ജോസഫ് പാണ്ടിയപ്പള്ളിൽ
മഹാനായ മാർപ്പാപ്പ : ബനഡിക്ട് പതിനാറാമൻ.
“പ്രിയ സഹോദരീസഹോദരന്മാരെ, വളരെ പ്രഗത്ഭനായ ഒരു മാർപ്പാപ്പയ്ക്ക് ശേഷം കർത്താവിന്റെ മുന്തിരിത്തോപ്പിലെ വിനീതനും ലളിതനുമായ വേലക്കാരനായ എന്നെ കർഡിനാൾ സംഘം മാർപ്പാപ്പ ആയി തിരഞ്ഞെടുത്തു. അപര്യാപ്തങ്ങളായ ഉപകരണങ്ങൾ കൊണ്ട് പ്രവർത്തിക്കാനും ജോലി ചെയ്യാനും കർത്താവിനാകും എന്നത് എന്നെ ആശ്വസിപ്പിക്കുന്നു. എല്ലാറ്റിലുമുപരി ഞാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ആശ്രയിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിലുള്ള സന്തോഷത്തിലും അവന്റെ നിലക്കാത്ത സഹായത്തിൽ ആശ്രയിച്ചും നമുക്ക് മുന്നോട്ടു പോകാം.
കർത്താവ് നമ്മെ സഹായിക്കും. നിത്യവിശുദ്ധയായ മരിയം, മാതാവ് നമ്മോടൊപ്പം ഉണ്ട് , നന്ദി.”
2005 ഏപ്രിൽ 19-നു കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ മാർപ്പാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വത്തിക്കാൻ കൊട്ടാരത്തിന്റ ബാൽക്കണിയിൽ നിന്നും ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു പറഞ്ഞ വാക്കുകളാണിത്. കത്തോലിക്കരെ നിരന്തരം വിമർശിക്കുന്ന ജർമനിയിലെ “സ്പീഗൽ” എന്ന പത്രം അന്ന് എഴുതിയ തലക്കെട്ട് ശ്രദ്ധേയമാണ്:
“നമ്മളാണ് മാർപ്പാപ്പാ ” അഥവാ “ഞങ്ങളാണ് മാർപ്പാപ്പാ”. യൂറോപ്പിലെ അവിശ്വാസികൾക്കുപോലും മാർപ്പാപ്പാ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു വ്യക്തമാക്കുന്ന വാക്യമാണ് “സ്പീഗൽ” അന്നു കുറിച്ചത്. സ്ഥാനം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും ബനഡിക്ട് മാർപ്പാപ്പയെ കുറിച്ച് ജർമ്മൻകാർക്ക് മാത്രമല്ല ആർക്കും അഭിമാനത്തോടെ പറയാൻ കഴിയും :
“ജോസഫ് റാറ്റ്സിങ്ങർ ആണ് മാർപ്പാപ്പാ” എന്ന്. ആ യുഗം ഇന്നവസാനിച്ചു.
ഒരു മഹാപുരുഷൻ, സഭയുടെ വീരപുത്രൻ അന്തരിച്ചു. ഏതാനും ദിവസങ്ങളായി ലോകമാസകലമുള്ള ദേവാലയങ്ങളിലുയർന്ന പ്രാര്ഥനകൾക്കൊപ്പം മാർപ്പാപ്പയുടെ ജീവനും ദൈവത്തിങ്കലേക്കുയർന്നു. മഹാനെന്നും സഭാപിതാവെന്നും വിശുദ്ധനെന്നും സത്യാന്വേഷിയെന്നും തലമുറകൾ വാഴ്ത്തുവാനിരിക്കുന്ന കത്തോലിക്കാസഭയുടെ എന്നത്തേയും പ്രായമുള്ള മാർപ്പാപ്പയാണ് വിടവാങ്ങിയത്. എന്നത്തേയും വിജ്ഞാനി ആയ മാർപ്പാപ്പയും ബനഡിക്ട് പതിനാറാമൻ ആയിരുന്നു. വർദ്ധക്യമായി എന്ന് തോന്നിയപ്പോൾ രാജിവെക്കാൻ മാത്രം ധൈര്യം കാട്ടിയ മ്മാപ്പാപ്പയും ബെനഡിക്ട് തന്നെ.
1415-ലായിരുന്നു 600 വർഷങ്ങൾക്ക് മുൻപ് ഒരു മാർപ്പാപ്പ രാജി വച്ചത്.
മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് വൈകാതെ നീതിവിധിയലന്റെ മുൻപിൽ നിർത്തപ്പെടാൻ തീവ്രമായി ഞാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞ മാർപ്പാപ്പ.
മരിക്കുന്നതിന് തൊട്ടുമുന്പുവരെ തന്റെ മുറിയിൽ അർപ്പിക്കപ്പെട്ട വി. കുർബാനയിൽ പങ്കുകൊണ്ട ശേഷമാണ് 2013 മുതൽ Mater Ecclesia എന്ന ആശ്രമത്തിൽ ജീവിച്ച മാർപ്പാപ്പ വിടവാങ്ങിയത്.
ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പക്ക് 95 വയസ്സായിരുന്നു. 2021 ജൂൺ 29 -ന് 70 വർഷത്തെ പൗരോഹിത്യ ജൂബിലി ആഘോഷിച്ചു (ആചരിച്ചു). തന്റെ പൂർവകാല സഹപ്രവർത്തകനായിരുന്ന പ്രൊഫസ്സസർ ഗെർഹാർഡ് വിങ്കലറിന്റെ (Gehard Winkler) നിര്യാണത്തിൽ അനുശോചനകുറിപ്പു എഴുതിയ ബനഡിക്ട് മാർപ്പാപ്പാ 2021 ഒക്ടോബർ 2-ന് താനും നിത്യതയിലേക്കു പോകാനും അവിടെവച്ചു തന്റെ സുഹൃത്തുക്കളെ കാണാനും അതിയായി ആഗ്രഹിക്കുന്നു എന്നെഴുതി. എഴുപതുകളിൽ മാർപ്പാപ്പയോടൊത്തു റേഗസ്ബർഗ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന ഗെർഹാർഡ് വിങ്കലറിന് അന്തരിക്കുമ്പോൾ 91 വയസായിരുന്നു.
മാസങ്ങൾക്കു മുൻപ് ആഗ്രഹിച്ചതുപോലെ ഇന്ന് ബനഡിക്ട് മാർപ്പാപ്പയും നിത്യതയിൽ ലയിച്ചു.
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2005 ഏപ്രിൽ 29 മുതൽ 2013 ഫെബ്രുവരി 28 വരെ കത്തോലിക്കാ സഭയുടെ 265 – മത്തെ മാർപ്പാപ്പയും വത്തിക്കാൻ രാജ്യത്തിന്റെ തലവനും ആയിരുന്നു. 1523- ൽ ഹാഡ്രിയൻ ആറാമന് ശേഷമുള്ള ജർമനിയിൽ നിന്നുള്ള മാർപ്പാപ്പ.
1294- ന് ശേഷം സ്വയം ഭരണം ഒഴിയുന്ന ആദ്യത്തെ മാർപ്പാപ്പാ . 95- മത്തെ വയസിൽ മരിക്കുമ്പോൾ ഏറ്റവും പ്രായം കൂടിയ മാർപ്പാപ്പയും ബനഡിക്ട് പതിനാറാമൻ തന്നെ.
ലെയോ പതിമൂന്നാമൻ മാർപ്പാപ്പായായിരുന്നു 93 വയസുവരെ മാർപ്പാപ്പ ആയിരുന്ന മറ്റൊരു പോപ്പ് .
അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ ഒരുപാടുണ്ട് ഈ മാർപ്പാപ്പയെക്കുറിച്ചു.
vox populi ആണ് കത്തോലിക്കാസഭയിൽ മഹാൻ എന്ന പദവി. സഭ ഔദ്യോഗികമായി അങ്ങനെയൊരു പദവി കൊടുക്കാറില്ല. മഹാനായ ലെയോ മാർപാപ്പ (440-460), മഹാനായ ഗ്രിഗറി മാർപ്പാപ്പ (590-604) തുടങ്ങിയവർക്കൊപ്പം കർദിനാൾ സെക്രെട്ടറി അന്ജെലോ സൊഡാനോ 2005-ൽ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാക്ക് വേണ്ടി അർപ്പിച്ച കുർബാനക്ക് വിതരണം ചെയ്ത് കുറിപ്പിൽ അദ്ദേഹത്തെ മഹാനായ മാർപാപ്പ എന്നാണ് വിശേഷിപ്പിച്ചത്. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയെയും മഹാനായ മാർപ്പാപ്പ എന്ന് വിശേഷിപ്പിക്കാൻ ഞാൻ തുനിയുകയാണ്.
ബാല്യവും വിദ്യാഭ്യാസവും.
1927 ഏപ്രിൽ 16 -ന് ജർമ്മനിലെ ബാവേറിയ സംസ്ഥാനത്തിൽ മാർക്ക്ട്ടെൽ (Marktel ) എന്ന ചെറിയ പഞ്ചായത്തിൽ ജനനം . ദുഃഖശനിയാഴ്ചയാണ് ജോസഫ് റാറ്റ്സിൻഗർ ജനിക്കുന്നതു.
ജനിച്ച അന്നുതന്നെ ജോസെഫിനെ മാർകെറ്റിൽ പള്ളിയിൽ വച്ച് മാമോദീസ മുക്കി.
ഇടവകപ്പള്ളിയും വീടും തമ്മിലുള്ള ദൂരം ഏതാനും മീറ്റർ മാത്രമായിരുന്നു. പിതാവിന്റെ പേർ ജോസഫ് (1877-1959). മാതാവിന്റെ പേര് മരിയ (1884-1963). സഹോദരിയുടെ പേരും മരിയ. (1921-1991).
പിതാവ് പോലീസുകാരനും മാതാവ് വീട്ടമ്മയും ആയിരുന്നു. മൂന്ന് പേരായിരുന്നു അവർ. മൂന്നു മക്കളിൽ മൂത്തൾ മരിയ (1921-1991); രണ്ടാമത്തേത് ജോർജ് (1924-2020); മൂന്നാമനും ഇളയായവനുമായിരുന്നു ജോസഫ് അലൊസിയുസ് (1927-2022). സഹോദരി വിവാഹിതയാകാതെ സഹോദരൻ ജോസെഫിന്റെ കുശിനികാരിയായി ജീവിച്ചു. പുരോഹിതനും പ്രഫെസറും മെത്രാപ്പോലീത്തയും കർദിനാളും വിശ്വാസതിരുസംഘത്തിന്റെ തലവനുമായി പടിപടിയായി വ്യത്യസ്ത ഉത്തവരവാദിത്തങ്ങൾ ഏറ്റെടുത്ത സഹോദരന്റെ വളർച്ചയിൽ സന്തോഷിച്ച പ്രിയ സഹോദരിയായി അവൾ അധികം അറിയപ്പെടാതെ ജീവിച്ചു. ജോർജിനെയും മരിയ വീട്ടുജോലിയിൽ സഹായിച്ചു.
താൻ ഊട്ടിവളർത്തിയ സഹോദരൻ മാർപ്പാപ്പ ആകുന്നതു കാണാനുള്ള ഭാഗ്യം മരിയക്ക് ഉണ്ടായില്ല. ജോസെഫിന്റെ ഏകസഹോദരൻ ജോര്ജും (+1924-2020) കത്തോലിക്കാ പുരോഹിതനായി. അവർ പൗരോഹിത്യം സ്വീകരിച്ചതും ഒരേ ദിവസം, 1951 ജൂൺ 29 -ന്. ജോസഫ് മാർപ്പാപ്പ വരെയുള്ള വിവിധ പ്രവർത്തനമണ്ഡലങ്ങളിൽ കർമ്മനിരതനായപ്പോൾ ജോർജ് എന്നും ഗായകനും റെഗൻസ്ബർഗ് കത്തീഡ്രലിലെ ലോകപ്രശസ്തമായ ക്വയറിന്റെ മാസ്റ്ററും ആയി പ്രവർത്തിച്ചു.
സഹോദരി മരിയ അവിവാഹിതയായി സഹോദരനെ ശുസ്രൂഷിക്കാൻ തയാറായതോടെ ആ കുടുംബത്തിലെ മൂന്നു മക്കളും കത്തോലിക്കാ സഭയുടെ ശുസ്രൂഷകരും ദൈവരാജ്യത്തിന്റെ പ്രഘോഷകരും ആയി ജീവിച്ചു എന്ന് അനുമാനിക്കാം.
പൊലിസുകരനായ പിതാവിന് പലപ്പോഴും സ്ഥലമാറ്റം ഉണ്ടായിരുന്നതുകൊണ്ട് ബാല്യം പല സ്ഥലങ്ങളിലായാണ് ജോസഫ് ചിലവഴിച്ചത്. പിതാവിന്റെ പെൻഷന് ശേഷം റാറ്റ്സിംഗർ കുടുംബം ബവേറിയയിലെ Traunstein എന്ന സ്ഥലത്ത് വീട് വാങ്ങി സ്ഥിരതാമസമാക്കി.
ചെറുപ്പത്തിലേ അൾത്താരബാലനായി ദേവാലയ കർമ്മങ്ങളിൽ ഏറെ തല്പരനായി ജോസഫ് ജീവിച്ചു. പിന്നീട് മ്യൂണിക് രൂപതയുടെ കീഴിലുള്ള Traunstein – ൽ ഭാവി വൈദികരെ ഉദ്ദേശിച്ചുള്ള സെമിനാരിയിൽ (ഹോസ്റ്റൽ) താമസിച്ചു 13 -മത്തെ കളാസ് വരെയുള്ള പഠനം പൂർത്തിയാക്കി.
13-മത്തെ ക്ളാസ് പാസ്സായ ശേഷമാണ് അന്നും ഇന്നും ജർമനിയിൽ യൂണിവേഴ്സിറ്റിയിലെ പഠനം.
ഓർഗൻ വായിക്കാനും പാട്ടുപാടാനും എന്നും ഇഷ്ടപ്പെട്ടിരുന്നു ജോസഫ്.
എന്നാൽ ജോർജായിരുന്നു സംഗീതം പൗരോഹിത്യത്തോടൊപ്പം പ്രൊഫഷൻ ആയി സ്വീകരിച്ചത് .
1941 -ൽ പതിനാലുകാരനായ ജോസഫ് ചെറുപ്പമായിരിക്കെ ഹിറ്റ്ലറിന്റെ സൈന്യത്തിൽ ചേരാൻ നിര്ബന്ധിക്കപ്പെട്ടു. 1944 -ൽ ബുള്ളറ്റിൽ നിന്നും ഭാഗ്യം കൊണ്ടാണ് ജോസഫ് രക്ഷപെട്ടത്.
ഹിറ്റ്ലർ മരിച്ചശേഷം 1945 ജൂൺ 19 -ന് മാത്രമാണ് ജോസഫിന് സൈന്യത്തിൽ നിന്നും വിട്ടുപോരാനായത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും അതിനെ തുടർന്നാണ്.
ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം 1951 ജൂൺ 29 -നു ജോസഫും സഹോദരൻ ജോര്ജും മ്യുണിക്കിന്റെ ആർച്ബിഷപ്പായിരുന്ന കർദിനാൾ മിഷായേൽ ഫവുള്ഹാബറിൽ (Michael Faulhabar) നിന്നും പൗരോഹിത്യം സ്വീകരിച്ചു. 1953-ൽ വി അഗസ്തീനോസിന്റെ ദൈവശാസ്ത്രത്തിലെ “സഭ ദൈവജനം” എന്ന വിഷയത്തിൽ ഡോക്റ്റർ ബിരുദം നൂറു ശതമാനം മാർക്കോടെ നേടി . തുടർന്ന് 1957 വി ബൊനവഞ്ചറിന്റെ ദൈവശാസ്തത്തിൽ ഹബിൽ (Habilitation) കരസ്ഥമാക്കി.
ജർമനിയിൽ അങനെയാണ്. യുണിവേർഡിറ്റിയിൽ പഠിപ്പിക്കുന്നതിനുള്ള യോഗ്യത രണ്ടാമതൊരു ഡോക്റ്ററേറ്റ് അല്ലെങ്കിൽ ഏതാണ്ട് അതിന് അടുത്ത് എത്തുന്ന യോഗ്യതയായ ഹബിൽ നിഷ്കർഷിക്കുന്നു. അതുവഴി ജോസഫ് അഗസ്റ്റിനിയൻ ദർശനത്തിലും പാരമ്പര്യത്തിലും അക്വിനാസിന്റെ ദർശനത്തിലും പാരമ്പര്യത്തിലും ഒരുപോലെ അവഗാഢ പാണ്ഡിത്യം നേടി.
1955-ൽ പ്രായാധിക്യത്താൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇളയ മകനായ ജോസെഫിന്റെ കൂടെ താമസമാക്കി.
തന്റെ പുത്തൻകുർബാനയും 25-മത്തെ പൗരോഹിത്യ ജൂബിലിയും 50- മത്തെ ജൂബിലിയും Traunstein – സെന്റ് ഓസ്വാൾഡ് ദേവാലയത്തിൽ നടത്തി. 1937 മുതൽ 1951 വരെ ജോസ്ഫ് റാറ്റ് സിംഗർ താമസിച്ചത് Traunstein ലാണ്. പ്രൊഫസ്സർ, ആർച്ച്ബിഷപ്, കർദിനാൾ
1958-ൽ 31-മതെ വയസിൽ ഫ്രയ്സിങ്ങിലും (Freising ) 1959- മുതൽ ബോണിലും 1963 മുതൽ മ്യുസ്റ്ററിലും ൽ 1966-മുതൽ സമകാലികമായ ട്യൂബിങ്ങണിലെ പ്രൊഫസർ ഹാൻസ് കുങിന്റെ ശുപാർശയിൽ ബാഡൻ വ്യൂട്ടൻബെർഗിലെ ട്യൂബിങ്ങനിലും 1969 മുതൽ ബവേറിയയിലെ റേഗൻസ്ബർഗിലും പ്രൊഫസറായിരുന്നു.
1977-ൽ മ്യൂണിക്കിന്റെ ആർച്ച് ബിഷപ്പായി നിയോഗിക്കപ്പെടുന്നതുവരെ റേഗൻസ്ബർഗിനടുത്തുള്ള പൈന്റിങ്ങിൽ സ്വന്തം വീട്ടിൽ താമസിച്ചുകൊണ്ടാണ് യൂണിവേർഡിറ്റിയിൽ അധ്യാപനം തുടർന്നത്. 1977 മാർച്ച് 25 -ന് പോൾ ആറാമൻ മാർപ്പാപ്പ ബിഷപ്പായി നിയോഗിച്ചു. 1977 മെയ് 28-28-നു മ്യൂണിക്കിൽ പ. മറിയത്തിന്റെ നാമധേയത്തിലുള്ള ഡോമിൽ (കത്തീഡ്രലിൽ) വച്ചായിരുന്നു അഭിഷേകം. 1977 ജൂൺ 27 -ന് പോൾ ആറാമാൻ മാർപ്പാപ്പ കർദിനാളായി ബിഷപ്പ് ജോസഫ് റാറ്റ്സിങ്ങറെ നാമനിർദേശം ചെയ്തു.
അന്നുതന്നെയാണ് പോളണ്ടിലെ ക്രക്കാവോയിലെ ആർച്ച്ബിഷപ്പും പിന്നീട് 1978 ഒക്ടോബർ 16-നു ജോൺ പോൾ രണ്ടാമൻ മാർപ്പായും ആയ കരോൾ വോയിറ്റിൽവയും കർദിനാൾ ആകുന്നത്.
നാലു വർഷങ്ങളെ ജോസഫ് റാറ്റ്സിങ്ങർ മ്യൂണിക്കിൽ ബിഷപ്പായിരുന്നുള്ളു.
മുണിക്കിലെ ആർച്ചുബിഷപ്പായിരുന്ന ആ നാലു വര്ഷങ്ങളെക്കുറിച്ചു ജോസഫ് റാറ്റ്സിംഗറോ മ്യൂണിക്കിലെ വൈദികരോ കാര്യമായൊന്നും പറഞ്ഞോ എഴുതിയോ കാണുന്നില്ല.
അക്കാലം അത്ര പ്രസക്തമായിരുന്നും ഇല്ല. എന്നാൽ മ്യുണിക്കുകാർ അക്കാര്യത്തിൽ അഭിമാനിക്കുന്നു.
തുടർന്ന് നീണ്ട 24 വർഷങ്ങൾ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ അടുത്ത സഹപ്രവർത്തകനും വിശ്വാസതിരുസംഘത്തിന്റെ തലവനും ആയിരുന്നു.
തികച്ചും സംഭവ ബഹുലമായിരുന്നു ഈ ദീര്ഘമായ കാലഘട്ടം. ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ഇഗ്ളീഷ്, ലാറ്റിൻ തുടങ്ങിയ നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്ക് കഴിഞ്ഞിരുന്നു!
ബെനഡിക്ട് പതിനാറാമൻ മാര്പ്പപ്പയെ മനസിലാക്കാൻ അദ്ദേഹത്തിന്റെ ക്രുതികൾ വായിക്കണം. ഏഴു പതിറ്റാണ്ടു കാലം എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ സുവിശേഷം പ്രഘോഷിച്ചു. പുരോഹിതനായ ശേഷം ശേഷം മ്യുണിക്കിലെ ഇടവകയിൽ കപ്ലോനായും ബോണിലും മ്യൂനിസ്റ്ററിലും ട്യുബിങനിലും റേഗെന്സ്ബുർഗിലും പ്രൊഫസ്സറായും മ്യൂണിക്ക്- ഫ്രേയ്സിംഗ് അതിരൂപതയിലെ മെത്രാപോലീത്ത ആയും നീണ്ട ഇരുപത്തിയഞ്ചു വർഷക്കാലം വിശ്വാസ തിരുസംഘത്തിന്റെ തലവനായും 2005 മുതൽ മാർപ്പാപ്പ ആയും മാർപ്പാപ്പ വചനപ്രഘോഷണം തുടർന്നു.
മരണം വരെ ദൈവശാസ്ത്രജ്ഞനായി ജീവിച്ച മഹാത്മാവാണ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ. ദൈവിക കാര്യങ്ങളെക്കുറിച്ചുള്ള വായനയും പഠനവും മനനവും ധ്യാനവും ചർച്ചയും വിചിന്തനവും അദ്ദേഹത്തിന്റെ ജീവിതചര്യയും ജീവിതവീക്ഷണവും ആയിരുന്നു. രൂപതാമെത്രാനെന്ന നിലയിലും വിശ്വാസതിരുസംഘസത്തിന്റെ തലവനെന്ന നിലയിലും മാർപ്പാപ്പാ എന്ന നിലയിലും ഭാരിച്ച ഉത്തരവാദിത്തങ്ങൾ പേറിയിരുന്നുവെങ്കിലും ദൈ ശാസ്ത്രജ്ഞനെന്ന തന്റെ ദൗത്യം മുടങ്ങാതെ തുടരെ നിറവേറ്റിയ മഹത്വ്യക്തിത്വമായിരുന്നു ബനഡിക്ട് പതിനാറാമൻ -(തുടരും)