‘മീ ട്ടൂ’ എന്നതിന്റെ അർത്ഥമെന്ത് എന്നാണ് വിനായകൻ ചോദിച്ചത്. വിവിധ മേഖലകളിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്ന കാലത്തു സ്ത്രീകൾ തങ്ങളുടേനേരെ പുരുഷന്മാർ നടത്തുന്ന ലൈംഗിക കടന്നുകയറ്റങ്ങളെ തുറന്നുകാട്ടൻ ഉപയോഗിച്ച ഒരു ഹാഷ് ടാഗാണ് ‘മീ ട്ടൂ’ എന്നാണ് കേട്ടിട്ടുള്ളത്.
വിനായകന്റെ ചോദ്യം സ്ത്രീകളോടായിരുന്നില്ല, മാധ്യമ പ്രവർത്തകരോടായിരുന്നു. അവസരോചിതമല്ലാത്തതും ദുരുദ്ദ്യേശപരവുമായ ചോദ്യം ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ അവർ ശ്രമിച്ചതാകാം, ‘ഒരുത്തി’യുടെ പ്രമോഷൻ സമ്മേളനം ‘മീ ടൂ’ ചർച്ചയിലേക്ക് തിരിയാൻ കാരണം. മാധ്യമ പ്രവർത്തകരോടാണല്ലോ അദ്ദേഹം പ്രതികരിച്ചത്.
പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗിക ഇടപെടലുകൾ കുറ്റകരമല്ലാത്ത രാജ്യത്ത്, മീ ട്ടൂ ആരോപണം നടത്തുന്നവരുടെ വാർത്തകൾക്ക് പ്രചാരം ലഭിക്കുന്നത്, സ്ത്രീയുടെ സമ്മതമില്ലാതെ അവളെ ലൈംഗികമായി സമീപിച്ചു എന്നതുകൊണ്ടാണ്.
അപ്പോൾ ‘സമ്മതം’ അഥവാ ‘കൺസന്റ്’ ആണ് മുഖ്യ വിഷയം. കൺസെന്റ് എങ്ങിനെ കിട്ടുന്നു? അതായതു, ഇത്തരം സാഹചര്യത്തിൽ വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയം നടക്കുന്ന രീതിയെന്ത് എന്ന ചോദ്യമാണ് വിനായകൻ ചോദിച്ചത്: കൺസെന്റ് ആര് ആരോടാണ് ചോദിക്കുന്നത്? ചോദിക്കുന്നത് കുറ്റകരമാണോ? ചോദിക്കുന്ന കോണ്ടെക്സ്റ്റ് ജോലിസ്ഥലമാകാമോ? എന്നിങ്ങനെ ധ്വനിപ്പിക്കുന്ന ചോദ്യങ്ങളാണ് വിനായകൻ തന്റെ സ്വതസിദ്ധമായ ശൈലിയിലും ഭാഷയിലും ചോദിച്ചത്.
പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ഒത്തു താമസിക്കുകയോ, സാധ്യമായ അവസരങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്താൽ, നിയമപരമായി അതു കുറ്റകരമല്ല എന്നിരിക്കെ, നീതിപീഠം അതിനെ ന്യായീകരിക്കും, അംഗീകരിക്കും. സമൂഹത്തിൽ നിലനിൽക്കുന്ന ധാർമിക സദാചാര സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്നവർക്ക്, നിയമപരമായി കുറ്റകരമല്ലാത്ത ഒന്നിനെ എങ്ങിനെ വിമർശിക്കാൻ കഴിയും എന്ന ചോദ്യമാണ് ഈ ചർച്ചയിൽ ഉയർന്നു വരുന്നത്.
ഇവിടെ ചോദ്യം ഇതാണ്: നിയമപരമായി കുറ്റകരമല്ലാത്തതെല്ലാം സമൂഹത്തിനു നല്ലതാണോ? അംഗീകരിക്കാവുന്നതാണോ? സ്വീകാര്യമാണോ? ആണെങ്കിൽ, കുടുംബങ്ങൾ നിലനിൽക്കുമോ? സമൂഹം നിലനിൽക്കുമോ? വ്യക്തി – കുടുംബ ബന്ധങ്ങൾ നിലനിൽക്കുമോ?
യഥാർത്ഥത്തിൽ, വിനായകന്റെ ചോദ്യമാണോ ആരാജകത്വം വിതക്കുന്ന ആശയ സംഹിതകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അരക്ഷിതത്വം വളർത്തുന്ന പ്രസ്ഥാനങ്ങളാണോ വിമർശിക്കപ്പെടേണ്ടത്? വിനായകനും ആ പക്ഷത്തു നിൽക്കുന്ന ആളാണ് എന്നു വേണമെങ്കിൽ പറയാം, അദ്ദേഹം തന്നെപ്പറ്റി പറഞ്ഞകാര്യങ്ങൾ വാസ്തവമാണെങ്കിൽ. പക്ഷേ, ഇപ്പോഴും ചർച്ചകൾ നടക്കുന്നത് വസ്തുനിഷ്ഠമായല്ല. വിനായകൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ്.
പിൻ കുറിപ്പ്: മരം കാണുകയും വനം കാണാതിരിക്കുകയും ചെയ്യുന്നു എന്നതാണ്, ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ചർച്ചയുടെയും പ്രശ്നം. അതുതന്നെയാണ് യഥാർത്ഥ പ്രശ്നവും!
By, Varghese Vallikkatt