിലുള്ള ചില ശീലങ്ങൾ താൻ അംഗീകരിക്കുവാനും അവയെ സ്നേഹിക്കുവാനും പഠിച്ചുവെന്നും അവൾ പറയുമ്പോൾ മുന്നിലിരിക്കുന്നവർപയ്യെ നിശബ്ദരാകുന്നുണ്ട്. ഒടുവിൽ തന്റെ ഭർത്താവ് രോഗ ശയ്യയിൽ കഴിയുമ്പോൾ ആ കൂർക്കം വലി ശബ്ദം മാത്രമാണ് അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നതിന് തെളിവായി ഉണ്ടായിരുന്നത് എന്നും മാത്രമല്ല ആ ശബ്ദം കേൾക്കാതെ തനിക്ക് ഒരു ദിവസം പോലും ഉറങ്ങാൻ കഴിയുന്നില്ല എന്നും അവൾ സങ്കടത്തോടെ പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.
ഒടുവിൽ തന്റെ മക്കൾക്ക് ഇപ്രകാരം ഒരു ഉപദേശവും നൽകിക്കൊണ്ടാണ് അവർ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്: അവരുടെ പപ്പയെപോലെ അവരുടെ ജീവിത പങ്കാളിക്കും ഒരുപാട് അപൂർണതകൾ ഉണ്ടായിരിക്കും. ആ അപൂർണതകളിൽ ഒരു മനോഹാരിതയുണ്ട്. ആ അപൂർണതകൾ അംഗീകരിച്ചുകൊണ്ട് അവരെ സ്നേഹിക്കാൻ പഠിക്കണം. കാരണം എല്ലാ മനുഷ്യരും ബ്യൂട്ടിഫുള്ളി ഇoപെർഫെക്ട് ആണ്….!!
യൂട്യൂബിൽ കണ്ട ഒരു മൃതസംസ്ക്കാര അനുസ്മരണ പ്രഭാഷണമാണിത്.
സത്യത്തിൽ നമ്മൾ ആരും തന്നെ പൂർണ്ണരല്ല. മാത്രമല്ല ഈ പൂർണത എന്നു പറയുന്നത് തന്നെ ആശയതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ്. ഏതെങ്കിലുമൊക്കെ തരത്തിൽ നമ്മളും നമുക്ക് പ്രിയപ്പെട്ടവരും അപൂർണതകൾ നിറഞ്ഞവരാണ്. ആ അപൂർണതകളോട് കൂടി അവരെ അംഗീകരിക്കാനും സ്നേഹിക്കാനും പറ്റുമ്പോഴാണ് ജീവിതം കുറേക്കൂടി മനോഹരമാകുന്നത്.
ഒരു കുടുംബത്തിൽ ഭർത്താവിനെ അദ്ദേഹത്തിന്റെ ദുശീലങ്ങളോടുകൂടി അംഗീകരിക്കാൻ പറ്റുക, സ്ത്രീയെ അവളുടെ പിടിവാശികളോട് കൂടി സ്വീകരിക്കാൻ പറ്റുക. മക്കളെ അവരുടെ കുറുമ്പുകളോടുകൂടി സ്നേഹിക്കാൻ പറ്റുക, വൃദ്ധരായ മാതാപിതാക്കളെ അവരുടെ രോഗങ്ങളോട് കൂടി ബഹുമാനിക്കാൻ പറ്റുക അതൊക്കെയാണ് ജീവിതത്തെ കുറേക്കൂടി അർഥപൂർണമാക്കി മാറ്റുന്നത്.
നിന്റെ കളിപ്പാട്ടങ്ങളിൽ നിനക്ക് ഏറെ ഇഷ്ടം ഏതാണ് എന്ന് ചോദിച്ചപ്പോൾ ഒരു കൊച്ചുപെൺകുട്ടി എടുത്ത് കാണിച്ചത് കൈയ്യില്ലാത്ത ഒരു പാവയെയാണ്. ‘എന്തേ ഇതിനെ ഇഷ്ടപ്പെടാൻ കാരണം …? ‘എന്ന ചോദ്യത്തിന് അവൾ നൽകിയ മറുപടി “ഞാൻ അല്ലെങ്കിൽ പിന്നെ ആരാ അങ്കിളേ, ഇവളെ സ്നേഹിക്കാൻ ഉള്ളത് …?” എന്നാണ്. എന്ന് വെച്ചാൽ നമ്മുടെ പ്രിയപ്പെട്ടവരെ അവരുടെ കുറവുകളോടെ അംഗീകരിക്കാനും സ്നേഹിക്കാനും ആ കുറവുകളിൽ ഒരു ഭംഗി കണ്ടത്താനും നമുക്കേ പറ്റുകയുള്ളൂ എന്നർത്ഥം.
ഏതെങ്കിലുമൊക്കെ തരത്തിൽ അപൂർണതകൾ ഉള്ള മനുഷ്യരാണ് നമ്മളും നമുക്കുചുറ്റുമുള്ളവരും. നിറം മങ്ങിയവർ, പൊക്കം കുറഞ്ഞവർ, പല്ല് പൊന്തിയവർ, മുറിച്ചുണ്ടുള്ളവർ, മൂക്കിന്റെ പാലം വളഞ്ഞവർ, വക്ര ദൃഷ്ടി ഉള്ളവർ , കഴുത്ത് ഇടുങ്ങിയവർ , സ്വരം അടഞ്ഞവർ അങ്ങിനെ പലതരത്തിൽ തരത്തിൽ കുറവുകൾ ഉള്ളവർ. എന്നാൽ അവരുടെ ആ പ്രത്യേകതകൾ ആണ് അവരെ വ്യത്യസ്തരാക്കുന്നതും.
കൂട്ടത്തിൽ എന്തുകൊണ്ടാണ് എന്നെ നിനക്കു ഇഷ്ടമായത് എന്നുള്ള ആ പെൺകുട്ടിയുടെ കുസൃതി ചോദ്യത്തിന് അവളുടെ കൂട്ടുകാരൻ പറഞ്ഞ മറുപടി “ആ കൂട്ടത്തിൽ ഏറ്റവും പൊക്കം കുറവ് നിനക്കായിരുന്നു” എന്നതാണ്. ഒരാളുടെ കുറവുകളെ അംഗീകരിച്ചുകൊണ്ട് അവരെ സ്നേഹിക്കാൻ പഠിക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിലെ വലിയ പുണ്യം. ‘ബോഡി ഷെയിം’ ഈ തലമുറയിലെ വലിയ തിന്മയാണെന്ന് നമ്മുടെ മക്കളെ നമ്മൾ പഠിപ്പിക്കണം.
നീളൻ മുടിയും നീലക്കണ്ണുകളും കരുത്തുറ്റ ശരീരവും പാലിന്റെ നിറവുമെല്ലാം സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളായി മാധ്യമങ്ങൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ നമ്മളറിയാതെ ആ സങ്കല്പ ഗുണങ്ങളിൽ വീണു പോകുന്നു. ഈയടുത്ത നാളുകളിൽ ‘കാക്ക’ എന്ന ഒരു ‘ഷോർട്ട് ഫിലിം’ യൂട്യൂബിൽ വൈറലായിരുന്നു. പഞ്ചമി എന്ന വിരൂപയായ ഒരു പെണ്കുട്ടിക്ക് അനുഭവിക്കേണ്ടി വരുന്ന അവഗണനകൾ മനോഹരമായി ചിത്രം വരച്ചു കാണിക്കുന്നുണ്ട്.
ചിത്രത്തിനൊടുവിൽ പൊതുസമൂഹത്തിന്റെ സൗന്ദര്യ മാനദണ്ഡങ്ങളെ അവൾ ഗൗരവമായി വിമർശിക്കുമ്പോൾ ആ വിമർശന ശരങ്ങൾ ഏറ്റുവാങ്ങുന്നത് നമ്മൾ ഓരോരുത്തരുമാണ്. മറ്റൊരാളുടെ മുഖത്തു നോക്കി ആത്മാർത്ഥമായി ചിരിക്കാൻ കഴിയുമ്പോൾ ആണ് നമുക്കൊക്കെ കുറെ കൂടി സ്വന്ദര്യം വരുന്നത് എന്നാണ് പഞ്ചമിയുടെ പക്ഷം.
നമുക്കു ചുറ്റുമുള്ള മനുഷ്യരിലെ അപൂർണ്ണതകളുടെ സൗന്ദര്യം ആസ്വദിക്കാനും അവരുടെ മുഖത്തു നോക്കി പുഞ്ചിരിക്കാനും നമുക്ക് കഴിയണം. അപ്പോഴാണ് നമ്മളും അവരും കുറെ കൂടി സ്വന്ദര്യം ഉള്ളവരായി മാറ്റപ്പെടുന്നത്. ഒരാളുടെ കുറവുകളെ പരിഹസിക്കും മുൻപേ ഓർമിക്കുക എല്ലാ മനുഷ്യന്മാരും അടിസ്ഥാനപരമായി ‘ബ്യൂട്ടിഫുള്ളി ഇoപെർഫെക്റ്റ്’ ആണ്….!!!
By, ഫാ. നൗജിൻ വിതയത്തിൽ