ജിജിൽ ജോസഫ് കിഴക്കരക്കാട്ട്
ജീവിതത്തിൽ ഒരിക്കലെങ്കിലും ആരൊക്കെയൊ ആവർത്തിച്ചിട്ടുള്ള ഒന്നാണു എന്തിനിങ്ങനെ ജീവിക്കുന്നു ? എന്ന പ്രയോഗം.. സാഹചര്യങ്ങളുടെ
കൊടുങ്കാറ്റിൽ പതറിയും ഉലഞ്ഞും
ജീവിതാനുഭവങ്ങളുടെ കൊടുംകാട്ടിൽ
ഉഴറിയും അലഞ്ഞുമൊക്കെ നീങ്ങുന്ന അധികം പേരുമീ ഭാഗ്യദോഷങ്ങളെക്കുറിച്ചു പേർത്തും പേർത്തും ഗദ്ഗദപ്പെടാറുണ്ടു…
എന്തിനിങ്ങനെയൊരു ജീവിതം തന്നു,?
എന്തിനിങ്ങനെ സങ്കടങ്ങൾ തന്നു?
എന്തിനിങ്ങനെ മുറിവുകൾ തന്നു?
എന്തേ ഉദ്ധേശിച്ച ഉയർച്ചയുണ്ടാവാത്തത് ?
പ്രതീക്ഷിച്ചതു പോലെയൊന്നും നടക്കുന്നില്ല…!
ആശങ്കകളും നിരാശകളും കൂടി വരുന്നു..
ഒരു പരസ്യത്തിലെ വാചകം പോലെ ആരാണു സന്തോഷം ആഗ്രഹിക്കാത്തത്..?
സുഖ ദു:ഖ സമ്മിശ്രമാണു ജീവിതമെന്നൊക്കെ ആശ്വസിപ്പിക്കാൻ കഴിയും… അനുഭവിച്ചാലൊ..?
വൈകാരികമായ
പക്വതകൾ വല്ലാതെ അകലുന്നൊരു കാലത്ത്
ഈ വിഷയം പ്രസക്തമാണ് ..
വിളിയും നിയോഗവും..
ഓരൊ മനുഷ്യ ജന്മത്തിനും
ഒരു വിളിയും നിയോഗവുമുണ്ട് ..
അതിനു വിധിയുമായി യാതൊരു ബന്ധവുമില്ല..
ജീവിതം ഇങ്ങനെയൊക്കെ ആയതു വിധിയാണെന്നു പറഞ്ഞു പഴിച്ചു തലയൂരാൻ എളുപ്പമാണ്..
വിളി തിരിച്ചറിയുക പ്രയാസവും
ഡിസംബർ മാസം എന്നിലുയർത്തുന്ന ചിന്ത
പരിശുദ്ധ കന്യകാ മറിയത്തെക്കുറിച്ചാണ് ..
ദൈവ മാതാവ് ..
പരിശുദ്ധ അമ്മയോളം വിളിയെ നിയോഗമാക്കി മാറ്റിയ ആരുണ്ട് ..?
വിളിയെ നിയോഗമാക്കിയവരൊക്കെ വിജയിക്കും
വിളിയെ യോഗമാക്കിയവരൊക്കെ വിധിയിൽ വിശ്വസിക്കും..
ദൈവത്തിന്റെ നിയോഗം വിളിയിൽ തിരിച്ചറിഞ്ഞ
പരിശുദ്ധ അമ്മ..
“ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്കുകൾ എന്നിൽ നിറവേറട്ടെ…”
സ്വയം സമർപ്പണമൊക്കെ അടിമത്തമായി വ്യാഖ്യാനിക്കപ്പെടുന്നൊരു കാലത്തു അമ്മയാണു പ്രത്യുത്തരം..
വാക്കുകൾ എന്നിൽ നിറവേറട്ടെ എന്ന മറുപടി അടിമത്വമല്ല… വാക്കുകളെ മനനം ചെയ്തും, ധ്യാനിച്ചും നമുക്കു ജീവിക്കാൻ കഴിയുന്ന പടുത്തുയർത്താൻ കഴിയുന്ന ഒരു ലോകമാണത് ..
അവിടെ ഞാനാണു തീരുമാനക്കാരൻ..
എന്റെ തീരുമാനങ്ങൾക്കു ഒരു ദൈവീക സാന്നിദ്ധ്യത്തിന്റെ പരിശുദ്ധി ഉണ്ടാകണമെന്ന് മാത്രം..
മറിയാമിന്റെ പിഴച്ചു പെറ്റ സന്താനമെന്നൊക്കെ ഇന്നും ചുവരെഴുത്തുകൾ വാഴ്ത്തുന്ന മറിയം..
നോക്കു കാലമേറെ കഴിഞ്ഞിട്ടും ആ അപദാനത്തിന്റെ വൈകുണ്ഠം അവളെ പൊതിഞ്ഞു തന്നെയുണ്ട് … നൂറ്റാണ്ടുകൾക്കിപ്പുറവും….
മാധ്യമ വിചാരണകൾ ഇല്ലാത്തൊരു കാലമായിരുന്നു ഇതൊക്കെ സംഭവിച്ചതെന്നു തെല്ലൊരാശ്വാസമുണ്ട് ..
നോക്കു ഒരു നല്ല നിയോഗത്തിനു ആ സ്ത്രീ ഏറ്റുവാങ്ങിയ പഴികൾ, ആന്തരിക സമ്മർദ്ധങ്ങൾ എത്രയായിരിക്കും..?
നിയോഗങ്ങളുടെ പൂർത്തിക്ക്
ഒരു സ്ത്രീ ഏറ്റുവാങ്ങുന്ന
കൊടിയ പീഡനങ്ങളുടെ അവഗണനകളുടെ അകൽച്ചകളുടെ
മാറ്റി നിർത്തലുകളുടെ മുറിവാഴമായിരിക്കണം
ക്രിസ്തു തന്റെ ആണിപ്പഴുതുളിലൂടെ
തിരിച്ചു നൽകിയതു..
വിളിയെ സ്വീകരിക്കുകയും വിധിയായി കാണാതിരിക്കുകയും ചെയ്ത ഒരു സ്ത്രീയുടെ അപാരമായ ആത്മ വിശ്വാസത്തിൽ നിന്നാണു
ചരിത്രം തിരുത്തിയ
ക്രിസ്തുവിന്റെ പാഠങ്ങളൊക്കെയും
പിറന്നതു..
നോക്കു വിളി വിധി അല്ലാതാകുന്നത്
അതിൽ നിങ്ങളുടെ
പങ്കു കൂടി ചേരുമ്പോഴാണ് ..
വിളികൾ സന്തോഷങ്ങളാവുന്നത് നിങ്ങളുടെ ഹൃദയം അതിൽ ചേരുമ്പോഴാണു..
പിഴച്ചു പെറ്റവളെന്ന ഖ്യാതിയിൽ തുടങ്ങി സങ്കടങ്ങളുടെ കാലവരി വരെ മറിയം അനുഗമിച്ചതു ഇതൊക്കെയാവണം..
നോക്കു എത്തിപ്പെട്ട അടിച്ചേൽപ്പിക്കപ്പെട്ട ഇടങ്ങളൊക്കെ നിങ്ങളുടേതാകുന്നതു
നിങ്ങളാ ഇടങ്ങളിലൊക്കെ
മംഗള വാർത്തകാളാകുമ്പോഴാണു..
ആന്തരിക ശുദ്ധിയും
ദൈവ സ്നേഹവും അനുസരണയും ഇഴ ചേർന്നു നമുക്കും മംഗള വാർത്തകളാകാം..
എറ്റവും നല്ല അമ്മ,
നല്ല പെങ്ങൾ
നല്ല സഹോദരൻ
നല്ല അപ്പൻ,
നല്ല നേതാവു,
നല്ല അനുയായി,
നല്ല ഗുരു,
നല്ല കൃഷിക്കാരൻ,
നല്ല ഉപദേഷ്ടകൻ ,
നല്ല പ്രവാചകൻ,
നല്ല സാമൂഹിക ജീവി..
നേട്ടങ്ങൾ വിലയിരുത്തപ്പെടുന്നതു നിങ്ങളെത്തിയ ഉയരങ്ങൾ ഗണിച്ചല്ല.. സ്മരണകളിലൂടെയാണ് ..
നിങ്ങൾ വിജയിച്ചൊ സ്വീകരിക്കപ്പെട്ടോ
നിങ്ങൾ നേടിയൊ
നിങ്ങൾ സ്വീകാര്യരായോ
ഇതൊക്കെ കുറിക്കപ്പെടുന്നത്
നിങ്ങളെ നോക്കി നിൽക്കുന്നവരുടെ ചങ്കിലെ നിറവും നനവുമുള്ള ഓർമ്മകളിലാണ് ..
ആയിരിക്കുന്ന നിയോഗിക്കപ്പെട്ട ഇടങ്ങളിലെ താരകങ്ങളാവുക ….
വിളികളെ നിയോഗങ്ങാളാക്കു…
നസറത്തിലെ യേശു
നിങ്ങളുടെ
ഹൃദയത്തിൽ ഉദ്ഭവിച്ച്
വാക്കായി മാംസമായി ലോകത്തിൽ പടരട്ടെ.