ആ ദിവസങ്ങളോരോന്നും പുണ്യദിവസങ്ങളായിരുന്നു. ജീവിക്കുന്ന വിശുദ്ധയോടൊപ്പം ചെലവഴിച്ച പുണ്യ നിമിഷങ്ങള്‍! കൂടെക്കൂടെയുള്ള ‘ജിത്തേ’ എന്നുള്ള നിന്റെ വിളികള്‍ എന്തുകൊണ്ടാണ് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നത്? അതേ, അത്രമാത്രം സ്നേഹാര്ദ്രമായിരുന്നുവല്ലോ ആ വിളികള്‍! ഒരു വാനമ്പാടിയെപ്പോല പാറിപ്പറന്ന് നീ പാടിയതും പറഞ്ഞതുമെല്ലാം ഇത്ര മാത്രം ആളുകള്‍ ഹൃദയത്തില്‍ ഏറ്റെടുക്കുമെന്ന് നീ അറിഞ്ഞിരുന്നോ, കൂട്ടുകാരി?!
അജ്നയുമായി നീണ്ട വര്‍ഷങ്ങളുടെ അടുത്ത പരിചയമുണ്ട്. തേവര കോളേജിലും പിന്നീട് ജീസസ് യൂത്തിന്റെ കേരള മ്യൂസിക് മിനിസ്ട്രിയിലും ഒരുമിച്ചുണ്ടായിരുന്നു. അവള്‍ക്ക് ക്യാന്‍സര്‍ ആണെന്നറിഞ്ഞയുടന് പ്രിയപ്പെട്ട സാബു അച്ചന്റെ കൂടെ അവളെ കാണാന്‍ പോയപ്പോള്‍ അവിടെക്കണ്ട കാഴ്ച സിനിമകളെ വെല്ലുന്ന ഹീറോയിക് ആയിരുന്നു. തന്റെ സ്വപ്നങ്ങളെയും വിശ്വാസത്തെയും തകിടം മറിക്കാന്‍ വരുന്ന ക്യാന്‍സറെന്ന ശക്തനായ ആ ഗോലിയാത്തിനെ എതിരിടാന്‍ താന്‍ ആര്‍ജിച്ചെടുത്ത ആത്മീയതയുടെയും ആത്മധൈര്യത്തിന്റെയും കൊച്ചുകൊച്ചു ഉരുളന്‍ കല്ലുകളുമായി ദാവീദിനെപ്പോലെ ധീരയായി പോര്‍മുഖത്തേക്ക് നീങ്ങുന്ന പ്രിയ കൂട്ടുകാരിയെയാണ് ഞാനവിടെ കണ്ടത്.
അര്‍ബുദം ബാധിച്ച താടിയെല്ലു മുറിച്ചുമാറ്റി തുടയിലെ എല്ല് വച്ചു പിടിപ്പിച്ചതു മുതല്‍ തുടങ്ങിയ ഓപ്പറേഷനുകള്‍ അവസാനത്തേതില്‍ എത്തിയപ്പോള്‍ അവള് പറഞ്ഞു:”എടാ, ഇനിയെനിക്ക് പുറം ഭാഗത്തെ ഒരു എല്ല് (Precious Bone) കൂടിയേ ഉള്ളൂ മുഖത്തേക്ക് തുന്നി ചേര്‍ക്കാന്‍, ഇതും ശരിയായില്ലെങ്കില്‍ ഇനി വേറെ ഒന്നും ചെയ്യാനില്ലെന്നാ ഡോക്ടര്‍ പറയുന്നത്.”
തെല്ലസ്വസ്ഥതയോടെ അവള് തുടര്‍ന്നു: ”എല്ലാ ദിവസവും എനിക്ക് ഈശോയെ സ്വീകരിക്കാന്‍ വേണ്ടി നീ പ്രാര്‍ഥിക്കുമോ? എനിക്കതുമാത്രം മതി. കീമോ തെറാപ്പി തുടങ്ങിയാല്‍ എനിക്ക് പള്ളിയില്‍ പോകാന്‍ പറ്റില്ല.” അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, വേദനയുടെ പാരമ്യത്തിലും സ്വന്തം ജീവനേക്കാളേറെ അവള് ഈശോയെ സ്നേഹിച്ചിരുന്നുവെന്ന്. അതുകൊണ്ടാകാം അവളുടെ ഒപ്പം ചെലവഴിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഞാനും അവളുടെ വീട്ടില്‍ പോയിരുന്നത്. ആ ദിവസങ്ങളോരോന്നും പുണ്യദിവസങ്ങളായിരുന്നു. ജീവിക്കുന്ന വിശുദ്ധയോടൊപ്പം ചെലവഴിച്ച പുണ്യനിമിഷങ്ങള്!
ഓപ്പറേഷന് ശേഷവും ഞാന്‍ അവളെ കാണാന്‍ പോയി, മുടിയൊക്കെ കൊഴിഞ്ഞു മുഖമാകെ മാറിയിരുന്നു. നന്നായി പാടുമായിരുന്ന അവളുടെ ചുണ്ടുകള്‍ ഓപ്പറേഷന്റെ ഭാഗമായി പാതി മുറിക്കപ്പെട്ടിരുന്നു. ഈ മുറിച്ചുണ്ടുമായി അവള് എങ്ങനെ പഠിപ്പിക്കും?എങ്ങനെ പാടും? ഇനി ഒരിക്കലും അവള്‍ക്ക് പാടാന്‍ സാധിക്കില്ല. അവളിതെങ്ങനെ സഹിക്കും?! ഈ ചിന്തകള്‍ എന്റെ മനസ്സിലൂടെ ശരങ്ങള്‍ കണക്കെ പാഞ്ഞുപോയി. കാരണം പാട്ടും അധ്യാപനവും അത്രമാത്രം അവള്‍ക്കു പ്രിയമായിരുന്നു.
ഈ ആശങ്കയോടെ നിന്ന എന്നോട് അവള് പറഞ്ഞു:”എടാ നിനക്ക് ഈ ശോക മുഖം ചേരില്ല, സന്തോഷമായിരിക്കൂ..” എനിക്കപ്പോള്‍ തോന്നി അവളാണ് ഏറ്റവും നല്ല പാട്ടുകാരിയെന്ന്! നോവിന്റെ വിലാപങ്ങള്‍ക്കു പകരം ആ മുറിച്ചുണ്ടില്‍ നിന്നെപ്പോഴും ഉതിര്‍ന്നിരുന്നത് ആനന്ദത്തിന്റെ സങ്കീര്‍ത്തനങ്ങളായിരുന്നു. പാടിയ ദൈവസ്തുതികള്‍ അത്രയും ധീരമായി ജീവിച്ചൊരു പാട്ടുകാരിയെ ഞാന്‍ കണ്ടിട്ടില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നു അവള്‍ക്ക്. അമ്മച്ചിയുടെ നുറുക്കും കായ വറുത്തതും ഒക്കെ കഴിപ്പിക്കും, മാസങ്ങളായി വായിലൂടെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത ആളിന്റെ സങ്കടമോ, രുചിയെന്തെന്ന് മറന്നുപോയ ആളുടെ ഭാവമോ ഒന്നും തോന്നുകയേയില്ല അവളെ കാണുമ്പോള്‍.
അന്ന് കുറേ തമാശകള്‍ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു. അതേ, സത്യമാണ്; സങ്കടത്തിന്റെ പല വലിയ എവറസ്റ്റ് മലകളും അവളോട് സംസാരിക്കുമ്പോള്‍ ഉരുകിയില്ലാതായിട്ടുണ്ട്. നിസ്സാര കാര്യങ്ങളില്‍ ആകുലപ്പെട്ടും വ്യാകുലപ്പെട്ടും തകര്‍ന്നിരിക്കുമ്പോള്‍ അജ്നയെ ഒന്നു കണ്ടാല്‍ ജീവിതത്തെ മറ്റൊരു ആംഗിളിലൂടെ കാണാന്‍ തുടങ്ങും. തന്റെ കൂടെയുള്ള ആരും സങ്കടപ്പെടുന്നത് അവള്‍ക്ക് സഹിക്കില്ലായിരുന്നു. അതുകൊണ്ടാണ് തീവ്രമായ വേദനയിലും അവള് പലപ്പോഴും അമ്മയോട് പോലും വേദനകള്‍ പറയാതെ നിശ്ശബ്ദത പാലിച്ചത്. ഒരിക്കല്‍പ്പോലും തന്റെ തീവ്രവേദനകളുടെ കഥ പറയാതെ അരികില്‍ വന്നവരുടെ കഥകളൊക്കെ എത്ര ആവേശത്തോടെയാണ് അവള് ചോദിച്ചറിഞ്ഞിരുന്നത്!
അജ്ന എന്ന പേര് അവള്‍ക്ക് തികച്ചും ഉചിതമാണ്. ‘അജ്ന’ എന്ന വാക്കിന് അകക്കണ്ണ്’/’ഉള്ക്കണ്ണ്’ എന്നാണ് അര്‍ഥം. ആരും കാണാത്തവയും ശ്രദ്ധിക്കാത്തവയും അവളുടെ ആ ഉള്കണ്ണുകള്കൊണ്ട് അവള് കാണും. മനസ്സുകള്‍ വായിച്ചെടുക്കും. ഒക്ടോബര്‍ 31, 2020, ഞാന്‍ അപ്രകാരം ഓര്മിച്ചെടുക്കുന്ന ഒരു ദിവസമാണ്. ജീസസ് യൂത്തിലെ ടീന്‍സ് ടീമിന്റെ ഒരു ഗ്രാന്‍ഡ് ഗാതെറിങ്,’TMG FINALE’എന്ന പേരില്‍ ഓണ്‍ലൈനായി നടത്തിയപ്പോള്‍ അതിന്റെ മ്യൂസിക് ചെയ്യാന്‍ ഏല്പിച്ചത് കേരള മ്യൂസിക് മിനിസ്ട്രിയെയാണ്. ‘ബാന്‍ഡ് ഷോ’ ഉള്ളതിനാല്‍ ടീമിലെ കൂടെയുള്ള ചിലരൊക്കെ തലേ ദിവസം തന്നെ പുത്തന്‍ ഡ്രസ്സും വാങ്ങിച്ചു. പുത്തന്‍ ഉടുപ്പൊരെണ്ണം വാങ്ങണമെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും ആവശ്യത്തിന് പൈസയില്ലാതിരുന്നതു കൊണ്ട് വേണ്ടായെന്നു വച്ചു.
പിറ്റേദിവസം, രാവിലെ അജ്നയുടെ ഫോണ്‍കോള്‍: ”നീ എവിടാ, ഒന്ന് എറണാകുളം, കച്ചേരിപ്പടിവരെ വരുമോ, അത്യാവശ്യമാണ്.” ഞാന്‍ കോളേജില്‍ നിന്ന് സാബു അച്ചന്റെ ബൈക്കും എടുത്ത് വേഗം പോയി. ശീമാട്ടിയുടെ മുന്പില് അവളും അമ്മച്ചിയും കാത്തുനില്‍പ്പുണ്ടായിരുന്നു. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല, മുഖത്തിന്റെ ഒരു വശത്തേക്ക് അനുസരണയില്ലാതെ തെന്നിപ്പോയ എന്റെ മാസ്ക് നേരെയിടാന്‍ ആംഗ്യം കാണിച്ച്, ഡ്രസ്സ് എടുക്കണം; അതിന് കൂട്ട് വിളിച്ചതാണെന്നും പറഞ്ഞ് എന്നെ അകത്തേക്ക് കൊണ്ടു പോയി.
ആണുങ്ങളുടെ ഡ്രസ്സ് എടുക്കുന്ന സ്ഥലത്തേക്കാണ് പോയത്, എന്താണ് ഇങ്ങോട്ട് വന്നത്, നിനക്ക് ഡ്രസ്സെടുക്കാനല്ലേ? എന്ന എന്റെ ചോദ്യങ്ങളൊന്നും കേട്ടഭാവം നടിക്കാതെ അജ്നയും അമ്മച്ചിയും ഓരോ ഡ്രസ്സുകള്‍ തിരയാനും എന്നോട് ഇഷ്ടപ്പെട്ടത് ഏതൊക്കെ ആണെന്ന് ചോദിക്കാനും തുടങ്ങി. ആദ്യമായി തന്റെ കുഞ്ഞിന് പുത്തനടുപ്പു വാങ്ങുന്ന ഒരമ്മയുടെ ഉത്സാഹമായിരുന്നു അവള്‍ക്ക്. എന്താണ് നടക്കുന്നതെന്നറിയാതെ അന്തം വിട്ടിരിക്കുന്ന എന്നോട് അവള് പറഞ്ഞു: ”എടാ, നിനക്ക് ഉടുപ്പു വാങ്ങാന്‍ വന്നതാണ്.
ഈശോ പറഞ്ഞിട്ടാ, ഇത് ആരോടും പറയണ്ട, ഞാനല്ല ഈശോ തന്നതാണ്.” ഞൊടിയിടയില്‍ ഏതോ ശക്തമായ ദൈവസ്നേഹപ്രവാഹം! എന്റെ മുഖമാകെ ഇരുചാലുകളായി ഒഴുകിയിറങ്ങി. അന്ന് വാങ്ങിച്ച പുത്തനുടുപ്പുമായി പിറ്റേന്ന് ദൈവസ്തുതികള്‍ പാടുമ്പോള്‍ ഞാന്‍ നന്ദി പറഞ്ഞു, അവളെന്ന സമ്മാനത്തെ സോദരിയും കൂട്ടുകാരിയുമായി തന്നതിന്! നിനച്ചിരിക്കാതെ വിരുന്നുവന്ന ദുര്‍വിധിയോര്‍ത്ത് പൊട്ടിക്കരയേണ്ട വേളയില്‍ കരഞ്ഞവരുടെയൊക്ക കണ്ണീരൊപ്പി അവള്. കൂടപ്പിറപ്പും കൂട്ടുകാരിയുമായി അവള് അത്ഭുതങ്ങള്‍ തീര്‍ത്ത ജീവിതങ്ങള്‍ എത്രയെത്ര!
അജ്നയുടെ അവസാനത്തെ നാളുകള്‍ തീര്‍ത്തും അഗ്നിപരീക്ഷകളുടേതായിരുന്നു.
ഡോക്ടര്‍മാരൊക്കെ കൈയൊഴിഞ്ഞു. മരണം തന്റെ കണ്മുമ്പിലുണ്ട് എന്ന് ബോധ്യമായി. അതും എത്രമാത്രം വേദനയിലൂടെയാണ് താന്‍ കടന്നു പോകാനുള്ളതെന്ന് ഈശോയെപ്പോലെ അവളും അറിഞ്ഞിട്ടുണ്ടാവണം. ഈ അറിവുതന്നെ എത്രയോ വേദനാജനകമാണല്ലേ. ജീവിച്ചു കൊതിതീരും മുമ്പേ പ്രിയമുള്ളവരെയൊക്കെ വിട്ട് പോകുന്നതിനേക്കാളും ഹൃദയഭേദകമായി വേറെന്തുണ്ട്! നീ ഇതൊക്കെ എങ്ങനെ സഹിക്കുന്നുവെന്ന് ചോദിക്കുന്നവരോടൊക്കെ ഒരു കുഞ്ഞിനെപ്പോലെ പുഞ്ചിരിച്ചു കൊണ്ട് അവള് പറയുമായിരുന്നു: ”എനിക്ക് ദൈവം കണ്ണും, കാതും, നാവും ജീവനുമൊക്കെ തന്നിട്ടുണ്ടല്ലോ.
ഞാനിപ്പോള്‍ ജീവിക്കുന്നുണ്ടല്ലോ.” അധികം താമസിയാതെ ചിറകില്‍ നിന്നും തൂവലുകള്‍ കണക്കെ ആദ്യം ഇടതു കണ്ണിന്റെ കാഴ്ചയും പിന്നീട് കേള്‍വിയും ഓര്‍മകളും വേര്‍പെട്ടു തുടങ്ങി. അപ്പോഴും അവള് ദൈവത്തിന് നന്ദി പറയാന്‍ ആവേശത്തോടെ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി. വീടിന്റെ ടെറസ്സില്‍ സ്വന്തം മക്കളെപ്പോലെ പൂക്കളും പച്ചക്കറികളുമൊക്കെ അവള് വളര്‍ത്തി. ഓരോ പൂവും വിരിയുമ്പോള്‍ ഒരു കുഞ്ഞുകുട്ടിപ്പോലെ അവള് ദൈവത്തിന് നന്ദി പറഞ്ഞു തുള്ളിച്ചാടുമായിരുന്നു.
ഒരിക്കല്‍ അവള് നട്ട പയര്‍, വീട്ടില്‍ കറിവച്ചപ്പോള്‍ കഴിക്കാനായിഎന്നെ വിളിച്ചിരുന്നു. മറ്റുള്ളവരുടെ നേട്ടങ്ങള്‍ അവളെയേറെ സന്തോഷിപ്പിച്ചിരുന്നു. കുറേ നാളുകളുടെ കാത്തിരിപ്പിനുശേഷം എന്റെയൊരു പാട്ട് ഇറങ്ങിയപ്പോള്‍ എന്നെക്കാളേറെ സന്തോഷമായിരുന്നു അവള്‍ക്ക്. ആ പാട്ട് അവളെ ആദ്യം കേള്‍പ്പിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു.
രോഗം മൂര്‍ച്ഛിച്ചു തുടങ്ങിയ ആ നാളുകളില്‍ ഒരു ദിവസം ഞങ്ങളുടെ കൂട്ടുകാരായ ജോസഫും അന്‍സലുമായി അവളെ കാണാന്‍ ചെല്ലാന്‍ വേണ്ടി ഫോണ്‍ വിളിച്ചപ്പോള്‍ അവള് തമാശയോടെ പറഞ്ഞു: ”അതേ, വരണതൊക്കെ കൊള്ളാം എന്നെ കണ്ട് പേടിച്ചേക്കരുതെട്ടാ.”
വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത് മുഖത്തിന്റെ ഒരു ഭാഗം മുഴുവന്‍ നീരുവന്ന് ഒരൊറ്റ വ്രണമായി ഇരിക്കുന്ന അജ്നയെയാണ്. അന്നും അവള് ഞങ്ങളെ കുറേ ചിരിപ്പിച്ചു. എല്ലാവരുടെയും വിശേഷങ്ങള്‍ ചോദിച്ചു, ഒന്നുപോലും വിടാതെ; ഒരു പരാതി പോലും പറയാതെ. ഓരോ തവണ പോകുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ മുഖം ആരാണെന്ന് തിരിച്ചറിയാനാവാത്ത വിധം വിരൂപമായിക്കൊണ്ടിരുന്നു. എങ്കിലും അവള് എന്നത്തേയും പോലരികില്‍ ഇരിക്കും, ഉറക്കെ ചിരിക്കും.
അവസാനമായി ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാന്‍ പോയപ്പോള്‍ അവള്‍ക്ക് നല്ല വാശിയായിരുന്നു. എന്തിനാണെന്നറിയാമോ, ജീസസ് യൂത്തിലെ എമ്മാവൂസ് എന്ന ഫോര്മേഷന് കോഴ്സില ആക്ടിവിറ്റികള്‍ പൂര്‍ത്തിയാക്കാനായിരുന്നു അത്. അന്നേ ദിവസമാണ് അജ്നക്ക് ആദ്യമായി ഓര്മ നഷ്ടപ്പെട്ടുതുടങ്ങിയത്. അസഹനീയമായ തലവേദനകാരണം നേരെ നില്ക്കാന് പോലും കഴിഞ്ഞില്ല.
ട്യൂമര്‍ വളര്‍ന്ന് മൂക്കിനകത്തൊക്കെ മൂടിയതിനാല്‍ ശ്വാസമെടുക്കാനും നന്നേ പ്രയാസപ്പെട്ടിരുന്നു. ഇതിന്റെയിടയില്‍ ആയിരം എക്സ്ക്യൂസസ് പറയാനുള്ളപ്പോഴും അതൊന്നും പറയാതെ കൃത്യസമയത്ത് ആ ആക്ടിവിറ്റികള്‍ തീര്‍ക്കാന്‍ കാണിച്ച അവളിലെ ചങ്കൂറ്റം! ഞങ്ങള്‍ ഒപ്പമിരുന്നെങ്കിലും അവള് തന്നെയാണ് എല്ലാ ആക്ടിവിറ്റികളും വാശിയോടെ ചെയ്തു തീര്‍ത്തത്.
ഈശോയുടെ കാര്യങ്ങളിലായിരുന്നു അവളുടെ വാശികളത്രയും. അനുദിനമുള്ള ദിവ്യബലികള്‍ക്ക് അമ്മയോട് കൂടെ വേച്ചുവേച്ച് അവള് പോയിരുന്ന കാഴ്ച അത്രമേല്‍ സുന്ദരം! കുറേ നേരം ഞങ്ങളുടെ കൂടെ ഇരിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ടായി
രുന്നു, എന്തൊക്കെയോ ഇനിയും പറഞ്ഞു തീരാത്തപോലെ അവളിരുന്നു. തീവ്രമായ തലവേദനയുള്ളതുകൊണ്ട് പറയാന്‍ ശ്രമിച്ചത് മുഴുമിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. അവളെ കിടക്കാന്‍ നിര്‍ബന്ധിച്ചു ഞാനും അന്‍സലും ഇറങ്ങി.
തിരികെ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ വീടിന്റെ വാതില്ക്കല് വന്നുനിന്ന് അവള് നല്കിയ ആ പുഞ്ചിരി, ട്യൂമര്‍ മുള്ളുകള്‍ വരിഞ്ഞ ആ മുഖത്ത്, വിരിഞ്ഞ റോസാപ്പൂ പോലെ എനിക്ക് തോന്നി. അന്ന് എന്തോ ഒരു ഉള്‍പ്രേരണയോടെ ഞാന്‍ പറഞ്ഞു “You are the most beautiful women I have ever seen,, നിന്റെ ചിരിയാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ചിരി.” അതുകേട്ട് അവള് ചിരിച്ചുകൊണ്ട് തല കുലുക്കി.
അതേ, ആത്മസൗന്ദര്യം എന്നൊന്നുണ്ട്. അത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും കൂടിക്കൊണ്ടേയിരിക്കും. അതിന് ഉത്തമ തെളിവാണ് ഞങ്ങളുടെ കൂട്ടുകാരി അജ്ന. അല്ലെങ്കില്‍ എങ്ങനെയാണ് മരണം വാതില്ക്കല് നില്‍ക്കുമ്പോഴും ഇത്ര മനോഹരമായി ചിരിക്കാന്‍ അവള്‍ക്കു സാധിക്കുക. ഉടനെ ഇനി കാണില്ലായെന്ന മട്ടില്‍ അവള് ഞങ്ങളെ നോക്കി,ആ പാതി കണ്‍കളില്‍ നിന്നും ഞങ്ങള്‍ മായുംവരെ അവള് റ്റാറ്റ തന്നുകൊണ്ടിരുന്നു.ശ്വാസ തടസ്സം കൂടി ആശുപത്രിയില്‍ അവളെ അഡ്മിറ്റ് ആക്കിയ വിവരം ഞങ്ങളെവല്ലാതെ വേദനിപ്പിച്ചു.
കാര്യങ്ങള്‍ തിരക്കാന്‍ ഞാന്‍ അജ്നയുടെ ചേച്ചി അജ്മ ചേച്ചിയെ വിളിച്ചപ്പോള്‍ തൊണ്ട ഇടറി, ചേച്ചി പറഞ്ഞു: ”ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല എന്നാണ് ഡോക്ടര്‍മാരൊക്കെ പറഞ്ഞത്. ഒത്തിരി നിയന്ത്രണങ്ങള്‍ ഉള്ളതു കൊണ്ട് ഇവിടേക്കു വേറെ ആരെയും കയറ്റുന്നുമില്ല.”
അവസാന നാളുകളിലെ പ്രിയപ്പെട്ടവരുടെ മൊഴികള്‍ അറിയാനുള്ള ജിജ്ഞാസ എന്നിലുമുണ്ടായി. ”ചേച്ചി അവള് എന്തെങ്കിലും പറഞ്ഞായിരുന്നോ?”, ”ഉവ്വ്, ജിത്തേ, അമ്മയോട് അവളുടെ തക്കാളിചെടിയെ നോക്കണ കാര്യം പറഞ്ഞു.
പിന്നെ, അജ്നയുടെ വണ്ടി ഇപ്പോള്‍ എന്റെ കൂട്ടുകാരി ലിന്റയാണല്ലോ ഓടിക്കുന്നത്, അവളോട് അത് ഉപയോഗിക്കുന്നില്ലെങ്കില്‍ നിനക്ക് വേറെ വണ്ടിയില്ല നിനക്കു കൊടുത്തേക്കാമോ, എന്നും പറഞ്ഞു.” ഒരു നിമിഷം എനിക്ക് ചുറ്റുമെല്ലാം നിശ്ശബ്ദമായതുപോലെ തോന്നി. എങ്ങനെയാണ് ഈ സമയത്തും ഒരാള്‍ക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനാവുക. കാല്‍വരിയിലെ ക്രിസ്തുവിന്റെ രൂപം അവള് കൈവരിക്കുന്നത് പോലെ അനുഭവപ്പെട്ടു. സൂക്ഷ്മമായി നോക്കുക അവന്റെ എല്ലാ മുറിവുകളും അവളിലുമുണ്ട്. ”മനുഷ്യനെന്നു തോന്നാത്ത വിധം അവന് വിരൂപനാക്കപ്പെട്ടു” അവളും അതേ! മരണത്തിന്റെ വേളയിലും അവന് തന്റെ പ്രിയപ്പെട്ടവര്‍ക്കായി ഉള്ളവും ഉള്ളതും പകര്‍ന്നു നല്കി, അജ്നയും!
ഈശോയെ ഉള്ക്കൊണ്ടുള്ക്കൊണ്ട് അവള് ഈശോയായി. എന്നത്തേയും പോലെ അന്നും അവനെ സ്വീകരിച്ച് അവന്റെ മാറിലേക്ക് അവള് ചാരി, നിത്യമായി.. പരാതിയില്ലാതെ, പരിഭവങ്ങളില്ലാതെ, പുഞ്ചിരിയോടെ..! നീണ്ട 5 വര്‍ഷങ്ങളുടെ പോരാട്ടം ആരവവും ആഘോഷവുമില്ലാതെ അവസാനിച്ചു. ഇന്ന് അജ്നയില്ല, അവളുടെ ചിരിയും സംസാരവുമില്ല. എന്നാല്‍, അവള് പകര്‍ന്നതെല്ലാം മരണമില്ലാതെ ജീവിക്കുന്നു. ഇതെഴുതുമ്പോഴും അവളുടെ സ്വരം ചെവിയില്‍ കേള്‍ക്കാം, ”എടാ, കുര്‍ബാനയ്ക്ക് പോടാ.. പോയി വന്നിട്ട് ബാക്കിയെഴുതിയാല് മതി. കുര്‍ബാനയാണ് എറ്റവും വലുത്.” അജ്ന, എന്റെ പ്രിയ കൂട്ടുകാരീ.. എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട് അന്നും വീട്ടില്‍വച്ചും നീ ഇതു തന്നെയല്ലേ പറയാന്‍ ശ്രമിച്ചത്.
BY ജിത്ത്, എറണാകുളം I KAIROS MALAYALAM MAGAZINE