മനുഷ്യൻ തൻ്റെ ജീവിതയാത്രയിൽ എവിടെയായിരുന്നാലും തിരികെ വിളിക്കുന്ന …..
തിരിച്ചെത്താൻ കൊതിക്കുന്ന … ഇടമാണ് വീട്.
ചേർത്തു പിടിക്കാൻ വിരിച്ച കരങ്ങളും, കാത്തിരിക്കാൻ പ്രിയപ്പെട്ടവരും,
ഉള്ളിടത്തോളം മനുഷ്യ ഹൃദയം ഈ തിരിച്ചുവരവിനായി കൊതിക്കുന്നു.
ബന്ധങ്ങളിലെ ഈ കരുതലും സ്നേഹവും അതിൻ്റെ ഊഷ്മളതയോടെ കാത്തു സൂക്ഷിച്ചവരാണ് നസ്രത്തിലെ തച്ചനും കുടുംബവും.
സ്വപ്നങ്ങളിൽ പോലും ദൈവത്തെ ചേർത്തു നിർത്തുന്ന അപ്പൻ.
ദൈവത്തിൻ്റെ വചനങ്ങൾക്ക് ആമ്മേൻ പറഞ്ഞ അമ്മ.
ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളരുന്ന മകൻ.
തിരുക്കുടുംബം തീർത്ത കുടുംബങ്ങൾ പിന്നെയും ഉണ്ടായി കാലഘട്ടങ്ങളിൽ .
ദൈവം കുടുംബത്തിൻ്റെ ഭാഗമായിരുന്നപ്പോൾ ‘ദൈവവിളി ‘കളും കുടുംബത്തിൻ്റെ ഭാഗമായിരുന്നു.
ദൈവവിളിയുടെ വിത്ത് രൂപപ്പെടുന്നതും
പൊട്ടി മുളക്കുന്നതുമൊക്കെ ഏറെയും ദൈവഭക്തിയുള്ള കുടുംബങ്ങളിൽ നിന്നാണ്.
സന്ധ്യ മയങ്ങുമ്പോൾ തിരി തെളിയിച്ച് ചൊല്ലുന്ന പ്രാർത്ഥനകൾ കുടുംബങ്ങളുടെ സൗന്ദര്യമാണ് അന്നും ഇന്നും.
കുറയുന്ന ദൈവവിളികൾ സ്വർഗത്തെ നൊമ്പരപ്പെടുത്തുന്ന കാലമാണിത്.
ചിതറിപ്പോകുന്ന കുടുംബ ബന്ധങ്ങൾ,
പിന്നീട് കൂടി ചേർന്നാലും മുറിപ്പാടുകൾ അവശേഷിപ്പിക്കുന്നു.
മുറിയുന്ന ഓരോ കുടുംബ ബന്ധങ്ങൾക്കും പിന്നിൽ മുറിവേറ്റ … ,
തങ്ങളുടെ നഷ്ടങ്ങൾക്ക് ഒന്നും പകരം വയ്ക്കാനില്ലാത്ത….
ഒരു തലമുറ വളർന്നു വരുന്നു എന്നത് മറക്കാതിരിക്കുക.
ദൈവരാജ്യത്തിൻ്റെ തുടർ ശുശ്രൂഷയ്ക്കായി
തലമുറകളെ ഒരുക്കുവാൻ
ദാമ്പത്യ ബന്ധങ്ങൾക്ക് ,മാതൃത്വങ്ങൾക്ക്
കരുത്തുണ്ടാവട്ടെ.
” പുലർച്ചയ്ക്കു മുൻപേ അവൾ ഉണർന്ന്
കുടുംബാംഗങ്ങൾക്കു ഭക്ഷണമൊരുക്കുകയും പരിചാരികമാർക്കു ജോലികൾ നിർദ്ദശിച്ചു കൊടുക്കുകയും ചെയ്യുന്നു.”
( സുഭാഷിതങ്ങൾ 31 : 15 )
By, Jincy Santhosh