മിഴികൾ നിറഞ്ഞല്ലാതെ എനിക്ക് നിന്നെ ഓർത്തെടുക്കാനാകുന്നില്ലല്ലോ അജ്ന. കൂടെക്കൂടേയുള്ള ‘ജിത്തേ’ എന്നുള്ള നിന്റെ വിളികൾ എന്തുകൊണ്ടാണ് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നത്?
അതേ, അത്രമാത്രം സ്നേഹാർദ്രമായിരുന്നുവല്ലോ ആ വിളികളത്രയും! ഒരു വാനമ്പാടിയെപ്പോല പാറി പറന്ന് നീ പാടിയതും പറഞ്ഞതുമെല്ലാം ഇത്ര മാത്രം ആളുകൾ ഹൃദയത്തിൽ ഏറ്റെടുക്കുമെന്ന് നീ അറിഞ്ഞിരുന്നോ, കൂട്ടുകാരി?
അജ്നയുമായി നീണ്ട വർഷങ്ങളുടെ അടുത്ത പരിചയമുണ്ട്. തേവര കോളേജിലും പിന്നീട് ജീസസ് യൂത്തിന്റെ കേരള മ്യൂസിക് മിനിസ്ട്രിയിലും ഒരുമിച്ചുണ്ടായിരുന്നു. അവൾക്ക് കാൻസർ ആണെന്നറിഞ്ഞയുടൻ പ്രിയപ്പെട്ട സാബു അച്ചന്റെ കൂടെ അവളെ കാണാൻ പോയപ്പോൾ അവിടെ കണ്ട കാഴ്ച്ച മറ്റേത് സിനിമകളിലും കാണുന്നതിനെക്കാൾ ഹീറോയിക് ആയിരുന്നു. തന്റെ സ്വപ്നങ്ങളേയും വിശ്വാസത്തെയും തകിടം മറിക്കാൻ വരുന്ന ശക്തനായ ആ ഗോലിയാത്തിനോട് എതിരിടാൻ -അത്രയും വർഷങ്ങൾ കൊണ്ടു ആർജിച്ചെടുത്ത ആത്മീയതയുടെയും ആത്മ ധൈര്യത്തിന്റെയും ഉരുളൻ കല്ലുകളും പേറി അവൾ നിന്നു ദാവീദിനെപ്പോലെ! ചിരിച്ചു കൊണ്ട് തന്റെ പോർമുഖത്തേക്ക് നീങ്ങുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെയാണ് ഞാൻ പിന്നീട് കണ്ടത്.
മുഖത്തിലെ താടിയെല്ലു മുറിച്ചുമാറ്റി തുടയിലെ എല്ല് വച്ചു പിടിപ്പിച്ചതു മുതൽ തുടങ്ങിയ ഓപ്പറേഷനുകൾ അവസാനത്തേതിൽ എത്തിയപ്പോൾ അവൾ പറഞ്ഞു, “എടാ ,ഇനി എനിക്ക് പുറം ഭാഗത്തെ ഒരു എല്ല് (Precious Bone) കൂടിയേ ഉള്ളൂ മുഖത്തേക്ക് തുന്നി ചേർക്കാൻ, ഇതും ശെരി ആയില്ലെങ്കിൽ ഇനി വേറെ ഒന്നും ചെയ്യാനില്ല എന്നാ ഡോക്ടർ പറയുന്നേ,” തെല്ലസ്വസ്തതയോടെ അവൾ തുടർന്നു, “എല്ലാ ദിവസവും എനിക്ക് ഈശോയെ സ്വീകരിക്കാൻ വേണ്ടി നീ പ്രാർത്ഥിക്കുമോ? എനിക്കത് മാത്രം മതി.
കീമോ കൂടി തുടങ്ങിയാൽ എനിക്ക് പള്ളിയിൽ പോകാൻ പറ്റില്ല”. അന്ന് ഞാൻ തിരിച്ചറിഞ്ഞു വേദനയുടെ പാരമ്യത്തിലും അവൾക്ക് ഈശോയോടുള്ള സ്നേഹം. സ്വന്തം ജീവനേക്കാളേറെ അവൾ ഈശോയെ സ്നേഹിച്ചിരുന്നു. അതുകൊണ്ടാകാം അവളുടെ ഒപ്പം ചെലവഴിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഞാനും അവളുടെ വീട്ടിൽ പോയിരുന്നത്. ആ ദിവസങ്ങളോരോന്നും പുണ്യദിവസങ്ങൾ ആയിരുന്നു. ജീവിക്കുന്ന വിശുദ്ധയോടൊപ്പം ചെലവഴിച്ച പുണ്യനിമിഷങ്ങൾ!
ആ ഓപ്പറേഷന് ശേഷവും ഞാൻ അവളെ കാണാൻ പോയി, മുടിയൊക്കെ കൊഴിഞ്ഞു മുഖമാകെ മാറിയിരുന്നു. നന്നായി പാടുമായിരുന്ന അവളുടെ ചുണ്ടുകൾ ഓപ്പറേഷന്റെ ഭാഗമായി പാതി മുറിക്കപ്പെട്ടിരുന്നു. ഈ മുറിച്ചുണ്ടുമായി അവൾ എങ്ങനെ പഠിപ്പിക്കും? എങ്ങനെ പാടും? ഇനി ഒരിക്കലും പാടാൻ അവൾക്ക് സാധിക്കില്ല. അവൾ ഇതെങ്ങനെ സഹിക്കും? ഈ ചിന്തകൾഎന്റെ മനസിലൂടെ ശരങ്ങൾ കണക്കെ പാഞ്ഞു പോയി. കാരണം പാട്ടും അദ്ധ്യാപനവും അത്രമാത്രം അവൾക്കു പ്രിയമായിരുന്നു. ഈ ആശങ്കയൊടെ നിന്ന എന്നോട് അവൾ പറഞ്ഞു, “എടാ നിനക്ക് ഈ ശോക മുഖം ചേരത്തില്ല,സന്തോഷമായിട്ടിരിക്ക്”.
എനിക്കിപ്പോൾ തോന്നുന്നു അവളാണ് ഏറ്റവും നല്ല പാട്ടുകാരിയെന്ന്! കാരണം നോവിന്റെ വിലാപങ്ങൾക്കു പകരം ആ മുറിച്ചുണ്ടിൽ നിന്ന് അപ്പോഴും ഉതിർന്നത് ആനന്ദത്തിന്റെ സങ്കീർത്തനങ്ങൾ ആയിരുന്നുവല്ലോ. പാടിയ ദൈവ സ്തുതികൾ അത്രയും ധീരമായി ജീവിച്ചൊരു പാട്ടുകാരിയെ അതിനു മുൻപും പിൻപും ഞാൻ കണ്ടിട്ടില്ല. വീട്ടിൽ ചെല്ലുമ്പോൾ എന്തൊരു സന്തോഷമായിരുന്നു അവൾക്ക്. അമ്മച്ചിയുടെ നുറുക്കും കായ വറത്തതും ഒക്കെ കഴിപ്പിക്കും, മാസങ്ങളായി വായിലൂടെ ഭക്ഷണം കഴിക്കാൻ പറ്റാത്ത ആളിന്റെ സങ്കടമോ, രുചിയെന്തെന്ന് മറന്ന് പോയ ആളുടെ ഭാവമോ ഒന്നും തോന്നുകയേ ഇല്ല അവളെ കാണുമ്പോൾ. അന്ന് കുറേ തമാശകൾ പറഞ്ഞു ഞങ്ങൾ ചിരിച്ചു. അതേ, സത്യമാണ് സങ്കടത്തിന്റെ പല വലിയ എവറസ്റ്റ് മലകളും അവളോട് സംസാരിക്കുമ്പോൾ ഉരുകിയില്ലാതായിട്ടുണ്ട്.
നിസ്സാര കാര്യങ്ങളിൽ ആകുലപ്പെട്ടും വ്യാകുലപ്പെട്ടും തർന്നിരിക്കുമ്പോൾ അജ്നയെ ഒന്നു കണ്ടാൽ ജീവിതത്തെ മറ്റൊരു ആംഗിളിലൂടെ നോക്കി തുടങ്ങും. തന്റെ കൂടെയുള്ള ആരും സങ്കടപ്പെടുന്നത് അവൾക്ക് സഹിക്കില്ലായിരുന്നു. അതുകൊണ്ടാണ് തീവ്രമായ വേദനയിലും അവൾ പലപ്പോഴും അമ്മയോട് പോലും വേദനകൾ പറയാതെ നിശ്ശബ്ദത പാലിച്ചത്. ഒരിക്കൽ പ്പോലും തന്റെ തീവ്ര നൊമ്പരങ്ങളുടെ കഥ പറയാതെ അരികിൽ വന്നവരുടെ കഥകളൊക്കെ എത്ര ആവേശത്തോടെയാണ് അവൾ ചോദിച്ചറിഞ്ഞിരുന്നതെന്നോ!
അജ്ന എന്ന പേര് അവൾക്ക് തികച്ചും ഉചിതമാണ്. ‘അജ്ന’ എന്ന വാക്കിന് ‘അകക്കണ്ണ്’, ‘ഉൾക്കണ്ണ്’ എന്നീ അർഥങ്ങൾ കൂടെ ഉണ്ട്. അവളുടെ ആ ഉൾകണ്ണുകൾ കൊണ്ട് ആരും കാണാത്തവയും ശ്രെദ്ധിക്കാത്തവയും അവൾ കാണും. മനസ്സുകൾ വായിച്ചെടുക്കും. ഒക്ടോബർ 31 ,2020, ഞാൻ അപ്രകാരം ഓർമിച്ചെടുക്കുന്ന ഒരു ദിവസമാണ്. ജീസസ് യൂത്തിലെ ടീൻസ് ടീമിന്റെ ഒരു ഗ്രാൻഡ് ഗാതെറിങ്, ‘TMG FINALE’ എന്ന പേരിൽ ഓൺലൈനായി നടത്തിയപ്പോൾ അതിന്റെ മ്യൂസിക് ചെയ്യാൻ ഏൽപ്പിച്ചത് കേരള മ്യൂസിക് മിനിസ്ട്രിയെയാണ്. ‘ബാൻഡ് ഷോ’ ഉള്ളതിനാൽ ടീമിലെ കൂടെ ഉള്ള ചിലരൊക്കെ തലേ ദിവസം തന്നെ പുത്തൻ ഡ്രെസ്സും വാങ്ങിച്ചു.
പുത്തൻ ഉടുപ്പൊരെണ്ണം വാങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചെങ്കിലും ആവശ്യത്തിന് പൈസ ഇല്ലാതിരുന്നത് കൊണ്ട് വേണ്ട എന്നു വെച്ചു. പിറ്റേദിവസം, രാവിലെ അജ്നയുടെ ഫോൺകോൾ “നീ എവിടാ, ഒന്ന് എറണാകുളം, കച്ചേരിപ്പടി വരെ വരുമോ,അത്യാവശ്യമാണ്”, ഞാൻ കോളേജിൽ നിന്ന് സാബു അച്ചന്റെ ബൈക്കും എടുത്ത് വേഗം പോയി. ശീമാട്ടിയുടെ മുൻപിൽ അവളും അമ്മച്ചിയും കാത്തുനിൽപ്പുണ്ടായിരുന്നു. എനിക്ക് കാര്യം ഒന്നും മനസ്സിലായില്ല, മുഖത്തിന്റെ ഒരു വശത്തേക്ക് അനുസരണയില്ലാതെ തെന്നിപ്പോയ എന്റെ മാസ്ക് നേരെയിടാൻ ആംഗ്യം കാണിച്ച്, അവൾക്ക് ആർക്കോ ഡ്രസ്സ് എടുക്കണം അതിന് കൂട്ട് വിളിച്ചതാണെന്നും പറഞ്ഞ് എന്നെ അകത്തേക്ക് കൊണ്ടു പോയി.
ആണുങ്ങളുടെ ഡ്രെസ്സ് എടുക്കുന്ന സ്ഥലത്തേക്കാണ് പോയത്,ഞാൻ പറഞ്ഞു “എന്താണ് ഇങ്ങോട്ട് വന്നത്, അപ്പോൾ നിനക്ക് ഡ്രെസ്സ് എടുക്കാൻ അല്ലേ?”, എന്റെ ഈ ചോദ്യങ്ങളൊന്നും കേട്ടഭാവം നടിക്കാതെ അജ്നയും അമ്മച്ചിയും ഓരോ ഉടുപ്പുകൾ തിരയാനും എന്നോട് ഇഷ്ടപ്പെട്ടത് ഏതൊക്കെ ആണെന്ന് ചോദിക്കാനും തുടങ്ങി. ആദ്യമായി തന്റെ കുഞ്ഞിന് പുത്തനടുപ്പു വാങ്ങുന്ന ഒരമ്മയുടെ ഉത്സാഹമായിരുന്നു അവൾക്ക്. എന്താണ് നടക്കുന്നതെന്നറിയാതെ അന്തം വിട്ടിരിക്കുന്ന എന്നോട് അവൾ പറഞ്ഞു.”എടാ, നിനക്ക് ഉടുപ്പു വാങ്ങാൻ വന്നതാണ്. ഈശോ പറഞ്ഞിട്ടാ, ഇത് ആരോടും പറയണ്ടാട്ടോ, ഞാനല്ല ഈശോ തന്നതാണ്”. ഞൊടിയിടയിൽ ഏതോ ശക്തമായ ദൈവസ്നേഹപ്രവാഹം! അവ എന്റെ മുഖമാകെ ഇരുചാലുകളായി ഒഴുകിയിറങ്ങി.
അന്ന് വാങ്ങിച്ച പുത്തനടുപ്പുമായി പിറ്റേന്ന് ദൈവസ്തുതികൾ പാടുമ്പോൾ ഞാൻ നന്ദി പറഞ്ഞു; അവളെന്ന സമ്മാനത്തെ സോദരിയും കൂട്ടുകരിയുമായി തന്നതിന്! ഫോണിലെ വാട്സാപ്പിലെ അവളുടെ ചാറ്റ് ബോക്സ് ഞാൻ ഇപ്പോൾ ഒന്നു തുറന്നു നോക്കി. എനിക്കറിയില്ല, അവളുടെ ഓരോ വിളികളിലും അന്വേഷണങ്ങളിലും നിറഞ്ഞു നിൽക്കുന്ന കരുതലിനെ എങ്ങനെ വിവരിക്കുമെന്ന്! നിനച്ചിരിക്കാതെ വിരുന്ന് വന്ന ദുർവിധിയോർത്ത് പൊട്ടികരയേണ്ട വേളയിൽ അവൾ കരഞ്ഞവരുടെയൊക്ക കണ്ണീരൊപ്പി.. കൂടപ്പിറപ്പും കൂട്ടുകാരിയുമായി അവൾ അത്ഭുതങ്ങൾ തീർത്ത ജീവിതങ്ങൾ എത്രയെത്ര!
അജ്നയുടെ അവസാനത്തെ നാളുകൾ തീർത്തും അഗ്നിപരീക്ഷകളുടേതായിരുന്നു. ഡോക്ടർമാരൊക്കെ കൈ ഒഴിഞ്ഞു. മരണം തന്റെ കൺമുമ്പിലുണ്ട് എന്ന് ബോദ്ധ്യമായി. അതും എത്രമാത്രം വേദനയിലൂടെയാണ് താൻ കടന്നു പോകാൻ പോകുന്നതെന്ന് ഈശോയെപ്പോലെ തന്നെ അവൾക്കറിയമായിരുന്നു. ഈ അറിവ് തന്നെ എത്രയോ വേദനാ ജനകമാണല്ലേ. ജീവിച്ചു കൊതി തീരും മുൻപേ പ്രിയമുള്ള വരെയൊക്കെ വിട്ട് പോകുന്നതിനേക്കാളും ഹൃദയഭേദകമായ് വേറെന്തുണ്ട്! നീ ഇതൊക്കെ എങ്ങനെ സഹിക്കുന്നു എന്ന് ചോദിക്കുന്നവരോടൊക്കെ ഒരു കുഞ്ഞിനെ പോലെ പുഞ്ചിരിച്ചു കൊണ്ട് അവൾ പറയുമായിരുന്നു, “എനിക്ക് ദൈവം കണ്ണും, കാതും, നാവും, ജീവനുമൊക്കെ തന്നിട്ടുണ്ടല്ലോ. ഞാൻ ഇപ്പോൾ ജീവിക്കുന്നുണ്ടല്ലോ”. അധികം താമസിയാതെ തന്നെ ചിറകിൽ നിന്നും തൂവലുകൾ കണക്കെ ആദ്യം ഇടത്തെ കണ്ണിന്റെ കാഴ്ചയും പിന്നീട് കേൾവിയും ഓർമ്മകളും വേർപെട്ടു തുടങ്ങി.
അപ്പോഴും അവൾ ദൈവത്തിന് നന്ദി പറയാൻ ഓരോരോ കാരണങ്ങൾ ആവേശത്തോടെ കണ്ടെത്തി. വീടിന്റെ ടെറസ്സിൽ സ്വന്തം മക്കളെപ്പോലെ പൂക്കളും പച്ചക്കറികളും ഒക്കെ അവൾ വളർത്തി. ഓരോ പൂവും വിരിയുമ്പോൾ ഒരു കുഞ്ഞു കുട്ടിയെപ്പോലെ അവൾ ദൈവത്തിന് നന്ദി പറഞ്ഞു തുള്ളിച്ചാടുമായിരുന്നു.ഒരിക്കെ അവൾ നട്ട പയർ, വീട്ടിൽ കറി വെച്ചപ്പോൾ കഴിക്കാനായി എന്നെ വിളിച്ചിരുന്നു. മറ്റുള്ളവരുടെ നേട്ടങ്ങൾ അവളെ ഏറെ സന്തോഷിപ്പിച്ചിരുന്നു. കൊറേ നാളുകളുടെ കാത്തിരിപ്പിനുശേഷം എന്റെ ഒരു പാട്ട് ഇറങ്ങിയപ്പോൾ എന്നെക്കാളേറെ സന്തോഷമായിരുന്നു അവൾക്ക്. അവളെ ആ പാട്ട് ആദ്യം കേൾപ്പിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു.
രോഗം മൂർച്ഛിച്ചു തുടങ്ങിയ ആ നാളുകളിൽ ഒരു ദിവസം ഞങ്ങളുടെ കൂട്ടുകാരായ ജോസഫും അൻസലുമായി അവളെ കാണാൻ ചെല്ലാൻ വേണ്ടി ഫോൺ വിളിച്ചപ്പോൾ അവൾ തമാശയോടെ പറഞ്ഞു; “അതേ വരണതൊക്കെ കൊള്ളാം എന്നെ കണ്ട് പേടിച്ചേക്കരുതേട്ടാ”, വീട്ടിൽ ചെന്നപ്പോൾ കണ്ടത് മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ നീരുവന്ന് ഒരൊറ്റ വ്രണമായി ഇരിക്കുന്ന അജ്ന യെയാണ്. അന്നും അവൾ കൊറേ ചിരിപ്പിച്ചു ഞങ്ങളെ. എല്ലാവരുടെയും വിശേഷങ്ങൾ ചോദിച്ചു ഒന്നുപോലും വിടാതെ. ഒരു പരാതി പോലും പറയാതെ. ഓരോ തവണ പോകുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ മുഖം ആരാണെന്ന് തിരിച്ചറിയാനാവാത്ത വിധം വിരൂപമായിക്കൊണ്ടിരുന്നു.
എങ്കിലും അവൾ എന്നത്തേയും പോലരികിൽ ഇരിക്കും, ഉറക്കെ ചിരിക്കും. അവസാനമായി ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ പോയപ്പോൾ അവൾക്ക് നല്ല വാശിയായിരുന്നു. എന്തിനാണെന്നറിയാമോ, ജീസസ് യൂത്തിലെ എമ്മാവൂസ് എന്ന ഫോർമേഷൻ കോഴ്സില ആക്ടിവിറ്റികൾ പൂർത്തിയാക്കാനായിരുന്നു അത്. അന്നത്തെ ദിവസമാണ് അജ്നക്ക് ആദ്യമായി ഓർമ്മ നഷ്ടപ്പട്ടുതുടങ്ങിയത്, അസഹനീയമായ തല വേദനകാരണം നേരെ നിൽക്കാൻ പോലും കഴിഞ്ഞില്ല. ട്യൂമർ വളർന്ന് മൂക്ക് ഒക്കെ മൂടിയതിനാൽ ശ്വാസം എടുക്കാനും നന്നേ പ്രയാസപ്പെട്ടിരുന്നു. ഇതിന്റെ ഇടയിൽ ആയിരം എക്സ്ക്യൂസസ് പറയാനുള്ളപ്പോഴും അതൊന്നും പറയാതെ കൃത്യസമയത്ത് ആ ആക്ടിവിറ്റികൾ തീർക്കാൻ കാണിച്ച അവളിലെ ചങ്കൂറ്റം! ഞങ്ങൾ ഒപ്പമിരുന്നെങ്കിലും അവൾ തന്നെയാണ് എല്ലാ ആക്ടിവിറ്റികളും വാശിയോടെ ചെയ്തു തീർത്തത്. ഈശോയുടെ കാര്യങ്ങളിൽ ആയിരുന്നു അവളുടെ വാശികൾ അത്രയും.
അനുദിനമുള്ള ദിവ്യബലികൾക്ക് അമ്മയോട് കൂടെ വേച്ചു വെച്ച് അവൾ പോയിരുന്ന കാഴ്ച്ച അത്രമേൽ സുന്ദരം! കുറേ നേരം ഞങ്ങളുടെ കൂടെ ഇരിക്കണമെന്ന് അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്തൊക്കെയോ ഇനിയും പറഞ്ഞു തീരാത്ത പോലെ അവളിരുന്നു. തീവ്രമായ തല വേദനയുള്ളത് കൊണ്ട് പറയാൻ ശ്രമിച്ചത് മുഴുവിക്കാൻ അവൾക്ക് സാധിച്ചില്ല. അവളെ കിടക്കാൻ നിർബന്ധിച്ചു ഞാനും അൻസലും ഇറങ്ങി. തിരികെ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ വീടിന്റെ വാതിൽക്കൽ വന്നു നിന്ന് അവൾ നൽകിയ ആ പുഞ്ചിരി, ട്യൂമർ മുള്ളുകൾ വരിഞ്ഞ ആ മുഖത്തു വിരിഞ്ഞ റോസാപ്പൂ പോലെ എനിക്ക് തോന്നി. അന്ന് എന്തോ ഒരു ഉൾപ്രേരണയോടെ ഞാൻ പറഞ്ഞു, “You are the most beautiful women I have ever seen, നിന്റെ ചിരിയാണ് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ചിരി” എന്ന്. അതുകേട്ട് അവൾ ചിരിച്ചുകൊണ്ട് തല കുലുക്കി.
അതേ, ആത്മസൗന്ദര്യം എന്നൊന്നുണ്ട്. അത് വർഷങ്ങൾ കഴിഞ്ഞാലും കൂടികൊണ്ടേയിരിക്കും. അതിന് ഉത്തമ തെളിവാണ് ഞങ്ങളുടെ കൂട്ടുകാരി അജ്ന. അല്ലെങ്കിൽ എങ്ങനെയാണ് അവൾക്കു മരണം വാതിൽക്കൽ നിൽക്കുമ്പോഴും ഇത്ര മനോഹരമായി ചിരിക്കാൻ സാധിക്കുക. ഉടനെ ഇനി കാണില്ലായെന്ന മട്ടിൽ അവൾ ഞങ്ങളെ നോക്കി, ആ പാതി കൺകളിൽ നിന്നും ഞങ്ങൾ മായും വരെ അവൾ റ്റാറ്റ തന്നുകൊണ്ടിരുന്നു. ശ്വാസ തടസ്സം കൂടി ആശുപത്രിയിൽ അവളെ അഡ്മിറ്റ് ആക്കിയ വിവരം ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. കാര്യങ്ങൾ തിരക്കാൻ ഞാൻ അജ്നയുടെ ചേച്ചി അജ്മ ചേച്ചിയെ വിളിച്ചുപ്പോൾ തൊണ്ട ഇടറി, ചേച്ചി പറഞ്ഞു.
“ഇനി ഒരു തിരിച്ചു വരവുണ്ടാവില്ല എന്നാണ് ഡോക്ടർ മാരൊക്കെ പറഞ്ഞത്. ഒത്തിരി നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഇവിടേക്കു വേറെ ആരേയും കയറ്റുന്നുമില്ല”.
അവസാന നാളുകളിലെ പ്രിയപ്പെട്ടവരുടെ മൊഴികൾ അറിയാനുള്ള ജിജ്ഞാസ എന്നിലുമുണ്ടായി. “ചേച്ചി അവൾ എന്തെങ്കിലും പറഞ്ഞായിരുന്നോ?”, “ഉവ്വ്, ജിത്തേ, അമ്മയോട് അവളുടെ തക്കാളി ചെടിയെ നോക്കണ കാര്യം പറഞ്ഞു. പിന്നെ,അജ്നയുടെ വണ്ടി ഇപ്പോൾ എന്റെ കൂട്ടുകാരി ലിന്റയാണല്ലോ ഓടിക്കുന്നത്, അവളോട് അത് ഉപയോഗിക്കുന്നില്ലെങ്കിൽ നിനക്ക് വേറെ വണ്ടിയില്ല നിനക്കു കൊടുത്തേക്കാമോ, എന്നും പറഞ്ഞു.” ഒരു നിമിഷം എനിക്ക് ചുറ്റുമെല്ലാം നിശ്ശബ്ദമായ പോലെ തോന്നി. എങ്ങനെയാണ് ഈ സമയത്തും ഒരാൾക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനാവുക. കാൽവരിയിലെ ക്രിസ്തുവിന്റെ രൂപം അവൾ കൈവരിക്കുന്നത് പോലെ അനുഭവപ്പെട്ടു. സൂക്ഷ്മമായി നോക്കുക അവന്റെ എല്ലാ മുറിവുകളും അവളിലുമുണ്ട്. “മനുഷ്യനെന്നു തോന്നാത്ത വിധം അവൻ വിരൂപനാക്കപ്പെട്ടു” അവളും അതേ! മരണത്തിന്റെ വേളയിലും അവൻ തന്റെ പ്രിയപ്പെട്ടവർക്കായി ഉള്ളവും ഉള്ളതും പകർത്തുനല്കി, അവളും അതേ!
ഈശോയെ ഉൾക്കൊണ്ടുൾക്കൊണ്ട് അവൾ ഈശോയായി!! എന്നത്തേയും പോലെ അന്നും അവനെ സ്വീകരിച്ച് അവന്റെ മാറിലേക്ക് അവൾ ചാരി, നിത്യമായി.. പരാതിയില്ലാതെ, പരിഭവങ്ങളില്ലാതെ, പുഞ്ചിരിയോടെ! നീണ്ട 5 വർഷങ്ങളുടെ പോരാട്ടം ആരവവും ആഘോഷവുമില്ലാതെ അവസാനിച്ചു. ഇന്ന് ഞങ്ങളുടെ അജ്ന ഇല്ല, അവളുടെ ചിരിയും സംസാരങ്ങളും ഇല്ല. എന്നാൽ അവൾ പകർന്നതെല്ലാം മരണമില്ലാതെ ജീവിക്കുന്നു. ഇതെഴുതുമ്പോഴും അവളുടെ സ്വരം ചെവിയിൽ കേൾക്കാം,”എടാ, കുർബാനക്ക് പോടാ. പോയി വന്നിട്ട് ബാക്കിയെഴുതിയാൽ മതി. കുർബ്ബാന യാണ് എറ്റവും വലുത്”. അജ്ന, എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട് “അന്നും വീട്ടിൽ വെച്ച് നീ ഇതു തന്നെയല്ലേ പറയാൻ ശ്രമിച്ചത്”.
By, ജിത്ത് ജോർജ്