136 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ രാവും പകലും ദിവ്യകാരുണ്യ ആരാധന നടക്കുന്നൊരു പള്ളി… ഓർക്കണം… ഇത്രയും വർഷത്തിനിടക്ക് ആളൊഴിഞ്ഞ ഇടമായി ആ ദൈവാലയം മാറിയിട്ടില്ല.. അതും രാത്രികളിൽ പോലും… ഫ്രാൻസിലെ തിരുഹൃദയ ദൈവാലയം… കഴിഞ്ഞൊരു നൂറ്റാണ്ടിലേറെയായി ആ ദൈവാലയത്തിലെ ദിവ്യകാരുണ്യത്തിന്റെ മുൻപിൽ പ്രാർത്ഥനയോടെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു…
രണ്ടു ലോക മഹായുദ്ധങ്ങൾ കടന്നു പോയി ഇതിനിടയിൽ… പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആ കെട്ടിടത്തിനടുത്ത് ഒരു ബോംബ് വന്നു പൊട്ടിയാൽ എന്ത് ചെയ്യും? അതുമല്ലെങ്കിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടു ജീവൻ നഷ്ട്ടപ്പെടുമെന്നുള്ള അവസ്ഥ വന്നാൽ… മിക്കവാറും എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാൻ നോക്കും… പക്ഷെ, രണ്ടാം ലോക മഹായുദ്ധകാലത്ത് ബോംബുകളുടെ പെരുമഴ ഈ ദൈവാലയത്തിനടുത്തു പെയ്തിറങ്ങിയപ്പോഴും ആ ആരാധന നിർത്തിയില്ല… ഒരു മിനിറ്റ് പോലും മുടക്കിയില്ല…
പിന്നെയുമുണ്ടായി പലതരം ദുരിതങ്ങൾ… പക്ഷെ മലമുകളിൽ പാറപ്പുറത്ത് പണിത ഭവനം കണക്കെ തടസങ്ങളുടെ പെരുവെള്ളപ്പാച്ചിലിലും ആ വിശ്വാസത്തിന്റെ ഭവനം ഉറച്ചു നിന്നു….. ഒടുവിലായി കോവിഡിന്റെ നാളുകൾ… എല്ലാ ദൈവാലയങ്ങളും അടയ്ക്കണം എന്ന സ്ഥിതി വന്നു… പക്ഷെ ഈ ദൈവാലയത്തെ സഹായിച്ചു കൊണ്ടിരുന്ന ബെനഡിക്ടൻ സിസ്റ്റേഴ്സ് ശ്രമകരമായ ആ ദൗത്യം ഏറ്റെടുത്തു… രാവും പകലും മാറി മാറി ആരെങ്കിലുമൊക്കെ ദിവ്യകാരുണ്യത്തിന്റെ മുൻപിലിരിക്കുക.. അതും പള്ളി തുറക്കാൻ അനുവാദം വരുന്ന കാലത്തോളം..
അന്ന് പ്രാർത്ഥനക്ക് ഇരുന്ന സിസ്റ്റേഴ്സ് പറയുന്നൊരു കാര്യമുണ്ട്… ആളുകളുടെ വരവ് മാത്രമേ നിയന്ത്രിക്കാൻ കഴിഞ്ഞുള്ളു… പക്ഷെ പ്രാർത്ഥനാനിയോഗങ്ങളുടെ വരവ് നിർത്താനായില്ല… ദൈവാലയത്തിന്റെ ഈമെയിലിലേക്ക് പ്രാർത്ഥനാനിയോഗങ്ങളുടെ കുത്തൊഴുക്കായിരുന്നു…
ഫ്രഞ്ചു വിപ്ലവം വിശ്വാസത്തിന്റെ അടിവേരറുത്ത മണ്ണാണതെന്നോർക്കണം… അതിന്റെ കെടുതിയിൽ നിന്ന് വിശ്വാസത്തെ തിരികെ പിടിക്കാൻ വേണ്ടി പണിതുയർത്തിയ പള്ളിയാണിത്…
പറയാൻ ഒരുപാടുള്ള ആ പള്ളിയെക്കുറിച്ചു ഒരു കാര്യം മാത്രം…
ആ ദൈവാലയം പണിതിരിക്കുന്ന കല്ലുകൾക്കൊരു പ്രത്യേകതയുണ്ട്…. ഇനിയുമെത്ര ദശകങ്ങൾ കഴിഞ്ഞാലും ആ ദൈവാലയത്തിന്റെ വേണ്മ പോയ്പോവില്ല… സ്വയം ശുചീകരിക്കുന്ന, ചെളി വീണാലും അത് പറ്റിപ്പിടിക്കാത്ത അപൂർവ്വതരം വെള്ളകല്ല് കൊണ്ടാണതിന്റെ നിർമ്മിതി… എത്ര അഴുക്കു പുരണ്ടാലും ഒരു മഴക്ക് പഴയ വെണ്മ തിരികെ വരും…
ഒരു തരത്തിൽ അകത്തും അങ്ങനെ തന്നെ… ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുന്ന ദിവ്യകാരുണ്യമഴ…..അത് നനയ്ക്കുന്നത് മനുഷ്യരെയാണ്… കഴിഞ്ഞൊരു നൂറ്റാണ്ടിലേറെയായി അഴുക്കു പുരണ്ട എത്രയോ ജീവിതങ്ങൾക്ക് വീണ്ടും പ്രത്യാശയുടെ വെണ്മ തിരികെ കൊടുത്ത ദിവ്യകാരുണ്യ മഴ…. ഇനിയും നിലയ്ക്കാതെ പെയ്യുകയാണ്… ആ പടി കടന്നു വരുന്നവരെയും കാത്ത്…
By, റിന്റോ പയ്യപ്പിള്ളി