ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ൽ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കൻ സെൽഫി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. 61 വയസായിരുന്നു. കൊവിഡ് ടെസ്റ്റിനു ശേഷം വീട്ടിലേക്ക് അദ്ദേഹത്തിൻ്റെ മൃതദേഹം കൊണ്ടുവരും.
കോട്ടയം കുമാരനല്ലൂരാണ് അദ്ദേഹത്തിൻ്റെ വീട്. ജനിച്ചതും വളർന്നതും കോട്ടയം തിരുവാതുക്കലാണ്. സ്കൂളും കോളജുമൊക്കെ കോട്ടയത്തായിരുന്നു. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് ജനസ്വീകാര്യത നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്. നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. കോളജിൽ വച്ചും അദ്ദേഹം ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു. കേരളത്തിലെ പല വേദികളിൽ അദ്ദേഹം ഏകാംഗ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. അവസ്ഥാന്തരങ്ങൾ എന്ന ടെലിഫിലിമിൽ ബാലതാരത്തെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് സിനിമയിൽ അവസരം ലഭിക്കുന്നത്.
സിനിമാ താരം കോട്ടയം പ്രദീപിൻ്റെ വിയോഗ വാർത്ത ഏറെ ദുഃഖകരമാണ്. വ്യത്യസ്തമായ സംസാരശൈലിയിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ കലാകാരനാണ് കോട്ടയം പ്രദീപ്. ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ പ്രദീപ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ മേഖലയിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അമ്പത് വർഷത്തിലേറെയായി നാടക രംഗത്തും സജീവമായിരുന്നു.വിണ്ണൈ താണ്ടി വരുവായ, തട്ടത്തിൻ മറയത്ത്, ആമേൻ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ജ്മനാ പ്യാരി, രാജാ റാണി, നൻപൻ തുടങ്ങി എഴുപതിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
കോട്ടയം പ്രദീപിൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും, പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെള്ളിത്തിരയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പ്രിയപ്പെട്ട കലാകാരന് ആദരാഞ്ജലികൾ!