റോബിൻ സക്കറിയാസ്
കത്തോലിക്കാ സഭയിലെ ഓരോ വിശുദ്ധരും ക്രിസ്തുവിനോടുള്ള സ്നേഹത്താൽ നിറഞ്ഞ്, തങ്ങളുടെ പ്രവർത്തികളാൽ നമ്മിൽ ആശ്ചര്യം സൃഷ്ട്ടിക്കുന്നവരാണ്. ചൈനയിലെ വിശുദ്ധനായ വിശുദ്ധ. മാർക്ക് ജി ടിയാൻസിയാങിന്റ ചരിത്രവും അത്തരത്തിലുള്ള ഒന്നാണ്;
19-ാം നൂറ്റാണ്ടിൽ ചൈനയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന വ്യക്തിയായിരുന്നു മാർക് ജി. ആ നാട്ടിലെ ക്രിസ്ത്യൻ സമൂഹത്തിലെ ഒരു നേതാവായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരെ സൗജന്യമായി സേവിക്കുന്ന ഒരു നല്ല ഡോക്ടറായിരുന്നു ജി. എന്നാൽ ഒരിക്കൽ അദ്ദേഹത്തിന് കടുത്ത ഉദരരോഗം ബാധിച്ചു. കടുത്ത വേദനക്ക് പരിഹാരമായി, അദ്ദേഹം കറുപ്പ് (opium) ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു. വേദനാ സംഹാരിയായി ഉപയോഗിച്ച് തുടങ്ങി താമസിയാതെ അദ്ദേഹം ഇതിന്റ അടിമയായി. ഈ ആസക്തി അദ്ദേഹത്തിനും കുടുംബത്തിനും വളരെയേറെ ലജ്ജക്കും അപകീർത്തിക്കും കാരണമായിത്തീരുന്നു.
കറുപ്പിന്റ കടുത്ത അടിമത്തത്തിലേക്ക് കടന്നുപോയപ്പോൾ ജി ക്ക് മനസിലായി ഇതിനെതിരെ ചെറുത്തു നിന്നേ തീരു. ജി തന്റെ ആസക്തിക്കെതിരെ പോരാടുന്നത് തുടർന്നു. തന്നെ കീഴടക്കിയ ഈ ആസക്തി ഏറ്റുപറയാൻ പലപ്പോഴും കുമ്പസാരിക്കാൻ പോയി. ആ പ്രദേശത്തെ എല്ലാ വൈദികരുടെ അടുത്തും തന്റ ആസക്തി ഏറ്റുപറഞ്ഞു കുമ്പസാരിക്കാൻ മാർക് പോയിരുന്നു.
എന്നാൽ നിർഭാഗ്യവശാൽ, ജി പതിവായി സമീപിച്ചിരുന്ന വൈദികന് ഈ ആസക്തിയെ ഒരു രോഗമായി മനസ്സിലാക്കാൻ സാധിച്ചില്ല. വൈദികൻ കരുതി ഒരേ പാപം സ്ഥിരമായി ഏറ്റു പറഞ്ഞുകൊണ്ടിരുന്നതിനാൽ, മാർക്കിന് യഥാർത്ഥ അനുതാപമില്ലെന്നും, കുമ്പസാരത്തെ ലഘുവായി കാണുകയാണെന്നും.
അനുതപിക്കാനും ഇനി പാപം ചെയ്യാതിരിക്കാനും ദൃഢനിശ്ചയമില്ലാതെ, കുമ്പസാരം നടത്തുന്നത് അസാധുവാണ്. യഥാർത്ഥ അനുതാപത്തോടെ, ശരിയായി തീരുമാനമെടുത്ത്, കുമ്പസാരത്തിനുള്ള ആവശ്യകതകൾ നിറവേറ്റുന്നത് വരെ കുമ്പസാരിക്കാൻ വരുന്നത് നിർത്താൻ ജിയുടെ കുമ്പസാരക്കാരൻ പറഞ്ഞു. ചിലരെ സംബന്ധിച്ചിടത്തോളം, ഇത് ദേഷ്യത്തിലോ ലജ്ജയിലോ സഭ വിട്ടുപോകാനോ ഉള്ള കാരണമായേക്കാം.
എന്നാൽ തന്റെ എല്ലാ വീഴ്ചകളിലും, ബലഹീനതയിലും തന്റ പിതാവായ ക്രിസ്തുവും , തന്റ സഭയും തന്നെ കൈവിടാതെ സ്നേഹിക്കുമെന്ന് മാർക്കിന് അറിയാമായിരുന്നു. കർത്താവിന് തന്റെ ഹൃദയം വേണമെന്ന് അവനറിയാമായിരുന്നു. അയാൾക്ക് ശാന്തനായി നിൽക്കാൻ കഴിഞ്ഞില്ല, അയാൾ പ്രാത്ഥിച്ചുകൊണ്ടേയിരുന്നു.
തുടർന്നുള്ള 30 വർഷവും അദ്ദേഹം വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു എന്നാൽ കുമ്പസാരിക്കാനോ, വിശുദ്ധ കുര്ബ്ബാന സ്വീകരിക്കാനോ കഴിഞ്ഞില്ല, കാരണം തന്റ കുമ്പസാരക്കാരന്റ ഓർമ്മപ്പെടുത്തൽ അദ്ദേഹത്തിന്റ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ഒരു രക്തസാക്ഷിയായി മരിക്കണമെന്ന് 30 വർഷം നിരന്തരമായി അദ്ദേഹം പ്രാർത്ഥിച്ചു. ഒരു രക്തസാക്ഷിയുടെ കിരീടത്തിലൂടെ മാത്രമേ തനിക്ക് ക്രിസ്തുവിന്റ ഹൃദയത്തിൽ കയറാൻ സാധിക്കൂ എന്ന് ജിക്ക് തോന്നി.
1900-ൽ, ബോക്സർ പ്രസ്ഥാനം (റിബലുകൾ ) ചൈനയിലെ ബീജിംഗ് പ്രദേശത്തേക്ക് വ്യാപിച്ചു, ഈ വിമതർ അവിടെയുള്ള ചൈനീസ് ക്രിസ്ത്യാനികളെയും ക്രിസ്ത്യൻ മിഷനറിമാരെയും കൊല്ലാനും പള്ളികളും റെയിൽവേ സ്റ്റേഷനുകളും മറ്റ് സ്വത്തുക്കളും നശിപ്പിക്കാനും ആരംഭിച്ചു. അക്രമം വിദേശികൾക്കും ക്രിസ്ത്യാനികൾക്കും എതിരെ തിരിയാൻ തുടങ്ങിയപ്പോൾ, ക്രിസ്തുവിനുവേണ്ടി മരിക്കാൻ തനിക്കുള്ള സമയമായെന്ന് ജി മനസ്സിലുറപ്പിച്ചു.
അദ്ദേഹത്തിന്റെ മകൻ, ആറ് പേരക്കുട്ടികൾ, രണ്ട് മരുമക്കൾ എന്നിവരുൾപ്പെടെ നിരവധി ക്രിസ്ത്യാനികളോടൊപ്പം അദ്ദേഹം കുറെ നാൾ ഒളിവിൽ കഴിഞ്ഞു. എന്നാൽ അവരെല്ലാവരും വൈകാതെ റിബലുകളുടെ പിടിയിൽപെട്ടു. അദ്ദേഹത്തോടൊപ്പം തടവിലാക്കപ്പെട്ടവരിൽ പലർക്കും അവരുടെ ഇടയിൽ മാർക്കിന്റ സാന്നിദ്ധ്യം വെറുപ്പുളവാക്കാൻ ഇടയായി. ഒരു സമ്മർദ്ദവും കൂടാതെ മാർക്ക് തീർച്ചയായും കർത്താവിനെ ഏറ്റവും ആദ്യം നിഷേധിക്കുമെന്ന് അവരെല്ലാവരും വിശ്വസിച്ചു.
ജിക്ക് ഒരിക്കലും തന്റെ ആസക്തിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിലും അവസാനം, സ്ഥിരോത്സാഹത്തിന്റെ കൃപയാൽ അവൻ നിറഞ്ഞു. റിബലുകളുടെ ഒരു ഭീഷണിയും അവനെ ഉലച്ചില്ല, ഒരു പീഡനവും അവനെ തളർത്തില്ല. തന്നെ കൈവിടാത്ത കർത്താവിനെ അനുഗമിക്കാൻ അവൻ തീരുമാനിച്ചു.
ജിയും കുടുംബവും വധശിക്ഷയ്ക്കായി ജയിലിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ, അദേഹത്തിന്റ പേരക്കുട്ടി ഭയത്തോടെ ജി യെ നോക്കിക്കൊണ്ട് ചോദിച്ചു. “മുത്തച്ഛാ, നമ്മൾ എങ്ങോട്ടാണ് പോകുന്നത്?” ജി മറുപടി പറഞ്ഞു. “നമ്മൾ നമ്മുടെ യഥാര്ഥ വീട്ടിലേക്ക് പോകുന്നു.”
തന്റെ കുടുംബത്തിൽ ആരും ഒറ്റയ്ക്ക് മരിക്കാതിരിക്കാൻ തന്നെ അവസാനമായി കൊല്ലണമെന്ന് ജി റിബലുകളോട് അപേക്ഷിച്ചു.
തന്റ കുടുംബത്തിലെ ഓരോരുത്തരും ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെടുന്നത് ജി നോക്കി നിന്നു. ശിരഛേദം ചെയ്യപ്പെട്ട ഒമ്പത് പേരുടെയും അരികിൽ അവൻ ധീരതയോടെ നിന്നു. അവസാനം, പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു കീർത്തനം പാടിക്കൊണ്ട് അദ്ദേഹം മരണത്തെ സ്വീകരിച്ചു. പതിറ്റാണ്ടുകളായി അദ്ദേഹം കൂദാശകളിൽ നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും, ഇന്ന് അദ്ദേഹം കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ്.
ഏറ്റവും നിഗൂഢമായ വഴികളിൽ നിരന്തരം പ്രവർത്തിക്കുന്ന ദൈവകൃപയ്ക്കും, നമ്മിൽ ഏറ്റവും സാധ്യതയില്ലാത്തവരെ വലിയ വിശുദ്ധന്മാരാക്കാനുള്ള ദൈവത്തിന്റെ കഴിവിനും, വിശ്വസ്തരായി നിലകൊള്ളുന്നവരുടെമേൽ ചൊരിയപ്പെട്ട കൃപയ്ക്കും മനോഹരമായ ഒരു സാക്ഷിയാണ് വിശുദ്ധ മാർക്ക് ജി.
ആസക്തികൾക്ക് അടിമപ്പെട്ട് കൂദാശകൾ സ്വീകരിക്കാൻ കഴിയാത്ത എല്ലാവർക്കുമായി, കർത്താവിനോടുള്ള അവരുടെ സ്നേഹത്തിലും വിശ്വാസത്തിലും സഭയോട് വിശ്വസ്തത പുലർത്താനും അവർ എപ്പോഴും കൃപയിൽ വളരാനും ധൈര്യം കാണിക്കുന്നതിനായി നമുക്ക് അവന്റെ മാധ്യസ്ഥ്യം അപേക്ഷിക്കാം. (വിശുദ്ധന്റ തിരുനാൾ ജൂലൈ -09).