കവന്‍ട്രി: പ്രാർത്ഥനകൾ വിഫലമായി. കാൻസറിനോട് പടവെട്ടി ഒടുവിൽ മരണത്തിനു കീഴടങ്ങി യുകെ യിൽ നഴ്സായ മലയാളി യുവതി തൊടുപുഴ കലയന്താനി വാളിയാങ്കൽ ജോബിയുടെ ഭാര്യ സിനി(41 ). കാൻസറിനോട് യുദ്ധം ചെയ്ത് പരാജയപ്പെട്ട്, ഒടുവിൽ മരണത്തിന്റെ ചിറകിലേറി സ്വർഗ്ഗലോകത്തേക്ക് യാത്രയായി യുകെ യിൽ നഴ്സായ മലയാളി യുവതി തൊടുപുഴ കലയന്താനി വാളിയാങ്കൽ ജോബിയുടെ ഭാര്യ സിനി (41 ).
ഒരു വര്‍ഷത്തോളം കാന്‍സര്‍ രോഗവുമായി മല്ലിട്ട് , പ്രാർത്ഥനയും ചികിത്സയുമായി കഴിഞ്ഞിരുന്ന സിനി ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത് . മാഞ്ചസ്റ്റര്‍ കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലായ ക്രിസ്റ്റിയിലായിരുന്നു അന്ത്യം. വെള്ളിമൂഴയിൽ കുടുംബാംഗമാണ്.
രോഗം ഏറെക്കുറെ ഭേദമായെന്നു കരുതിയ അവസരത്തിലാണ് സ്ഥിതി വഷളായതും ഒടുവില്‍ മരണത്തിനു കീഴടങ്ങിയതും . രോഗം നിയന്ത്രണത്തിലായെന്നു ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞതിനെത്തുടർന്നു സിനി തനിച്ച് നാട്ടിലും ഡെല്‍ഹിയിലും എത്തി പ്രിയപ്പെട്ടവരെയും സ്വന്തക്കാരെയും കണ്ടു മടങ്ങിയിരുന്നു . യുകെയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതിനിടയില്‍ സന്ദര്‍ശിച്ചു സന്തോഷം പങ്കുവച്ചു. എന്നാല്‍ ആ സന്തോഷം അധികകാലം തുടരാൻ വിധി അനുവദിചില്ല.
പരിശോധനയിൽ രോഗം രണ്ടാമതും തിരിച്ചെത്തി എന്ന് കണ്ടതിനെ തുടർന്ന് സിനിയെ മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു . മരണത്തിനു തൊട്ടു മുന്‍പ് വരെ സുബോധത്തോടെ എല്ലാവരോടും സംസാരിച്ചു വിശേഷങ്ങൾ പങ്കുവച്ചു സിനി . ഇടയ്ക്ക് ദൈവ സാന്നിധ്യം അനുഭവപ്പെടുന്നതായി തൊട്ടരികിൽ ഉണ്ടായിരുന്ന ഭര്‍ത്താവിനോട് പറഞ്ഞു.
ഭർത്താവ് ജോബിയും ഏക മകന് ഒന്‍പതാം ക്ലാസുകാരനായ ആല്‍ബിനും അരികിലുള്ളപ്പോഴാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ സിനിയെ മരണം സ്വർഗ്ഗലോകത്തേക്ക് കൊണ്ട് പോയത്. രോഗം കലശലായതിനെ തുടർന്ന് ജോബിയും മകനും ദിവസങ്ങളായി സിനിക്കൊപ്പം കൂട്ടിരിക്കുകയായിരുന്നു. യു കെ വിഗാന് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിയിരുന്നു സിനി. മരണ വിവരം അറിഞ്ഞു ജോബിയുടെയും സിനിയുടെയും സുഹൃത്തുക്കൾ മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലില്‍ എത്തി ഭൗതികദേഹം കണ്ടു കണ്ണീർ തൂവി. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു .
“ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു… എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു…. നീതിപൂർവ്വം വിധിക്കുന്ന കർത്താവ് , ആ ദിവസം അതെനിക്കു സമ്മാനിക്കും…” (2 തിമോ. 4:7-8)