ഷ്വാർസാച്ച്: ജര്‍മ്മനിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സേവനം ചെയ്തു വന്നിരിന്ന യുവ മലയാളി വൈദികന് തടാകത്തില്‍ വീണു മരിച്ചു. സിഎസ്ടി സമൂഹാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച വൈകിട്ട് ബവേറിയ സംസ്ഥാനത്തെ ഷ്വാർസാച്ച് ജില്ലയിലുള്ള ലേക്ക് മർണറിലാണ് അപകടം നടന്നത്. ഒരാൾ തടാകത്തിൽ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നത് കണ്ടുവെന്നും ഉടൻ തന്നെ പൊലീസിലും റെസ്ക്യൂ സേനയിലും വിവരം അറിയിക്കുകയായിരിന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്ന് എഴുമിനിറ്റിനകം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിന്നു.
ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജര്‍മ്മന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരിന്നു. പോലീസ് നടപടിയ്ക്ക് ശേഷം മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന് വ്യക്തമായിട്ടില്ല. മുങ്ങിത്താഴ്ന്നതായി കരുതുന്ന സ്ഥലത്ത് വളരെ താഴ്ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോതമംഗലം രൂപതയുടെ കീഴിലുള്ള പൈങ്ങാട്ടൂർ ഇടവകാംഗമായ ഫാ.ബിനു കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്നു.
പൈങ്ങോട്ടൂര്‍ കുരീക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയയാളാണ്. സഹോദരങ്ങള്‍ : സെലിന്, മേരി, ബെന്നി, ബിജു, ബിന്ദു.

കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്ന ഫാ. ബിനു, ജര്‍മ്മന്‍ സ്വദേശികളുടെ ഇടയിലും പ്രിയങ്കരനായിരിന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ടു ഏറെ സ്വീകാര്യനായിരിന്ന അദ്ദേഹം, ജര്‍മ്മനിയില്‍ കേരളീയ തനിമയോടെ നടത്തിയ കൃഷി രീതികള്‍ ജര്‍മ്മനിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വൈദികന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ജര്‍മ്മനിയിലെ ഇടവകാംഗങ്ങളും സുഹൃത്തുക്കളും.