ചാൾസച്ചൻ
സെമിത്തേരി… കുഞ്ഞുനാളിൽ ഇത്രത്തോളം പേടിപ്പിച്ച മറ്റൊരു വസ്തുത വേറെയില്ല…. പിന്നീട് വളർന്നപ്പോഴാണ് ഞാൻ അറിഞ്ഞത് വൈകാതെ ഞാനും ഒരു നാൾ അവിടെ എത്തും എന്ന്.. മരണത്തെക്കുറിച്ച് ധ്യാനിച്ച് കഴിഞ്ഞാൽ ഒരിക്കലും ആരെയും വെറുക്കാനോ വെറുപ്പിക്കാനോ കഴിയില്ലെന്ന് ഉറപ്പാണ്…
ഓരോ ദിവസവും മരണത്തെ സ്വപ്നം കണ്ട് ജീവിച്ചാൽ അല്പം കൂടി നന്നായി ജീവിക്കാൻ ശ്രമിക്കുമായിരുന്നു എന്ന് പ്രിയ സുഹൃത്ത് ഒരിക്കൽ പറഞ്ഞിട്ടുണ്ട്…
…. തന്റെ ജീവന്റെ ജീവൻ കൺമുന്നിൽ കിടന്ന് പിടയുമ്പോൾ അല്പം കൂടി ഞാൻ നന്നായി സ്നേഹിച്ചിരുന്നെങ്കിൽ… അല്പം കൂടി ഞാൻ ചേർത്ത് പിടിച്ചിരുന്നെങ്കിൽ…. എന്നൊക്കെ നാം ചിന്തിച്ചു പോകും…. എന്തൊക്കെ സ്വന്തമാക്കി എന്നു പറഞ്ഞാലും… മരണത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്….. പറഞ്ഞുവന്നത് സെമിത്തേരിയേ കുറിച്ചാണ്….. ശരിക്കും,,,
സെമിത്തേരി സൗന്ദര്യം ദർശിച്ചത് ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപായിരുന്നു.,. കുന്നിനു മുകളിൽ.. പച്ചപിടിച്ച ചെടികളും… കൊതിപ്പിക്കുന്ന പൂച്ചെടികളും ആയി വിശാലമായ സെമിത്തേരി…. കവാടത്തിൽ തന്നെ… പുനരുത്ഥാനത്തെ കുറിച്ചുള്ള ബൈബിൾ ചിന്താശകലങ്ങൾ… അപ്പോഴാണ് സെമിത്തേരി പ്രത്യാശയുടെ പുതിയൊരു തലം തുറന്നുതരുന്നുണ്ടെന്ന് മനസ്സിലായത്…. ഒറ്റപ്പെട്ട ആത്മാക്കളുടെ നിലവിളിയും..
ചിലപ്പോഴൊക്കെ ചെരിഞ്ഞും നിവർന്നുനിൽക്കുന്ന കുരിശുകളും ഒക്കെയുള്ള ഒരു വിജന സ്ഥലം… കാത്തിരിക്കാൻ ആരുമില്ലെങ്കിലും… മരണമെന്ന പ്രിയ സുഹൃത്ത് എന്നെ കാത്തിരിക്കുന്നുണ്ട് എന്ന തിരിച്ചറിവ് സെമിത്തേരി എന്നും ഓർമ്മിപ്പിക്കാറുണ്ട്…..
നീ മരിച്ചു കഴിഞ്ഞാൽ… പ്രിയപ്പെട്ടവർക്ക് പോലും നീ ശവം ആണെന്ന് വീണ്ടും സെമിത്തേരി ഓർമ്മിപ്പിക്കുന്നു… ഞാൻ.. അല്ല എന്നെ കാത്തിരിക്കുന്ന ഇടം…. ജീവിതത്തിൽ ഇടങ്ങൾ കണ്ടെത്താത്തവന് പോലും ഇടം കൊടുക്കുന്ന ഒരിടം….
സെമിത്തേരികൾ ഒരുപാട് കണ്ടിട്ടുണ്ട്….. ഒരുപാട് കണ്ണുകൾ നിറഞ്ഞൊഴുകുന്നത് നോക്കിനിന്നിട്ടുണ്ട്…. ഇപ്പോൾ… സെമിത്തേരികളിൽ ഒപ്പീസ് ചൊല്ലുമ്പോൾ മിഴികൾ അറിയാതെ നനഞ്ഞു പോകുന്നുണ്ട്… ഒപ്പീസ് ചെല്ലുമ്പോൾ… അതിലെ വരികളിൽ കാണുന്നത് ഒരുപാട് പ്രിയപ്പെട്ട മുഖങ്ങൾ ആണ്…. ചൊല്ലി തീർത്ത പ്രാർത്ഥനകളിൽ സെമിത്തേരിയിൽ ചൊല്ലുന്ന ഒപ്പീസിനു കണ്ണുനീരിന്റെ ഉപ്പുരസം എന്നുമുണ്ടാകും…..
…….. സെമിത്തേരിയിലെ കല്ലറകളിൽ എഴുതി വയ്ക്കുന്ന ഒരുപാട് വാക്കുകളുണ്ട്.. in loving memory of…, പാവനസ്മരണക്ക്…. ഇങ്ങനെ ഒരുപാട് വാക്കുകൾ…. എന്നാൽ,… ആ സെമിത്തേരി പറമ്പും കല്ലറയും ഏറെ പ്രിയപ്പെട്ടതാണ്… കാരണം ആ കല്ലറയിൽ എഴുതിയ വരികൾ അയാൾ ജീവിച്ചിരിക്കുമ്പോൾ ഒരുപാട് പറഞ്ഞതാണ്..
” Will be with you as unspoken words”………. ഞാനും കാണുന്നുണ്ട് സെമിത്തേരിയിലെ ഒരിടവും…… ഭംഗിയുള്ള ഒരു കല്ലറയും….. വാടി തീർന്ന പൂക്കളും…. കത്തിയമർന്ന ചന്ദനത്തിരിയുടെ പൊടിയും….. ഉരുകിത്തീർന്ന മെഴുകുതിരിയുടെ പാടുകളും… എല്ലാം ഞാൻ കാണുന്നുണ്ട്….. ജീവിച്ചിരിക്കുമ്പോൾ ഇതുപോലെ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ… ഒന്ന് ചേർത്ത് വച്ചിരുന്നെങ്കിൽ…. അന്ന് നൽകിയ അന്ത്യചുംബനം പോലെ… ജീവനുള്ളപ്പോൾ ഒന്നു കെട്ടിപ്പിടിച്ചു ചുംബിച്ചിരുന്നുവെങ്കിൽ…… സമയമായി ഞാൻ യാത്രയാവുകയാണ്..
..,.,, ആകാശത്തേക്ക് ഒരു നക്ഷത്രമായി ഞാനുണ്ടാകും എന്ന് നീ കരുതണ്ട…. ഞാൻ ഇവിടെ ഉണ്ടാകും…… എന്റെ പള്ളിപ്പറമ്പിലെ എനിക്കായി മാത്രം കരുതിവെച്ച ആറടിമണ്ണിൽ… നീ വരും എന്ന് എനിക്കറിയാം…. നിനക്കായ് ഞാൻ എഴുതി വെച്ച ആ വരികൾ നീ വായിക്കണം… will be with you as unspoken words…….. പ്രിയപ്പെട്ടവർ മരിച്ചു പോയിട്ട് ഒരുപാട് വർഷങ്ങളായിട്ടുണ്ടാകാം…. വല്ലപ്പോഴും ഒന്ന് തിരിഞ്ഞു നോക്കണേ…,,
അവർ അവിടെ ഒറ്റക്കാണ്.. അവരും ഒരിക്കൽ നീ ഒറ്റപ്പെടാതി രിക്കാൻ കൂട്ടിരുന്ന വരല്ലേ…… ചിലർ ഒരുപാട് നേരത്തെ.. ചിലർ ഒരുപാട് വൈകി.. നേരത്തോട് ആണെങ്കിലും വൈകി വന്നാലും…. ഇവിടെ ആരും നിന്നെ പുറത്താക്കുകയില്ല.. ഒരു സ്ഥലം ഉറപ്പാണ്.