ഇരിട്ടി വാണിയപ്പാറയിലെ നിധിൻ എന്ന സഹോദരന് ഈശോ വെളിപ്പെടുത്തിയതായി പറയപ്പെടുന്ന ഒരു വീഡിയോ സന്ദേശം കാണുകയുണ്ടായി. ഡയറിയിൽനിന്നും നോക്കിവായിക്കുന്ന 9 മിനിറ്റ് വീഡിയോയിലെ 1 മിനിറ്റ് 50 സെക്കൻഡ് മുതൽ “എതിർക്രിസ്തുവും, പത്രോസിന്റെ സിംഹാസനത്തിൽ രാജാവിനെപ്പോലെ ഉപവിഷ്ടനാകുന്ന വ്യാജപ്രവാചകനും ചേർന്ന് ഒരു ഏകലോകമതത്തിനുള്ള പദ്ധതി രഹസ്യമായി ആസൂത്രണം ചെയ്യും” എന്ന് പറയുന്നു.
പത്രോസിന്റെ സിംഹാസനം എന്നുപറയുന്നത് ഒരു കസേരയല്ല, സ്ഥാനപ്പേരാണെന്ന് നമുക്കറിയാം. ആ സ്ഥാനത്തിന്റെ മഹിമമൂലമാണ് മനുഷ്യനായ മാർപാപ്പയെ “പരിശുദ്ധ” പിതാവ് എന്നു വിളിക്കുന്നതുതന്നെ. അവിടെ ഇരിക്കുന്ന ആൾ എന്നാൽ പത്രോസിന്റെ പിൻഗാമിയായി ദൈവം നിയോഗിച്ച മാർപാപ്പ എന്നു മാത്രമാണ് അർഥം. വത്തിക്കാൻ ആരെങ്കിലും കീഴടക്കി, മറ്റൊരാൾ ആ രാജ്യത്തിൻറെ അധികാരം പിടിച്ചെടുത്ത് വ്യാജപ്രവാചകനായി മാറിയാലോ എന്ന് ആ വീഡിയോയെ ന്യായീകരിക്കുവാൻ വേണമെങ്കിൽ ചോദിക്കാം.
സ്വർഗ്ഗം മാർപാപ്പയ്ക്കായി നിർവചിച്ചിരിക്കുന്ന, “പത്രോസിന്റെ സിംഹാസനം” എന്ന സ്വർഗ്ഗത്തിന്റെ സ്ഥാനപ്പേര് മറ്റൊരു സാധാരണ വ്യക്തിക്കുവേണ്ടി കർത്താവ് ഉപയോഗിക്കുമോ? (പത്രോസിന്റെ സിംഹാസനത്തിലിരിക്കുന്ന വ്യക്തി = മാർപാപ്പ) അതുകൊണ്ടുതന്നെ, കത്തോലിക്കാസഭയുടെ തലവനാണ് എതിർക്രിസ്തുവിനോട് ചേർന്ന് ലോകത്തിലെ ആത്മാക്കളെ നശിപ്പിക്കുവാൻ വരുന്ന വ്യാജപ്രവാചകൻ എന്ന ഏറ്റവും ഉതപ്പുളവാകുന്ന ഒരു സന്ദേശമാണ് ഈശോ വെളിപ്പെടുത്തി എന്നപേരിൽ ഇപ്പോൾ പ്രചരിക്കുന്നത്.
വീഡിയോയിൽ പറയുന്ന ക്രൂസേഡ് പ്രാർത്ഥനയും ‘ദൈവത്തിന്റെ മുദ്രയും’ തുടങ്ങിയ മിക്ക കാര്യങ്ങളും Book of Truth -ൽ ഉള്ളവയാണ്. അയർലണ്ടിലെ ഒരു സ്ത്രീയ്ക്ക് മാതാവ് വെളിപ്പെടുത്തിക്കൊടുത്തു എന്ന പേരിൽ ഒരു Cult Group ഇറക്കിയിരിക്കുന്ന Book of Truth എന്ന പുസ്തകമാണ് കത്തോലിക്കാസഭയുടെ തലവനെ വ്യാജപ്രവാചകനായി ചിത്രീകരിക്കുന്നതിൽ മുൻപന്തിയിലുള്ളത്. -ഈ ബുക്ക് സഭ നിരോധിച്ചതാണ്- വീഡിയോയിൽ തുടർന്നുപറയുന്ന ദൈവത്തിന്റെ മുദ്ര, ക്രൂസേഡ് പ്രാർത്ഥന തുടങ്ങിയവയെല്ലാം ആ ബുക്കിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ സാമ്പത്തികനേട്ടത്തിനായും മറ്റ് നിഗൂഢലക്ഷ്യത്തിനായും ഉപയോഗിക്കുന്നവയാണ്.
കത്തോലിക്കാസഭയിൽ നമ്മുടെ ആത്മരക്ഷയ്ക്കായി നിരവധി ഔദ്യാഗികപ്രാർത്ഥനകൾ നിലനിൽക്കേ, സഭ നിരോധിച്ച ഒരു പുസ്തകത്തിലെ പ്രാർത്ഥനകൾ ചൊല്ലുകയും അതിൽ പ്രതിപാദിക്കുന്ന ദൈവത്തിന്റെ മുദ്ര സ്വീകരിക്കുകയും ചെയ്താലേ നമുക്ക് എതിർ ക്രിസ്തുവിൽനിന്നും രക്ഷനേടാനാകൂ എന്ന സന്ദേശം ഈ വീഡിയോ വഴി പ്രചരിക്കുമ്പോൾ വളരെ വിവേകത്തോടെമാത്രമേ ഇത് കൈകാര്യംചെയ്യാവൂ എന്നുമാത്രമേ പറയാനുള്ളൂ. ഒന്നും ചിന്തിക്കാതെ ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്നവർ, കത്തോലിക്കാസഭയെ തകർക്കുവാനുള്ള സാത്താന്റെ ഏതോ പ്രസ്ഥാനത്തിന്റെ കണ്ണിയായിക്കൊണ്ടിരിക്കുന്നു എന്നുവേണം കരുതുവാൻ.
Book of Truth -ന്റെ പ്രചാരകർ ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.
പ്രവചനങ്ങളെ നിന്ദിക്കുവാൻവേണ്ടിയല്ല ഈ ആർട്ടിക്കിൾ. എല്ലാം നല്ലതുപോലെ പരിശോധിച്ച്, നല്ലതിനെമാത്രം മുറുകെപ്പിടിക്കുവാനാണ് വചനം തുടർന്നുപറയുന്നത്. ഫലത്തിൽനിന്നും വൃക്ഷത്തെ തിരിച്ചറിയുവാനും ഈശോ പറയുന്നു. തിരുസഭ ഔദ്യോഗികമായി അംഗീകരിച്ച സ്വകാര്യവെളിപാടുകൾപോലും സ്വീകരിക്കുവാനോ സ്വീകരിക്കാതിരിക്കുവാനോ ഉള്ള സ്വാതന്ത്യം സഭ, വിശ്വാസികൾക്ക് തന്നിട്ടുണ്ട്.
അതായത് വിശ്വസിച്ചില്ലെങ്കിലും അത് പാപമാകില്ല എന്ന വസ്തുതകൂടി കണക്കിലെടുക്കുമ്പോൾ, ഇത്തരം സംശയം തോന്നുന്ന സ്ഥലത്തുനിന്നും സഭയുടെ ഔദ്യോഗിക തീരുമാനം വരുന്നതുവരെ മാറിനിൽക്കുവാണ് വിവേകമുള്ള ഒരു ക്രിസ്തീയവിശ്വാസി ചെയ്യേണ്ടത്. മറ്റൊരുകാര്യംകൂടി ഇതോടൊപ്പം സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. കൊറോണയുടെ ആരംഭകാലമായ 2020 -ൽ ഈ സഹോദരന്റെ ഒരു വോയിസ് ക്ലിപ്പിൽ കൊറോണ പരത്തുന്നത് സാത്താനാണെന്നും, ഈസ്റ്ററിനും മറ്റു ദിവസങ്ങളിലും വി. കുർബാന മുടക്കുവാൻ ഇതുമൂലം അവന് സാധിച്ചെന്നും മാതാവ് പറഞ്ഞതായി പറഞ്ഞു.
എന്നാൽ ഒരു വൈദികനുമായി സംസാരിക്കുന്ന മറ്റൊരു വോയിസ് ക്ലിപ്പിൽ കൊറോണ, ദൈവത്തിന്റെ ക്രോധമാണെന്ന് മാതാവ് വെളിപ്പെടുത്തിയതായി പറഞ്ഞു. കൂടാതെ, 2020 ഏപ്രിൽ മാസത്തോടെ കൊറോണ കുറയുമെന്ന് അമ്മ പറഞ്ഞതായി ആദ്യ വോയിസ് ക്ലിപ്പിൽ പറയുന്നു. മാതാവ് പറഞ്ഞാൽ അത് അണുവിട തെറ്റില്ല എന്നു ഞാൻ വിശ്വസിക്കുന്നു. 2020 ഏപ്രിലിനുശേഷം കൊറോണമൂലം ലോകത്തെന്തുസംഭവിച്ചു എന്ന് സ്വയം അവലോകനം ചെയ്യുക.
ഇത്തരം പ്രവചനങ്ങൾ വിശ്വസിക്കുന്നതിൽനിന്നും മാറിനിൽക്കുവാൻ പ്രേരിപ്പിക്കുന്നത് ദൈവത്തിന്റെ വചനവും വാഗ്ദാനവും തെറ്റില്ല എന്ന ഉറപ്പാണ്. ഈശോ ആദ്യം പത്രോസിനെ, സഭ പണിതുയർത്തുവാനുള്ള ഫൗണ്ടേഷനുവേണ്ടിയുള്ള ഉറപ്പുള്ള പാറയായി പ്രഖ്യാപിച്ചു രൂപപ്പെടുത്തി. (പാറപുറത്തു പണിത ഉറപ്പുള്ള വീടിന്റെ ഉപമ ഇവിടെ ഓർക്കാം) പത്രോസ് എന്ന ആ പാറമേൽ പണിത സഭയ്ക്കെതിരെ നരകകവാടങ്ങൾ പ്രബലപ്പെടുകയില്ല എന്ന് ഈശോ ഉറപ്പിച്ചു വാഗ്ദാനം ചെയ്തു.
2022 -ൽ സഭയുടെ അടിസ്ഥാനമായ പാറ, ഇപ്പോഴത്തെ മാർപാപ്പയാണ്. ഇവിടെ വ്യക്തിക്കല്ല, പത്രോസിന്റെ സിംഹാസനത്തിലിരിക്കുന്ന വ്യക്തിയുടെ സ്ഥാനത്തിനാണ് പ്രാധാന്യം.അതുകൊണ്ടുതന്നെ കർത്താവ് സ്ഥാപിച്ച പാറയുടെ സ്ഥാനത്ത്, പിശാച് തന്റെ ശക്തി ഉപയോഗിച്ച്, തന്റെ പ്രതിനിധിയായി ഒരാളെ സ്ഥാപിച്ചു എന്നു പറഞ്ഞാൽ, വചനം തെറ്റിപ്പോയെന്നും യേശു തന്റെ വാഗ്ദാനം പാലിക്കുവാൻ സാധിക്കാതെ സാത്താനുമുൻപിൽ പരാജയപ്പെട്ടു എന്നും കരുതേണ്ടിവരും. ദൈവത്തേക്കാളും ശക്തി സാത്താനാണെന്ന് പരോക്ഷമായി സ്ഥാപിച്ചെടുക്കുന്ന ഇത്തരം സന്ദേശങ്ങളുടെമേൽ ജാഗ്രത പാലിക്കുക.
എന്തായാലും, ദൈവവചനത്തിലും തിരുസഭയിലും സഭാതലവനിലും വിധേയപ്പെട്ടതുകൊണ്ട് എന്റെ ആത്മാവ് നശിച്ചുപോകുമെന്ന് അല്പംപോലും ഞാൻ വിശ്വസിക്കുന്നില്ല. “നീയെന്തിനാണ് സഭാതലവനായ മാർപാപ്പയോട് വിധേയപ്പെട്ടത്..? അതുകൊണ്ടല്ലേ നിന്റെ ആത്മാവ് നശിച്ചത്…? അതിന്റെ ശിക്ഷ നീ അനുഭവിച്ചുകൊള്ളുക” എന്ന് അന്ത്യവിധിയിൽ കർത്താവ് പറയുമെന്നോ..!!?
Book of truth എന്ന വ്യാജ ബുക്കിന്റെ ആധികാരികത മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ ഇതിന്റെ പ്രചാരകർ പറയുന്ന മറ്റൊരു കാര്യമാണ്, ആ ബുക്കിൽ പ്രവചിച്ചിട്ടുള്ള പല കാര്യങ്ങളും സംഭവിച്ചുകഴിഞ്ഞു; അതിനാൽ ഇത് മുഴുവൻ സത്യമാണ് എന്ന്.
അതിൽപറയുന്ന പ്രവചനങ്ങൾ പലതും സംഭവിച്ചു എന്നത് വാസ്തവമാകാം. പക്ഷേ പ്രവചനത്തിനു പിന്നിൽ ദൈവാത്മാവാണോ ദുരാത്മാവാണോ എന്നതാണ് തിരിച്ചറിയേണ്ടത്. അപ്പസ്തോലപ്രവർത്തനങ്ങൾ 16: 16 -18 ൽ ദുരാത്മാവിന്റെ സഹായത്തോടെ ഭാവി പ്രവചിച്ച് യജമാനന്മാർക്ക് വളരെ ആദായമുണ്ടാക്കികൊടുത്തിരുന്ന അടിമപെൺകുട്ടിയെ ഓർക്കുന്നില്ലേ?
‘വളരെയധികം ആദായമുണ്ടാക്കികൊടുത്തു’ എന്ന് ബൈബിളിൽ പറയുമ്പോൾ, ആ പെൺകുട്ടി ദീർഘകാലമായി പ്രവചനം നടത്തുന്നു എന്നുവേണം അനുമാനിക്കുവാൻ. നടത്തുന്ന പ്രവചനങ്ങൾ സത്യമാകുന്നില്ലെങ്കിൽ പിന്നീട് ആളുകൾ വരില്ലല്ലോ..അതിന്റെ അർഥം ദുരാത്മാവിനാൽ അവർ നടത്തിയിരുന്നത് വളരെ കൃത്യതയാർന്ന പ്രവചനങ്ങളായിരുന്നു എന്നതതുതന്നെ..!! അതിനാൽ പ്രവചനങ്ങളുടെ പിന്നിലെ അരൂപിയെ തിരിച്ചറിയുവാൻ ആദ്യം ശ്രമിക്കുക. അതിനുശേഷം പിന്നാലെപോകണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
പ്രവചനം മാത്രമല്ല തെരെഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുന്നവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും സാത്താന്റെ അരൂപിയാൽ സംഭവിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. (മത്തായി 24) മരിച്ചവർപോലും സാത്താന്റെ അരൂപിയുടെ പ്രവർത്തനത്താൽ നമ്മുടെ മുൻപിൽ ഉയർപ്പിക്കപ്പെട്ടേക്കാം. ഈ വചനങ്ങളെല്ലാം വായിക്കാറുണ്ടെങ്കിലും, ഒന്നും മനസ്സിൽ ഉൾക്കൊള്ളാതെ, ഇതെല്ലാം ആർക്കോവേണ്ടി എഴുതിയുണ്ടാക്കിയതാണെന്ന് വിചാരിച്ചുകൊണ്ട് , ജാഗ്രത പാലിക്കേണ്ടതിനുപകരം പലരും ഇപ്പോഴും സാത്താനുണ്ടാക്കിയ ഇരുട്ടിൽ തപ്പിത്തടഞ്ഞുനടക്കുന്നു..!!
(സഭാനേതൃത്വത്തിന് വീഡിയോയുടെ ഉള്ളടക്കം ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സഭയുടെ നിലപാടിനായി കാത്തിരിക്കുന്നു.)
ദൈവനാമം മഹത്വപ്പെടട്ടെ .. ആമേൻ.
By, റെനിറ്റ് അലക്സ്