പൊരിവെയിലിൽ ഒരു മണിക്കൂറോളം ക്യുവിൽ നിന്ന ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മാർബിൾ തണുപ്പിലേക്ക് ഊർന്നിറങ്ങുമ്പോൾ കണ്ടു, പ്രധാന വാതിലിനു വലത്തായി, ഒരു ‘സന്ദർശകക്കൂട്ടം’. അടുത്തേക്ക് ചെല്ലുമ്പോൾ, അവിടെ, ബുള്ളറ്റ് പ്രൂഫ് ചില്ലുക്കൂട്ടിനുള്ളിൽ ‘പിയാത്ത ‘.. നാട്ടിലെ പള്ളിയങ്കണങ്ങളിൽ കാണുന്നതു പോലെയൊന്നും അല്ല.. ഇത് ഒറിജിനൽ. ജീവൻ തുടിക്കുന്ന പിയാത്ത.
പീഡകളേറ്റ് രക്തം ചിന്തി പ്രാണനറ്റ, ഓമന മകന്റെ മേനിയിൽ കണ്ണ് നട്ടിരിക്കുന്ന അമ്മയുടെ മുഖഭാവം വേർതിരിക്കാനാവുന്നില്ല.ആരിസൊക്കാരനായ, മൈക്കലാഞ്ചേലോ തന്റെ ഇരുപത്തിനാലാം വയസിൽ മെനെഞ്ഞെടുത്ത ശില്പ വിസ്മയം..അമ്മയുടെ മേലങ്കിയുടെ മടക്കുകളും ചുളിവുകളും ചലിക്കുന്നതുപോലെ…! മടിയിൽ കിടക്കുന്ന മകന്റെ നെഞ്ചകമൊന്നു ഉയർന്നു താഴ്ന്നുവോ..?
മുപ്പത്തി മൂന്നാം വയസിൽ മരിച്ച മകനേക്കാൾ യുവത്വമാണല്ലോ അമ്മക്ക് എന്ന വിമർശനമുനയുടെ നേർക്ക് , മരിയ ഭക്തനായ ശില്പി എറിഞ്ഞത്, ‘ജീവിത കാലമത്രയും വിശുദ്ധി കാത്തു സൂക്ഷിച്ച ഒരുവൾക്കെങ്ങനെ പ്രായമാകും ‘എന്ന മറു ചോദ്യമായിരുന്നു.
ഇറ്റാലിയൻ ഗ്രാമമായ ടസ്കണിയിലെ ക്വാറിയിൽ നിന്നും ശില്പി തന്നെ തേടി പിടിച്ച,’കരാര’ ഇനത്തിൽ പെട്ട, മാർബിൾ പാളിയിലേക്ക് ദീർഘ നേരം നോക്കിയിരുന്നപ്പോൾ അതിൽ തനിക്കു വേണ്ട അമ്മയെയും മകനെയും കണ്ടുവെന്നും പിന്നീട് ആവശ്യമില്ലാത്ത ഭാഗങ്ങൾ ചീകികളയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം തന്നെ പറയുന്നു.
തന്റെ സൃഷ്ടിയുടെ മാസ്മരികത തിരിച്ചറിഞ്ഞ ശില്പി, കാലക്രെമേണ മറ്റാരെങ്കിലും ഇതിന്റെ കർത്തൃത്വം ചോർത്തിയെടുത്താലോ എന്ന പേടിയിൽ, അമ്മയുടെ മേലങ്കിയുടെ നെഞ്ചോടു ചേർന്ന് കൊത്തി വച്ചു ‘ ‘Michelangelo Buonarrotti ‘… മുൻപോ, ശേഷമോ മറ്റൊരു സൃഷ്ട്ടിയിലും അദ്ദേഹം പേരോ കൈയൊപ്പോ ചേർത്തില്ല എന്നതും ശ്രദ്ദേയം!
തന്റെ ബാല്യത്തിൽ രോഗബാധിതയായി, എന്നേക്കുമായി നഷ്ടമായ സ്വന്തം അമ്മയോടുള്ള സ്നേഹതീവ്രത മുഴുവൻ ഈ ശില്പമൊരുക്കുമ്പോൾ മൈക്കലാഞ്ചലോക്ക് കരുത്തായിരുന്നു.
1964-ൽ, ഒരിക്കൽ മാത്രം വത്തിക്കാനിൽ നിന്നു പുറത്തേയ്ക്ക് കനത്ത സുരക്ഷയിൽ, ന്യൂയോർക്കു വേൾഡ് എക്സിബിഷനു കൊണ്ടുപോയ ‘പിയാത്ത’ ഒരു നോക്ക് കാണാൻ ലക്ഷക്കണക്കിന് ജനങ്ങളാണെത്തിയത്.
ദാവീദ്, മഡോണ, എന്നിവയിലൊക്കെ ശരീര സ്വഭാവികത പകർന്നാട്ടം, നടത്തിയതായി, തോന്നുന്നുണ്ടെങ്കിൽ അറിയുക, ശില്പമൊരുക്കും മുൻപേ ശരീരത്തിന്റെ അനാട്ടമി പഠിക്കാൻ, ശില്പി ആശുപത്രിയിലെത്തി മൃതദേഹങ്ങൾ പരിശോധിക്കുമായിരുന്നത്രെ!
ദൈവം നൽകിയ ചാതുരിയോടൊപ്പം അധ്വാനവും അർപ്പണവും ചേർത്ത് വയ്ക്കുമ്പോൾ സംഭവിക്കുന്ന അത്ഭുതമാണ്’ പിയാത്ത’.
അടുത്ത ദിവസം അറിസോ ഗ്രാമത്തിലെ മുന്തിരിപ്പാടങ്ങൾക്ക് നടുവിലുള്ള ഹോം സ്റ്റെയിൽ താമസിക്കുമ്പോഴും, പിന്നീട് ടസ്ക്കണിയിലെ മാർബിൾ ക്വാറികൾക്ക് മുന്നിലൂടെ യാത്ര ചെയ്യുമ്പോഴും കണ്മുന്നിൽ നിറഞ്ഞുനിന്നത്… കരിങ്കല്ലിനെക്കാൾ കാഠിന്യമുള്ള മാർബിൾ പാളിയോട് മല്ലിട്ടും രാകിയുംമിനുക്കിയും, കൈകാലുകളിൽ രക്തം പൊടിഞ്ഞും , പൊടിയിൽ നിറഞ്ഞ പണിശാലയിൽ നാളുകളോളം തപസ്സു പോലെ പണി ചെയ്തും,ശില്പമൊരുക്കിയ, കലാകാരനും കാലത്തെ വെല്ലുവിളിച്ചു നിലകൊള്ളുന്ന ആ വിശുദ്ധ ശില്പവും ആയിരുന്നു.
Yes, the Divine!.. The Pieta
Shiji Johnson