Anthony Vargheese
വിശുദ്ധയായ ഒരു ജീസസ് യൂത്ത് മിഷണറിയായി ജീവിച്ച് ദിവ്യകാരുണ്യത്തിന്റെ വാനമ്പാടിയായി തീർന്ന അജ്ന ജോർജ് എന്ന ഇരുപത്തിയേഴുകാരി എന്റെ കുഞ്ഞനുജത്തിയായതിന്റെ കഥ തുടങ്ങുന്നത് അവളുടെ മരണശേഷമാണ്….
അതെ! ജീവിച്ചിരിക്കുമ്പോൾ തന്നെ അനേകം നല്ല ആത്മീയ സഹോദരങ്ങളെ, സൗഹൃദങ്ങളെ ദൈവകൃപയാൽ ലഭിച്ചിട്ടുണ്ട്…. അതിന് ഞാനെന്നും ദൈവത്തിന് കൃതജ്ഞതയുള്ളവനാണ്…. എന്നാൽ, മരണം കൊണ്ട് എനിക്ക് ഇന്നുവരെ ഒരു സഹോദരങ്ങളെയും കിട്ടിയിട്ടില്ല…. അത് തിരുത്തിയിരിക്കുകയാണ് അജ്ന ജോർജ് എന്ന ഇരുപത്തിയേഴുകാരി…. മരണം കൊണ്ട് എന്റെ കുഞ്ഞനുജത്തിയായി തീർന്നവൾ….
ജനുവരി 21-ന് വൈകുന്നേരം ദൈവകരുണയുടെ മണിക്കൂറായ മൂന്നുമണി സമയം, ദൈവകരുണയുടെ ആഴങ്ങൾ എത്രത്തോളമുണ്ടെന്ന് അനുഭവിച്ച ഈശോയുടെ ഏറ്റവും പ്രിയപ്പെട്ടവൾ, അവന്റെ ഏറ്റവും നല്ല സുഹൃത്ത്, തന്റെ വേദനകളെ മറന്നു കർത്താവിൽ ആനന്ദം കണ്ടെത്തിയ അവൾ ബഹുമാനപ്പെട്ട ജീനച്ചനിൽനിന്ന് വിശുദ്ധ കുമ്പസാരം സ്വീകരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കാനായി പ്രാർത്ഥിച്ചു ആത്മീയതയിൽ ഒരുങ്ങി താൻ ഏറെ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ നാഥന് സ്വീകരിച്ചതിനുശേഷം അവൾ പ്രാർത്ഥനയോടെ ക്യാൻസർ കാർന്നുതിന്ന മുഖത്ത് പുഞ്ചിരി വിടർത്തി കാത്തിരുന്നു….
എന്തിനാണെന്നോ; സ്വർഗ്ഗത്തിൽ തന്റെ നിത്യ സമ്മാനം സ്വീകരിക്കാനായി തന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന ഈശോയ്ക്കുവേണ്ടി അവൾ കണ്ണും നട്ടു കാത്തിരുന്നു…. അവൾ കാത്തിരുന്നപോലെ കരുണയുടെ മൂന്നാം മണിക്കൂറിൽ തന്നെ അത് സംഭവിച്ചു…. തന്റെ മരണവും സമയവും മുൻകൂട്ടി അറിഞ്ഞിരുന്നു എന്നപോലെ ആ തിരുമണിക്കൂറിൽ തന്നെ ഏറെ സ്നേഹിക്കുന്ന തന്റെ പ്രാണനായകനായ ഈശോ അവളുടെ അടുക്കലെത്തി…. അവൾ ഈശോയുടെ കരം പിടിച്ചു കൊണ്ട് തന്റെ നിത്യ സമ്മാനം സ്വീകരിക്കാനായി സന്തോഷത്തോടെ സ്വർഗ്ഗത്തിലേക്ക് യാത്രയായി….
അതുകൊണ്ടാണല്ലോ, താൻ മരിക്കുന്നതിനു മുമ്പുള്ള അവസാന സമയങ്ങളിൽ അമൃത ഹോസ്പിറ്റലിൽ തനിക്ക് കുമ്പസാര കൂദാശയും കുർബാനയും നൽകാൻ വന്ന ജീനച്ചന് തന്റെ അടുത്തേക്കുള്ള വഴി തെറ്റിയെന്ന് മനസ്സിലാക്കിയ അജ്ന, ചേച്ചി അജ്മയെ വിട്ട് അച്ചനെ കൂട്ടി കൊണ്ടുവന്നതും പ്രാർത്ഥനയോടെ കൂദാശകൾ സ്വീകരിച്ചതും നല്ല മരണത്തിനുവേണ്ടി ഒരുങ്ങിയതും…. നിത്യ നാടതിലെ നിത്യ ഭവനത്തിൽ ഈശോയുടെ തരം പിടിച്ച് യാത്രയായ സമയം സ്വർഗ്ഗം സന്തോഷിച്ചു…. അവളെ അടുത്തറിയുന്നവർക്കും അവളോടൊപ്പം അവസാന നിമിഷങ്ങളിൽ കൂടെയുണ്ടായിരുന്നവർക്കും ആ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണെങ്കിലും അവരും വലിയ സന്തോഷത്തിലാണ്….
എല്ലാവരുടെയും സ്വന്തം അജ്ന, ഈശോയുടെ സ്വന്തം അജ്ന പോയിരിക്കുന്നത് മറ്റെവിടെയുമല്ല സ്വർഗ്ഗത്തിലേക്കാണ് എന്ന ബോധ്യമാണ് ആ സന്തോഷത്തിന് കാരണം….
ഈ കുട്ടിയെക്കുറിച്ച് ഒരു കേട്ടുകേൾവിപോലുമില്ലാത്ത എനിക്ക് അവൾ മരിച്ച അന്ന് രാത്രി മുതൽ വാട്സാപ്പിലും മെസ്സഞ്ചറിലുമൊക്കെ അവളുടെ ഫോട്ടോയും വച്ചുകൊണ്ടുള്ള മെസ്സേജുകൾ സുഹൃത്തുക്കളിൽ നിന്നും ജീസസ് യൂത്തിന്റെ വിവിധ ഗ്രൂപ്പുകളിൽ നിന്നും നിരന്തരം വന്നുകൊണ്ടിരുന്നു…. അജ്ന ആരാണെന്ന് അറിയാത്തതുകൊണ്ടും നേരിട്ട് കണ്ടിട്ടില്ലാത്തതുകൊണ്ടും പരസ്പരം സംസാരിച്ചിട്ടില്ലാത്തതുകൊണ്ടും തന്നെ എല്ലാ മെസ്സേജുകളും സ്കിപ്പ് ചെയ്തു വിടുകയായിരുന്നു ഞാൻ….
ഒരു മെസ്സേജ് പോലും വായിച്ചു നോക്കിയില്ല…. എന്നാൽ, അടുത്തദിവസം രാവിലെയും ഇത് തുടർന്നുകൊണ്ടിരുന്നു…. അപ്പോഴും പഴയതുപോലെ സ്കിപ്പ് ചെയ്തു വിട്ടുകൊണ്ടിരുന്നു…. അതൊക്കെ, ദൈവം, ദിവ്യകാരുണ്യത്തെ മതിമറന്ന് സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്ത അജ്നയെക്കുറിച്ച് അറിയാനായി തന്ന അവസരങ്ങളാണെന്ന് ഞാൻ മനസ്സിലാക്കാതെപോയി…. അന്ന് ഒഡീഷയിലെ കട്ടക്കിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്ന സമയമാണ്…. ട്രെയിനിൽ വച്ച് മൊബൈൽ എടുത്തു ഫെയ്സ്ബുക്ക് ഓപ്പൺ ചെയ്തപ്പോൾ, നിരവധിപേരുടെ അജ്നയെകുറിച്ചുള്ള ഓർമ്മകളുടെയും അനുഭവങ്ങളുടെയും അനുശോചനങ്ങളുടെയും കുറിപ്പുകളും ചിത്രങ്ങൾ ഉൾപ്പെടെയുള്ള പോസ്റ്റുകളും കാണാനിടയായി….
അപ്പോഴും ഞാൻ അതൊക്കെ തുറന്നു നോക്കുവാനോ വായിക്കുവാനോ സമയം കണ്ടെത്തിയില്ല…. അസ്വാഭാവികമായി അതിലൊന്നും എനിക്ക് തോന്നിയില്ല അതാണ് കാരണം…. എന്നാൽ, കുറച്ചു സമയം കഴിഞ്ഞപ്പോൾ ജീസസ് യൂത്തിന്റെ ഇന്റർനാഷണൽ, നാഷണൽ പേജിലും കേരള ജീസസ് യൂത്തിന്റെ ഒഫീഷ്യൽ പേജിലും ഈ വാർത്ത വന്നപ്പോഴാണ് ഇത് ഞാൻ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയതും കാര്യഗൗരവമായി ഇതിനെകുറിച്ച് ചിന്തിച്ചു തുടങ്ങിയതും…. എന്താണ് ഈ കുട്ടിക്കും ഈ വാർത്തയ്ക്കും കിട്ടുന്ന പ്രാധാന്യം??? ആരാണ് ഈ കുട്ടി??? എന്താണ് ഇതിന് പിന്നിലെ രഹസ്യം??? അജ്നയെകുറിച്ച് കൂടുതൽ അറിയാനുള്ള ആവേശം എന്നിൽ നിറഞ്ഞു…. ഞാൻ അപ്പോൾ തന്നെ അതെല്ലാം വായിച്ചു….
വായിച്ചു തീർന്നപ്പോൾ തന്നെ മനസ്സിലായി Something special ലാണ് അജ്ന എന്ന ഇരുപത്തിയേഴുകാരിയായ ചെറുപ്പക്കാരി…. അതിനുശേഷം അജ്നയെകുറിച്ച് എനിക്ക് വന്ന എല്ലാ മെസ്സേജുകളും ഫേസ്ബുക്ക് കുറിപ്പുകളും തെരഞ്ഞുപിടിച്ച് വായിച്ചു മനസ്സിലാക്കി…. അത് ഒരു സ്വർഗ്ഗീയ അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്…. എന്തെന്നില്ലാത്ത രോമാഞ്ചവും…. അവളുടെ ആ വിശുദ്ധ ജീവിതം വിശുദ്ധിയിൽ ജീവിക്കാനായി എന്നെ വെല്ലുവിളിക്കുന്നതുപോലെ തോന്നി…. അവളുടെ ജീവിതം എന്നെ ഒത്തിരിയേറെ ചിന്തിപ്പിച്ചു പ്രചോദിപ്പിച്ചു ആവേശം കൊള്ളിപ്പിച്ചു….
പലരും അവൾക്ക് നൽകിയ വിശേഷണങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു, ഈശോയുടെ ഏറ്റവും പ്രിയപ്പെട്ടവൾ, ഈശോയുടെ പാട്ടുകാരി,
കാർലോ അക്വിറ്റിസിന്റെ ചേച്ചി, ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി, ഈശോ കൊച്ച്, ദിവ്യകാരുണ്യത്തിന്റെ സ്നേഹിത, ഈശോയുടെ സ്വന്തം അജ്ന, ദിവ്യകാരുണ്യത്തെ പ്രണയിച്ചവൾ, എന്നിങ്ങനെ നീണ്ടുപോകുന്നു വിശേഷണങ്ങൾ…. അത് എന്നിലുണ്ടാക്കിയ തരിപ്പും വെല്ലുവിളിയും വളരെ വലുതാണ്…. ആ നിമിഷം തന്നെ, ദിവ്യകാരുണ്യ ഈശോയും അജ്നയും തമ്മിലുള്ള ബന്ധത്തിൽ ഞാൻ ആകൃഷ്ടനായി തീർന്നിരുന്നു…. ദിവ്യകാരുണ്യത്തെ അഗാധമായി സ്നേഹിച്ച, പ്രണയിച്ച, ഒരിക്കൽപോലും ദിവ്യബലി മുടക്കാത്ത, വിശുദ്ധ കുർബാന സ്വീകരിക്കുന്നത് മുടക്കാത്ത, ഈശോയുടെ പ്രിയപ്പെട്ടവളായ അജ്ന ജോർജ് എന്റെ ആരെല്ലാമൊക്കെയോ ആയി തീർന്നിരുന്നു….
വളരെ പ്രത്യേകിച്ച് എന്റെ കുഞ്ഞനുജത്തിയായി അവൾ മാറിയിരുന്നു…. ആ മെസ്സേജുകളും ഫേസ്ബുക്ക് കുറിപ്പുകളും വിശേഷണങ്ങളും, അതൊക്കെ വായിച്ചറിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച അനുഭവങ്ങളും സ്വർഗ്ഗീയ സന്തോഷവും അജ്ന ജോർജ്ജ് ആരാണ് എന്നും, എന്താണ് എന്നും എനിക്ക് മനസ്സിലാക്കി തന്നു…. അന്നുമുതൽ ഞാനവളെ വിളിച്ചു തുടങ്ങി, എന്റെ കുഞ്ഞനുജത്തിയായ അജ്ന മോളെ എന്ന്…. ആ വിളി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു…. അത് എപ്പോഴും തുടർന്നുകൊണ്ടേയിരിക്കും…. അന്ന് ട്രെയിൻ യാത്രയ്ക്കിടയിൽ വച്ച് ഫേസ്ബുക്കിലും എന്റെ മനസ്സിലും ഞാൻ ഇങ്ങനെ കുറിച്ചിട്ടു ” പ്രിയ സഹോദരി അജ്ന, ഈശോയുടെ സ്വന്തം അജ്ന വ്യക്തിപരമായി എനിക്ക് നിന്നെ അറിയില്ല….
ജീസസ് യൂത്ത് സഹോദരങ്ങളും നിന്റെ സ്നേഹിതരുമാണ് എനിക്ക് നിന്നെ വ്യക്തമായി പരിചയപ്പെടുത്തി തന്നത്…. ജീസസ് യൂത്ത് കുടുംബത്തിലെ അംഗങ്ങളാണ് നമ്മളെങ്കിലും പരസ്പരം കാണുകയോ അറിയുകയോ അനുഭവിക്കുകയോ ഒരു വാക്കു പോലും മിണ്ടുകയോ ചെയ്തിട്ടില്ല…. എങ്കിലും നീ എനിക്ക് ആരെല്ലാമോ ആയിത്തീരുന്നു…. “
ഇതോടൊപ്പം ഒരു പ്രാർത്ഥനയും ഒരു മന്ത്രം പോലെ കുറിച്ചിട്ടു…. “ഇന്ന് നീ സ്വർഗ്ഗത്തിൽ നിന്റെ പ്രാണന്റെ പ്രാണനായ പ്രണയ നായകനെ നേരിൽ കാണുമ്പോൾ എന്നെയും കൂടി ഓർക്കേണമേ…. ഒരിക്കൽ ഞാനും അവിടെ എത്തിച്ചേരാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ…. കാരണം, എനിക്ക് കൂടപ്പിറപ്പായി കിട്ടാതെപോയ എന്റെ പ്രിയ സഹോദരിയാണ് അജ്ന നീ….”
അന്നുമുതൽ അവളുടെ മുഖചിത്രങ്ങൾ പ്രത്യേകിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന അവളുടെ മുഖം എപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു…. രണ്ട് ട്രെയിൻ കയറിയിറങ്ങിയുള്ള ഒഡീഷയിലേക്കുള്ള യാത്രയുടെ ആദ്യ ട്രെയിൻ യാത്രയുടെ യാത്ര അവസാനിച്ചത് തമിഴ്നാട്ടിലെ കാട്പാടിയിലാണ്…. അവിടെ നിന്നും ഒഡീഷയിലേക്കുള്ള അടുത്ത ട്രെയിനിന് അഞ്ചു മണിക്കൂർ സമയം ഉണ്ടായിരുന്നതുകൊണ്ടുതന്നെ അവിടെ തൊട്ടടുത്തുള്ള ഒരു പള്ളിയിലേക്ക് ഞാനും കൂടെ ഉണ്ടായിരുന്ന ഒരു ചേട്ടനും കൂടി പോയി….
അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ആ പള്ളി ദിവ്യകാരുണ്യ നാഥന്റെ നാമധേയത്തിലുള്ള പള്ളിയാണ് എന്ന്…. അൾത്താരയുടെ മുമ്പിലിരുന്ന് മണിക്കൂറുകളോളം ഇരുന്ന് പ്രാർത്ഥിക്കുകയും കുമ്പസാരിക്കുകയും ചെയ്തു…. ദിവ്യകാരുണ്യ നാഥന്റെ നാമധേയത്തിലുള്ള ആ ദേവാലയത്തിലിരുന്നു അജ്ന മോൾക്കുവേണ്ടിയും എന്റെ പ്രിയപ്പെട്ടവൻ ഫാദർ ജോൺസൺ മുത്തപ്പനുവേണ്ടിയും പ്രാർത്ഥിക്കുകയും ദിവ്യകാരുണ്യ നാഥനുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന ഈ രണ്ടു പേരെയും സഹോദരിയായും സ്നേഹിതനായും തന്നതിന് അവിടുത്തേക്കു നന്ദി പറഞ്ഞുകൊണ്ടേയിരുന്നു…. ആ ദേവാലയത്തിലെ അൾത്താരയുടെ മുമ്പിലിരുന്ന് അജ്ന മോളുടെ ജീവിതം നൽകിയ ഇൻസ്പിരേഷനിൽ ഒരു പാട്ട് എഴുതുവാനും ദൈവം അനുഗ്രഹിച്ചു…. ഇതാണ് ആ പാട്ട്….
എന്റെ പ്രാണന്റെ പ്രാണൻ നീയേ
എന്റെ ഹൃദയ തുടിപ്പും നീയേ
എന്റെ ശക്തിയും ബുദ്ധിയും നീയേ
എന്റെ ചങ്കായ നായകൻ നീയേ
യേശുവേ എന്റെ സ്നേഹിതനെ നിന്നിലേക്കെത്തിടാൻ നിന്നിലൊന്നാകുവാൻ
എന്റെ ഉള്ളം അതിയായി ദാഹിക്കുന്നു
എന്റെ ആത്മ മിത്രം നീയേ
എന്നെ വിലമതിച്ചീടുന്നതും നീയേ
എന്റെ ശക്തമായ ആശ്രയം നീയേ
എന്റെ സ്വപനത്തിൻ നായകൻ നീയേ
യേശുവേ എന്റെ സ്നേഹിതനെ
മാലാഖാമാരിലും വിശുദ്ധ ഗണത്തിലും
ഞാൻ എണ്ണപ്പെടുവാനായി കൊതിച്ചിടുന്നു
എന്നിൽ രുചിയേറും മധുരം നീയേ
എന്റെ സന്തോഷത്തിൻ കാരണം നീയേ
എന്നെ ചലിപ്പിക്കും ചാലകം നീയേ
എന്നെ ചേർത്തണയ്ക്കും നായകൻ നീയേ
യേശുവേ എന്റെ സ്നേഹിതനെ
നിന്റെ ചുവടാകുവാൻ മൊഴിയാകുവാൻ
എന്നെ മുഴുവനായി തന്നിടുന്നു
എന്റെ അപ്പനും അമ്മയും നീയേ
എന്റെ വഴിയും സത്യവും നീയേ
എന്റെ ദിവ്യ ഗുരുവും നീയേ
എന്നെ നയിക്കുന്ന നായകൻ നീയേ
യേശുവേ എന്റെ സ്നേഹിതനെ
നിന്റെ സ്വർഗീയ ഭവനം പൂകിടുവാൻ
എന്റെ ഉള്ളം അതിയായി ദാഹിക്കുന്നു
അവിടെനിന്നും ഒഡീഷയിലെ ഫിയാത്ത് മിഷൻ സെന്ററിലെത്തിയ ഞാൻ, കട്ടക്കിലെ ഞങ്ങളുടെ ഇടവക വികാരിയോട് സംസാരിച്ചു അവൾക്കു വേണ്ടി പ്രത്യേക കുർബാനയും ചൊല്ലി പ്രാർത്ഥിച്ചു…. അവിടെനിന്നും വീണ്ടും അവളെകുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും മനസ്സിലാക്കാനും തുടങ്ങി…. അജ്നയെക്കുറിച്ച് എന്തെങ്കിലുമൊക്കെ എവിടെയെങ്കിലും വന്നാൽ അതെല്ലാം തേടിപ്പിടിച്ചു വായിക്കുകയും കേൾക്കുകയും കാണുകയും ചെയ്യുമായിരുന്നു…. അവളെക്കുറിച്ച് എന്നോട് ചോദിക്കുന്നവരോടൊക്കെ അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് വാതോരാതെ സംസാരിക്കുമായിരുന്നു…. അത് എനിക്ക് എന്തെന്നില്ലാത്ത ആവേശമാണ് നൽകിയിരുന്നത്…. അത് ഇപ്പോഴും നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു…. അതൊക്കെ കേൾക്കുമ്പോൾ കേൾക്കുന്നവരുടെ ആവേശവും സന്തോഷവും കാണുമ്പോൾ പിന്നെ, പറയണോ……
സ്വർഗ്ഗത്തിലേക്ക് യാത്രയായ എന്റെ പ്രിയപ്പെട്ടവനായ ഫാദർ ജോൺസൺ മുത്തപ്പനോടൊപ്പം മരണം കൊണ്ട് എന്റെ കുഞ്ഞു പെങ്ങളായി തീർന്ന അജ്ന മോളെയും കുറിച്ച് ഓർക്കാത്ത ദിവസങ്ങൾ അവരോട് പ്രാർത്ഥിക്കാത്ത ദിവസങ്ങൾ സംസാരിക്കാത്ത ദിവസങ്ങൾ എന്റെ ജീവിതത്തിൽ വിരളമാണ്…. അജ്നയോട് എന്നും ഒരു അനുജത്തിയൊടെന്നപോലെയാണ് സംസാരിച്ചിട്ടുള്ളതും വിശേഷങ്ങൾ പങ്കുവെച്ചിട്ടുള്ളതും പ്രാർത്ഥിച്ചിട്ടുള്ളതും…. അല്ല, അവൾ എന്റെ അനുജത്തി തന്നെയാണ് അതുകൊണ്ടാണ് ഇത്രയും സ്വാതന്ത്ര്യമായി അവളോട് സംസാരിക്കാനും പ്രാർത്ഥിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സാധിക്കുന്നത്….
പലപ്പോഴും മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുമ്പോൾ ചിരിക്കുന്ന അവളുടെ മുഖം മനസ്സിലേക്ക് തെളിഞ്ഞുവരും…. അത് എന്നെ ശാന്തമാക്കും…. പാപത്തിന്റെ അവസ്ഥയിലായിരുന്ന സമയങ്ങളിൽ അജ്നയോട് ക്ഷമയും ചോദിച്ചിട്ടുണ്ട്…. കാരണം അവളെന്റെ അനിയത്തി കുട്ടിയാണ്…. ചേട്ടൻ ആയി ഞാൻ തെറ്റ് ചെയ്യുമ്പോൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന അവളുടെ മനസ്സ് പിടയുന്നതും വേദനിക്കുന്നതും കരയുന്നതും പലപ്പോഴും ഞാനനുഭവിച്ചിട്ടുണ്ട്, അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്….
ചേട്ടായീ, പാപം ചെയ്ത് ഈശോയെ വേദനിപ്പിച്ച് പീഡിപ്പിക്കാതെ വിശുദ്ധനായി ജീവിച്ച് ഈശോയെ മഹത്വപ്പെടുത്ത് എന്ന്, അവളെന്നോട് പറയുന്നതായും എനിക്ക് തോന്നിയിട്ടുണ്ട് അത് ഹൃദയത്തിൽ അനുഭവിച്ചിട്ടുമുണ്ട്…. വിശുദ്ധ കുർബാനയെ സ്നേഹിച്ച അവൾ, വിശുദ്ധ കുർബാനക്ക് വേണ്ടി എന്തും നേരിടാനും എന്തു വില കൊടുക്കാനും തയ്യാറായ അജ്ന വിശുദ്ധ കുർബാനയെ സ്നേഹിക്കാനും കുർബാനയോടൊപ്പം ആയിരിക്കാനും വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ മുടക്കം വരുത്താതിരിക്കാനും കുർബാനയിൽ ജീവിക്കാനും അവൾ എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും….
പലപ്പോഴും അവളുടെ ആവശ്യം തെറ്റിക്കുമെങ്കിലും അവൾ സ്നേഹത്തോടെ ഇപ്പോഴും അത് എന്നോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു…. അവൾ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇതൊക്കെ…. അവളെ കുഞ്ഞു പെങ്ങളായി സ്വീകരിച്ചതിന്റെ അന്നുമുതൽ ഇത് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു….
“അവളെ എന്റെ അനുജത്തിയായി സ്വീകരിച്ച അന്നുതൊട്ട് അവളെക്കുറിച്ചുള്ള പലകാര്യങ്ങളും അവളെന്നെ അറിയിച്ചുകൊണ്ടേയിരുന്നു…. അവളുടെ ഏറ്റവും വലിയ ചങ്ങാതിയും അവളെക്കുറിച്ചുള്ള ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി എന്ന പുസ്തകം എഴുതിയതിൽ ഒരാളുമായ ജിത്ത് ജോർജിന അവളെനിക്ക് പരിചയപ്പെടുത്തി തന്നു….
അവനിലൂടെ ഓരോ കാര്യങ്ങളും അതാത് സമയങ്ങളിൽ അവളെന്നെ അറിയിച്ചുകൊണ്ടിരുന്നു…. ഈ കഴിഞ്ഞ ദിവ്യകാരുണ്യ തിരുനാൾ ദിവസം അവളുടെ അടുത്തേക്ക് പോകാനും, അവളുറങ്ങുന്ന മണ്ണിനോട് ചേർന്നു നിന്ന് പ്രാർത്ഥിക്കാനും എന്നെ സഹായിച്ചത് അവളെനിക്ക് പരിചയപ്പെടുത്തി തന്നിട്ട് പോയ പ്രിയപ്പെട്ട അനുജൻ ജിത്താണ്…. ആ ദിവ്യകാരുണ്യ തിരുനാൾ ദിവസം അവളുടെ അപ്പച്ചനെയും അമ്മച്ചിയെയും കൂടി അവളെനിക്ക് കാണിച്ചുതരികയും പരിചയപ്പെടുത്തിതരുകയും ചെയ്തു…. അവരിലൂടെ കുറച്ചുകൂടി അവളെകുറിച്ച് അറിയാനും മനസ്സിലാക്കാനും സാധിച്ചു….
ഒരു തിരുശേഷിപ്പ് എന്നപോലെ അവർ സംരക്ഷിച്ചിരിക്കുന്ന അവൾ ഉപയോഗിച്ചു വച്ച എല്ലാം തന്നെ കാണിച്ചുതരികയും ചെയ്തു…. ആ കുടുംബം അവളെക്കുറിച്ച് അഭിമാനിക്കുകയാണ്…. അഭിമാനത്തിൽ പങ്കുചേരാൻ സാധിച്ചതിൽ ഞാനും സന്തുഷ്ടനാണ്…. അവരോടൊപ്പം വീട്ടിലും അവളോടൊപ്പം ഖബറിടത്തിലും ഏറെ നേരം ചെലവഴിച്ചു, ഒരുപാട് കാര്യങ്ങൾ സംസാരിച്ചു, പാട്ടുകൾ പാടി…. ആ മാതാപിതാക്കൾ ഒരു മകനെപ്പോലെയാണ് എന്നെ കണ്ടതും എന്നോട് സംസാരിച്ചതും…. അവർ എന്നോട് പറഞ്ഞ ഒരു വാക്ക് ഇതാണ് “മോന് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം നിനക്കായി ഈ വാതിൽ തുറന്നു കിടക്കും” ഈ വാക്ക് എന്നെ എപ്പോഴും സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു…. അതിനു ഞാൻ എന്റെ സഹോദരിയോട് എന്നും കടപ്പെട്ടവനാണ് നന്ദിയുള്ളവനാണ്…. അതെ! അവളെന്നും എന്റെ കുഞ്ഞനുജത്തിയാണ്…. അവൾക്ക് ഞാൻ അവളുടെ ചേട്ടനും….
അജ്ന മോളെ അന്ന് കബറിടത്തിൽ വെച്ച് പ്രാർത്ഥിച്ച പ്രാർത്ഥന ഇപ്പോൾ ഒരിക്കൽ കൂടി ആവർത്തിക്കുന്നു…. നിന്നെപ്പോലെ ഈശോയെ സ്നേഹിക്കാൻ എനിക്കാവുമോ എന്നറിയില്ല…. എന്നാൽ, എനിക്കും ഈശോയേ സ്നേഹിക്കണം…. നിന്നെപ്പോലെ ചിരിക്കാൻ എനിക്കാവുമോ എന്നെനിക്കറിയില്ല…. എന്നാൽ, എനിക്കും ചിരിക്കണം…. നിന്നെപ്പോലെ ദിവ്യകാരുണ്യ നാഥനെ പ്രണയിക്കാൻ എനിക്കാകുമോ എന്നറിയില്ല…. എന്നാൽ, എനിക്കും ദിവ്യകാരുണ്യ നാഥനെ പ്രണയിക്കണം…. നിന്നെപ്പോലെ വിശുദ്ധിയിൽ ജീവിക്കുവാൻ എനിക്കാകുമോ എന്നറിയില്ല…. എന്നാൽ, എനിക്കും വിശുദ്ധിയിൽ ജീവിക്കണം ഒരു വിശുദ്ധനായി തീരണം…. അതിനായി അജ്ന മോളെ ചേട്ടനുവേണ്ടി പ്രാർത്ഥിക്കണമേ..