ചങ്ങലയ്ക്കിടപെട്ട പദം
ചരിത്രത്തെ തകിടം മരിച്ചൊരാളാണ് ഉയർത്തെഴുന്നേറ്റ് പോകുന്നത്.
അനന്യതയുടെ അതിനൂതന വേഷപ്പകർച്ചകളുടെ ആട്ടമവസാനിപ്പിച്ച്
ആള് അങ്ങ് ആകാശത്തിലെക്ക് കൂടു മാറുമ്പോൾ
താഴെ മണ്ണിലവശേഷിപ്പിച്ചത്
ഹൃദയത്തിൽ ‘അപ്പസ്തോല’നെന്ന് ആലേഖനം ചെയ്യപ്പെട്ട
കുറച്ചു മനുഷ്യരെയാണ്.
ഉത്ഥാനത്തിന്റെ പെരുമഴ പെയ്ത അന്ന് മുതൽ
ഭൂമിയിലെ കഠിനഹൃദയങ്ങളെല്ലാം
അവരുടെ പ്രണയപാദങ്ങളാൽ ശാപമോക്ഷമേറ്റു.
അവന്റെ അരിക് ചേർന്ന് നടന്ന ആ അപ്പസ്തോലന്മാർ
അഭിനവ ക്രിസ്ത്യാനികളുടെ നെഞ്ചിലേക്ക് പ്രണയാഗ്നി പകർന്നെങ്കിലും
അതിൽ ചിലത് കനൽ വറ്റിയ ചാരമായിപ്പോയത് കഷ്ടം!
പിറന്നു വീണതെന്തിനാണെന്നതിനെക്കുറിച്ചു
കൃത്യമായ കൺവിക്ഷനുണ്ടായ ഒരു ചെറുപ്പക്കാരൻ.
അതുവരെ ആരും നടക്കാത്ത മരുഭൂവുകളിലൂടെ ചുവടു വച്ചു.
അതുവരെ ആരും ചുംബിക്കാത്ത മനുഷ്യരെ അമർത്തി ചുംബിച്ചു.
വിലക്കപ്പെട്ട വീടുകളിലിരുന്നു വിരുന്നുണ്ണുകയും വീഞ്ഞ് കുടിക്കുകയും ചെയ്തു.
അടച്ചിട്ട മുറികളിലെ അത്തറ് ഗന്ധത്തിൽ മയങ്ങിയവരെ
അവന്റെ കാൽക്കൽ കൊണ്ട് വന്നു കുംഭമുടപ്പിച്ചു…
പൊരിവെയിലത്ത് പ്രണയം തേടിയലഞ്ഞവളെ
യാക്കോബിന്റെ കിണറ്റിൻ കരയിൽ കാലാട്ടിക്കൊണ്ടു കാത്തിരുന്നു.
അന്ന് വരെ ആരും ചെയ്യാത്ത കാര്യങ്ങൾക്കവൻ തീ കൊടുത്തപ്പോൾ
അത് യൂദയാ മുഴുവൻ പടർന്നു പിടിച്ച പ്രണയാഗ്നിയായി ഉയർന്നു പൊങ്ങി.
അന്ധന് മഴവില്ലും ബധിരനു സംഗീതവും
മുടന്തന് നൃത്തവും മൃതന് ജീവനും നൽകി.
അവൻ പുതിയ വഴി വെട്ടുകയായിരുന്നില്ല, അയാളായിരുന്നു വഴി.
ആ വഴിയിലൂടെയാണ് ഇന്നും തീർത്ഥാടകർ ‘സ്വർഗം ശരണം ഗച്ഛാമി’ എന്നുരിയാടി
കടന്നു പോകുന്നത്.
ക്രിസ്തുവിന്റെ പാദക്ഷാളനത്തിന്റെ പെരുമയുടെ കഥ പറഞ്ഞും
രണ്ടായിരം വർഷമെന്ന അറുബോറൻ ആവർത്തനം നടത്തിയിട്ടും,
കുഞ്ഞുങ്ങളെ കാണുമ്പോൾ എഴുന്നേൽക്കുന്ന ഒരധ്യാപകൻ പോലും
ഇവിടെ പിറന്നതായി കാണുന്നില്ല.
കുഞ്ഞുങ്ങളെ ബഹുമാനിക്കാതിരിക്കാൻ അവർക്ക് എന്ത് കുറവാണുള്ളത്!
എല്ലാം കൊണ്ടും അവർ മുതിർന്നവർക്ക് താഴയാണെന്ന കള്ളമോതികൊണ്ട്
ആരോ സ്കൂൾ അസെംബ്ലിക്ക് മുൻപേ പ്രപഞ്ചത്തിനു മീതെയോടുന്നുണ്ടോ?
കുഞ്ഞുങ്ങളുടെ കാൽ കഴുകുന്ന അധ്യാപകരുണ്ടെങ്കിൽ,
കണക്കു പുസ്തകത്തിൽ നിന്നും
കവിതാശകലങ്ങളിൽ നിന്നും
കെമിസ്ട്രി ലാബുകളിൽ നിന്നും
ഉയിർത്തെഴുന്നേൽക്കുന്ന യുവതയെ ലോകം കാണും!
അത്താഴമേശയിലെ പ്രഥമസ്ഥാനത്ത്
വീട്ടിലെ പെണ്ണിരിക്കുന്നത് കണ്ടിട്ടുണ്ടോ?
ഒരിക്കൽ കണ്ടു, കണ്ണ് നിറഞ്ഞു!
ഉള്ളിൽ ആദരവ് തോന്നി ആ പുരുഷനോട്.
വീട്ടിലെ പെണ്ണിന് പ്രഥമസ്ഥാനം നൽകിയ ആ പുരുഷനും
അയാളിൽ നിന്നുയിരെടുത്ത കുഞ്ഞുങ്ങളുമാണ്
അന്തിയിൽ അടുക്കളയിൽ കയറി പാത്രം മോറുന്നതും
പിറ്റേന്ന് പുലരിയിലേക്കുള്ള മാവ് പുളിച്ചു പൊങ്ങാൻ നനച്ചു വെക്കുന്നതും.
കാലു കഴുകുന്നതാണ് പെസഹാ വ്യാഴമെങ്കിൽ,
ഇത് വരെ കുനിഞ്ഞു നിന്നവരോട് മതിയെന്നു പറഞ്ഞു
നമുക്കൊപ്പം അവരെ ഉയർത്തുന്നതാണ് ഉയിർപ്പ്.
കാലിലെ ചങ്ങല കിലുക്കം കേട്ട്
കാതു പൊത്തി നടക്കുന്ന ചില
ചെറിയ മനുഷ്യരുണ്ട്.
അവരുടെ സ്വാതന്ത്ര്യത്തെ ആരോ ചങ്ങലയ്ക്കിട്ടിരിക്കുന്നു.
ആ കുറിയ മനുഷ്യരുടെ കാതിൽ
ക്രിസ്തു മൂളുന്ന
കവിതയാണുയിർപ്പ് !
അടിച്ചമർത്തപ്പെട്ടവർക്കും
നീതി നിഷേധിക്കപെട്ടവർക്കും വേണ്ടി
സ്വാതന്ത്ര്യമെന്ന പദത്തിന്റെ ഉയിർത്തെഴുന്നെല്പിനായി
മറിയത്തിന്റെ വിപ്ലവകാരിപുത്രന്റെ പിന്നാലെ
സ്നേഹപൊറുതികളുടെ മുദ്രാവാക്യമോതി നടക്കുകയെന്നത്
അത്രയെളുപ്പമല്ലായെന്ന് പയറ്റി നോക്കിയവർക്കറിയാം.
ക്രിസ്തു അനന്യനാകുന്നത് അവനെല്ലാറ്റിനും ആരംഭം കുറിച്ച് എന്നത് കൊണ്ടാണ്.
ആരാണ് അവനു മുൻപേ മനുഷ്യന്റെ പാദം കഴുകിയിട്ടുള്ളത്?
ആരാണ് അവനു മുൻപേ തൊഴുത്തിൽ പറന്നിട്ടുളത്?
ആരാണ് അവനെപ്പോലെ അധികാരികളുടെ അനീതിക്കെതിരെ
സ്വരമുയർത്തിയിട്ടുള്ളത്?
ആരാണ് അവനെപ്പോലെ കൊല്ലപെട്ടിട്ടുള്ളത് ?
ആരാണ് അവനു മുൻപേ ഉയർത്തെഴുന്നേറ്റിട്ടുള്ളത്?
ആവർത്തനങ്ങൾ ആരെയും അനന്യനാക്കുന്നില്ല…
അത്താഴമേശയിൽ നിന്നും ചിതറി തെറിക്കുന്ന
അപ്പക്കഷണത്തിൽ നിന്നും
അനന്യരൂപികൾ ആവിര്ഭവിക്കട്ടെ,
ആമേൻ.
By, നിബിൻ കുരിശിങ്കൽ