ഫാ. അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
ഈശോയെ സ്നേഹിച്ച് ജീവിതം കൃപാവരപൂർണ്ണമാക്കിയ ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി അജ്ന അവളിരുന്ന കൂട് വിട്ട് സ്വർഗ്ഗത്തിലേക്ക് പറന്നതിന്റെ ഒന്നാം വാർഷികമായിരുന്നു കഴിഞ്ഞ ജനുവരി 21 ന്. ഞാൻ തേവര തിരുഹൃദയ കലാലയത്തിൽ ബിരുദാനന്തരബിരുദത്തിന് ( Post Graduation ) പഠിക്കുമ്പോൾ അജ്ന ബിരുദ വിദ്യാർത്ഥിനി ആയിരുന്നു.
Jesus Youth ൽ സജീവ അംഗമായിരുന്നതിനാൽ പ്രാർത്ഥനാ മീറ്റിംഗുകൾക്ക് സ്നേഹപൂർവ്വം വിളിച്ചിരുന്നു.
പഠനത്തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞ് മാറിയപ്പോൾ നഷ്ടമായത് ഒരു വിശുദ്ധ സൗഹൃദമായിരുന്നു എന്ന് ഏറ്റുപറയാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.
പ്രാർത്ഥിക്കാനുള്ള അവളുടെ ക്ഷണത്തെ വലിയ കാര്യമായി എടുക്കാതിരുന്നതിനാൽ വീണ്ടും ക്ഷണിച്ച്ആ കുട്ടി എന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയില്ല.
പിന്നീട് അനേകം തവണ ഒറ്റയ്ക്കും കൂട്ടുരോടൊത്തും തേവര തിരുഹൃദയ ആശ്രമത്തിന്റെ ചാപ്പലിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന അജ്നയെ കണ്ടിട്ടുണ്ട്.
നേരിട്ട് കാണുമ്പോൾ എല്ലാം അവൾ ഒരു ചിരി എനിക്ക് സമ്മാനിച്ചിട്ടുണ്ട്.
പ്രാർത്ഥനാകൂട്ടായ്മയ്ക്ക് വിളിച്ചാൽ ഒഴിവ്കഴിവ് പറയാൻ ഉള്ള മടി കാരണം ഞാൻ അവളുടെ ചിരി കൊണ്ട് തൃപ്തിപ്പെട്ടു. ചിരിയിൽ കൂടുതൽ ഒരു വാക്ക് പോലും മിണ്ടാതിരുന്നപ്പോൾ കളഞ്ഞുപോയത് ഒരു വിശുദ്ധയായ പെൺകുട്ടിയോടുള്ള സൗഹൃദമായിരുന്നല്ലോ എന്ന തിരിച്ചറിവ് സി. എം. ഐ. സന്യാസ വൈദികനായ എന്നെ കുറച്ചൊന്നുമല്ല ഭാരപ്പെടുത്തിയത്.
വല്ലപ്പോഴും കാണുമ്പോൾ ചിരിക്കാറുണ്ടായിരുന്ന ആ മുഖം എന്റെ ഓർമ്മയിൽ കുറേ നാളത്തേയ്ക്ക് സജീവമായിരുന്നില്ല.
2022 ജനുവരി 21 – നാണ് വീണ്ടും അജ്നമോളെക്കുറിച്ച് കേൾക്കുന്നത്.
ഒരിക്കലും ഇനി എനിക്ക് കാണാൻ സാധിക്കാത്ത വിധത്തിൽ അവൾ സ്വർഗ്ഗത്തിലേക്ക് പറന്നു എന്നറിയുന്നത് സോഷ്യൽ മീഡിയയിൽ നിന്നാണ്. കൂത്താട്ടുകുളം മേരിഗിരി കോളേജിൽ അഡ്മിനിസ്ട്രേഷൻ നോക്കിയിരുന്ന സമയമായിരുന്നതിനാൽ അവിടെ പഠിപ്പിച്ചിരുന്ന അജ്നയുടെ സഹപാഠിയായ ആൻ ഐവി മിസ്സിൽ നിന്നും അവളുടെ രോഗവിവരങ്ങൾ കേട്ടറിഞ്ഞു.
സങ്കൽപിക്കാനാവാത്ത വിധത്തിൽ രോഗപീഡകൾ അവളെ അലട്ടിയിയിരുന്നു എന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. തുടരെ തുടരെ അവളുടെ വിശ്വാസ ദാർഢ്യത്തെക്കുറിച്ചുള്ള ചെറിയ സൂചനകൾ ജീസസ് യൂത്ത് കുടുംബാംഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതും കണ്ടുകൊണ്ടിരുന്നു. നിറകണ്ണുകളോടെ അതിലേറെ ആത്മഭാരത്തോടെ അവളുടെ മൃതസംസ്കാര ശുശ്രൂഷകൾ ഓൺലൈൻ ആയി സംബന്ധിച്ചു പ്രാർത്ഥിച്ചു.
സാബു അച്ചന്റെ വചന വ്യാഖ്യാനവും അനുശോചനവും കേട്ടപ്പോൾ കണ്ണീരടക്കാൻ നന്നായി പാടുപെട്ടു.
അജ്നമോളുടെ അവസാന നാളുകളിൽ ഈശോയെ എത്തിച്ചു കൊടുത്ത ജീൻ ഫെലിക്സ് അച്ചനും സാബു കൂമ്പുക്കൽ അച്ചനും എഴുതിയ കുറിപ്പ് വായിച്ച് അവളുടെ ആത്മീയജീവിതത്തിന്റെ അഴക് കൂടുതൽ മനസിലാക്കി. അവളുടെ മൃതസംസ്കാരം കഴിഞ്ഞ് ഏഴ് ദിവസങ്ങൾക്ക് ശേഷം ഉണ്ടായിരുന്ന ഒരു തിരുന്നാൾ കുർബാനയിലെ വചനസന്ദേശത്തിൽ അവളുടെ വിശ്വാസത്തിന്റെ ആഴത്തെക്കുറിച്ച് പരാമർശിച്ചു. സാബു അച്ചനും ജിത്തും ചേർന്നെഴുതിയ ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി അജ്നയുടെ വിശുദ്ധിയെ കൂടുതൽ മനസിലാക്കിത്തന്നു.
പിന്നീടുണ്ടായിരുന്ന ചെറിയ ഇടവക ധ്യാനങ്ങളിൽ എല്ലാം വിശുദ്ധ കുർബാനയെക്കുറിച്ച് വിചിന്തനം നൽകിയപ്പോൾ അജ്നയെക്കുറിച്ച്, അവൾ ഏറ്റെടുത്ത ത്യാഗത്തേക്കുറിച്ച് പറയാതെ പിൻ വാങ്ങാൻ എനിക്കായില്ല. സൗഹൃദം ചിരിയിൽ ഒതുങ്ങി പോയി എന്നതാണ് യാഥാർഥ്യം എങ്കിലും അവളുടെ മായാത്ത ചിരി പ്രചോദിപ്പിക്കുന്നതും ഇടക്കൊക്കെ കുത്തിനോവിക്കുന്നതും നിസ്സാരമായി കാണാനാവുന്നില്ല.
കബറിടത്തിൽ പോയി പ്രാർത്ഥിക്കാനും അവളുടെ വീട്ടിൽ പോയി അപ്പയെയും അമ്മയെയും ചേച്ചിയെയും കാണാനും മനസ്സ് അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂർ ആയതിനാൽ ആഗ്രഹം എന്ന് സാധിക്കുമെന്നതിനെക്കുറിച്ച് അവ്യക്തത ഉണ്ടായിരുന്നു താനും. എന്നാൽ ദൈവത്തിന്റെ വഴികൾ എത്രയോ അത്ഭുതകരമെന്ന് ഈ ദിനങ്ങളിൽ തിരിച്ചറിഞ്ഞു. 2023 ജനുവരി 22 -ന് കാക്കനാട് സി. എം. ഐ. പ്രിയോർ ജനറാൾ ഹൗസിൽ വച്ച് നടന്ന പ്ലസ് വൺ, പ്ലസ് ടു വൈദിക വിദ്യാർത്ഥികളുടെ സംഗമത്തിൽ ക്ലാസ്സെടുക്കാൻ നിയോഗിക്കപ്പെട്ടു.
ബാംഗ്ലൂരിൽ നിന്നും യാത്ര ചെയ്ത് എത്തി തനിച്ച് പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ മനസ്സിൽ രൂപപ്പേട്ട ശക്തമായ പ്രചോദനം അജ്നയുടെ പള്ളിയിലും വീട്ടിലും പോകണം എന്നതായിരുന്നു.
ദിവ്യകാരുണ്യ ഈശോയ്ക്ക് പ്രിയപ്പെട്ട അജ്നമോൾ വളർന്ന ഇടം കാണാൻ പോകണം എന്ന ആഗ്രഹത്തോടെ പരിശുദ്ധ കുർബാന അർപ്പിച്ച് ഇറങ്ങി വരുമ്പോൾ അജ്നയുടെ ഉറ്റ മിത്രം ജിത്ത് ജോർജിനെ അവിചാരിതമായി കണ്ടു മുട്ടി. കാരണം തിരക്കിയപ്പോളാണ് അറിയുന്നത് വൈദിക വിദ്യാർത്ഥികൾക്കായുള്ള രാവിലത്തെ സെഷൻ എടുക്കുന്നത് അജ്നയോട് ഏറ്റവും ചേർന്ന് നിന്ന ജിത്ത് ആണ് എന്ന്.
ഉച്ച കഴിഞ്ഞത്തേത് എടുക്കുന്നത് അജ്നയിൽ നിന്ന് തിരക്ക് പറഞ്ഞ് ഒഴിഞ്ഞ് മാറിയ ഈ ഞാനും!
ജിത്ത് ചോദിച്ച ആദ്യ ചോദ്യം “അച്ചൻ അജ്നയുടെ വീട്ടിൽ പോകുന്നില്ലേ?” എന്നതായിരുന്നു എന്നതും എന്നെ അത്ഭുതപ്പെടുത്തി. ഉച്ചകഴിഞ്ഞുള്ള സെഷൻ എടുത്തതിന് ശേഷം ഞാനും ബാച്ച്കാരൻ ജോയ്സ് മടുക്കക്കുഴി അച്ചനും കൂടി അജ്നയുടെ കബറിടത്തിൽ പോയി പ്രാർത്ഥിച്ചു. തിരികെ ബാംഗ്ലൂർക്ക് വരാൻ ഉള്ളതിനാൽ അധികനേരം നിൽക്കാനായില്ല.
പള്ളിയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള അവളുടെ വീട്ടിൽ ഓട്ടോയ്ക്കാണ് എത്തിയത്. ആരോഗ്യം അത്ര നല്ലതല്ലാത്ത ദിവസങ്ങളിലും ഈ ദൂരമത്രയും അജ്ന നടന്ന് ദേവാലയത്തിൽ എത്തിയിരുന്നു എന്ന് വായിച്ചറിഞ്ഞ ഓർമ്മ എന്നെ നോവിക്കുന്നുണ്ടായിരുന്നു. വീട്ടിൽ എത്തി അപ്പച്ചനെയും അമ്മച്ചിയേയും അജ്മയെയും കണ്ട് പ്രാർത്ഥിച്ചപ്പോൾ കോളേജിൽ വച്ച് പ്രാർത്ഥിക്കാൻ അജ്ന വച്ച് നീട്ടിയ കഷണങ്ങൾ നിരസിച്ചത്തിലുള്ള സങ്കടം അലിഞ്ഞില്ലാതായി.
അമ്മ സ്നേഹത്തിൽ ചാലിച്ചു നൽകിയ തേൻ വെള്ളത്തിന്റെ മാധുര്യം രുചിച്ചപ്പോൾ അപ്രതീക്ഷിതമായി അജ്നയുടെ വീട്ടിൽ കൂട്ടികൊണ്ട് പോയ ദിവ്യകാരുണ്യ ഈശോയോടുള്ള നന്ദി കൊണ്ട് ഹൃദയം നിറഞ്ഞുകവിഞ്ഞു. എല്ലാവർക്കും സ്തുതി ചൊല്ലി അമ്മയുടെ കരങ്ങൾ ചുംബിച്ച് അവളുടെ വീട് വിട്ടുറുങ്ങുമ്പോൾ ഈ കുഞ്ഞിന്റെ വിശുദ്ധി ലോകം മഴുവൻ അറിയണമേ എന്ന പ്രാർത്ഥന ആയിരുന്നു മനസ്സ് മുഴുവൻ. അജ്ന മോളെ, നീ ഏറ്റവും കൂടുതൽ നടന്ന് തീർത്ത തയ്ക്കൂടം പള്ളിക്കും ജൂനിയർ ജനതറോഡിലെ മുട്ടുങ്കൽ വീടിനും ഇടയിലുള്ള ആ ഇടനാഴിയിലൂടെ അനേകായിരങ്ങൾ പ്രദക്ഷിണം നടത്തുന്ന ഒരു ദിവസത്തിനുവേണ്ടിണ് ഇനി എന്റെ കാത്തിരിപ്പ്.